( 87 ) അഅ്ലാ

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(87) അഅ്ലാ

'അത്യുന്നതനായ നിന്‍റെ നാഥന്‍റെ നാമം നീ പരിശുദ്ധപ്പെടുത്തുക' എന്ന് ഒന്നാം സൂക്തത്തില്‍ പറഞ്ഞതില്‍ നിന്നാണ് സൂറത്തിന് അല്‍ അഅ്ലാ-അത്യുന്നതന്‍-എന്ന പേര് ലഭിച്ചിട്ടുള്ളത്. പ്രവാചകന്‍റെ മക്കാജീവിതത്തിലെ ആദ്യഘട്ടങ്ങളില്‍ അവതരിച്ച സൂറത്താണിത്. 'മുസബ്ബിഹാത്ത്'-അല്ലാഹുവിനെ വാഴ്ത്തിക്കൊണ്ട് ആരംഭിക്കുന്ന സൂറത്തുകളില്‍പെട്ട ഇതും അടുത്ത സൂറത്തായ അല്‍-ഗാഷിയയും പ്രവാചകന്‍ ചിലപ്പോള്‍ ജുമുഅഃ നമസ്കാരത്തില്‍ തിലാവത്ത് ചെയ്യാറുണ്ടായിരുന്നു.

പ്രപഞ്ചത്തിലുള്ളതെല്ലാം സൃഷ്ടിച്ച് രൂപപ്പെടുത്തി എണ്ണം കണക്കാക്കി സംവിധാനിച്ച ഉടമയുടെ നാമം മാത്രമാണ് വാഴ്ത്തപ്പെടേണ്ടത്. ത്രികാലജ്ഞാനിയായ അവന്‍റെ മാര്‍ഗദര്‍ശനമായ അദ്ദിക്ര്‍ കൊണ്ട് അവരവരെ തിരിച്ചറിഞ്ഞ് ശുദ്ധീകരിച്ചവര്‍ മാത്രമാണ് വിജയം വരിക്കുക, അവര്‍ ഇഹലോകത്തിനുമേല്‍ പരലോകത്തിനാണ് പ്രാധാന്യം കൊടുക്കുക. അദ്ദിക്ര്‍ കൊണ്ട് ഉണര്‍ത്തപ്പെട്ടിട്ട് പരലോകത്തെ അവഗണിച്ചുകൊണ്ട് ഇഹലോകത്തിന് പ്രാധാന്യം കൊടുക്കുന്ന ദൗര്‍ഭാഗ്യവാന്‍മാര്‍ വമ്പിച്ച നരകത്തീയില്‍ വേവിക്കപ്പെടുന്നതുമാണ്. ഇബ്റാഹീമിന്‍റെയും മൂസായുടെയും ഏടുകളിലുള്ളതും ഇക്കാര്യം തന്നെയാണ് എന്ന് പറഞ്ഞുകൊണ്ട് 19 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.