നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്
(73) അല്‍ മുസ്സമ്മില്‍
ഒന്നാം സൂക്തത്തില്‍ 'ഓ പുതച്ചുമൂടി കിടക്കുന്നവനേ' എന്ന് പ്രവാചകനെ അഭിസംബോധനം ചെയ്തിട്ടുള്ളതില്‍ നിന്നാണ് സൂറത്തിന് അല്‍ മുസ്സമ്മില്‍-പുതച്ചുമൂടി കിടക്കുന്നവന്‍-എന്ന പേര് വന്നിട്ടുള്ളത്. പ്രവാചകന്‍റെ മക്കാജീവിതത്തിലെ ആദ്യഘട്ടത്തില്‍ അവതരിപ്പിച്ചിട്ടുള്ളതാണ് 20 സൂക്തങ്ങളടങ്ങിയ ഈ സൂറത്തും. ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ അവതരിപ്പിക്കുന്നതിനനുസരിച്ച് ജീവിതം അതിന്‍റെ വെളിച്ചത്തില്‍ ക്രമ പ്പെടുത്താനാണ് പ്രവാചകനോടും വിശ്വാസികളോടും കല്‍പിക്കുന്നത്. 'കുട്ടികളെ നരപ്പിച്ചുകളയുന്ന ഭാരം കൂടിയ ദിനത്തെ' തള്ളിപ്പറയുന്ന കാഫിറുകള്‍ക്ക് ജ്വലിക്കുന്ന നരകവും ചങ്ങലകളും വേദനാജനകമായ ശിക്ഷകളുമാണ് ഉള്ളതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫിര്‍ഔനിലേക്ക് അയക്കപ്പെട്ട മൂസായെപ്പോലുള്ള ഒരു പ്രവാചകന്‍ തന്നെയാ ണ് നിങ്ങളിലേക്ക് അയക്കപ്പെട്ടിട്ടുള്ളത് എന്നും, ആ പ്രവാചകനെ കളവാക്കി തള്ളിപ്പറഞ്ഞാല്‍ ഫിര്‍ഔനിനെ പിടികൂടിയതുപോലെ നിങ്ങളെയും പിടികൂടുമെന്നും താക്കീത്നല്‍കിയിട്ടുണ്ട്. അദ്ദിക്ര്‍ നിലനിര്‍ത്തുന്നതിനുവേണ്ടി നമസ്കാരം നിലനിര്‍ത്തണമെന്നും നാലാം ഘട്ടത്തിലുള്ള ഐഹികജീവിതം ഏഴാം ഘട്ടത്തിലേക്കുവേണ്ടി സ്വര്‍ഗ്ഗം സമ്പാദിക്കുന്നതിന് വേണ്ടിയാണ് എന്നും ടിക്കറ്റെടുക്കാതെ ഒരാളും സ്വര്‍ഗ്ഗത്തിലേക്ക് എത്തി പ്പെടുകയില്ല എന്നും അറിയിച്ചുകൊണ്ട് സൂറത്ത് അവസാനിക്കുന്നു.