( അൽ അഅ്റാഫ് ) 7 : 48

وَنَادَىٰ أَصْحَابُ الْأَعْرَافِ رِجَالًا يَعْرِفُونَهُمْ بِسِيمَاهُمْ قَالُوا مَا أَغْنَىٰ عَنْكُمْ جَمْعُكُمْ وَمَا كُنْتُمْ تَسْتَكْبِرُونَ

അവരെ അവരുടെ ലക്ഷണങ്ങള്‍ മുഖേന തിരിച്ചറിയുന്ന അഅ്റാഫുകാര്‍ അവരെ വിളിച്ചു ചോദിക്കും: ഐഹികലോകത്തുണ്ടായിരുന്ന നിങ്ങളുടെ സംഘബലമോ നിങ്ങള്‍ അഹങ്കരിച്ചുകൊണ്ടിരുന്നതോ ഒന്നും ഇപ്പോള്‍ ഇവിടെ നിങ്ങള്‍ക്ക് ഗുണപ്രദമായി കാണുന്നില്ലല്ലോ?

സ്വര്‍ഗ്ഗവാസികളെയും നരകവാസികളെയും തിരിച്ചറിയുന്ന അഅ്റാഫുകാര്‍ നരകവാസികളില്‍ പെട്ട അക്രമികളും കപടവിശ്വാസികളുമായ നേതാക്കളെ വിളിച്ചാണ് ഇങ്ങനെ ചോദിക്കുന്നത്. 37: 50-51 സൂക്തങ്ങളില്‍, സ്വര്‍ഗവാസികള്‍ കൂടിച്ചേരുമ്പോള്‍ പരസ്പരം പറയുന്നതാണ്: എനിക്ക് ഐഹികലോകത്ത് ഒരു കൂട്ടുകാരനുണ്ടായിരുന്നു; 37: 52 ല്‍, അവന്‍ എന്നോട് ചോദിക്കുമായിരുന്നു: നീ സത്യപ്പെടുത്തുന്നവന്‍ തന്നെയാണോ; 37: 53 ല്‍, നാം മരിച്ച് മണ്ണും എല്ലുമായിത്തീര്‍ന്നാല്‍ നമ്മെ പുനര്‍ജീവിപ്പിച്ച് ഇഹലോക ജീവിതത്തിന്‍റെ ഗുണദോഷങ്ങള്‍ നല്‍കപ്പെടുമെന്ന്; 37: 54 ല്‍, ഇപ്പോള്‍ നിങ്ങള്‍ അവനെ എത്തിനോക്കുന്നുണ്ടോ എന്ന് ചോദിക്കുന്നതാണ്; 37: 55 ല്‍, അപ്പോള്‍ അവന്‍ എത്തിനോക്കുമ്പോള്‍ ആ കൂട്ടുകാരനെ നരകത്തിന്‍റെ മധ്യത്തില്‍ കാണുന്നതാണ്. 37: 56 ല്‍, അവന്‍ പറയും: നിനക്ക് സാധിക്കുമായിരുന്നെങ്കില്‍ നീ എന്നെയും ആ നരകത്തിലേക്ക് പിടിച്ച് കൊണ്ടുപോകുമായിരുന്നു. 37: 57 ല്‍, എന്‍റെ നാഥന്‍റെ അനുഗ്രഹമുണ്ടായിരുന്നില്ലെങ്കില്‍ ഞാനും ആ നരകത്തില്‍ നിന്നോടൊപ്പം ഹാജരാക്കപ്പെടുന്നവരില്‍ പെടുമായിരുന്നു. 37: 58-59 സൂക്തങ്ങളില്‍, സ്വര്‍ഗവാസികള്‍ പരസ്പരം വീണ്ടും പറയുകയാണ്, അപ്പോള്‍ ഇനി നമുക്ക് ഐഹികലോകത്തുള്ള മരണമല്ലാതെ ഇവിടെ മരണമില്ലല്ലോ അല്ലേ! നാം ശിക്ഷിക്കപ്പെടുന്നവരില്‍ ഉള്‍പ്പെടുകയുമില്ലല്ലോ അല്ലേ! 37: 60 ല്‍, നിശ്ചയം ഇത് മാത്രമാകുന്നു മഹത്തായ വിജയം. 37: 61 ല്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രവര്‍ത്തിക്കേണ്ടത് ഇതുപോലുള്ള സ്വര്‍ഗത്തിന് വേണ്ടിയായിരിക്കണം എന്ന് പറഞ്ഞിട്ടുണ്ട്. 2: 6-7, 165-167; 4: 60-65 വിശദീകരണം നോക്കുക.