നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്
(8) അൽ അന്‍ഫാല്‍
യുദ്ധമുതലിനെക്കുറിച്ച് നിന്നോട് അവര്‍ ചോദിക്കുന്നു എന്ന ഒന്നാം സൂക്തത്തില്‍ നിന്നാണ് അന്‍ഫാല്‍ (യുദ്ധമുതലുകള്‍) എന്ന നാമം വന്നിട്ടുള്ളത്. മൊത്തം 75 സൂക്തങ്ങളടങ്ങിയ ഈ സൂറത്തില്‍ ബദ്ര്‍ യുദ്ധത്തോടനുബന്ധിച്ച് ഹിജ്റ 2-ാം വര്‍ഷം മദീനയില്‍ അവതരിച്ചിട്ടുള്ള സൂക്തങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ തിലാവത്ത് ചെയ്യുക വഴി മാത്രമേ വിശ്വാസം വര്‍ദ്ധിക്കുകയുള്ളൂ എന്നും, ഓരോരുത്തര്‍ക്കും നല്‍കപ്പെട്ട എല്ലാ അനുഗ്രഹങ്ങളും ഉപയോഗപ്പെടുത്തി സ്വര്‍ഗം ഇവിടെ പണിയുകയാണ് ജീവിതലക്ഷ്യമെന്നും പഠിപ്പിക്കുന്നു. വിശ്വാസികളില്‍ അവരുടെയും അവരുടെ ഹൃദയത്തിന്‍റെയും ഇടയിലാണ് അല്ലാഹുവുള്ളത് എന്ന് മനസ്സിലാക്കി എവിടെയും എപ്പോഴും 'അല്ലാഹ്' എന്ന സ്മരണയില്‍ നിലകൊള്ളണമെന്നും, പ്രത്യേകിച്ച് യുദ്ധവേളകളിലും പ്രതിസന്ധിഘട്ടങ്ങളിലും അല്ലാഹുവിനെ ധാരാളമായി സ്മരിക്കണമെന്നും അല്ലാഹുവിനുവേണ്ടി അടിയുറച്ച് നിലകൊള്ളണമെന്നും, സ്വന്തം കഴിവില്‍ അഹങ്കരിക്കാതെ, എപ്പോഴും അല്ലാഹുവിനെ ആശ്രയിച്ചുകൊണ്ട് അവനുവേണ്ടി മാത്രം ജീവിക്കുന്നവരാകണമെന്നും നിര്‍ദ്ദേശിക്കുന്നു.
യുദ്ധമുതലുകള്‍ നിങ്ങളുടെ സ്വന്തമെന്ന് കണക്കാക്കരുതെന്നും, അല്ലാഹുവിന്‍റെ സ്വത്തായ അതില്‍ അല്ലാഹു നിങ്ങള്‍ക്കായി നിശ്ചയിച്ച വിഹിതം നന്ദിപൂര്‍വ്വം സ്വീകരിച്ചു കൊള്ളുക, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വിനിയോഗിക്കുന്നതിനും പാവപ്പെട്ടവരെ സഹായിക്കുന്നതിനും നീക്കിവെച്ച വിഹിതം മനഃസംതൃപ്തിയോടെ നല്‍കുക തുടങ്ങിയ വിധികളും യുദ്ധവും സന്ധിയും സംബന്ധിച്ച് വിശ്വാസികള്‍ പാലിക്കേണ്ട മര്യാദകളും വ്യവസ്ഥകളും ഈ സൂറത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന മുശ്രിക്കുകളോടും കപടവിശ്വാസികളോടും ജൂതന്‍മാരോടും യുദ്ധത്തില്‍ തടവുകാരാക്കപ്പെട്ടവരോടുമെല്ലാം പെരുമാറേണ്ടതെങ്ങനെയെന്നും പഠിപ്പിക്കുന്നു.