( അൽ അഅ്റാഫ് ) 7 : 98

أَوَأَمِنَ أَهْلُ الْقُرَىٰ أَنْ يَأْتِيَهُمْ بَأْسُنَا ضُحًى وَهُمْ يَلْعَبُونَ

അല്ലെങ്കില്‍, അവര്‍ പകല്‍വേളയില്‍ കളിതമാശകളില്‍ മുഴുകിയവരായിരിക്കുമ്പോള്‍ നമ്മുടെ വിപത്ത് അവരില്‍ വന്നെത്തുകയില്ലെന്ന് ഭയരഹിതരാ യി കഴിഞ്ഞുകൂടുകയാണോ?

ആകാശത്തുള്ളവന്‍ ഭൂമി പിളര്‍ത്തി അതിനെക്കൊണ്ട് നിങ്ങളെ വിഴുങ്ങിപ്പിക്കുകയില്ല എന്ന് നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ? അതോ, ആകാശത്തുള്ളവന്‍ നിങ്ങളുടെമേല്‍ കല്ലുകള്‍ വര്‍ഷിപ്പിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ, അപ്പോള്‍ മുന്നറിയിപ്പ് എങ്ങനെയുണ്ടായിരുന്നെന്ന് നിങ്ങള്‍ അറിയുക തന്നെ ചെയ്യും എന്ന് 67: 16-17 സൂക്തങ്ങളില്‍ അല്ലാഹു ചോദിക്കുന്നുണ്ട്. 16: 45-47 സൂക്തങ്ങളില്‍, തിന്മക്കുവേണ്ടി ഗൂഢതന്ത്രങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നവരായവര്‍ നിര്‍ഭയരാണോ? അല്ലാഹു അവരെ ഭൂമിയെക്കൊണ്ട് വിഴുങ്ങിപ്പിക്കുകയില്ലെന്ന്, അല്ലെങ്കില്‍ അവര്‍ അനുമാനിക്കുക പോലും ചെയ്യാത്ത ഭാഗത്തുനിന്ന് അവര്‍ക്ക് ശിക്ഷ വന്നെത്തുകയുമില്ലെന്ന്? അല്ലെങ്കില്‍ അവര്‍ ഇങ്ങനെ വിളയാടി വിഹരിച്ചുകൊണ്ടിരിക്കുമ്പോള്‍ ആകസ്മികമായി അവരെ പിടികൂടുന്നതിനെക്കുറിച്ച്, അപ്പോള്‍ അവര്‍ ഒരിക്കലും അല്ലാഹുവിനെ പരാജയപ്പെടുത്തുന്നവരൊന്നുമല്ല. അല്ലെങ്കില്‍ വിപത്തുകളെക്കുറിച്ച് ഭയപ്പാടിലായിരിക്കെ അവരെ പിടികൂടുന്നതിനെക്കുറിച്ച്, അപ്പോള്‍ നിശ്ചയം നിങ്ങളുടെ നാഥന്‍ ഏറെ കനിവുള്ള കാരുണ്യവാന്‍ തന്നെയാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നത് 54: 17 ല്‍ പറഞ്ഞ പ്രകാരം ഹൃദയം കൊണ്ട് മനസ്സിലാക്കാന്‍ വളരെ എളുപ്പമാക്കിയ അദ്ദിക്റിനെയും അതിന്‍റെ 40 പേരുകളെയും അറിഞ്ഞുകൊണ്ട് മൂടിവെക്കുന്ന കപടവിശ്വാസികളും അദ്ദിക്റിനെ തള്ളിപ്പറയുന്ന ഫാജിറുകളുമാണ്. അവര്‍ക്ക് ഇഹത്തില്‍ നിന്ദ്യതയും പരത്തില്‍ അതികഠിനമായ ശിക്ഷയുമാണ് 2: 85; 5: 33 സൂക്തങ്ങളിലൂടെ നാഥന്‍ വാഗ്ദത്തം ചെയ്തിട്ടുള്ളത്. 7: 4-5 വിശദീകരണം നോക്കുക.