( അൽ അന്‍ഫാല്‍ ) 8 : 6

يُجَادِلُونَكَ فِي الْحَقِّ بَعْدَمَا تَبَيَّنَ كَأَنَّمَا يُسَاقُونَ إِلَى الْمَوْتِ وَهُمْ يَنْظُرُونَ

സത്യത്തിന്‍റെ കാര്യത്തില്‍ അത് വളരെ വ്യക്തമായിക്കഴിഞ്ഞിട്ടും നിന്നോട് അവര്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുകയായിരുന്നു, അവര്‍ നോക്കിക്കൊണ്ടിരിക്കെ മരണത്തിലേക്ക് തെളിക്കപ്പെടുന്നതുപോലെ.

ബദ്ര്‍ യുദ്ധത്തിന് വൈമനസ്യത്തോടെ പുറപ്പെട്ട വിശ്വാസത്തില്‍ ബലഹീനരായ വര്‍ തന്നെയായിരുന്നു യുദ്ധമുതലിനെക്കുറിച്ച് തര്‍ക്കിച്ചുകൊണ്ടിരുന്നതും. അതായത് ആപല്‍ക്കരമായ സന്ദര്‍ഭങ്ങളെ സത്യത്തിന്‍റെ പേരില്‍ സന്തോഷത്തോടുകൂടി നേരിടേണ്ടവരാണ് വിശ്വാസികള്‍, ബദ്ര്‍ യുദ്ധത്തിനുവേണ്ടി പുറപ്പെടാന്‍ കല്‍പ്പിക്കപ്പെട്ടപ്പോള്‍ അവര്‍ക്കത് തികച്ചും അരോചകമായി തോന്നിയിരുന്നു. വിശ്വാസം പൂര്‍ണ്ണമാകാത്തതി ന്‍റെ പേരില്‍ പരലോകത്തിനുമേല്‍ ഇഹലോകത്തിന് പ്രധാന്യം കൊടുത്ത അവര്‍ യുദ്ധ ത്തിന് ശേഷം യുദ്ധമുതലുകള്‍ ലഭിച്ചപ്പോള്‍ അതിന്‍റെ കാര്യത്തിലും തര്‍ക്കിച്ചുകൊണ്ടി രുന്നു. ആ സ്വത്ത് വിട്ടുകൊടുക്കണമെന്നും തല്‍സംബന്ധമായ അല്ലാഹുവിന്‍റെ വിധി കാത്തിരിക്കണമെന്നും കല്‍പ്പിക്കപ്പെട്ടപ്പോള്‍ സ്വന്തത്തേക്കാള്‍ പ്രവാചകന് സ്ഥാനം ന ല്‍കേണ്ടിയിരുന്ന അവര്‍ക്ക് അതും അരോചകമായി അനുഭവപ്പെടുകയാണുണ്ടായത്. കച്ചവട സംഘത്തിന് പകരം ആയുധമണിഞ്ഞ ഖുറൈശിപടയെ നേരിടുന്നതിന് കല്‍പ്പിക്കപ്പെട്ടപ്പോള്‍ അവര്‍ക്ക് അത,് കണ്ടുകൊണ്ട് മരണത്തിലേക്ക് തെളിക്കപ്പെടുന്നതുപോലെ തോന്നി. എന്നാല്‍ അല്ലാഹുവിന്‍റെയും പ്രവാചകന്‍റെയും കല്‍പ്പന നടപ്പില്‍വരുത്തിയപ്പോഴോ, അത് ജീവിതത്തിലേക്കുള്ള വിളിയായി മാറി. 33: 18-19 ല്‍, യുദ്ധത്തിന് പോകാ തെ കുത്തിയിരിക്കുന്ന നിങ്ങളുടെ കൂട്ടത്തിലുള്ളവരെയും തങ്ങളുടെ സഹോദരങ്ങളോട് ഞങ്ങളുടെ കൂടെവന്ന് കുത്തിയിരിക്കുവിന്‍ എന്ന് പറയുന്നവരെയും അല്ലാഹു അറിഞ്ഞിട്ടുണ്ട്, ചുരുക്കം പേരല്ലാതെ യുദ്ധത്തെ നേരിടാന്‍ തയ്യാറാവുകയില്ല, നിങ്ങള്‍ക്കെതിരില്‍ പിശുക്ക് കാണിക്കുന്നവരായിരിക്കും അവര്‍, അങ്ങനെ യുദ്ധഭയം വന്നാല്‍ അവര്‍ നിന്നെ ഉറ്റുനോക്കുന്നതായി നിനക്കുകാണാം, മരണവെപ്രാളം കാണിക്കുന്ന ഒരാളെപ്പോലെ അ വരുടെ കണ്ണുകള്‍ കറങ്ങിക്കൊണ്ടിരിക്കും, എന്നാല്‍ യുദ്ധഭയം നീങ്ങിപ്പോയാലോ, ധനത്തില്‍ ദുര്‍മോഹം പൂണ്ടവരായിക്കൊണ്ട് മൂര്‍ച്ചയേറിയ നാവുകള്‍ കൊണ്ട് അവര്‍ നിങ്ങളെ കുത്തിപ്പറയുകയും ചെയ്യും! അത്തരക്കാര്‍ വിശ്വസിച്ചിട്ടില്ല, അതിനാല്‍ അല്ലാഹു അവരു ടെ കര്‍മ്മങ്ങള്‍ നിഷ്ഫലമാക്കിയിരിക്കുന്നു, അത് അല്ലാഹുവിന്‍റെമേല്‍ വളരെ എളുപ്പമുള്ളതായിരിക്കുന്നു എന്നും പറഞ്ഞിട്ടുണ്ട്. 2: 216, 243; 4: 77 വിശദീകരണം നോക്കുക.