നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്
(96) അലഖ്
'മനുഷ്യനെ അവന്‍ രക്തപിണ്ഡത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു' എന്ന് രണ്ടാം സൂക്തത്തില്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നാണ് സൂറത്തിന് അല്‍ അലഖ്-രക്തപിണ്ഡം-എന്ന് പേര് വന്നിട്ടുള്ളത്. ഈ സൂറത്തിലെ ഒന്നുമുതല്‍ അഞ്ച് വരെയുള്ള സൂക്തങ്ങളാണ് ഗ്രന്ഥത്തില്‍ നിന്ന് പ്രവാചകന്‍ മുഹമ്മദിന് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ആറ് മുതല്‍ പത്തൊമ്പതുവരെയുള്ള സൂക്തങ്ങള്‍ പ്രവാചകന്‍റെ മക്കാജീവിതത്തിലെ ആദ്യഘട്ടത്തില്‍ ഹറമില്‍ വെച്ച് പ്രവാചകന്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചപ്പോള്‍ അബൂജാഹില്‍ അതിനെ തടഞ്ഞതിനെ വിമര്‍ശിച്ചുകൊണ്ട് അവതരിച്ചിട്ടുള്ളതാണ്.
മനുഷ്യനെ ഇല്ലായ്മയില്‍ നിന്ന് രക്തപിണ്ഡത്തില്‍ നിന്ന് സൃഷ്ടിക്കുകയും അവന് അറിയാത്ത വിവരങ്ങളും പേനകൊണ്ട് എഴുതാനും പഠിപ്പിച്ച നാഥന്‍റെ നാമത്തില്‍ വായിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് സൂറത്ത് ആരംഭിക്കുന്നത്. തന്‍റെ നാഥനുമായി ഏറ്റവും അടുക്കുന്ന സാഷ്ടാംഗപ്രണാമം നിര്‍വ്വഹിക്കുന്നതില്‍ നിന്ന് അവനെ തടയുന്ന ഒരു ശക്തിയും ഉണ്ടാകാന്‍ പാടില്ലെന്നും, അത്തരം ശക്തികളുടെ എതിര്‍പ്പുകളൊന്നും വകവെക്കാതെ എല്ലാവരുടെയും കടിഞ്ഞാണ്‍ ആരുടെ ഹസ്തത്തിലാണോ അവന്‍റെ മുമ്പില്‍ സാഷ്ടാംഗപ്രണാമം നിര്‍വ്വഹിക്കുകയും അവന്‍റെ സാമീപ്യം നേടുകയും വേണമെന്നും വിശ്വാസികളോട് കല്‍പ്പിച്ചുകൊണ്ട് സൂറത്ത് അവസാനിക്കുന്നു.