( അശ്ശര്‍ഹ് ) 94 : 4

وَرَفَعْنَا لَكَ ذِكْرَكَ

നിനക്ക് നിന്‍റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു.

പ്രവാചകന്‍ മക്കയില്‍ പ്രബോധനം തുടങ്ങിയ ആദ്യഘട്ടങ്ങളില്‍ സത്യത്തിന്‍റെ വിരോധികള്‍ പലവിധത്തിലുള്ള ദുഷ്പ്രചരണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. അവര്‍ ചന്തകളിലും ഹജ്ജ് വേളകളില്‍ പ്രത്യേകിച്ചും നാടിന്‍റെ വിവിധഭാഗങ്ങളില്‍ നിന്ന് വന്നിരുന്ന തീര്‍ത്ഥാടകരുടെ ഇടയിലും 'മുഹമ്മദ് എന്ന ഒരു പുതിയ മാരണക്കാരന്‍ വന്നിട്ടുണ്ട്, അവനെ സൂക്ഷിക്കണം' എന്ന് മുന്നറിയിപ്പ് നല്‍കുകയുണ്ടായി. പിതാവും പുത്രനും തമ്മിലും ഭാര്യയും ഭര്‍ത്താവും തമ്മിലും സഹോദരങ്ങള്‍ തമ്മിലും പരസ്പരം പിണക്കുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്ന പുത്തന്‍ വാദങ്ങളാണ് അവന്‍ ഉന്നയിക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ അവന്‍റെ കെണിയിലകപ്പെടുന്നത് സൂക്ഷിക്കണമെന്നാണ് അവര്‍ പ്രചരണം നടത്തിയിരുന്നത്. അങ്ങനെ പ്രവാചകന്‍ ആഗതനായ വിവരം നാടിന്‍റെ വിവിധ ഭാഗങ്ങളി ലേക്ക് ശത്രുക്കളിലൂടെ പ്രചരിക്കുകയും ജനങ്ങള്‍ അതിന്‍റെ സത്യാവസ്ഥയെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അതുവഴി ശത്രുക്കള്‍ മുഖേനത്തന്നെ അല്ലാഹു ഇസ്ലാമിന്‍റെയും പ്രവാചകന്‍റേയും കീര്‍ത്തി ഉയര്‍ത്തുകയാണുണ്ടായത്. 17: 79 വിശദീ കരണം നോക്കുക. 

അല്ലാഹു കൊന്നുകളഞ്ഞ മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികള്‍ അദ്ദിക്ര്‍ പ്രചരിപ്പിക്കുന്ന വിശ്വാസിക്കെതിരെ പലതരത്തിലുള്ള അപവാദങ്ങളും ഊഹാപോഹങ്ങളും മെനഞ്ഞെടുത്ത് പ്രചരിപ്പിക്കുന്നതായി ഇന്നും കാണാം. എന്നാല്‍ അദ്ദിക്റിനെ പരിചയും മുഹൈമിനുമായി ഉപയോഗപ്പെടുത്തുന്നവര്‍ക്കെതിരെ ആര് എന്ത് കുതന്ത്രങ്ങള്‍ മെനഞ്ഞാലും അത് അവര്‍ക്കെതിരായിത്തന്നെ തിരിച്ചടിക്കുകയാണ് ചെയ്യുക. 40: 25, 47 -50; 41: 26-29 വിശദീകരണം നോക്കുക.