അവനില്‍ നിന്നുള്ള ശാന്തിനിര്‍ഭരമായ ഒരു മയക്കം നിങ്ങളെ മൂടിയതും ആകാശത്തുനിന്ന് നിങ്ങള്‍ക്കുമീതെ മഴ വര്‍ഷിപ്പിച്ചതും ഓര്‍ക്കേണ്ടതാണ്; അത് കൊണ്ട് നിങ്ങളെ ശുദ്ധീകരിക്കേണ്ടതിനും പിശാചിന്‍റെ മാലിന്യം നിങ്ങളില്‍ നിന്ന് നീക്കിക്കളയേണ്ടതിനും നിങ്ങളുടെ ഹൃദയങ്ങള്‍ കൂട്ടിയോജിപ്പിക്കേണ്ടതിനും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ചുനിര്‍ത്തേണ്ടതിനും വേണ്ടി.
താരതമ്യേന യുദ്ധനൈപുണ്യം കുറവായിരുന്ന വിശ്വാസികള്‍ യുദ്ധനിപുണരായ മക്കാമുശ്രിക്ക് സംഘത്തോട് ആദ്യമായി ഏറ്റുമുട്ടുന്നതിന്‍റെ തലേദിവസം വിശ്വാസികള്‍ക്ക് ഭീതിയും വിഭ്രാന്തിയും ഇല്ലാതാക്കുന്നതിന് വേണ്ടി ശാന്തിനിര്‍ഭരമായ ഉറക്കം പ്രദാനം ചെയ്ത കാര്യമാണ് സൂക്തത്തില്‍ പറയുന്നത്. 3: 154 പ്രകാരം ഉഹ്ദ് യുദ്ധം നടന്ന ശേഷ മുള്ള രാത്രിയിലും കഠിനമായ ഭീതിയും വിഭ്രാന്തിയും ഉളവായിരുന്ന ഘട്ടത്തില്‍ വിശ്വാസികള്‍ക്ക് ഉറങ്ങാന്‍ കഴിയുമാറ് അല്ലാഹു മനഃശാന്തിയും സമാധാനവും പ്രദാനം ചെയ്യുകയുമുണ്ടായി. ബദ്ര്‍യുദ്ധം നടന്നതിന്‍റെ തലേന്നാള്‍ രാത്രിയുണ്ടായ മഴ കാരണം വിശ്വാസികള്‍ക്ക് വേണ്ടത്ര വെള്ളം ലഭിച്ചു. അവര്‍ താവളമടിച്ചിരുന്നത് ബദ്ര്‍ താഴ്വരയില്‍ മേലേ ഭാഗത്തായിരുന്നതിനാല്‍ മഴവെള്ളം ഒഴുകിപ്പോയതുമൂലം മണല്‍ അമര്‍ന്ന് നിലമുറച്ചതായി. അതിനാല്‍ അവര്‍ക്ക് അനായാസം കാലുറപ്പിച്ച് മുന്നേറാന്‍ സാധിച്ചു. ശത്രുക്കള്‍ താവളമടിച്ചത് താഴ്ന്ന ഭാഗത്തായിരുന്നതിനാല്‍ അവിടെയെല്ലാം ചെളികെട്ടി കാല്‍ ചെളിയില്‍ ആഴ്ന്നുപോവുകയും വഴുതി വീഴുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. 2: 218; 3: 19-22, 123 വിശദീകരണം നോക്കുക.