ثُمَّ بَدَّلْنَا مَكَانَ السَّيِّئَةِ الْحَسَنَةَ حَتَّىٰ عَفَوْا وَقَالُوا قَدْ مَسَّ آبَاءَنَا الضَّرَّاءُ وَالسَّرَّاءُ فَأَخَذْنَاهُمْ بَغْتَةً وَهُمْ لَا يَشْعُرُونَ
പിന്നീട് നാം അവരുടെ തിന്മയുടെ സ്ഥാനത്ത് നന്മ പകരം വെച്ചു, അവര്‍ അവരുടെ ദുഃഖാവസ്ഥ മറക്കുന്നതുവരെ, അവര്‍ പറയുകയും ചെയ്തു: ക്ഷാമവും ക്ഷേമവും നമ്മുടെ പൂര്‍വ്വപിതാക്കളെയും ബാധിച്ചിട്ടുണ്ട്, അപ്പോള്‍ നാം അവരെ പെട്ടെന്ന് പിടികൂടി -അവര്‍ അത് തിരിച്ചറിയുന്നവരായിരുന്നുമില്ല.
മുന്‍കഴിഞ്ഞുപോയ പ്രവാചകന്മാരില് ചിലരുടെ സംഭവചരിത്രങ്ങള്‍ വെവ്വേറെ പ്രതിപാദിച്ച ശേഷം പ്രവാചകനിയോഗത്തില്‍ എക്കാലത്തും അല്ലാഹു സ്വീകരിച്ചുപോന്ന നടപടിക്രമം വിവരിക്കുകയാണ്. ഏതൊരു നാട്ടിലേക്കും പ്രവാചകനെ നിയോഗിക്കുമ്പോള്‍ ആ പ്രവാചകന്‍ കൊണ്ടുവന്ന സന്ദേശത്തിന് ചെവികൊടുക്കുന്നതിന് വേണ്ടി വിവിധ തരത്തിലുള്ള പരീക്ഷണങ്ങള്‍ അവരെ ബാധിപ്പിക്കുന്നതാണ്.
ഇത്തരം പരീക്ഷണങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടുകൊണ്ട് സത്യം സ്വീകരിക്കാന്‍ സന്നദ്ധമായില്ലെങ്കില്‍ പിന്നീട് അവര്‍ക്ക് ക്ഷാമത്തിന് പകരം ക്ഷേമവും സൗഭാഗ്യങ്ങളും നല്‍കി പരീക്ഷിക്കുന്നു. അങ്ങനെ സുഖാഡംഭരങ്ങളില്‍ മതിമറന്ന് അവര്‍ അല്ലാഹുവിനെയും ജീവിതലക്ഷ്യത്തെയും മറന്ന തെമ്മാടികളായി മാറുമ്പോള്‍ ശിക്ഷ പെട്ടെന്ന് പിടികൂടി അവരെ നശിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നാല്‍ അന്ത്യപ്രവാചകനായ മുഹമ്മദിന്‍റെ ജനതക്ക് വിപത്തും യാതനകളും നല്‍കി പരീക്ഷിക്കുന്നതിന് പകരം സുഖസൗഭാഗ്യങ്ങളും ക്ഷേമ-ഐശ്വര്യങ്ങളും യഥേഷ്ടം നല്‍കിയാണ് പരീക്ഷിക്കുക. അല്ലാഹുവിനെയും അദ്ദിക്റിനെയും മൂടിവെച്ച് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന അവരിലേക്ക് ഇനി പരീക്ഷണമായി ഏറ്റവും വലിയ കള്ളവാദിയായ മുപ്പതാമത്തെ കള്ളവാദി മസീഹുദ്ദജ്ജാലാണ് വരിക. അവനെ നബിയായി സ്വീകരിക്കത്തക്കവണ്ണം ലോകത്തെല്ലായിടത്തും കൃഷിയില്ലാതാവുന്നതും വരള്‍ച്ചയും ഭക്ഷ്യക്ഷാമവും വ്യാപിക്കുന്നതുമാണ്. അങ്ങനെ അവന്‍ വന്നാല്‍ മഴയും കൃഷിയും ഉല്‍പാദിപ്പിച്ചുകൊടുത്ത് ജനങ്ങളെ അവന്‍റെ കെണിയില്‍ പെടുത്തുന്നതുമാണ്. പിന്നെ ഈസാ രണ്ടാമത് വന്നാല്‍ അവനെയും അവന്‍റെ പട്ടാളക്കാരായ എഴുപതിനായിരം ജൂതന്മാരെയും അവനെ റബ്ബായി സ്വീകരിക്കുന്ന കപടവിശ്വാസികളെയും ഹൃദയങ്ങളില്‍ രോഗമുള്ളവരെയും വധിക്കുന്നതും 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പിലാക്കുന്നതുമാണ്. അപ്പോള്‍ മാത്രമാണ് അവര്‍ക്ക് അറബി ഖുര്‍ആന്‍ അല്ല, മറിച്ച് 38: 8 ല്‍ പറഞ്ഞ അദ്ദിക്ര്‍ -ദിക്രീ- ആയിരുന്നു നാഥനില്‍ നിന്നുള്ള ഗ്രന്ഥം എന്ന് ബോധ്യം വരിക. 2: 155-157; 6: 43-45, 47 വിശദീകരണം നോക്കുക.