( മുഖവുര ) 0 : 1

അമാനത്ത് (ഉത്തരവാദിത്തം):

4: 58; 8: 27; 23: 8; 33: 72; 70: 32 എന്നീ 5 സൂക്തങ്ങളില്‍ ഗ്രന്ഥത്തിന് 'അമാനത്ത്' എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ അവതരിപ്പിക്കപ്പെട്ടത് കപടവിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും അവരെ അന്ധമായി പിന്‍പറ്റിക്കൊണ്ടിരിക്കുന്ന മുശ്രിക്കുകളായ പുരുഷന്മാരെയും സ്ത്രീകളെയും ശിക്ഷിക്കുന്നതിന് വേണ്ടിയും വിശ്വാസികളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും പശ്ചാത്താപം സ്വീകരിക്കുന്നതിന് വേണ്ടിയുമാണെന്ന് 33: 72-73 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്ന, അവന്‍റെ കോപത്തിനും ശാപത്തിനും വിധേയരായ കപടവിശ്വാസികളും മുശ്രിക്കുകളുമായ പുരുഷന്മാരെയും സ്ത്രീകളെയും ശിക്ഷിക്കാന്‍ വേണ്ടിയാണ് ലോകത്തുള്ള മൊത്തം മനുഷ്യരില്‍ നിന്നുമുള്ള വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും ഇനി ഇജാസിലേക്ക് വേര്‍തിരിക്കപ്പെടുക എന്ന് 48: 6 ലും പറഞ്ഞിട്ടുണ്ട്. 23: 8; 70: 32 എന്നീ സൂക്തങ്ങളില്‍ വിജയം വരിക്കുന്ന വിശ്വാസികള്‍ അവരുടെ അമാനത്തുകളും ഉടമ്പടികളും കാത്തുസൂക്ഷിക്കുന്നതാണെന്ന് പറഞ്ഞിട്ടുണ്ട്. 

ബസ്വാഇര്‍ (ഉള്‍ക്കാഴ്ചാദായകം):  

6: 104; 7: 203; 12: 108; 17: 102; 28: 43; 45: 20; 75: 14 എന്നീ 7 സൂക്തങ്ങളില്‍ ഗ്രന്ഥത്തിന് 'ഉള്‍ക്കാഴ്ചാദായകം' എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. 6: 104 ല്‍, നിശ്ചയം നിങ്ങളുടെ നാഥനില്‍ നിന്നുള്ള ഉള്‍ക്കാഴ്ചാദായകം നിങ്ങള്‍ക്ക് വന്നുകിട്ടിയിരിക്കുന്നു; പുരുഷനാകട്ടെ സ്ത്രീയാകട്ടെ, ആരാണോ അതിനെ ഉപയോഗപ്പെടുത്തിയത്, അത് അവനുവേണ്ടിത്തന്നെയാണ്; ആരാണോ അതുകൊള്ളെ അന്ധത നടിച്ചത്, അതിന്‍റെ ദോഷം ആ ആത്മാവിന് തന്നെയാണ്, ഞാന്‍ നിങ്ങളുടെ സൂക്ഷിപ്പുകാരനൊന്നുമല്ല എന്ന് പറയാന്‍ കല്‍പിച്ചിട്ടുണ്ട്. 7: 203; 45: 20 എന്നീ സൂക്തങ്ങളില്‍ അദ്ദിക്ര്‍ മൊത്തം മനുഷ്യര്‍ക്ക് ഉള്‍ക്കാഴ്ചാദായകവും ദൃഢബോധ്യമുള്ള ജനതക്ക് സന്മാര്‍ഗവും കാരുണ്യവുമാണെന്ന് പറഞ്ഞിട്ടുണ്ട്. ഓരോ ആത്മാവിനും അതിന്‍റെ നാളത്തെ ഇരിപ്പിടം സ്വര്‍ഗത്തിലാണോ നരകത്തിലാണോ എന്ന് കാണിച്ചുകൊടുക്കുന്നതാണ് ഉള്‍ക്കാഴ്ചാദായകം. ആത്മാവിന്‍റെ ദൃഷ്ടിയായ അത് ഉപയോഗപ്പെടുത്തി നരകത്തിലെ ശിക്ഷാകഠോരങ്ങളും സ്വര്‍ഗത്തിലെ അനുഗ്രഹാനുഭൂതികളും മനസ്സിലാക്കി ഓരോരുത്തരും സ്വര്‍ഗം ഇവിടെ വെച്ച് സമ്പാദിക്കേണ്ടതിന് വേണ്ടിയാണ് മനുഷ്യരെ ഭൂമിയില്‍ നിയോഗിച്ചിട്ടുള്ളത്. ഉള്‍ക്കാഴ്ചാദായകം വന്നുകിട്ടിയിട്ട് അതിനെത്തൊട്ട് അന്ധത നടിച്ചവര്‍ ജീവിതലക്ഷ്യം നഷ്ടപ്പെട്ടവരും നരകക്കുണ്ഠത്തില്‍ കുത്തിനിറക്കപ്പെടാനുള്ളവരുമാണെന്ന് 7: 179 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബുര്‍ഹാന്‍ (തെളിവ്):

2: 111; 4: 174; 12: 24; 21: 24; 23: 117; 27: 64; 28: 32, 75 എന്നീ 8 സൂക്തങ്ങളില്‍ ഗ്രന്ഥത്തിന് 'തെളിവ്' എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. അദ്ദിക്ര്‍ മൊത്തം മനുഷ്യര്‍ക്കുള്ള തെളിവും വ്യക്തമായ പ്രകാശവുമാണെന്ന് 4: 174-175 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഏതൊരു വിഷയത്തിനും ഗ്രന്ഥത്തില്‍ നിന്ന് തെളിവ് ഉദ്ധരിക്കാന്‍ സാധിക്കുന്നവര്‍ക്ക് മാത്രമേ വിചാരണാനാളില്‍ ഗ്രന്ഥം അനുകൂലമായി വാദിക്കുകയും സാക്ഷി നില്‍ക്കുകയുമുള്ളൂ. 21: 24 ല്‍, ഗ്രന്ഥത്തിന് തെളിവ്, സത്യം, അദ്ദിക്ര്‍ എന്നീ മൂന്ന് പേരുകളും പറഞ്ഞിട്ടുണ്ട്.

അന്നൂര്‍ (പ്രകാശം):

2: 257; 5: 16, 44, 46; 7: 157; 14: 1, 5; 24: 40; 42: 52; 64: 8 തുടങ്ങി 32 സൂക്തങ്ങളില്‍ ഗ്രന്ഥത്തിന് 'പ്രകാശം' എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. മനുഷ്യരെ അന്ധകാരങ്ങളില്‍ നിന്ന് പ്രകാശത്തിലേക്ക് നയിക്കുന്നതിനുവേണ്ടി അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമാണ് അദ്ദിക്ര്‍ എന്ന് 14: 1 ലും; ആരാണോ പ്രവാചകനെക്കൊണ്ട് വിശ്വസിക്കുകയും അദ്ദേഹത്തെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം ഇറക്കപ്പെട്ട പ്രകാശത്തെ പിന്‍പറ്റുകയും ചെയ്യുന്നത്; അക്കൂട്ടര്‍ മാത്രമാണ് വിജയം വരിക്കുക എന്ന് 7: 157 ലും പറഞ്ഞിട്ടുണ്ട്. 24: 35 ല്‍ പറഞ്ഞ ആകാശഭൂമികളുടെ പ്രകാശമായ അല്ലാഹുവിലേക്ക് എത്തിപ്പെടാന്‍ പ്രകാശമായ അദ്ദിക്ര്‍ ടിക്കറ്റായി ഉപയോഗപ്പെടുത്തുക തന്നെ വേണം. വിശ്വാസികള്‍ എപ്പോഴും 'ഞങ്ങളുടെ നാഥാ! ഞങ്ങളുടെ പ്രകാശം നീ ഞങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തരേണമേ, ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ചെയ്യേണമേ; നിശ്ചയം നീ എല്ലാ ഓരോ കാര്യത്തിനും കഴിവുള്ളവന്‍ തന്നെയാണല്ലോ' എന്ന് പ്രാര്‍ത്ഥിക്കുമെന്ന് 66: 8 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റാകുന്ന പ്രകാശം കൊണ്ട് അഹങ്കാരം, അസൂയ, താന്‍പോരിമ, സ്വാര്‍ത്ഥത തുടങ്ങിയ പൈശാചിക സ്വഭാവങ്ങളെയെല്ലാം കരിച്ചുകളഞ്ഞ് നിഷ്കളങ്കരായി സ്വര്‍ഗത്തിലേക്ക് (അല്ലാഹുവിലേക്ക്) തന്നെ തിരിച്ചുപോകലാണ് ജീവിതലക്ഷ്യം.

ശാഹിദ് (സാക്ഷി):

6: 19; 11: 17; 22: 78; 85: 3 എന്നീ 4 സൂക്തങ്ങളില്‍ ഗ്രന്ഥത്തിന് 'സാക്ഷി' എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. 6: 19 ല്‍, അല്ലാഹുവും ഗ്രന്ഥവും തന്നെയാണ് ഏറ്റവും വലിയ സാക്ഷി എന്ന് പറഞ്ഞിട്ടുണ്ട്. ആരാണോ ഗ്രന്ഥം ലഭിച്ച ശേഷം അതിന് വിരുദ്ധമായ ജീവിതം നയിച്ചത്, അവര്‍ക്ക് എതിരായും; ആരാണോ ഗ്രന്ഥത്തെ സാക്ഷ്യപ്പെടുത്തി ജീവിതം നയിച്ചത്, അവര്‍ക്ക് അനുകൂലമായും ഗ്രന്ഥം വാദിക്കുകയും സാക്ഷി നില്‍ക്കുകയും ചെയ്യുന്നതാണ്. അല്ലാഹുവില്‍ നിന്നുള്ള സാക്ഷ്യം മൂടിവെക്കുന്നവനാണ് ഏറ്റവും വലിയ അക്രമി എന്ന് 2: 140 ലും; സാക്ഷിയും ഇമാമും കാരുണ്യവും സത്യവും വെളിപാടുമായ ഗ്രന്ഥത്തെ സംഘടനകളില്‍ നിന്ന് ആരാണോ മൂടിവെച്ചത്, അവനോട് വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ളത് നരകമാണെന്ന് 11: 17 ലും പറഞ്ഞിട്ടുണ്ട്. സാക്ഷിയായ ഗ്രന്ഥത്തെ പിന്‍പറ്റുമ്പോള്‍ മാത്രമേ ഏതൊരുവനും പ്രവാചകനെ പിന്‍പറ്റുന്നവനും 2: 143; 22: 78 എന്നീ സൂക്തങ്ങളുടെ കല്‍പന സത്യപ്പെടുത്തിക്കൊണ്ട് പ്രവാചകന്‍റെ ജീവിതം ജനങ്ങള്‍ക്കിടയില്‍ സാക്ഷ്യം വഹിക്കുന്നവനുമാവുകയുള്ളൂ. 

ഹിക്മത്ത് (തത്വജ്ഞാനം):

2: 129, 269; 3: 81; 16: 125; 17: 39; 33: 34; 54: 5 തുടങ്ങി 21 സൂക്തങ്ങളില്‍ ഗ്രന്ഥത്തിന് 'തത്വജ്ഞാനം' എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. ഗ്രന്ഥത്തിലെ 6236 സൂക്തങ്ങളുടെയും ആശയം കൂട്ടിയോജിപ്പിച്ച് അല്ലാഹുവിലേക്കുള്ള നേരെച്ചൊവ്വെയുള്ള പാതയായി അദ്ദിക്റിനെ ഉപയോഗപ്പെടുത്തുന്നതിനും മറ്റുള്ളവര്‍ക്ക് അങ്ങനെ ഉപയോഗപ്പെടുത്താന്‍ വേണ്ടി മനസ്സിലാക്കിക്കൊടുക്കുന്നതിനുമുള്ള കഴിവിനാണ് 'തത്വജ്ഞാനം' എന്ന് പറയുന്നത്. 16: 125 ല്‍ യുക്തിജ്ഞാനം കൊണ്ടും സമാനമായ ഉപമ ഉദാഹരണങ്ങള്‍ കൊണ്ടും നീ നിന്‍റെ നാഥനിലേക്ക് വിളിക്കുക എന്ന് പറഞ്ഞിട്ടുണ്ട്. 31: 12 ല്‍, നാഥന് നന്ദി പ്രകടിപ്പിക്കുന്നവനാകുന്നതിന് വേണ്ടി ലുഖ്മാന് തത്വജ്ഞാനം നല്‍കിയിട്ടുണ്ടായിരുന്നു എന്നും; 2: 269 ല്‍, ആര്‍ക്കാണോ 'തത്വജ്ഞാനം' ലഭിച്ചത്, അവര്‍ക്ക് വമ്പിച്ച നേട്ടം ലഭിച്ചു എന്നും പറഞ്ഞിട്ടുണ്ട്. തത്വജ്ഞാനം ലഭിച്ചവര്‍ക്ക് പ്രപഞ്ചത്തില്‍ മുമ്പ് നടന്നതും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും ഇനി നടക്കാന്‍ പോകുന്നതുമായ എല്ലാ കാര്യങ്ങളുടെയും യാഥാര്‍ത്ഥ്യം ഗ്രഹിച്ച് മനസിലാക്കാന്‍ സാധിക്കുന്നതാണ്. 

മൗഇളത്ത് (സദുപദേശം):

2: 66, 275; 3: 138; 10: 57; 16: 125 തുടങ്ങി 9 സൂക്തങ്ങളില്‍ ഗ്രന്ഥത്തിന് 'സദുപദേശം' എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. സദുപദേശം എന്നാല്‍ ഗ്രന്ഥത്തിലെ ആശയം സ്പഷ്ടമായതും യുക്തിനിര്‍ഭരവുമായ സൂക്തങ്ങളുടെ സമാനമായ ഉപമ ഉദാഹരണങ്ങളാണ്. അദ്ദിക്ര്‍ മൊത്തം മനുഷ്യര്‍ക്ക് സദുപദേശവും അവരുടെ നെഞ്ചുകളിലുള്ള സംശയങ്ങള്‍ക്ക് ശമനവും വിശ്വാസികള്‍ക്ക് സന്മാര്‍ഗവും കാരുണ്യവുമാണ് എന്ന് 10: 57 ല്‍ പറഞ്ഞിട്ടുണ്ട്. മൗഇളത്തിന് മുന്നറിയിപ്പ്, താക്കീത്, ഗുണപാഠം എന്നും ആശയമുണ്ട്. 

ശിഫാഅ് (രോഗശമനം):

10: 57; 17: 82; 41: 44 എന്നീ 3 സൂക്തങ്ങളില്‍ ഗ്രന്ഥത്തിന് 'രോഗശമനം' എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. 17: 82 ല്‍, വിശ്വാസികള്‍ക്ക് അദ്ദിക്റില്‍ രോഗശമനവും കാരുണ്യവുമുണ്ടെന്നും എന്നാല്‍ അക്രമികള്‍ക്ക് അത് നഷ്ടമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല എന്നും പറഞ്ഞിട്ടുണ്ട്. വിശ്വാസികള്‍ക്ക് അദ്ദിക്ര്‍ അവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ഇടവരുത്തുമെന്ന് 9: 124 ല്‍ പറഞ്ഞിട്ടുണ്ടെങ്കില്‍, കപടവിശ്വാസികള്‍ക്ക് അത് മാലിന്യത്തിനുമേല്‍ മാലിന്യമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല എന്നാണ് 9: 125 ല്‍ പറഞ്ഞിട്ടുള്ളത്. വിശ്വാസികളായ ജനതക്ക് അദ്ദിക്ര്‍ സന്മാര്‍ഗവും രോഗശമനവുമാണെന്ന് 41: 44 ലും പറഞ്ഞിട്ടുണ്ട്. മാനസികവും ശാരീരികവുമായ എല്ലാ രോഗങ്ങള്‍ക്കുമുള്ള ശമനം അദ്ദിക്റാണ് എന്നിരിക്കെ ആത്മാവിനെ തിരിച്ചറിയാത്ത കപടവിശ്വാസികള്‍ രോഗശമനത്തിനായി ഗ്രന്ഥത്തിന്‍റെ ശരീരമായ അറബി ഖുര്‍ആന്‍ കൊണ്ട് കുറഞ്ഞവില വാങ്ങുകയാണ് ചെയ്യുന്നത്. അതുവഴി അവരും അവരെ അന്ധമായി പിന്‍പറ്റിക്കൊണ്ടിരിക്കുന്ന വഴിപിഴച്ചവരുമടങ്ങിയ ഫുജ്ജാറുകള്‍ അവരുടെ വയറുകളില്‍ തീയല്ലാതെ നിറക്കുന്നില്ല എന്ന് 2: 174 ല്‍ പറഞ്ഞിട്ടുണ്ട്.

റഹ്മത്ത് (കാരുണ്യം): 

2: 64; 4: 113; 6: 157; 9: 99; 10: 57, 58; 11: 63; 45: 30; 76: 31 തുടങ്ങി 65 സൂക്തങ്ങളില്‍ ഗ്രന്ഥത്തിന് 'കാരുണ്യം' എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. അല്ലാഹുവിന്‍റെ കാരുണ്യവും ഔദാര്യവുമായ ഗ്രന്ഥം ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ നിന്നെ വഴിപിഴപ്പിച്ച് കളയുമായിരുന്നു എന്ന് 4: 113 ല്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ കാരുണ്യവും ഔദാര്യവുമായ അദ്ദിക്ര്‍ കൊണ്ട് ഊറ്റം കൊള്ളല്‍ തന്നെയാണ് നിങ്ങള്‍ ഒരുമിച്ചുകൂട്ടുന്ന മറ്റെന്തിനേക്കാളും ഉത്തമമായിട്ടുള്ളത് എന്ന് 10: 58 ലും പറഞ്ഞിട്ടുണ്ട്. നാഥന്‍റെ ഗ്രന്ഥമാണ് ഐശ്വര്യം, അതിന് ശേഷം ദാരിദ്ര്യമില്ല, അതുകൂടാതെ ഐശ്വര്യവുമില്ല എന്ന് ഐശ്വര്യവാനായ നാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹുവിന്‍റെ കാരുണ്യമായ ഗ്രന്ഥം പിന്‍പറ്റാത്തവരെല്ലാം ഭിന്നിപ്പിലാണെന്നും അവരെക്കൊണ്ടും ജിന്നുകളെക്കൊണ്ടും മുഴുവന്‍ നരകകുണ്ഠം കുത്തിനിറക്കുക തന്നെ ചെയ്യുമെന്നും 11: 118-119 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ വിശ്വാസികള്‍ മാത്രമേ അതിനെ കാരുണ്യമായും ഐശ്വര്യമായും അനുഗ്രഹമായും ഉപയോഗപ്പെടുത്തുകയുള്ളൂ. നിശ്ചയം, ടിക്കറ്റായ അദ്ദിക്റിനെ മൂടിവെച്ചവര്‍ക്ക് അത് ഒരു ദുഃഖഹേതു തന്നെയാണെന്ന് 69: 50 ല്‍ പറഞ്ഞിട്ടുണ്ട്. 

ഫള്ല്‍ (ഔദാര്യം):

2: 64, 105; 4: 113, 173; 11: 3; 17: 87; 24: 10, 14, 20, 21; 49: 8; 57: 29; 59: 8 തുടങ്ങി 28 സൂക്തങ്ങളില്‍ ഗ്രന്ഥത്തിന് 'ഔദാര്യം' എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. 

ഇമാം (മുന്നില്‍ നില്‍ക്കുന്നത്):

11: 17; 17: 71; 36: 12; 46: 12 എന്നീ 4 സൂക്തങ്ങളില്‍ ഗ്രന്ഥത്തിന് 'മുന്നില്‍ നില്‍ക്കുന്നത്' എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. അദ്ദിക്റും അദ്ദിക്റിന്‍റെ ഭാഗമായ തൗറാത്തും ഇമാമും കാരുണ്യവുമാണെന്ന് 11: 17; 46: 12 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 17: 71 ല്‍, വിധിദിവസം എല്ലാവരെയും നാം അവരുടെ ഇമാമിനെയും കൊണ്ട് വിചാരണക്ക് വിളിക്കുന്നതാണ്, അപ്പോള്‍ ആര്‍ക്കാണോ വലതുകയ്യില്‍ ഗ്രന്ഥം നല്‍കപ്പെട്ടത്, അവര്‍ തങ്ങളുടെ ഗ്രന്ഥം വായിക്കുന്നതാണ്, അവര്‍ തരിമ്പും അനീതി കാണിക്കപ്പെടുകയുമില്ല എന്നും; 17: 72 ല്‍, ആരാണോ ഇഹലോകത്ത് അവരുടെ 'ഇമാമി'നോട് അന്ധത നടിച്ചത്, അവന്‍ പരത്തില്‍ കൂടുതല്‍ അന്ധനും സന്മാര്‍ഗത്തില്‍ നിന്ന് പിഴച്ചവനും തന്നെയായിരിക്കുമെന്നും പറഞ്ഞിട്ടുണ്ട്.

പ്രപഞ്ചനാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന വിശ്വാസികള്‍ 'ഞങ്ങളുടെ നാഥാ! ഞങ്ങളുടെയും ഞങ്ങളുടെ ഇണകളുടെയും ഞങ്ങളുടെ സന്തതിപരമ്പരകളുടെയും പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മയുള്ളതാക്കേണമേ; ഞങ്ങളെ നീ ഗ്രന്ഥം പിന്‍പറ്റുന്ന സൂക്ഷ്മാലുക്കള്‍ക്ക് ഇമാമുകളും (മുന്നില്‍ നടക്കുന്നവരും) ആക്കേണമേ' എന്ന് പ്രാര്‍ത്ഥിക്കുമെന്ന് 25: 74 ല്‍ പറഞ്ഞിട്ടുണ്ട്. ആരാണോ ഗ്രന്ഥത്തെ സത്യപ്പെടുത്തിക്കൊണ്ട് ഇവിടെ ജീവിക്കുകയും മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ അവര്‍ക്ക് സ്വയം തിരിച്ചറിയാനും അങ്ങനെ അവരുടെ തിന്മകളെ നന്മകളാക്കി പരിവര്‍ത്തിപ്പിക്കാനും സഹായകരമാകും വിധത്തില്‍ അവര്‍ക്ക് ഗ്രന്ഥം എത്തിച്ചുകൊടുക്കുകയും ചെയ്യുന്നത്, അവര്‍ക്ക് വിധിദിവസം 17: 13-14; 18: 49; 23: 62-64; 36: 12; 45: 28-31; 58: 6; 78: 29 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ അവരുടെ കര്‍മരേഖ അനുകൂലമായി സാക്ഷ്യം വഹിക്കുന്ന വിധത്തിലും അവരുടെ പ്രവര്‍ത്തനങ്ങള്‍ ത്രാസില്‍ തൂക്കം ലഭിക്കുന്ന വിധത്തിലുമായിരിക്കും ലഭിക്കുക. ഗ്രന്ഥം കിട്ടിയിട്ട് അതിനെ മൂടിവെക്കുന്ന കപടവിശ്വാസികള്‍ക്കും അതിനെ തള്ളിപ്പറയുന്ന, അവരെ പിന്‍പറ്റുന്ന അനുയായികള്‍ക്കും തങ്ങളുടെ കര്‍മരേഖ എതിരായി സാക്ഷ്യം വഹിക്കുന്നതാണ്. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പരലോകത്ത് ത്രാസില്‍ യാതൊരു തൂക്കവും ലഭിക്കുന്നതല്ല. അങ്ങനെ അവര്‍ കണ്ട, കേട്ട, തൊട്ട, വായിച്ച സൂക്തങ്ങള്‍ അവര്‍ക്കെതിരായി സാക്ഷ്യം വഹിച്ചുകൊണ്ടും വാദിച്ചുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതാണ്. 

മുഹൈമിന്‍ (കാത്തുസൂക്ഷിക്കുന്നത്):

5: 48 ല്‍ അദ്ദിക്റിന് 'കാത്തുസൂക്ഷിക്കുന്നത്' എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. 'മുഹൈമിന്‍' എന്നതിന് കാത്തുസൂക്ഷിക്കുന്നത് എന്നത് കൂടാതെ സംരക്ഷിക്കുന്നത്, മേല്‍നോട്ടം വഹിക്കുന്നത്, പരിപാലിക്കുന്നത്, പിന്തുണ നല്‍കുന്നത് എന്നെല്ലാം ആശയമുണ്ട്. നിശ്ചയം അദ്ദിക്ര്‍ നാമാണ് ഇറക്കിയത്, നാം തന്നെ അതിനെ കാത്തുസൂക്ഷിക്കുകയും ചെയ്യും എന്ന് 15: 9 ല്‍ പറഞ്ഞിട്ടുള്ളതിനാല്‍ അദ്ദിക്റില്‍ സൃഷ്ടികള്‍ക്ക് ആര്‍ക്കും തന്നെ ഒരു മാറ്റവും വരുത്താന്‍ സാധിക്കുകയില്ല. (ജീവനായ അര്‍ത്ഥത്തിലോ ശരീരമാകുന്ന അറബിമൂലത്തിലോ മാറ്റം വരുത്താന്‍ സാധിക്കുകയില്ല എന്ന് അല്ലാഹു പറഞ്ഞിട്ടില്ല). അന്ത്യപ്രവാചകനായ മുഹമ്മദിന് അവതരിപ്പിക്കപ്പെട്ട അദ്ദിക്റില്‍ നാഥനില്‍ നിന്ന് മുമ്പ് അവതരിപ്പിക്കപ്പെട്ട 312 ഗ്രന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളും അടങ്ങിയിട്ടുണ്ട് എന്ന് 16: 43-44 സൂക്തങ്ങളിലും; പ്രസ്തുത ഗ്രന്ഥം 312 ഗ്രന്ഥങ്ങളെയും സത്യപ്പെടുത്തുന്നതും കാത്തുസൂക്ഷിക്കുന്നതുമാണ് എന്ന് 5: 48 ലും പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അദ്ദിക്റിനെ ഉരക്കല്ലും ത്രാസുമായി ഉപയോഗപ്പെടുത്തിക്കൊണ്ട് മുമ്പ് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ കൂട്ടിക്കലര്‍ത്തിയിട്ടുള്ള മിഥ്യകള്‍ തിരിച്ചറിയാവുന്നതാണ്. 5: 48 ല്‍ പറഞ്ഞ മുഹൈമിനായ അദ്ദിക്റിനെ മുറുകെപ്പിടിച്ച് 59: 23 ല്‍ പറഞ്ഞ മുഹൈമിനായ നാഥനെ മുറുകെപ്പിടിച്ചവര്‍ നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 2: 256; 3: 101; 4: 174-175 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. മുഹൈമിനായ അദ്ദിക്ര്‍ മുറുകെപ്പിടിക്കുക വഴി 22: 78 ല്‍ പറഞ്ഞ പ്രകാരം യജമാനനായ നാഥനെ മുറുകെപ്പിടിക്കാവുന്നതാണ്. 

ബുഷ്റാ (സന്തോഷവാര്‍ത്ത): 

2: 97; 3: 126; 8: 10; 46: 12 തുടങ്ങി 7 സൂക്തങ്ങളില്‍ അദ്ദിക്റിന് സന്തോഷവാര്‍ത്ത എന്ന പേര് പറഞ്ഞിട്ടുണ്ട്. ത്രികാലജ്ഞാനിയായ നാഥനില്‍ നിന്നുള്ള എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള ഗ്രന്ഥം നിന്‍റെ മേല്‍ അവതരിപ്പിച്ചിട്ടുണ്ട്, അത് സര്‍വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്ന മുസ്ലിംകള്‍ക്ക് സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമാണ് എന്ന് 16: 89 ല്‍ പറഞ്ഞിട്ടുണ്ട്. പരിശുദ്ധാത്മാവായ ജിബ്രീല്‍ വഴി അവതരിപ്പിക്കപ്പെട്ട സത്യമായ ഗ്രന്ഥം വിശ്വാസികളായവരെ സ്ഥിരപ്പെടുത്തുന്നതും സര്‍വസ്വം നാഥന് സമര്‍പ്പിച്ചവര്‍ക്ക് സന്മാര്‍ഗവും ശുഭവാര്‍ത്താദായകവുമാണെന്ന് 16: 102 ലും; വിശ്വാസികള്‍ക്ക് ഗ്രന്ഥം സന്മാര്‍ഗവും ശുഭവാര്‍ത്താദായകവുമാണെന്ന് 27: 2 ലും പറഞ്ഞിട്ടുണ്ട്. ഏറ്റവും നല്ല ഗ്രന്ഥമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ചരിക്കുന്നവര്‍ക്ക് അദ്ദിക്ര്‍ ശുഭവാര്‍ത്താദായകമാണെന്ന് 46: 12 ല്‍ പറഞ്ഞിട്ടുണ്ട്. 

ബയാന്‍ (വിശദീകരണം):

3: 138; 55: 4; 75: 19 എന്നീ 3 സൂക്തങ്ങളില്‍ അദ്ദിക്റിന് 'വിശദീകരണം' എന്ന പേര് പറഞ്ഞിട്ടുണ്ട്. നാഥന്‍റെ ഗ്രന്ഥം മൊത്തം മനുഷ്യര്‍ക്കുള്ള വിശദീകരണവും സൂക്ഷ്മാലുക്കള്‍ക്ക് സന്മാര്‍ഗവും സദുപദേശവുമാണ് എന്ന് 3: 138 ല്‍ പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍ ദേഹേച്ഛയനുസരിച്ച് പ്രതിഫലിപ്പിക്കുകയില്ല, ഇത് അവന് ദിവ്യബോധനമായി ലഭിക്കുന്ന ദിവ്യസന്ദേശമല്ലാതെയല്ല എന്ന് 53: 3-4 സൂക്തങ്ങളില്‍ പറഞ്ഞതിനാല്‍ ഗ്രന്ഥത്തിന്‍റെ സൂക്തങ്ങള്‍ സത്യപ്പെടുത്തുന്ന നിരക്ഷരനായ പ്രവാചകന്‍റെ സംസാരം ഗ്രന്ഥത്തിന്‍റെ വിശദീകരണം തന്നെയാണ്. 6: 59; 9: 51; 10: 61; 11: 6; 22: 70; 27: 75; 34: 3; 35: 11; 57: 22; 64: 11 തുടങ്ങിയ സൂക്തങ്ങളിലെല്ലാം ആകാശഭൂമികളിലും നിങ്ങളില്‍ തന്നെയും ഒരു കാര്യം, അത് ഒരു വ്യക്തമായ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടല്ലാതെ സംഭവിക്കുന്നില്ല എന്ന് പറഞ്ഞിട്ടുണ്ട്. പ്രസ്തുത ഗ്രന്ഥം പുകള്‍പെറ്റ വായനയും ത്രികാലജ്ഞാനവുമായ അദ്ദിക്ര്‍ തന്നെയാണ് എന്ന് 85: 21-22 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്.

ബയ്യിന (വ്യക്തമായത്):

2: 87; 5: 32; 7: 105; 9: 70; 24: 1; 30: 9; 43: 63; 98: 1, 4 തുടങ്ങി 61 സ്ഥലങ്ങളില്‍ അദ്ദിക്റിന് വ്യക്തമായത് എന്ന പേര് പറഞ്ഞിട്ടുണ്ട്. പരിശുദ്ധമായ ഗ്രന്ഥം വിശദീകരിച്ചുകൊടുക്കുന്ന പ്രവാചകനാണ് ബയ്യിന എന്ന് 98: 1-2 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. വ്യക്തമായ അദ്ദിക്റിനെ മൂടിവെക്കുന്നവര്‍ ശപിക്കപ്പെട്ടവരാണെന്ന് 2: 159 ലും; അവര്‍ക്ക് ശാപവും വേദനാജനകമായ ശിക്ഷയുമാണുള്ളതെന്ന് 3: 105 ലും പറഞ്ഞിട്ടുണ്ട്.

ഹദീസ് (വര്‍ത്തമാനം): 

4: 78, 87; 7: 185; 12: 111; 18: 6; 39: 23; 53: 59 തുടങ്ങി 12 സൂക്തങ്ങളില്‍ ഗ്രന്ഥത്തിന് 'ഹദീസ്' എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. അല്ലാഹുവിന്‍റെ സംസാരമായ അദ്ദിക്ര്‍ തന്നെയാണ് ഏറ്റവും നല്ല വര്‍ത്തമാനം, എന്നാല്‍ അദ്ദിക്റിനെ വിസ്മരിക്കുക വഴി കെട്ടജനതയായിത്തീര്‍ന്ന ഫുജ്ജാറുകള്‍ക്ക് നാഥന്‍റെ സംസാരം മനസിലാവുകയില്ല എന്ന് 4: 78 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. നാഥന്‍റെ സംസാരത്തേക്കാള്‍ സത്യസന്ധമായ സംസാരം മറ്റാരുടേതാണുള്ളത് എന്ന് 4: 87 ലും; നാഥനേക്കാള്‍ ഏറ്റവും സത്യം പറയുന്നവന്‍ പിന്നെ ആരുണ്ട് എന്ന് 4: 122 ലും ചോദിക്കുന്നുണ്ട്. 7: 185; 77: 50 എന്നീ സൂക്തങ്ങള്‍ അവസാനിക്കുന്നത്, അപ്പോള്‍ അവര്‍ ഈ വര്‍ത്തമാനത്തിന് ശേഷം മറ്റേതൊരു വര്‍ത്തമാനത്തിലാണ് വിശ്വസിക്കാന്‍ പോകുന്നത് എന്ന് ചോദിച്ചുകൊണ്ടാണെങ്കില്‍; 45: 6 അവസാനിക്കുന്നത് അപ്പോള്‍ അല്ലാഹുവിനും അവന്‍റെ സൂക്തങ്ങള്‍ക്കും ശേഷം മറ്റേതൊരു വര്‍ത്തമാനത്തിലാണ് അവര്‍ വിശ്വസിക്കാന്‍ പോകുന്നത് എന്ന് ചോദിച്ചുകൊണ്ടാണ്. 

അദ്ദിക്ര്‍ ത്രികാലജ്ഞാനിയുടെ സംസാരവും എല്ലാ ഓരോ കാര്യവും വിശദീകരിക്കുന്ന ഗ്രന്ഥവുമായതിനാല്‍ അവസാന കാലഘട്ടമായ ഇന്ന് അദ്ദിക്ര്‍ അണപ്പല്ലുപയോഗിച്ച് കടിച്ചുപിടിച്ച് നിലകൊള്ളണമെന്നാണ് പ്രവാചകന്‍റെ വിടവാങ്ങല്‍ ഹജ്ജ് ദിനത്തില്‍ വെച്ചുതന്നെ പ്രപഞ്ചനാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചത്. നാഥന്‍റെ സംസാരമായ അദ്ദിക്റിനെ വിസ്മരിച്ച് ജീവിക്കുന്ന കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റിക്കൊണ്ടിരിക്കുന്ന അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ അല്ലാഹുവിനെയും പ്രവാചകനെയും തള്ളിപ്പറഞ്ഞുകൊണ്ട് പിശാചിനെ സഹായിച്ചുകൊണ്ടിരിക്കുന്ന തെമ്മാടികളും ഭ്രാന്തന്മാരുമാണ്. ഇന്ന് ഹദീസ് ഗ്രന്ഥങ്ങള്‍ എന്ന പേരിലുള്ളവയെല്ലാം പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്കുശേഷം കള്ളവാദികള്‍ രചിച്ചുണ്ടാക്കിയവയായതിനാല്‍ അവയെല്ലാം മിഥ്യാഗ്രന്ഥങ്ങളാണ്. 

സുന്നത്ത് (ചര്യ):

15: 13; 33: 62; 40: 85; 48: 23 തുടങ്ങി 11 സൂക്തങ്ങളില്‍ അദ്ദിക്റിന് ചര്യ എന്ന പേര് പറഞ്ഞിട്ടുണ്ട്. ത്രികാലജ്ഞാനിയായ അല്ലാഹുവിന്‍റെ ചര്യ അഥവാ നടപടിക്രമം അദ്ദിക്ര്‍ തന്നെയാണ്. ഗ്രന്ഥം കിട്ടിയവരിലെ അധികപേരും അതിനെ മൂടിവെക്കുന്ന അക്രമികളും ധിക്കാരികളും തെമ്മാടികളുമാകുമ്പോള്‍ അവരെ നശിപ്പിക്കുക എന്നതാണ് എല്ലാ പ്രവാചകന്മാരുടെയും ജനതയോട് നാഥന്‍ കൈക്കൊണ്ടിട്ടുള്ള ചര്യ എന്ന് 17: 77; 33: 62; 48: 23 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എക്കാലത്തുമുള്ള കാഫിറുകള്‍ ഭൂമിയില്‍ അഹങ്കരിച്ചു, സത്യത്തെ പരാജയപ്പെടുത്തുന്നതിന് വേണ്ടി ഗൂഢതന്ത്രം പ്രയോഗിച്ചു, എന്നാല്‍ ദുഷിച്ച ഗൂഢതന്ത്രങ്ങള്‍ അതിന്‍റെ ആളുകളെത്തന്നെയല്ലാതെ ബാധിക്കുകയില്ല, അപ്പോള്‍ പൂര്‍വ്വികരില്‍ നടപ്പിലാക്കിയ അല്ലാഹുവിന്‍റെ ചര്യയല്ലാതെ അവര്‍ ഇനി എന്താണ് കാത്തിരിക്കുന്നത്? അല്ലാഹുവിന്‍റെ ചര്യ മാറ്റിമറിക്കുന്നതായി നീ കണ്ടെത്തുകയില്ല, അല്ലാഹുവിന്‍റെ ചര്യ മാറ്റിവെക്കുന്നതായും നീ കണ്ടെത്തുകയില്ല എന്ന് 35: 43 ല്‍ പറഞ്ഞിട്ടുണ്ട്.

വ്യക്തമായ വായനയായ അദ്ദിക്ര്‍ ഒരു ഉണര്‍ത്തലല്ലാതെ മറ്റൊന്നുമല്ല എന്ന് 36: 69 ലും, മനുഷ്യര്‍ക്ക് വേണ്ടി ഗ്രന്ഥവും കൊണ്ട് ഒരു പ്രവാചകനെ നിയോഗിക്കുന്നതുവരെ നാഥന്‍ ഒരു ജനതയെയും ശിക്ഷിക്കുന്നവനാവുകയില്ല എന്ന് 17: 15 ലും പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍ മുഹമ്മദിന്‍റെ കാലം മുതല്‍ ലോകാവസാനം വരെയുള്ള മൊത്തം മനുഷ്യര്‍ക്കുള്ള ഗ്രന്ഥം ഇന്ന് ഏല്‍പിക്കപ്പെട്ടിട്ടുള്ളത് 35: 32 ല്‍ പറഞ്ഞ പ്രകാരം പ്രവാചകന്‍റെ ജനതയെയാണ്. അവരുടെ ബാധ്യതയാണ് അത് ലോകര്‍ക്ക് എത്തിച്ചുകൊടുക്കല്‍. എന്നാല്‍ അവരിലെ ആത്മാവിനോട് അക്രമം കാണിച്ച അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ മുസ്ലിംകളാണെന്ന് വാദിക്കുന്നവരാണെങ്കിലും അദ്ദിക്റിനെ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായി ഉപയോഗപ്പെടുത്താത്തതിനാല്‍ അവര്‍ 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാണ്. വിശ്വാസികള്‍ മാത്രമാണ് പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതരജനവിഭാഗങ്ങളായ ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയവര്‍ക്ക് അദ്ദിക്ര്‍ എത്തിച്ചുകൊടുത്തുകൊണ്ട് ആ ബാധ്യത നിര്‍വഹിക്കുക. അക്രമികളായ ഫുജ്ജാറുകളെപ്പോലെ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതരജനവിഭാഗങ്ങളും അദ്ദിക്ര്‍ കിട്ടിയിട്ട് ഉപയോഗപ്പെടുത്താതെ അക്രമികളും ഭ്രാന്തന്മാരും നാശകാരികളുമാകുമ്പോഴാണ് ലോകം അവസാനിക്കുക. നിഷ്പക്ഷവാനായ നാഥന്‍റെ ചര്യ എല്ലാകാലത്തും ഒന്നുതന്നെയാണ്. മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികള്‍ ഏറ്റവും വലിയ അനുഗ്രഹമായ അദ്ദിക്റിനെ നിഷേധമായി മാറ്റിമറിക്കുകയും അവരുടെ ജനതക്ക് ബോറന്മാരുടെ വീടായ നരകക്കുണ്ഠം അനുവദനീയമാക്കിക്കൊടുക്കുകയും ചെയ്യുന്നത് നീ കണ്ടില്ലേ എന്ന് 14: 28-29 സൂക്തങ്ങളില്‍ ചോദിച്ചിട്ടുണ്ട്. അദ്ദിക്റിനെ വിസ്മരിക്കുക വഴി കെട്ടജനതയായിത്തീര്‍ന്ന ഇക്കൂട്ടരോട് 'നിങ്ങള്‍ ഇവിടെ സുഖിച്ചുകൊള്ളുക, നിശ്ചയം നിങ്ങളുടെ മടക്കം നരകഗര്‍ത്തത്തിലേക്കാണ്' എന്ന് പറയാന്‍ അദ്ദിക്റിനെ സത്യപ്പെടുത്തുന്ന പ്രവാചകനോടും 1000 ത്തില്‍ ഒന്നായ വിശ്വാസിയോടും 14: 30 ലൂടെ പ്രപഞ്ചനാഥന്‍ കല്‍പിച്ചിട്ടുണ്ട്. പ്രവാചകന്‍റെ ജീവിതം സ്രഷ്ടാവിന്‍റെ ചര്യയായ അദ്ദിക്റിന്‍റെ വെളിച്ചത്തിലുള്ളതായിരുന്നു. എന്നാല്‍ ഇന്ന് അന്ത്യപ്രവാചകനായ മുഹമ്മദിന്‍റെ ജനത അദ്ദിക്റിനെ തള്ളിപ്പറയുക വഴി മുഹമ്മദ് നബിയെ മാത്രമല്ല തള്ളിപ്പറയുന്നത്, മറിച്ച് എല്ലാ പ്രവാചകന്മാരെയും നബിമാരെയും തള്ളിപ്പറഞ്ഞുകൊണ്ട് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും 29 കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരും 30-ാമത്തെ കള്ളവാദിയായ അന്തിക്രിസ്തുവിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്.

രിസാലത്ത് (സന്ദേശം):

6: 124; 7: 62, 68; 33: 39; 72: 23, 28 തുടങ്ങി 10 സൂക്തങ്ങളില്‍ അദ്ദിക്റിന് 'സന്ദേശം' എന്ന പേര് പറഞ്ഞിട്ടുണ്ട്. പ്രവാചകനെ വിളിച്ച് നീ നാഥന്‍റെ സന്ദേശമായ ഗ്രന്ഥം മനുഷ്യര്‍ക്ക് എത്തിച്ചുകൊടുക്കുക, നീ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ നീ നാഥന്‍റെ സന്ദേശം എത്തിച്ച് കൊടുക്കുന്നവനാവുകയില്ല, മനുഷ്യരെത്തൊട്ട് അല്ലാഹു നിന്നെ സഹായിക്കും, ഗ്രന്ഥത്തെ മൂടിവെക്കുന്ന ഒരു ജനതയെ നിശ്ചയം അല്ലാഹു സന്മാര്‍ഗത്തിലാക്കുകയില്ല തന്നെ എന്ന് 5: 67 ല്‍ പറഞ്ഞിട്ടുണ്ട്. നൂഹ്, ഹൂദ്, സ്വാലിഹ്, ശുഐബ് തുടങ്ങിയ പ്രവാചകന്മാരെല്ലാം തന്നെ അവരവരുടെ ജനതക്ക് നാഥന്‍റെ സന്ദേശമായ അദ്ദിക്ര്‍ എത്തിച്ചുകൊടുത്തതായി യഥാക്രമം 7: 62, 68, 78-79, 93 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

സര്‍വ്വസ്രഷ്ടാവിന്‍റെ മൊത്തം സൃഷ്ടികള്‍ക്കുള്ള സന്ദേശമാണ് അദ്ദിക്ര്‍. അത് ലഭിച്ചവര്‍ അത് വായിച്ച് മനസ്സിലാക്കി അതിനനുസരിച്ച് ജീവിതം സാക്ഷ്യപ്പെടുത്തി മറുപടി നല്‍കാതിരുന്നാല്‍ പിശാചിന്‍റെ കൂടെ നരകത്തില്‍ ആപതിക്കുന്നതാണ്. ഭൗതികജീവിതത്തില്‍ ഒരു നേട്ടത്തിനുതകുന്ന ഒരു എഴുത്ത് (വിസ, ജോലിക്കുള്ള നിയമനം പോലുള്ളവ) ലഭിച്ചത് ഏത് ഭാഷയിലാണെങ്കിലും അത് അന്വേഷിച്ച് മനസ്സിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ മനുഷ്യന്‍ ജാഗ്രത പുലര്‍ത്തുന്നതാണ്. എന്നാല്‍ സ്രഷ്ടാവിന്‍റെ സന്ദേശം ലഭിച്ചിട്ട് അത് സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്യുന്നവന്‍ ജീവിതലക്ഷ്യം നഷ്ടപ്പെട്ട ഭ്രാന്തനും നന്ദികെട്ടവനും ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ദുഷ്ടജീവിയും പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിലേക്ക് പോകുന്നവനുമാണ്.

ഇല്‍മ് (ജ്ഞാനം):

2: 32, 145; 3: 7, 19; 11: 14; 12: 22, 68; 27: 15, 40; 28: 80; 29: 49 തുടങ്ങി 62 സൂക്തങ്ങളില്‍ അദ്ദിക്റിന് 'ജ്ഞാനം' എന്ന പേര് പറഞ്ഞിട്ടുണ്ട്. നിശ്ചയം, നമ്മുടെ തികഞ്ഞ ജ്ഞാനത്താല്‍ വിശദീകരിച്ചിട്ടുള്ള ഒരു ഗ്രന്ഥം നാം അവര്‍ക്ക് കൊണ്ടുവന്നിട്ടുണ്ട് എന്ന് ത്രികാലജ്ഞാനിയായ നാഥന്‍ 7: 52 ല്‍ പറഞ്ഞിട്ടുള്ളതിലെ ഗ്രന്ഥം ത്രികാലജ്ഞാനമായ അദ്ദിക്ര്‍ തന്നെയാണ്. ത്രികാലജ്ഞാനമായ അദ്ദിക്ര്‍ അറിയുന്നവര്‍ മാത്രമേ അല്ലാഹുവിനെ ഭയപ്പെടുകയുള്ളൂ എന്ന് 35: 28 ല്‍ പറഞ്ഞിട്ടുണ്ട്. ഗ്രന്ഥത്തെക്കുറിച്ചുള്ള ജ്ഞാനമില്ലാതെ നാഥനെക്കുറിച്ച് സംസാരിക്കുന്നവര്‍ സംശയമുണ്ടാക്കുന്ന പിശാചിനെയാണ് പിന്‍പറ്റിക്കൊണ്ടിരിക്കുന്നതെന്ന് 22: 3, 8; 31: 20 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. മൊത്തം ലോകര്‍ക്കുള്ള സന്മാര്‍ഗമായ അദ്ദിക്റിന്‍റെ പേരുകള്‍ വരെ മനുഷ്യരില്‍ നിന്ന് മൂടിവെച്ച് പിശാചിനെ സഹായിച്ചുകൊണ്ടിരിക്കുന്ന, പറയുന്നത് പ്രവര്‍ത്തിക്കുകയും പ്രവര്‍ത്തിക്കുന്നത് പറയുകയും ചെയ്യാത്ത, ഹൃദയത്തിലില്ലാത്തത് വാചാലമായി സംസാരിച്ചുകൊണ്ടിരിക്കുന്നവരാണ് കപടവിശ്വാസികള്‍. ഇത്തരം കപടവിശ്വാസികളും അവരുടെ സംസാരം കേട്ടിരിക്കുന്ന അനുയായികളും ഉള്‍പ്പെട്ട ഫുജ്ജാറുകളാണ് ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും തിന്മയേറിയവരെന്ന് 8: 22 ലും; ഈ രണ്ടുകൂട്ടരെയും നരകക്കുണ്ഠത്തില്‍ ഒരുമിച്ചുകൂട്ടുമെന്ന് 4: 140 ലും പറഞ്ഞിട്ടുണ്ട്. മനുഷ്യരില്‍ നിന്ന് ഗ്രന്ഥത്തെക്കുറിച്ചുള്ള ജ്ഞാനമുള്ളവര്‍ മാത്രമേ അജയ്യനും യുക്തിജ്ഞനുമായ അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹുമില്ല എന്ന് സാക്ഷ്യം വഹിക്കുകയുള്ളൂ എന്ന് 3: 18 ല്‍ പറഞ്ഞിട്ടുണ്ട്. അഥവാ അവരുടെ സാക്ഷ്യം മാത്രമേ ഏറ്റവും വലിയ സാക്ഷിയായ അല്ലാഹുവിന്‍റെ ഏറ്റവും വലിയ സാക്ഷ്യമായ അദ്ദിക്ര്‍ സാക്ഷ്യപ്പെടുത്തുകയുള്ളൂ. ജ്ഞാനമുള്ളവരും ജ്ഞാനമില്ലാത്തവരും സമമാകുമോ എന്ന് 39: 9 ല്‍ ചോദിക്കുന്നുണ്ട്. എന്നാല്‍, ജനങ്ങളില്‍ അധികപേരും ഗ്രന്ഥത്തെക്കുറിച്ച് അറിവില്ലാത്തവരാണെന്ന് പറഞ്ഞുകൊണ്ടാണ് 28: 57; 34: 28, 36; 40: 57 എന്നീ സൂക്തങ്ങള്‍ അവസാനിക്കുന്നത്. 

ജീവിതലക്ഷ്യം നഷ്ടപ്പെട്ട കപടവിശ്വാസികളും പ്രജ്ഞയറ്റ അവരുടെ അനുയായികളുമാണ് ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിച്ചുകൊണ്ടിരിക്കുന്നത്. അവര്‍ ഗ്രന്ഥത്തില്‍ 15 സ്ഥലങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം ചെയ്യാത്ത അഹങ്കാരികളാണ്. 22: 18 ല്‍ പറഞ്ഞ പ്രകാരം അവരുടെ നമസ്കാരങ്ങളില്‍ അവര്‍ ആത്മാവ് പങ്കെടുക്കാതെ ശരീരം കൊണ്ട് സാഷ്ടാംഗപ്രണാമം ചെയ്തതിനും ലക്ഷ്യബോധമില്ലാതെ ജീവിച്ചതിനും പിഴയായി നരകക്കുണ്ഠമാണ് ലഭിക്കുക എന്ന് 9: 67-68; 15: 44; 17: 96-97; 25: 34, 65-66; 33: 73; 48: 6; 98: 6; 107: 4-5 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 'നിങ്ങള്‍ ഈ ഗ്രന്ഥം കൊണ്ട് വിശ്വസിച്ചുകൊള്ളുക, അല്ലെങ്കില്‍ വിശ്വസിക്കാതിരുന്നുകൊള്ളുക; നിശ്ചയം ഇതിനുമുമ്പ് ജ്ഞാനം നല്‍കപ്പെട്ടവര്‍, അവരുടെമേല്‍ നാഥന്‍റെ സൂക്തങ്ങള്‍ വിശദീകരിച്ച് കൊടുക്കപ്പെട്ടാല്‍ അവര്‍ മുഖം കുത്തി അവരുടെ നെറ്റികളില്‍ സാഷ്ടാംഗത്തില്‍ വീഴുന്നതാണ്; 'ഞങ്ങളുടെ നാഥന്‍ അതീവ പരിശുദ്ധനാണ്, അവന്‍റെ വാഗ്ദത്തങ്ങള്‍ നടപ്പിലാകാനുള്ളത് തന്നെയുമാണ്' എന്ന് ആത്മാവുകൊണ്ട് പറഞ്ഞ് അവര്‍ കരഞ്ഞുകൊണ്ടും വിനീതരായിക്കൊണ്ടും മുഖങ്ങളില്‍ സാഷ്ടാംഗം വീഴുന്നതും അത് അവര്‍ക്ക് ഭയഭക്തി വര്‍ദ്ധിപ്പിക്കുന്നതുമാണ്' എന്ന് 17: 107-109 സൂക്തങ്ങളില്‍ പറഞ്ഞത് ഗ്രന്ഥത്തിന്‍റെ ആളുകളെന്ന് അഹങ്കരിക്കുന്ന ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ നിര്‍ബന്ധമായ ആ സാഷ്ടാംഗപ്രണാമം ഉള്‍പ്പെടെ ഗ്രന്ഥത്തില്‍ 15 സ്ഥലങ്ങളില്‍ പരാമര്‍ശിച്ച ഒരു സാഷ്ടാംഗപ്രണാമവും നിര്‍വ്വഹിക്കുകയില്ല. 

ഇദ്ന്‍ (സമ്മതപത്രം):

2: 213; 3: 49; 5: 16, 110; 11: 105; 33: 46; 35: 32; 42: 51 തുടങ്ങി 30 സൂക്തങ്ങളില്‍ അദ്ദിക്റിന് സമ്മതപത്രം എന്ന പേര് പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ സമ്മതപത്രം കൊണ്ടല്ലാതെ ഒരാള്‍ക്കും വിശ്വാസിയാകാന്‍ സാധിക്കുകയില്ല എന്ന് 10: 100 ലും; അവരവരുടെ നാഥന്‍റെ സമ്മതപത്രം കൊണ്ടല്ലാതെ ഒരാളും സന്മാര്‍ഗത്തിലാവുകയില്ല എന്ന് 14: 1 ലും പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ 'സമ്മതപത്രം' കൊണ്ട് അനുസരിക്കപ്പെടാനല്ലാതെ നാം ഒരു പ്രവാചകനെയും അയച്ചിട്ടില്ല എന്ന് 4: 64 ലും പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അല്ലാഹുവിന്‍റെ സമ്മതപത്രവും സംസാരവുമായ ഗ്രന്ഥം സാധൂകരിക്കാത്ത നബിവചനമെന്ന പേരില്‍ അറിയപ്പെടുന്ന ഒന്നും സ്വീകരിക്കാവുന്നതല്ല. കാരണം അത് മനുഷ്യപ്പിശാചുക്കള്‍ പ്രവാചകന്‍റെമേല്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണ്. അല്ലാഹുവിന്‍റെ സമ്മതപത്രം കൊണ്ടല്ലാതെ ഒരു പ്രവാചകനും ദിവ്യാത്ഭുതം കൊണ്ടുവരാന്‍ സാധ്യമല്ലെന്ന് 13: 38; 14: 11; 40: 78 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഈസാനബി മരിച്ചവരെ ജീവിപ്പിച്ചിരുന്നത് അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടായിരുന്നു. സ്വയം ശുപാര്‍ശ ചെയ്യുകയും ശുപാര്‍ശ ചെയ്യിപ്പിക്കുകയും ചെയ്യുന്ന അദ്ദിക്ര്‍ കൊണ്ടല്ലാതെ അല്ലാഹുവിന്‍റെ അടുക്കല്‍ ശുപാര്‍ശ ചെയ്യാന്‍ ധൈര്യപ്പെടുന്നവന്‍ ആരുണ്ട് എന്ന് 2: 255 ല്‍ ചോദിച്ചിട്ടുണ്ട്. സൃഷ്ടികള്‍ പരസ്പരമുള്ള ബന്ധങ്ങളെല്ലാം സ്രഷ്ടാവിന്‍റെ സമ്മതപത്രമായ അദ്ദിക്റിന്‍റെ വെളിച്ചത്തിലുള്ളതായിരിക്കണം. അല്ലാത്ത പക്ഷം അവര്‍ പരലോകത്ത് പരസ്പരം ശത്രുക്കളായിരിക്കും എന്ന് 43: 67 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ത്രികാലജ്ഞാനിയായ നാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചു: നിങ്ങളില്‍ ഒരാളുടെയും ദേഹേച്ഛ ഞാന്‍ കൊണ്ടുവന്നതിനെ പിന്‍പറ്റുന്നതുവരെ നിങ്ങളില്‍ ഒരാളും വിശാസിയാവുകയില്ല. അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ആകാശം ഭൂമിയുടെമേല്‍ വീഴാതിരിക്കുന്നില്ല എന്ന് 22: 65 ലും പറഞ്ഞിട്ടുണ്ട്.

അംറ് (കല്‍പന):

2: 109; 7: 54; 9: 24, 106; 16: 1; 18: 88; 30: 46; 32: 24 തുടങ്ങി 34 സൂക്തങ്ങളില്‍ അദ്ദിക്റിന് കല്‍പന എന്ന പേര് പറഞ്ഞിട്ടുണ്ട്. തത്വനിര്‍ഭരമായ കല്‍പനകളടങ്ങിയ ഗ്രന്ഥത്തെ നമ്മില്‍ നിന്നുള്ള കല്‍പനയായിക്കൊണ്ട് അനുഗ്രഹീതമായ ഒരു രാവില്‍ അവതരിപ്പിച്ചിട്ടുണ്ട് എന്ന് 44: 1-5 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ആകാശങ്ങളും ഭൂമിയും നിലകൊള്ളുന്നത് അവന്‍റെ കല്‍പനയായ ഗ്രന്ഥം കൊണ്ടാണെന്ന് 30: 25 ലും; നിങ്ങള്‍ക്ക് രാവും പകലും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം അവന്‍റെ കല്‍പന കൊണ്ട് വിധേയമാക്കിത്തന്നിരിക്കുന്നു എന്ന് 16: 12 ലും പറഞ്ഞിട്ടുണ്ട്. മലക്കുകളെ അല്ലാഹുവിന്‍റെ കല്‍പനയില്‍ നിന്നുള്ള റൂഹും കൊണ്ട് അവന്‍റെ അടിമകളില്‍ നിന്ന് അവന്‍ ഉദ്ദേശിക്കുന്നവരുടെ മേല്‍ ഇറക്കുന്നു എന്ന് 16: 2 ലും; നിനക്ക് നമ്മുടെ കല്‍പനയില്‍ നിന്നുള്ള ഒരു റൂഹിനെ ദിവ്യസന്ദേശമായി നല്‍കിയിരിക്കുന്നു എന്ന് 42: 52 ലും പറഞ്ഞിട്ടുണ്ട്. നിശ്ചയം അവന്‍റെ കല്‍പന, അവന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് അവന്‍ പറയുകയായി: 'ഉണ്ടാവുക'; അപ്പോള്‍ അത് ഉണ്ടായിക്കഴിഞ്ഞു എന്ന് 16: 40; 36: 82 എന്നീ സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. 

ഹുസ്നാ (ഏറ്റവും നല്ലത്):

2: 83; 7: 137; 18: 2; 20: 8; 48: 16; 57: 10 തുടങ്ങി 26 സൂക്തങ്ങളില്‍ അദ്ദിക്റിന് 'ഏറ്റവും നല്ലത്' എന്ന പേര് പറഞ്ഞിട്ടുണ്ട്. ഏറ്റവും നല്ലതിനെ സത്യപ്പെടുത്തുന്നവന് അവന്‍റെ എല്ലാകാര്യങ്ങളും നാഥന്‍ എളുപ്പമാക്കിക്കൊടുക്കുമെന്ന് 92: 6-7 സൂക്തങ്ങളിലും; ഏറ്റവും നല്ലതിനെ കളവാക്കി തള്ളിപ്പറയുന്നവന് അവന്‍റെ എല്ലാ കാര്യങ്ങളും നാം ബുദ്ധിമുട്ടാക്കുക തന്നെ ചെയ്യുമെന്ന് 92: 9-10 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. ഏറ്റവും നല്ലത് കൊണ്ടാണ് അല്ലാഹുവിലേക്ക് വിളിക്കേണ്ടതെന്ന് 41: 33 ലും; ഏറ്റവും നല്ലത് കൊണ്ടാണ് തിന്മയെ പ്രതിരോധിക്കേണ്ടതെന്ന് 41: 34 ലും; ഏറ്റവും നല്ലത് തിന്മകളെ നീക്കിക്കളയുമെന്ന് 11: 114 ലും; ഏറ്റവും നല്ലത് കൊണ്ടല്ലാതെ വേദക്കാരോട് സംവദിക്കരുതെന്ന് 29: 46 ലും പറഞ്ഞിട്ടുണ്ട്. ഏറ്റവും നല്ലതിന്‍റെ വഴിയില്‍ ചരിക്കുന്നവനെയാണ് മുഹ്സിന്‍ (അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവന്‍) എന്ന് പറയുന്നത്. ആരാണോ അവരുടെ ഉടമയുടെ വിളിക്ക് ഏറ്റവും നല്ലത് കൊണ്ട് മറുപടി നല്‍കുന്നത്, അവര്‍ക്ക് നന്മയുണ്ട് എന്ന് 13: 18 ലും; ഏറ്റവും നല്ലതിന്‍റെ വഴിയില്‍ ചരിക്കുന്നവരാരോ, അവര്‍ക്ക് ഏറ്റവും നന്മയുണ്ട്, കൂടുതല്‍ നന്മ വര്‍ദ്ധിപ്പിച്ച് കൊടുക്കുന്നതുമാണ്, അവരുടെ മുഖങ്ങളില്‍ കരിപുരളുകയോ അവരെ അപകര്‍ഷത ബാധിക്കുകയോ ഇല്ല, അക്കൂട്ടരാണ് സ്വര്‍ഗവാസികള്‍, അവര്‍ അതില്‍ നിത്യവാസികളുമാകുന്നു എന്ന് 10: 26 ലും; ഏറ്റവും നല്ലതിലേക്ക് മുന്‍കടന്നവര്‍ നരകത്തെത്തൊട്ട് അകറ്റപ്പെടുമെന്ന് 21: 101 ലും പറഞ്ഞിട്ടുണ്ട്. ഏറ്റവും നല്ല ഗ്രന്ഥം സമര്‍പ്പിക്കുന്ന നാഥന്‍റെ പേരുകൊണ്ടാണ് അവനെ വിളിക്കേണ്ടതെന്ന് 7: 180; 17: 110; 59: 24 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. മാതാപിതാക്കളോട് ഏറ്റവും നല്ല ഗ്രന്ഥത്തിന്‍റെ വെളിച്ചത്തിലാണ് വര്‍ത്തിക്കേണ്ടതെന്ന് 6: 151; 17: 23; 29: 8; 46: 15 എന്നീ സൂക്തങ്ങളിലും കല്‍പിച്ചിട്ടുണ്ട്. 

ഏത് കുറ്റവും പൊറുത്ത് കിട്ടുന്നതിനുവേണ്ടി 39: 53-55 സൂക്തങ്ങളില്‍ രണ്ട് ഉപാധികള്‍ പറഞ്ഞിട്ടുള്ളതില്‍ ഒന്ന് നാഥനില്‍ നിന്ന് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥത്തെ ഏറ്റവും നല്ല നിലക്ക് പിന്‍പറ്റാനാണ്. ഏറ്റവും നല്ല ഗ്രന്ഥത്തെ സത്യപ്പെടുത്തി ജീവിക്കാത്ത ഏതൊരു അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറിന്‍റെയും മരണസമയത്ത് നാഥന്‍ അവനോട് 'നിനക്ക് എന്‍റെ സൂക്തങ്ങള്‍ വന്നുകിട്ടി, നീ അവയെ കളവാക്കി തള്ളിപ്പറഞ്ഞു, നീ അവയോട് അഹങ്കാരം നടിച്ചു, നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്ന് പറയുമെന്ന് 39: 58-59 സൂക്തങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഉര്‍വ്വത്തുല്‍ വുസ്ഖാ (ബലിഷ്ഠമായ കയര്‍):

2: 256; 31: 22 എന്നീ 2 സൂക്തങ്ങളില്‍ അദ്ദിക്റിന് ബലിഷ്ഠമായ കയര്‍ എന്ന പേര് പറഞ്ഞിട്ടുണ്ട്. ആരാണോ സര്‍വ്വസ്വം അല്ലാഹുവിന് സമര്‍പ്പിച്ചുകൊണ്ട് ഗ്രന്ഥത്തിന്‍റെ വെളിച്ചത്തില്‍ ചരിക്കുന്നത്, അവന്‍ ബലിഷ്ഠമായ പാശത്തെ മുറുകെപ്പിടിച്ചു എന്ന് 31: 22 ല്‍ പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത് മുഹൈമിനായ അദ്ദിക്റിനെ മുറുകെപ്പിടിച്ചു എന്നാണ്. ആരാണോ പൈശാചിക ശക്തികളെ നിരാകരിച്ചുകൊണ്ട് ബലിഷ്ഠമായ പാശത്തെ മുറുകെപ്പിടിച്ച് നിലകൊള്ളുന്നത്, അവന്‍ മാത്രമാണ് എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്ന അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കുന്നവന്‍ എന്ന് 2: 256 ലും പറഞ്ഞിട്ടുണ്ട്. 

അഹ്സനു തഫ്സീര്‍ (ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണം):

25: 33 ല്‍ അദ്ദിക്റിന് ഏറ്റവും നല്ല വിശദീകരണം എന്ന പേര് പറഞ്ഞിട്ടുണ്ട്. അവര്‍ നിന്‍റെയടുത്തേക്ക് ഒരു ചോദ്യവും (ഉപമയും) കൊണ്ട് വരുന്നില്ല, അതിന്‍റെ യഥാര്‍ത്ഥ ഉത്തരവും ഇനി അന്ത്യനാള്‍ വരെയുള്ളവര്‍ അതുപോലുള്ള ഒരു ചോദ്യവും ചോദിക്കേണ്ടതില്ലാത്ത വിധത്തിലുള്ള ഏറ്റവും നല്ല വ്യാഖ്യാനവും (തഫ്സീര്‍) നാം നിനക്ക് നല്‍കിയിട്ടല്ലാതെ എന്നാണ് സൂക്തത്തില്‍ പറഞ്ഞിട്ടുള്ളത്. സൂക്തത്തില്‍ പറഞ്ഞ യഥാര്‍ത്ഥ ഉത്തരം കൊണ്ടുദ്ദേശിക്കുന്നത് 16: 125 ല്‍ പറഞ്ഞ 'തത്വജ്ഞാനവും' ഏറ്റവും നല്ല വിശദീകരണം കൊണ്ടുദ്ദേശിക്കുന്നത് 16: 125 ല്‍ പറഞ്ഞ സമാനമായ ഉപമ-ഉദാഹരണങ്ങളു (മൗഇളത്തുല്‍ ഹസനത്ത്)മാണ്. 41: 41-42 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യമായ 'അദ്ദിക്ര്‍' തന്നെയാണത്. ത്രികാലജ്ഞാനിയായ പ്രപഞ്ചനാഥനില്‍ നിന്ന് 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെയാണ് എല്ലാ ഓരോ കാര്യവും വിശദീകരിച്ച, വ്യക്തവും സ്പഷ്ടവുമായ ഗ്രന്ഥം അദ്ദിക്ര്‍ എന്ന പേരില്‍ രൂപപ്പെട്ടിട്ടുള്ളത്. അതിനെ സത്യപ്പെടുത്തി ജീവിക്കാത്ത ഫുജ്ജാറുകള്‍ അവരുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ളവരും ഏറ്റവും വഴിപിഴച്ചവരുമാണെന്ന് 25: 34 ലും പറഞ്ഞിട്ടുണ്ട്. 

ഗ്രന്ഥത്തിന്‍റെ അതാതുകാലത്തെ സാഹചര്യങ്ങളിലുള്ള വിശദീകരണമാണ് തഫ്സീര്‍. 4: 105 ല്‍, നിശ്ചയം നിന്‍റെമേല്‍ നാം ഈ ഗ്രന്ഥമിറക്കിയത്, അല്ലാഹു ഉദ്ദേശിച്ചതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ വിധി കല്‍പിക്കാനാണ് എന്നുപറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ വിശദീകരിക്കേണ്ടത് ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ കൊണ്ടും പ്രവാചകന്‍റെ ചര്യകള്‍ കൊണ്ടും സമാനമായ ഉപമ-ഉദാഹരണങ്ങള്‍ കൊണ്ടുമാണ്. ഗ്രന്ഥത്തിന്‍റെ വിശദീകരണം അല്ലാഹു അവന്‍റെ സൃഷ്ടികളെക്കൊണ്ട് പറയിപ്പിക്കുകയും അവന്‍റെ സൃഷ്ടികളിലൂടെ നടപ്പിലാക്കുകയുമാണ് എന്നിരിക്കെ, വ്യാഖ്യാതാവ് 'എന്‍റെ അഭിപ്രായമിതാണ്' എന്ന് ഒരിക്കലും പറയാന്‍ പാടില്ല. മറിച്ച് 20: 114 ന്‍റെ കല്‍പന ഉള്‍ക്കൊണ്ട് 'എന്‍റെ നാഥാ എനിക്ക് അറിവ് വര്‍ദ്ധിപ്പിച്ച് തരേണമേ' എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ആരുടെയും മുഖം നോക്കാതെ അല്ലാഹുവിനു വേണ്ടി മാത്രം ഗ്രന്ഥം വിശദീകരിക്കുകയാണ് വേണ്ടത്.

നബഉല്‍ അള്വീം (മഹത്തായ വൃത്താന്തം): 

38: 67 ല്‍ ഇത് (അദ്ദിക്ര്‍) മഹത്തായ വൃത്താന്തമാണെന്നും; 78: 2 ല്‍ വിധിദിവസത്തെ മഹത്തായ വൃത്താന്തം എന്നും പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ മഹത്തായ വൃത്താന്തമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അത് ഉപയോഗപ്പെടുത്തി വിധിദിവസത്തെക്കൊണ്ടുള്ള വിശ്വാസം രൂപപ്പെടുത്താതെ ഐഹികജീവിതത്തിന് പ്രാധാന്യം കൊടുത്ത് ജീവിക്കുന്ന, പിശാചിനാല്‍ പാട്ടിലാക്കപ്പെട്ടവരാണ് യഥാര്‍ത്ഥ കാഫിറുകളും അക്രമികളും തെമ്മാടികളുമായ ഫുജ്ജാറുകള്‍.

ലിബാസുത്തഖ്വാ (ആത്മാവിന്‍റെ വസ്ത്രം):

അദ്ദിക്റിനെ ആത്മാവിന്‍റെ വസ്ത്രം എന്ന് 7: 26 ല്‍ വിശേഷിപ്പിച്ചിട്ടുണ്ട്. 

സുല്‍ത്വാന്‍ (പ്രമാണം): 

3: 151; 6: 81; 7: 33; 10: 68; 17: 80; 18: 15; 37: 156; 40: 56 തുടങ്ങി 27 സൂക്തങ്ങളില്‍ അദ്ദിക്റിന് പ്രമാണം എന്ന പേര് പറഞ്ഞിട്ടുണ്ട്. വിശ്വാസികളെ വിളിച്ചുകൊണ്ട് നിങ്ങള്‍ കാഫിറുകളെ വിശ്വാസികള്‍ക്ക് പകരം നിങ്ങളുടെ സംരക്ഷകരായി തെരഞ്ഞെടുക്കരുത്; അങ്ങനെ തെരഞ്ഞെടുക്കുക വഴി നിങ്ങള്‍ നിങ്ങളുടെ മേല്‍ പ്രമാണമായ ഗ്രന്ഥത്തിന് എതിരായിക്കൊണ്ട് അല്ലാഹുവിന് വ്യക്തമായ ന്യായമുണ്ടാക്കിക്കൊടുക്കാന്‍ ഉദ്ദേശിക്കുന്നുവോ എന്ന് 4: 144 ലൂടെ ചോദിക്കുന്നുണ്ട്. മൂസാക്ക് വ്യക്തമായ പ്രമാണങ്ങള്‍ നല്‍കിയിട്ടുണ്ടായിരുന്നു എന്ന് 4: 153; 7: 33; 40: 23 തുടങ്ങിയ സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. പ്രമാണമായ ഗ്രന്ഥത്തില്‍ നിന്നുള്ള യാതൊരു തെളിവും ഇല്ലാത്തവരെയാണ് കാഫിറുകളും അവരുടെ പിതാക്കന്മാരും വിളിച്ച് പ്രാര്‍ത്ഥിക്കുന്നതെന്ന് 12: 40 ലും പറഞ്ഞിട്ടുണ്ട്. ഗ്രന്ഥത്തില്‍ നിന്ന് യാതൊരു പ്രമാണവും ഇല്ലാതെ അതിലെ സൂക്തങ്ങളെക്കുറിച്ച് തര്‍ക്കിക്കുന്നവരുടെ അവസ്ഥ, അവര്‍ നാഥന്‍റെ പക്കലും വിശ്വാസികളുടെ പക്കലും ഏറ്റവും വലിയ അപരാധമാണ് ചെയ്തുകൊണ്ടിരിക്കുന്നത്; അപ്രകാരം അഹംഭാവിയായ എല്ലാ ഓരോ സ്വേച്ഛാധിപതിയുടെ ഹൃദയത്തിലും അല്ലാഹു മുദ്ര വെക്കുന്നു എന്ന് 40: 35 ല്‍ പറഞ്ഞിട്ടുണ്ട്. 55: 33 ല്‍, ഓ ജിന്നുകളുടെയും മനുഷ്യരുടെയും കൂട്ടമേ, നിങ്ങള്‍ക്ക് ആകാശങ്ങളുടെയും ഭൂമിയുടെയും അതിരുകള്‍ ഭേദിച്ച് കടന്നുപോകാന്‍ സാധിക്കുമെങ്കില്‍ കടന്നുപോവുക, എന്നാല്‍ ഒരു പ്രമാണമില്ലാതെ നിങ്ങള്‍ക്ക് കടന്നുപോകാന്‍ സാധ്യമല്ല എന്ന് പറഞ്ഞിട്ടുണ്ട്. അഥവാ, പ്രമാണവും ടിക്കറ്റുമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരാള്‍ക്കും സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാന്‍ സാധ്യമല്ല. 

ഹഖുല്‍ യഖീന്‍ (ദൃഢബോധ്യം വരുത്തുന്ന സത്യം):

56: 95; 69: 51 എന്നീ രണ്ടു സൂക്തങ്ങളില്‍ അദ്ദിക്റിന് ദൃഢബോധ്യം വരുത്തുന്ന സത്യം എന്ന പേര് പറഞ്ഞിട്ടുണ്ട്. ഉറപ്പുനല്‍കുന്ന ജ്ഞാനമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താത്ത കാഫിറുകള്‍ അവരുടെ കണ്ണിന് ഉറപ്പുവരുന്നതുവരെ ജ്വലിക്കുന്ന നരകം കാണുന്നതാണെന്ന് 102: 5-7 സൂക്തങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സ്വിറാത്വല്‍ മുസ്തഖീം (നേരെച്ചൊവ്വെയുള്ള പാത):

1: 5; 2: 213; 6: 126, 153; 10: 25; 16: 76; 36: 61; 42: 52; 48: 2 തുടങ്ങി 35 സൂക്തങ്ങളില്‍ അദ്ദിക്റിന് നേരെച്ചൊവ്വെയുള്ള പാത എന്ന പേര് പറഞ്ഞിട്ടുണ്ട്. ഹൂദ് നബി 'നിശ്ചയം ഞാന്‍ എന്‍റെ നാഥന്‍ നേരെച്ചൊവ്വെയുള്ള പാതയിലാണുള്ളത്' എന്ന് തന്‍റെ ജനതയോട് പറഞ്ഞ കാര്യം 11: 56 ല്‍ പറഞ്ഞിട്ടുണ്ട്. 6: 153 ല്‍, നിശ്ചയം നാഥന്‍റെ ഗ്രന്ഥമായ അദ്ദിക്റാണ് നേരെച്ചൊവ്വെയുള്ള പാത, അതുകൊണ്ട് നിങ്ങള്‍ അത് പിന്‍പറ്റുവീന്‍, അതില്‍ നിന്ന് വ്യതിചലിപ്പിക്കുന്ന വിവിധ പാതകള്‍ നിങ്ങള്‍ പിന്‍പറ്റുകയുമരുത്, 'അതുകൊണ്ടാണ്' നിങ്ങളോട് ഊന്നി ഉപദേശിക്കാനുള്ളത്, നിങ്ങള്‍ സൂക്ഷ്മതയുള്ളവര്‍ ആകുന്നതിനുവേണ്ടി എന്നും പറഞ്ഞിട്ടുണ്ട്. നിശ്ചയം അല്ലാഹുവാണ് എന്‍റെയും നിങ്ങളുടെയും ഉടമ, അപ്പോള്‍ നിങ്ങള്‍ അവനെ സേവിക്കുവീന്‍, അതാണ് നേരെച്ചൊവ്വെയുള്ള പാത എന്ന് ഈസാ പറഞ്ഞതായി 3: 51; 19: 36 തുടങ്ങിയ സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്.

പ്രവാചകനോട് നിശ്ചയം നീ മാര്‍ഗദര്‍ശനം ചെയ്യുന്നത് നേരെച്ചൊവ്വെയുള്ള പാതയിലേക്ക് തന്നെയാണ് എന്ന് 42: 52 ലും; നിശ്ചയം നീ നേരെച്ചൊവ്വെയുള്ള പാതയില്‍ തന്നെയാകുന്നു എന്ന് 43: 43 ലും പറഞ്ഞിട്ടുണ്ട്.

രിസ്ഖന്‍ ഹസനാ (ഏറ്റവും നല്ല ഭക്ഷണം):

11: 88; 20: 131 എന്നീ 2 സൂക്തങ്ങളില്‍ അദ്ദിക്റിന് ഏറ്റവും നല്ല ഭക്ഷണം എന്ന പേര് പറഞ്ഞിട്ടുണ്ട്. ശുഐബ് നബി തന്‍റെ ജനതയോട് 'ഓ എന്‍റെ ജനമേ, ഞാന്‍ എന്‍റെ നാഥനില്‍ നിന്നുള്ള ഒരു വെളിപാടിലാണുള്ളത്, അവനില്‍ നിന്നുള്ള ഏറ്റവും നല്ലതിന്‍റെ -അദ്ദിക്റിന്‍റെ- വെളിച്ചത്തിലുള്ള ഭക്ഷണം എനിക്ക് ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു' എന്ന് പറഞ്ഞതായി 11: 88 ല്‍ പറഞ്ഞിട്ടുണ്ട്. 20: 131 ല്‍ 'ഐഹികലോകത്ത് അവര്‍ക്ക് നാം നല്‍കിയിട്ടുള്ള ജോഡികളായ സുഖാഡംബരങ്ങളിലേക്ക് നിന്‍റെ ദൃഷ്ടികള്‍ തിരിക്കുകയുമരുത്, അതുവഴി നാം അവരെ പരീക്ഷിക്കുകയാണ്, നിന്‍റെ നാഥന്‍റെ വിഭവം തന്നെയാണ് ഉത്തമവും ശാശ്വതമായിട്ടുള്ളതും' എന്ന് പറഞ്ഞിട്ടുണ്ട്.

എന്തിനാണ് ഗ്രന്ഥം?

ത്രികാലജ്ഞാനിയുടെ സംസാരമായ അദ്ദിക്റില്‍ നിന്ന് നരകത്തിലേക്കുള്ള വിഭാഗങ്ങളായ കാഫിറുകള്‍, അക്രമികള്‍, ധിക്കാരികള്‍, ഭ്രാന്തന്മാര്‍, കപടവിശ്വാസികള്‍, തെമ്മാടികള്‍, നാശകാരികള്‍, ലക്ഷ്യബോധം നഷ്ടപ്പെട്ടവര്‍ (ഗ്വാവീങ്ങള്‍), പ്രജ്ഞയറ്റവര്‍ (ഗ്വാഫിലീങ്ങള്‍) വേദക്കാര്‍, മുശ്രിക്കുകള്‍, ഫുജ്ജാറുകള്‍ തുടങ്ങിയവരെ തിരിച്ചറിഞ്ഞ് അവരുടെ സ്വഭാവങ്ങളും പ്രവര്‍ത്തനങ്ങളും വര്‍ജ്ജിക്കാനും ഗ്രന്ഥത്തിന്‍റെ വെളിച്ചത്തില്‍ വിശ്വാസം രൂപപ്പെടുത്തി സ്വര്‍ഗം ഇവിടെ സമ്പാദിക്കാനും മരണത്തോടുകൂടി സമ്പാദിച്ച സ്വര്‍ഗത്തിലേക്ക് തന്നെ തിരിച്ചുപോകാനുമുള്ള ഉപകരണമാണ് അദ്ദിക്ര്‍.

പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം കിട്ടാനും കര്‍മങ്ങള്‍ സ്വീകരിക്കപ്പെടാനും 2: 186 ല്‍ അദ്ദിക്ര്‍ പിന്‍പറ്റേണ്ട വിധം പിന്‍പറ്റുക, അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കേണ്ട വിധം വിശ്വസിക്കുക എന്നിങ്ങനെ രണ്ട് ഉപാധികള്‍ പറഞ്ഞിട്ടുണ്ട്. 6236 സൂക്തങ്ങളുടെ ആശയം സമര്‍പ്പിക്കുന്ന അല്ലാഹുവിനെ മനസ്സിലാക്കി വിശ്വസിക്കുമ്പോള്‍ മാത്രമേ എഴുത്തും വായനയും അറിയുന്ന ഒരാള്‍ വിശ്വാസിയാവുകയുള്ളൂ. അവര്‍ക്ക് മാത്രമേ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കുകയുള്ളൂ. നമസ്കാരം, നോമ്പ,് സകാത്ത്, ഹജ്ജ് തുടങ്ങി ഏതുകര്‍മങ്ങളും അവരില്‍ നിന്ന് മാത്രമേ സ്വീകരിക്കപ്പെടുകയുമുള്ളൂ. ഹജ്ജ് മനുഷ്യരോടാണ് കല്‍പിച്ചിട്ടുള്ളത് എന്നതുകൊണ്ട് വിശ്വാസിയാകാതെയും ഹജ്ജ് ചെയ്യാവുന്നതാണ്. എന്നാല്‍ വിശ്വാസിയാകുമ്പോഴേ നിര്‍വ്വഹിച്ച ഹജ്ജ് സ്വീകരിക്കപ്പെടുകയുള്ളൂ. കാഫിറുകളുടെ പ്രാര്‍ത്ഥന വഴികേടല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ലെന്ന് 13: 14 ലും, 40: 50 ലും പറഞ്ഞിട്ടുണ്ട്. അവര്‍ നമസ്കരിച്ച് നോമ്പനുഷ്ഠിച്ച് പിഴയായി നരകക്കുണ്ഠം സമ്പാദിക്കുന്നവരാണ്. അല്ലാഹുവിന്‍റെ 'സമ്മതപത്രമായ' അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരാളും വിശ്വാസിയാവുകയില്ലെന്ന് 10: 100 ലും പറഞ്ഞിട്ടുണ്ട്. ഒരാള്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു കാര്യവും സ്വീകരിക്കപ്പെടാന്‍ ബുര്‍ഹാനായ ഗ്രന്ഥത്തിന്‍റെ ഒരു സൂക്തഭാഗമെങ്കിലും തെളിവായി ഉണ്ടാവല്‍ നിര്‍ബന്ധമാണ്. 4: 174-175 കൂട്ടിവായിക്കുക.

അല്ലാഹുവിനെക്കൊണ്ടുള്ള വിശ്വാസം:

ആദ്യവും അന്ത്യവുമില്ലാത്ത, ഉപമയും ഉദാഹരണവുമില്ലാത്ത, ഏകാധിപനും സ്വേഛാധിപനും സര്‍വ്വാധിപനുമായ അല്ലാഹു, ആരുടെയും ആശ്രയം വേണ്ടാത്തവനും എല്ലാവരാലും ആശ്രയിക്കപ്പെടുന്നവനുമാണ്. ഇണ-തുണയില്ലാത്ത ഏകനായ അവന് സന്താനമില്ല, അവന്‍ ആരുടെയും സന്താനവുമല്ല. ജഗദീശ്വരന്‍, ഭഗവാന്‍, യഹോവ എന്നിങ്ങനെയുള്ള പേരുകളില്‍ മുന്‍വേദങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള അവന്‍ സര്‍വ്വലോകങ്ങളെയും സര്‍വ്വചരാചരങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്ന സര്‍വ്വസ്രഷ്ടാവും ഉടമയുമാണ്. ഓരോന്നിന്‍റെയും അവധിയെത്തുന്ന മുറയ്ക്ക് അവയെ തിരിച്ചുവിളിക്കുന്നതും അവന്‍ തന്നെയാണ്. ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിട്ടുള്ള തൊണ്ണൂറ്റിഒന്‍പത് ഗുണനാമങ്ങളും നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ച ഹന്നാന്‍, മന്നാന്‍ എന്നീ രണ്ടുഗുണനാമങ്ങളുമടക്കം അല്ലാഹുവിന് നൂറ്റിഒന്ന് ഗുണനാമങ്ങള്‍ ഗ്രന്ഥം സമര്‍പ്പിക്കുന്നുണ്ട്. 'അസ്മാഉല്‍ ഹുസ്നാ'(ഏറ്റവും നല്ല നാമങ്ങള്‍) എന്ന പേരിലറിയപ്പെടുന്ന ഈ ഗുണനാമങ്ങള്‍ കൊണ്ടാണ് അവനെ വിളിച്ച് പ്രാര്‍ത്ഥിക്കേണ്ടത് -അത് ഏത് ഭാഷയിലാണെങ്കിലും ശരി. സ്രഷ്ടാവിനോട് കൂടെ അവന്‍റെ ഏതൊരു സൃഷ്ടിയുടെ പേര് വിളിച്ച് പ്രാര്‍ത്ഥിച്ചാലും അവന്‍ പിശാചിനെയാണ് വിളിക്കുന്നത്. വഴിപ്പെടുന്നവര്‍ക്കും വഴിപ്പെടാത്തവര്‍ക്കും കാരുണ്യം ചൊരിയുന്ന നിഷ്പക്ഷവാനും വഴിപ്പെടുന്നവര്‍ക്ക് പരത്തില്‍ പ്രത്യേകം കരുണ ചെയ്യുന്ന കാരുണ്യവാനുമായ അവന്‍, അവനിലേക്കുള്ള അഥവാ സ്വര്‍ഗത്തിലേക്കുള്ള ഏകവഴിയും പിശാചിലേക്കുള്ള അഥവാ നരകത്തിലേക്കുള്ള വിവിധ വഴികളും വേര്‍തിരിക്കുന്ന അദ്ദിക്ര്‍ സ്വര്‍ഗത്തില്‍ നിന്ന് തന്നെ പഠിപ്പിച്ച് മനുഷ്യനെ സ്വതന്ത്രനായി ഭൂമിയില്‍ നിയോഗിച്ചവനാണ്. ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി അവനവനെ തിരിച്ചറിഞ്ഞ്, ജീവിതലക്ഷ്യം തിരിച്ചറിഞ്ഞ് 'വിശ്വാസിയായ' അല്ലാഹുവിന്‍റെ പ്രാതിനിധ്യം ഇവിടെ നിര്‍വ്വഹിക്കുന്നവര്‍ മാത്രമേ അവരുടെ ഇഹ-പരജീവിതങ്ങളില്‍ വിജയിക്കുകയുള്ളൂ. നന്മയും തിന്മയും വേര്‍തിരിക്കുന്ന അദ്ദിക്ര്‍ ലഭിച്ചിട്ട് അത് ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് അതിനെ ഉപയോഗപ്പെടുത്താന്‍ നല്‍കാതെ മൂടിവെക്കുകയും ചെയ്യുന്നവര്‍ കാഫിറായ പിശാചിന്‍റെ പ്രാതിനിധ്യം വഹിക്കുന്നവരും പരലോകജീവിതത്തില്‍ പരാജയപ്പെട്ടവരുമായിരിക്കും. 

രണ്ടാലൊരുമാര്‍ഗ്ഗം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിഷ്പക്ഷവാനായ അല്ലാഹു മനുഷ്യന് നല്‍കിയിട്ടുണ്ട്. അവനെ റഹ്മാനായി (നിഷ്പക്ഷവാനായി) അംഗീകരിക്കുന്ന വിശ്വാസികള്‍, പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനാവശ്യമായ ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ലോകരിലേക്ക് എത്തിച്ചുകൊടുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മനസ്സാ-വാചാ-കര്‍മണാ ഏര്‍പ്പെട്ടുകൊണ്ട് അല്ലാഹുവിനെ സഹായിച്ചുകൊണ്ടിരിക്കുന്നതാണ്. മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന കുഫ്ഫാറുകളും അല്ലാഹുവിന്‍റെ പ്രകാശത്തെ മൂടിവെച്ചുകൊണ്ട് പിശാചിനെയാണ് സഹായിച്ചുകൊണ്ടിരിക്കുന്നത്. 61: 8-14 വിശദീകരണം നോക്കുക. ചുരുക്കത്തില്‍ 6236 സൂക്തങ്ങള്‍ സമര്‍പ്പിക്കുന്ന അല്ലാഹുവിനെ ഹൃദയം കൊണ്ട് കാണുമ്പോഴാണ് അവനെക്കൊണ്ടുള്ള വിശ്വാസം രൂപപ്പെടുന്നത്. അല്ലാഹുവിനെ കണ്ടെത്തുക എന്ന ജീവിതലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും നടത്തങ്ങളിലും ഇരുത്തങ്ങളിലും കിടത്തങ്ങളിലും എല്ലായ്പ്പോഴും എവിടെയും 'അല്ലാഹ്' എന്ന സ്മരണ നിലനിര്‍ത്തുന്നതിനും അദ്ദിക്ര്‍ കൊണ്ടുമാത്രമേ കഴിയുകയുള്ളൂ. അവര്‍ക്ക് മാത്രമേ അവന്‍റെ പ്രതിനിധിയാകാനും തെറ്റുചെയ്യാതെ ജീവിക്കാനും സാധിക്കുകയുമുള്ളൂ. 3: 190-191 വിശദീകരണം നോക്കുക. ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, ആരാണോ സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നത് -അവന്‍ വിശ്വാസിയുമാണ്, എങ്കില്‍ നാം അവരെ ഇഹത്തില്‍ പരിശുദ്ധമായ ഒരു ജീവിതം നയിപ്പിക്കുന്നതും പരത്തില്‍ അവര്‍ പ്രവര്‍ത്തിച്ച ഏറ്റവും നല്ല പ്രവൃത്തി നോക്കി പ്രതിഫലം നല്‍കുന്നതുമാണ് എന്ന് 16: 97 ല്‍ പറഞ്ഞിട്ടുണ്ട്. 4: 123-124 വിശദീകരണം നോക്കുക.

ഗ്രന്ഥത്തില്‍ 99 സൂക്തങ്ങളില്‍ പരാമര്‍ശിക്കുന്ന പിശാചിനെ തിരിച്ചറിഞ്ഞ്, അവന്‍റെ മാര്‍ഗം വെടിഞ്ഞ്, ജീവിതം അല്ലാഹുവിനുവേണ്ടി മാത്രമാക്കാനുള്ളതാണ് ഹൃദയത്തിന്‍റെ ഭാഷയിലുള്ള ഉണര്‍ത്തലായ അദ്ദിക്ര്‍. 51: 56 ല്‍ മനുഷ്യരെയും ജിന്നുകളെയും എനിക്ക് ഇബാദത്ത് ചെയ്യാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടേയില്ല എന്നുപറഞ്ഞിട്ടുണ്ട്. ജീവിതം മുഴുവന്‍ ഉഴിഞ്ഞുവെക്കുക, വഴിപ്പെടുക, അനുസരിക്കുക, സേവിക്കുക എന്നെല്ലാമാണ് ഇബാദത്ത് എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്. അല്ലാഹ് എന്ന സ്മരണയുണ്ടാകുമ്പോള്‍ ഇബാദത്ത് അല്ലാഹുവിനാണ്. അല്ലാഹ് എന്ന സ്മരണയില്ലാതെയുള്ള ജീവിതം പിശാചിനായി മാറുന്നതുമാണ്. അല്ലാഹുവിനെ ഉടമയായി അംഗീകരിച്ച് ജീവിതം മുഴുവന്‍ അവന് സമര്‍പ്പിക്കാത്തവര്‍ അവനെ ആരാധിച്ചതുകൊണ്ട് കാര്യമില്ലെന്ന് മാത്രമല്ല, പിഴയായി നരകക്കുണ്ഠം ലഭിക്കുകയും ചെയ്യും. പിശാചിനെ സേവിച്ചുകൊണ്ട് അല്ലാഹുവിന്‍റെ സൂക്തങ്ങളോട് തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന അത്തരം മുജാഇദുകള്‍ തന്നെയാണ് ഏറ്റവും വലിയ മുശ്രിക്കുകള്‍. (ഇബാദത്തിന് ആരാധന എന്ന് അര്‍ത്ഥം വരുന്നില്ല. ആരാധനയെ സൂചിപ്പിക്കുന്ന പദങ്ങള്‍ 'മനാസിക്, നുസുക്' എന്നെല്ലാമാണ്.) 2: 128; 6: 162 വിശദീകരണം നോക്കുക.

മലക്കുകളെക്കൊണ്ടുള്ള വിശ്വാസം:

പ്രകാശത്താല്‍ സൃഷ്ടിക്കപ്പെട്ട പ്രത്യേകതരം സൃഷ്ടികളാണ് മലക്കുകള്‍. ധിക്കാരമേ തുമില്ലാതെ സര്‍വ്വസ്രഷ്ടാവായ അല്ലാഹുവിന്‍റെ കല്‍പനകള്‍ സര്‍വ്വാത്മനാ നിര്‍വ്വഹിക്കുന്ന അവന്‍റെ കര്‍മഭടന്മാരാണ് അവര്‍. പ്രപഞ്ചത്തിന്‍റെ ഭരണം അവന്‍ നിര്‍വ്വഹിച്ച് കൊണ്ടിരിക്കുന്നത് മലക്കുകളിലൂടെയാണ്. മുന്‍വേദങ്ങളില്‍ ദേവന്മാര്‍, മാലാഖമാര്‍ എന്ന പേരുകളില്‍ പരാമര്‍ശിച്ചിട്ടുള്ളതും ഇവരെയാണ്. മലക്കുകളുടെ സ്വഭാവമെന്താണ്, മനുഷ്യരുമായി മലക്കുകള്‍ക്കുള്ള ബന്ധമെന്താണ്, അവരുടെ ചുമതലകള്‍ എന്തെല്ലാമാണ്, അവര്‍ ഇഹലോകത്തും പരലോകത്തും രക്ഷാ-ശിക്ഷകള്‍ നടപ്പിലാക്കുന്നത് എങ്ങനെയെല്ലാമാണ്, ആര്‍ക്കുവേണ്ടിയാണ് അവര്‍ അല്ലാഹുവിന്‍റെ അടുക്കല്‍ പൊറുക്കലിനെത്തേടുക, ആരുടെമേലാണ് അവരുടെ ശാപം ചൊരിയുക, ജിന്നുകളും അവരും തമ്മിലുള്ള വ്യത്യാസമെന്താണ് തുടങ്ങിയ കാര്യങ്ങളെല്ലാം അദ്ദിക്റില്‍ നിന്ന് മനസ്സിലാക്കുമ്പോള്‍ മാത്രമേ മലക്കുകളെക്കൊണ്ടുള്ള വിശ്വാസം രൂപപ്പെടുകയുള്ളൂ. ഗ്രന്ഥത്തില്‍ തൊണ്ണൂറ്റിയൊമ്പത് സൂക്തങ്ങളില്‍ മലക്കുകളെ പരാമര്‍ശിച്ചിട്ടുണ്ട്. 13: 13; 16: 2; 18: 82; 19: 64 വിശദീകരണം നോക്കുക. 

മലക്കുകളില്‍ നിന്ന് വ്യത്യസ്തരായി തീജ്വാലയില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട ജിന്നുകള്‍ (അസുരന്മാര്‍) മനുഷ്യരെപ്പോലെ ധിക്കരിക്കാനും അനുസരിക്കാനും സ്വാതന്ത്ര്യമുള്ള സൃഷ്ടികളാണ്. എല്ലാ മനുഷ്യരിലും ആത്മാവിന്‍റെ കൂട്ടുകാരനായി പിശാചിന്‍റെ ഒരു സന്താനത്തെ നിയോഗിച്ചിട്ടുണ്ട്. അവന്‍ മനുഷ്യന്‍റെ ഹൃദയത്തില്‍ വസിച്ചുകൊണ്ട് അവന്‍റെ ആത്മാവിനെ തിന്മയിലേക്ക് പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നതാണ്. ഓരോരുത്തരിലുമുള്ള ഈ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കിയാല്‍ മാത്രമേ ഒരാള്‍ക്ക് വിശ്വാസിയായി ജീവിക്കാനും സ്വര്‍ഗത്തിലേക്ക് തിരിച്ച് പോകുവാനും സാധ്യമാവുകയുള്ളൂ. ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ ആത്മാവ് പങ്കെടുത്തുകൊണ്ട് ആദ്യാവസാനം ഹൃദയത്തിലേക്ക് ആവാഹിച്ചാല്‍ അവനെ വിശ്വാസിയാക്കി മാറ്റാന്‍ സാധിക്കുന്നതാണ്. 114: 4-6 ല്‍ പറഞ്ഞ, രഹസ്യമായി ദുര്‍ബോധനം ചെയ്ത് പിന്മാറുന്ന ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കാതിരുന്നാല്‍ അവന്‍ മിഥ്യയായ വചനങ്ങള്‍ സത്യമായും സത്യമായ അദ്ദിക്ര്‍ മിഥ്യയായും തോന്നിപ്പിക്കുന്നതാണ്. അങ്ങനെ നരകത്തിലേക്കുള്ള ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റൊമ്പതിന്‍റെ മാര്‍ഗ്ഗം അവന് അലങ്കാരമാക്കി കാണിച്ചുകൊടുക്കുകയും ചെയ്യുന്നതാണ്. മനുഷ്യരെ ഒരു കമ്പ്യൂട്ടറിനോട് ഉപമിക്കുകയാണെങ്കില്‍ ജിന്നുകൂട്ടുകാരനെ വൈറസിനോടും അദ്ദിക്റിനെ ആന്‍റി-വൈറസ് പ്രോഗ്രാമിനോടും താരതമ്യം ചെയ്തുകൊണ്ട് ഇക്കാര്യം കൂടുതല്‍ മനസ്സിലാക്കാം. 50: 27-30 വിശദീകരണം നോക്കുക. 

ഗ്രന്ഥങ്ങളെക്കൊണ്ടുള്ള വിശ്വാസം: 

ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ മനസ്സിലാക്കുമ്പോള്‍ മാത്രമാണ് ഗ്രന്ഥങ്ങളെക്കൊണ്ടുള്ള വിശ്വാസം രൂപപ്പെടുക. അല്ലാഹുവില്‍നിന്ന് ഭൂമിയിലേക്ക് വിവിധ കാലഘട്ടങ്ങളില്‍ അവതരിപ്പിക്കപ്പെട്ട വേദം അതാത് കാലഘട്ടങ്ങളിലേക്കുള്ള വിധിവിലക്കുകള്‍ അടങ്ങിയിട്ടുള്ളവയായിരുന്നുവെങ്കില്‍ അവയെ സത്യപ്പെടുത്തുകയും കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന അദ്ദിക്ര്‍ അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കുള്ളതും എല്ലാകാര്യങ്ങളും വിശദീകരിച്ചിട്ടുള്ളതും അജയ്യവും അതുല്യവും മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാക്കാന്‍ സാധിക്കാത്തതുമായ ഗ്രന്ഥമാണ്. ഗ്രന്ഥം പഠിപ്പിക്കപ്പെട്ടവരായതുകൊണ്ടാണ് മനുഷ്യര്‍ മറ്റുസൃഷ്ടികളേക്കാള്‍ ഉല്‍കൃഷ്ടരായത്. ഗ്രന്ഥം കൊണ്ട് പ്രൗഢരും ഊറ്റം കൊള്ളുന്നവരും സ്വയം പര്യാപ്തരുമായി ഭൂമിയിലെവിടെയും ആരെയും ഭയപ്പെടാതെ തലയുയര്‍ത്തി ജീവിക്കണമെന്നാണ് 3: 79 ല്‍, നിങ്ങള്‍ ഗ്രന്ഥത്താല്‍ പഠിപ്പിക്കപ്പെടുന്നത് പോലെയും നിങ്ങള്‍ മക്കളെയും മറ്റുള്ളവരെയും പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് പോലെയും 'റബ്ബാനിയ്യീങ്ങളായിത്തീരുക' എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഭൂമിയെ നശിപ്പിക്കുന്ന എല്ലാവിധ പൈശാചികവൃത്തികളെത്തൊട്ടും മനുഷ്യരെ തടയാനുള്ള ഉപകരണമായ അദ്ദിക്ര്‍ മൂടിവെച്ച് ജീവിക്കുന്നവര്‍ക്ക് ഇഹത്തില്‍ നിന്ദ്യതയും പരത്തില്‍ അതികഠിനമായ ശിക്ഷയുമാണ് വാഗ്ദത്തം ചെയ്തിട്ടുള്ളത്. അവര്‍ നാളെ അന്ധരും ബധിരരും മൂകരുമായി തങ്ങളുടെ മുഖങ്ങളില്‍ നരകത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നവരും ഏറ്റവും വഴികേടിലുള്ളവരുമാണെന്ന് 17: 97-98; 25: 34 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

അല്ലാഹുവിനെ 24: 35 ല്‍ പ്രകാശം (അന്നൂര്‍) എന്നും, 59: 23 ല്‍ കാത്തുസൂക്ഷിക്കുന്നവന്‍ (മുഹൈമിന്‍) എന്നും, 10: 61 ല്‍ സാക്ഷി (ശാഹിദ്) എന്നും പറഞ്ഞിട്ടുണ്ടെങ്കില്‍, അദ്ദിക്റിനെ 7: 157; 42: 52; 64: 8 തുടങ്ങിയ സൂക്തങ്ങളില്‍ പ്രകാശം (അന്നൂര്‍) എന്നും, 5: 48 ല്‍ കാത്തുസൂക്ഷിക്കുന്നത് (മുഹൈമിന്‍) എന്നും, 11: 17 ല്‍ സാക്ഷി (ശാഹിദ്) എന്നും പറഞ്ഞിട്ടുണ്ട്. 6: 19 ല്‍ അല്ലാഹുവിനെയും അദ്ദിക്റിനെയും ഏറ്റവും വലിയ സാക്ഷിയെന്നും പറഞ്ഞിട്ടുണ്ട്. അതുപോലെ സത്യം (ഹഖ്), അജയ്യന്‍ (അസീസ്), യുക്തിജ്ഞന്‍ (ഹക്കീം), പുകഴ്ത്തപ്പെടാന്‍ അര്‍ഹന്‍ (മജീദ്), മഹത്വമുടയവന്‍ (അള്വീം), ബഹുമാന്യന്‍ (കരീം) തുടങ്ങിയ അല്ലാഹുവിന്‍റെ നാമങ്ങളെല്ലാം അദ്ദിക്റിനും പ്രയോഗിച്ചിട്ടുണ്ട്. 7: 143 ല്‍ അല്ലാഹു പര്‍വ്വതത്തിന്മേല്‍ ഉപവിഷ്ടനായപ്പോള്‍ അതിന് വഹിക്കാന്‍ കഴിയാതെ അത് പൊട്ടിപ്പിളര്‍ന്ന് തരിപ്പണമായ കാര്യം പറഞ്ഞിട്ടുണ്ടെങ്കില്‍, 59: 21 ല്‍ അദ്ദിക്ര്‍ ഒരു മലയുടെ മുകളിലാണ് അവതരിക്കപ്പെടുന്നതെങ്കില്‍ അത് വഹിക്കാന്‍ കഴിയാതെ പര്‍വ്വതം പൊട്ടിപ്പിളര്‍ന്ന് തരിപ്പണമാകുന്നതായി നീ കാണുക തന്നെ ചെയ്യും എന്നാണ് പറഞ്ഞിട്ടുള്ളത്. 22: 78 ല്‍ 'നിങ്ങള്‍ അല്ലാഹുവിനെ മുറുകെപ്പിടിക്കുവീന്‍' എന്നുപറഞ്ഞത് 3: 103 ല്‍ പറഞ്ഞ 'അല്ലാഹുവിന്‍റെ പാശമായ അദ്ദിക്റിനെ മുറുകെപ്പിടിക്കുവീന്‍' എന്നുതന്നെയാണ്. ഇതില്‍ നിന്നെല്ലാം അല്ലാഹുവും ഗ്രന്ഥവും ഒന്നുതന്നെയാണെന്ന് മനസ്സിലാക്കാം. സ്രഷ്ടാവിന് സൃഷ്ടികളുടെമേലുള്ള പ്രത്യേകതയാണ് അദ്ദിക്റിന് ഇതരഗ്രന്ഥങ്ങളുടെമേലുള്ളത് എന്ന് നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 

നിശ്ചയം, നിങ്ങള്‍ക്ക് നാം ഒരു ഗ്രന്ഥമിറക്കി, അതില്‍ നിങ്ങളെക്കുറിച്ചു തന്നെ അനുസ്മരിപ്പിച്ചിട്ടുണ്ട,് അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നില്ലേ എന്ന് 21: 10 ല്‍ അല്ലാഹു ചോദിക്കുന്നു. ആരാണോ സ്വന്തത്തെ തിരിച്ചറിഞ്ഞത്, അവന്‍ അവന്‍റെ നാഥനെ തിരിച്ചറിഞ്ഞു എന്ന് നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അദ്ദിക്ര്‍ കൊണ്ട് മാത്രമേ അവരവരെയും ഉടമയെയും തിരിച്ചറിയാന്‍ സാധ്യമാവുകയുള്ളൂ. നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ അദ്ദിക്ര്‍ പഠിക്കുകയും (പിന്‍പറ്റുകയും) പഠിപ്പിക്കുകയും (എത്തിച്ചുകൊടുക്കുകയും) ചെയ്യുന്നവനാണ് എന്നും, ഗ്രന്ഥത്തിന്‍റെ വിരോധങ്ങള്‍ അനുവദനീയമായി കൊണ്ടുനടക്കുന്നവന്‍ ഗ്രന്ഥം കൊണ്ട് വിശ്വസിച്ചിട്ടില്ല എന്നും നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. ഗ്രന്ഥത്തിന്‍റെ അനുവദനീയങ്ങള്‍ പിന്‍പറ്റുന്നതിനും വിരോധങ്ങള്‍ വര്‍ജ്ജിക്കുന്നതിനും അതിന്‍റെ ആശയം മനസ്സിലാക്കല്‍ അനിവാര്യമാണ്. പ്രവാചകന്‍ പഠിപ്പിച്ചു: അവസാന കാലഘട്ടത്തില്‍ ഗ്രന്ഥം ഉയര്‍ത്തപ്പെടും, ഗ്രന്ഥത്തില്‍ നിന്ന് അതിന്‍റെ വള്ളിയും പുള്ളിയുമല്ലാതെ മറ്റൊന്നും അവശേഷിക്കുകയില്ല, ഇസ്ലാമില്‍ അതിന്‍റെ പേര് മാത്രമേ ഉണ്ടാവുകയുള്ളൂ, അവരുടെ പള്ളികള്‍ വലിയ സൗധങ്ങളും ജനനിബിഡങ്ങളുമായിരിക്കും, എന്നാല്‍ അവിടെ സന്മാര്‍ഗമായ ഗ്രന്ഥം ഉണ്ടായിരിക്കുകയില്ല, അവരുടെ പണ്ഡിതന്മാര്‍ ആകാശത്തിന് കീഴിലുള്ള ഏറ്റവും നികൃഷ്ടജീവികളുമായിരിക്കും. വിശ്വാസികളുടെ ഇമാമും സംഘവുമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസിയോട്: അദ്ദിക്ര്‍ അണപ്പല്ലുപയോഗിച്ച് കടിച്ചുപിടിച്ച് നിലകൊള്ളാനാണ് നാഥന് പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുള്ളത്. ഇന്ന് ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട ജീവിതരീതിയും പ്രാര്‍ത്ഥനാരീതിയും 7: 205-206 ല്‍ വിശദീകരിച്ചിട്ടുണ്ട്.

പ്രവാചകന്മാരെക്കൊണ്ടുള്ള വിശ്വാസം:

പ്രവാചകന്മാര്‍ എല്ലാവരും തന്നെ മനുഷ്യരില്‍ നിന്നുള്ളവരും സ്രഷ്ടാവ് തൃപ്തിപ്പെട്ട ജീവിതം ജീവിച്ച് കാണിച്ചുതരാന്‍ അവനാല്‍ നിയോഗിക്കപ്പെട്ടവരും അവന്‍ തൃപ്തിപ്പെട്ട ഏകജീവിതവ്യവസ്ഥയായ ഇസ്ലാമില്‍ തന്നെ വന്നവരുമാണ്. 2: 136; 3: 19, 85 വിശദീകരണം നോക്കുക. ഭൂമിയില്‍ ധര്‍മം ക്ഷയിക്കുമ്പോള്‍ അത് പുനഃസ്ഥാപിക്കുന്നതിനുവേണ്ടി മനുഷ്യരില്‍ നിന്നുതന്നെ സര്‍വ്വസ്രഷ്ടാവ് തെരഞ്ഞെടുക്കുന്ന അവതാരങ്ങളാണ് അവര്‍. ഒരു ലക്ഷത്തി ഇരുപത്തിനാലായിരത്തില്‍ പരം നബിമാര്‍ വന്നിട്ടുണ്ടെങ്കിലും അവരില്‍ മുന്നൂറ്റിപ്പതിമൂന്ന് പേര്‍ മാത്രമാണ് പ്രവാചകന്മാര്‍. നൂഹ് നബി ആദ്യത്തെയും മുഹമ്മദ് നബി അവസാനത്തെയും പ്രവാചകന്മാരാകുന്നു. നബിമാരിലും പ്രവാചകന്മാരിലും പെട്ട ഇരുപത്തഞ്ച് പേരെക്കുറിച്ച് മാത്രമേ ഗ്രന്ഥത്തില്‍ പേരെടുത്ത് പറഞ്ഞിട്ടുള്ളൂ. പ്രവാചകന്മാര്‍ക്കെല്ലാം തന്നെ ഗ്രന്ഥം നല്‍കിയിട്ടുണ്ടെന്ന് 57: 25 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രവാചകന്മാര്‍ക്ക് നല്‍കപ്പെട്ട വേദം ജീവിച്ച് കാണിച്ചുകൊടുക്കുകയാണ് അവര്‍ക്ക് ശേഷം വന്ന നബിമാര്‍ ചെയ്തിട്ടുള്ളത്. പ്രവാചകന്മാര്‍ വന്നിട്ടുള്ളത് സമുദായത്തിലേക്ക് മൊത്തമാണെങ്കില്‍ നബിമാര്‍ വന്നിട്ടുള്ളത് അതാത് ജനതകളിലേക്ക് മാത്രമായിട്ടാണെന്ന വ്യത്യാസവുമുണ്ട്. നബിമാരില്‍ ചിലര്‍ വധിക്കപ്പെട്ടിട്ടുണ്ടെങ്കിലും മുഹൈമിനായ ഗ്രന്ഥം നല്‍കപ്പെട്ടവരായതിനാല്‍ പ്രവാചകന്മാര്‍ ആരും തന്നെ വധിക്കപ്പെട്ടിട്ടില്ല. അദ്ദിക്റില്‍ നിന്ന് അവരുടെ ജീവിതം മനസ്സിലാക്കി അവരെ പിന്‍പറ്റുകയും സത്യപ്പെടുത്തുകയും ചെയ്യുമ്പോഴാണ് പ്രവാചകന്മാരെക്കൊണ്ടുള്ള വിശ്വാസം രൂപപ്പെടുക. 

 നൂഹ്, ഇബ്രാഹീം, മൂസാ, ഈസാ, മുഹമ്മദ് എന്നീ അഞ്ചുപേര്‍ ഉലുല്‍ അസ്മുകള്‍ -സ്ഥൈര്യചിത്തര്‍ എന്ന പേരിലറിയപ്പെടുന്നു. പ്രവാചകന്മാരില്‍ ശ്രേഷ്ഠരായ ഇവരിലൂടെയാണ് ദീനിന്‍റെ ആചാരാനുഷ്ഠാനക്രമങ്ങളായ ശരീഅത്തുകള്‍ മാറ്റം വരുത്തിയിട്ടുള്ളത്. എന്നാല്‍ ഈസാ ഇതില്‍ നിന്ന് ഒഴിവാണ്. അന്ന് ഇസ്റാഈല്‍ ജനതയിലേക്ക് മാത്രമാ യിട്ടായിരുന്നു ഈസാ നിയോഗിക്കപ്പെട്ടിരുന്നത്. മാത്രമല്ല ഈസാക്ക് പ്രത്യേക ശരീഅത്തുമുണ്ടായിരുന്നില്ല. മൂസായുടെ ശരീഅത്ത് മുഹമ്മദ് നബിയുടെ കാലത്താണ് മാറ്റം വരുത്തിയത്. ഇനി അന്ത്യനാളിന്‍റെ അടയാളമായി രണ്ടാമത് വരുമ്പോഴും ഈസാക്ക് ശരീഅത്തുണ്ടാവുകയില്ല, എന്നാല്‍ ആദിമനുഷ്യനായ ആദമില്‍ തുടങ്ങി മുഹമ്മദ് നബിയിലൂടെ പൂര്‍ത്തീകരിച്ച ഇസ്ലാമിന്‍റെ ലോകവിജയം സംഭവിക്കുക ഈസായിലൂടെയായിരിക്കും.

എല്ലാ ഗ്രന്ഥങ്ങളുടെയും സാരാംശം അദ്ദിക്റിലുള്ളതിനാല്‍ എല്ലാ നബിമാരുടെയും പ്രവാചകന്മാരുടെയും ജീവിതചര്യ അന്ത്യപ്രവാചകനായ മുഹമ്മദില്‍ സമ്മേളിച്ചിട്ടുണ്ട്. 33: 40; 98: 3 കൂട്ടിവായിക്കുക. നിയോഗിക്കപ്പെട്ടത് മുതല്‍ അന്ത്യനാള്‍ വരെയുള്ള മൊത്തം മനുഷ്യരിലേക്കാണ് പ്രവാചകന്‍ മുഹമ്മദ് അയക്കപ്പെട്ടിട്ടുള്ളതെന്ന് 7: 158; 21: 107; 34: 28 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. ഗ്രന്ഥം നല്‍കപ്പെട്ടവര്‍ക്ക് മുഹമ്മദ് നബിയെ അവരുടെ സന്താനങ്ങളെ അറിയുന്നതിലുപരി അറിയുമെന്ന് 2: 146; 6: 20 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍റെ ജീവിതം അദ്ദിക്റില്‍ നിന്ന് മനസ്സിലാക്കി ജനങ്ങളില്‍ സാക്ഷ്യപ്പെടുത്തി ജീവിക്കാനാണ് 2: 143; 22: 78 എന്നീ സൂക്തങ്ങളിലൂടെ 35: 32 പ്രകാരം ഗ്രന്ഥം അനന്തരമെടുത്ത പ്രവാചകന്‍റെ ജനത കല്‍പിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ അദ്ദിക്ര്‍ മൂടിവെച്ച് പ്രവാചകന്മാരുടെ പേരുവെച്ച്, വേഷം ധരിച്ച്, ഇതരജനവിഭാഗങ്ങളുടെ മുമ്പില്‍ പ്രവാചകന്മാരെ കൊള്ളരുതാത്തവരായി അവതരിപ്പിച്ച് കൊണ്ട് അവരെ കൊല്ലാതെ കൊല്ലുകയാണ് പ്രവാചകന്‍റെ ജനത ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത്. അങ്ങനെ അവര്‍ മുപ്പതാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിക്കുന്നവരായി മാറിയിരിക്കുകയാണ്. 25: 18 ല്‍ പറഞ്ഞ ഈ കെട്ടജനതക്കെതിരില്‍ 25: 30 പ്രകാരം, പരലോകത്ത് പ്രവാചകന്‍ മുഹമ്മദ് അന്യായം ബോധിപ്പിക്കുന്നതുമാണ്. ലോകത്തെവിടെയും അദ്ദിക്റില്‍ നിന്ന് പ്രവാചകന്‍ മുഹമ്മദിന്‍റെ ജീവിതം സാക്ഷ്യപ്പെടുത്തി ജീവിക്കുന്ന ഒരു വിശ്വാസിയുമില്ലാതെ വരുമ്പോഴാണ് അന്തിമുഹമ്മദ് -മുഹമ്മദിന് അന്ത്യം കുറിക്കുന്നവനായ മസീഹുദ്ദജ്ജാല്‍ പ്രത്യക്ഷപ്പെടുക. 8: 33 വിശദീകരണം നോക്കുക. (ഹൈന്ദവര്‍ കലിയുഗത്തിന്‍റെ ആദ്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന 'കല്‍ക്കി'യുടെ ആഗമനം മുഹമ്മദ് നബിയുടെ നിയോഗത്തിലൂടെ പൂര്‍ത്തിയായിട്ടുണ്ട്, ഇനി കലിയുഗത്തിന്‍റെ അന്ത്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന അധര്‍മ്മമൂര്‍ത്തിയായ കലിയാണ് പ്രത്യക്ഷപ്പെടാനുള്ളത്.)

പരലോകത്തെക്കൊണ്ടുള്ള വിശ്വാസം:

ഗ്രന്ഥത്തിലെ മൂന്നിലൊന്ന് സൂക്തങ്ങള്‍, മനുഷ്യരുടെ ജീവിതത്തിന്‍റെ നേട്ടകോട്ടങ്ങള്‍ വിലയിരുത്തുന്നതിനുവേണ്ടി ഒരു വിധിദിവസം നിശ്ചയിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നവയാണ്. മനുഷ്യജീവിതത്തിന്‍റെ നാലാം ഘട്ടമായ പതിനഞ്ച് വയസ്സിനു ശേഷം മരണം വരെയുള്ള ജീവിതത്തിലെ ഓരോ നിമിഷത്തെക്കുറിച്ചും ആണും പെണ്ണും ഒറ്റക്കൊറ്റക്ക് തന്‍റെ ഉടമയുടെ മുമ്പില്‍ ആ ദിനത്തില്‍ ഉത്തരം പറയേണ്ടി വരും. ആ ബോധത്തില്‍ ഇവിടെ നിലകൊള്ളുന്നവരാണ് പരലോകത്തെക്കൊണ്ട് വിശ്വസിക്കുന്നവര്‍. ആ ബോധമില്ലാതെ ജീവിച്ചാല്‍ അവരുടെ തന്നെ കേള്‍വിയും കാഴ്ചയും തൊലികളും കൈകാലുകളും മാത്രമല്ല, ഭൂമി തന്നെയും അവര്‍ക്കെതിരെ നാളെ സാക്ഷ്യം വഹിക്കുന്നതുമാണ് എന്ന് 17: 36; 36: 65; 41: 19-24; 99: 4-5 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. വിജയം വരിക്കുന്ന സൂക്ഷ്മാലുക്കള്‍ പരലോകത്തെക്കൊണ്ട് ദൃഢബോധ്യമുള്ളവരാണെന്ന് 2: 4 ല്‍ പറഞ്ഞിട്ടുണ്ട്. പരലോകത്തെക്കൊണ്ട് വിശ്വസിക്കാത്ത ഭ്രാന്തന്മാരെ നാളെ തങ്ങളുടെ നാഥന്‍റെ മുമ്പില്‍ തലകുനിച്ചവരായി നിര്‍ത്തപ്പെടുമ്പോള്‍, ഞങ്ങളുടെ നാഥാ! ഞങ്ങള്‍ ഉള്‍ക്കാഴ്ച കണ്ടു, ഞങ്ങള്‍ നരകത്തിലെ ഇരമ്പലുകളെല്ലാം കേട്ടു, ഞങ്ങളെ സല്‍കര്‍മങ്ങള്‍ ചെയ്യുന്നതിനുവേണ്ടി ഒന്നുകൂടി ഐഹികലോകത്തേക്ക് തിരിച്ചയച്ചാലും, നിശ്ചയം ഞങ്ങള്‍ക്ക് ദൃഢബോധ്യമായി എന്ന് വിലപിക്കുന്ന രംഗം 32: 12 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദൃഢബോധ്യം വരുത്തുന്ന അദ്ദിക്ര്‍ ഇവിടെ വെച്ച് ഉപയോഗപ്പെടുത്താത്തവര്‍ കണ്ണിന് ഉറപ്പാകുന്നതുവരെ ജ്വലിക്കുന്ന നരകം കാണുക തന്നെ ചെയ്യുമെന്ന് 102: 6-7 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 1: 3 വിശദീകരണം നോക്കുക.

അദ്ദിക്ര്‍ കൊണ്ട് വിധി കല്‍പിക്കാത്തതിനാല്‍ ഐഹികലോകത്ത് ഏതൊരു വിഷയത്തിലും നൂറ് ശതമാനം നീതി നടപ്പിലാക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ടാണ് നൂറ് ശതമാനം നീതി നടപ്പിലാകുന്ന ഒരു വിധിദിവസം മനുഷ്യന്‍റെ ആറാം ഘട്ടമായി നിശ്ചയിച്ചിട്ടുള്ളത്. അന്ന് സത്യമായ അദ്ദിക്ര്‍ കൊണ്ടാണ് വിധി കല്‍പിക്കപ്പെടുകയെന്ന് 39: 69, 75 ല്‍ പറഞ്ഞിട്ടുണ്ട്. നീതിയുടെ തുലാസ് സ്ഥാപിതമാകുന്ന വിധിദിവസത്തില്‍ തിരുത്താന്‍ സാധിക്കുകയില്ലല്ലോ എന്ന് മനസ്സിലാക്കി, തെറ്റായിപ്പോകുമോ എന്ന് സംശയമുള്ള ഏതൊരു കാര്യത്തില്‍ നിന്നും മനസാ-വാചാ-കര്‍മണാ അകന്നു നില്‍ക്കുന്നവരാണ് സൂക്ഷ്മതയുള്ളവര്‍. നീതിയുടെ ത്രാസ്സായ ഗ്രന്ഥത്തിന്‍റെ ആശയം ഉപയോഗപ്പെടുത്തി അവര്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഇവിടെ വെച്ചുതന്നെ തുലനം ചെയ്യുന്നതാണ്. 16: 64; 59: 18 വിശദീകരണം നോക്കുക. എന്നാല്‍ അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്ത കപടവിശ്വാസികള്‍, ജനങ്ങള്‍ ഭിന്നിച്ചിട്ടുള്ള കാര്യങ്ങളില്‍ അല്ലാഹു തീരുമാനം കല്‍പ്പിക്കുമെന്നാണല്ലോ പറഞ്ഞിട്ടുള്ളത് എന്നുപറഞ്ഞുകൊണ്ട് അവരുടെ വിചാരണ പരലോകത്തേക്ക് നീട്ടിവെക്കുന്നതാണ്. 

നന്മയും തിന്മയും അല്ലാഹുവില്‍ നിന്നാണെന്ന വിശ്വാസം:

എല്ലാ ആത്മാവിനും നന്മയും തിന്മയും നല്‍കിയിട്ടുണ്ട്. നന്മ അല്ലാഹുവില്‍ നിന്നും തിന്മ പിശാചില്‍ നിന്നുമാണ്. 'അല്ലാഹ്' എന്ന സ്മരണയുണ്ടാകുമ്പോള്‍ നന്മ മാത്രമേ വരികയുള്ളൂ. അല്ലാഹുവിനെ മറന്ന അവസ്ഥയില്‍ മനുഷ്യന്‍ തന്‍റെ ജിന്നുകൂട്ടുകാരനായ പിശാചിന്‍റെ വലയത്തില്‍ പെടുകയും അപ്പോള്‍ തിന്മ ബാധിക്കുകയും ചെയ്യുന്നതാണ്. അദ്ദിക്ര്‍ കൊണ്ട് 59: 23 ല്‍ പറഞ്ഞ 'വിശ്വാസി'യായ അല്ലാഹുവിനെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന വിശ്വാസികള്‍ക്ക് പിശാചില്‍ നിന്നുള്ള തിന്മയേല്‍ക്കുകയോ ആപത്ത് വരികയോ ഇല്ല. 8: 24 പ്രകാരം വിശ്വാസികളുടെ ഹൃദയത്തില്‍ അല്ലാഹുവാണുള്ളത്. എന്നാല്‍ അദ്ദിക്ര്‍ കൊണ്ട് ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കാത്ത നിഷേധികളുടെ ഹൃദയത്തില്‍ പിശാചാണുള്ളത്. അതുകൊണ്ട് അവരില്‍ നിന്ന് തിന്മ മാത്രമേ വരികയുള്ളൂ. അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം പാഴായിക്കഴിഞ്ഞുവെന്ന് 18: 103-105; 25: 21-23; 47: 8-9 സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. എല്ലാ വസ്തുക്കളുടെയും കടിഞ്ഞാണ്‍ (മൂര്‍ദ്ധാവ്) നിയന്ത്രിക്കുന്നത് അല്ലാഹുവാണെന്നിരിക്കെ, ഒരു സൃഷ്ടിയില്‍ നിന്നും ഒരു ഉപദ്രവവും അവന്‍റെ അനുമതി കൂടാതെ ഒരാള്‍ക്കും ഏല്‍ക്കുകയില്ല. അക്രമിയായ ഭരണാധികാരി, കള്ളന്‍, കൊള്ളക്കാരന്‍ തുടങ്ങിയ മനുഷ്യരില്‍ നിന്നോ പേപ്പട്ടി, പാമ്പ്, വന്യമൃഗങ്ങള്‍, രോഗാണുക്കള്‍ തുടങ്ങിയ ജീവജാലങ്ങളില്‍ നിന്നോ, തോക്ക്, ബോംബ്, അണുപ്രസരണം, വിഷം തുടങ്ങിയ അചേതനവസ്തുക്കളില്‍ നിന്നോ വാഹനാപകടം, ഇടിമിന്നല്‍, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, ഭൂമികുലുക്കം തുടങ്ങിയ പ്രതിഭാസങ്ങളില്‍ നിന്നോ അല്ലാഹുവിന്‍റെമേല്‍ ഭരമേല്‍പ്പിക്കുന്ന -അദ്ദിക്റിനെ പരിചയായി ഉപയോഗപ്പെടുത്തുന്ന- വിശ്വാസിക്ക് ഒരു തിന്മയും ഏല്‍ക്കുകയില്ല. 11: 56; 31: 22; 96: 15-16 വിശദീകരണം നോക്കുക.

ഫിര്‍ഔന്‍, ഹാമാന്‍, ഖാറൂന്‍ തുടങ്ങിയ തെമ്മാടികളുടെ പ്രതീകങ്ങളായ ഇന്നത്തെ കപടവിശ്വാസികള്‍, അവര്‍ക്ക് ഒരു നന്മ ലഭിച്ചാല്‍ അത് അവരുടെ കഴിവുകൊണ്ടാണെന്ന് ഊറ്റം കൊള്ളുകയും അതില്‍ അതിയായി നിഗളിക്കുകയും ചെയ്യുന്നതാണ്. എന്നാല്‍ വിശ്വാസികള്‍ കഴിവും പ്രതാപവുമെല്ലാം അല്ലാഹുവിന്‍റേതാണെന്ന് സമ്മതിച്ചുകൊണ്ട് കൂടുതല്‍ വിനീതരാവുകയാണ് ചെയ്യുക. 4: 78-79 വിശദീകരണം നോക്കുക. കപടവിശ്വാസികള്‍ ദുരിതം ബാധിക്കുന്നതിന് മറ്റുള്ളവരെ പഴിചാരുകയാണ് ചെയ്യുന്നതെങ്കില്‍ വിശ്വാസികള്‍ അത് അവരുടെ തന്നെ വീഴ്ച കൊണ്ട് അല്ലാഹു സംഭവിപ്പിച്ചതാണെന്ന് മനസ്സിലാക്കി, അല്ലാഹുവിലേക്ക് -അദ്ദിക്റിലേക്ക്- തന്നെ മടങ്ങുകയാണ് ചെയ്യുക. എല്ലാ ഓരോ ആത്മാവും അത് സമ്പാദിച്ചതിന് പണയമാണ് -വലതുപക്ഷക്കാര്‍ ഒഴികെ- എന്ന് 74: 38-39 ലും, മനുഷ്യന് അവന്‍ ഉദ്ദേശിച്ച് പ്രവര്‍ത്തിച്ചതല്ലാതെ ഇല്ല എന്ന് 53: 39 ലും പറഞ്ഞിട്ടുണ്ട്. ആകാശഭൂമികളിലും അവയ്ക്കിടയിലുള്ള മനുഷ്യരടക്കമുള്ള സര്‍വ്വചരാചരങ്ങളിലും സംഭവിക്കുന്ന എല്ലാ കാര്യങ്ങളും സ്രഷ്ടാവ് നേരത്തെ നിശ്ചയിച്ചിട്ടുള്ളതും അത് ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതുമാണ് എന്ന് 57: 22 ല്‍ പറഞ്ഞിട്ടുണ്ട്. വിശ്വാസികള്‍ ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി അവരുടെ വിധി ഇവിടെ വെച്ച് തന്നെ തിരുത്തുന്നതാണ്. 15: 99; 69: 51 വിശദീകരണം നോക്കുക. അതുതന്നെയാണ് പ്രാര്‍ത്ഥന കൊണ്ടല്ലാതെ വിധി തിരുത്തപ്പെടുകയില്ലെന്ന് നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചതിന്‍റെ പൊരുളും.

ജീവനുള്ളവരെ മുന്നറിയിപ്പ് നല്‍കുന്നതിനും കാഫിറുകളുടെമേല്‍ ന്യായം സ്ഥാപിതമാകുന്നതിനും വേണ്ടിയാണ് ഉണര്‍ത്തലായ അദ്ദിക്ര്‍ ഇറക്കിയത് എന്ന് 36: 70 ല്‍ പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍റെ കാലത്തുള്ള നിഷേധികള്‍ക്ക് ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥം ലഭിച്ചിരുന്നില്ല. അവര്‍ 74: 49-51 ല്‍ പറഞ്ഞ പ്രകാരം സിംഹഗര്‍ജ്ജനം കേട്ട് വിരണ്ടോടപ്പെടുന്ന കാട്ടുകഴുതകളെപ്പോലെ ടിക്കറ്റായ അദ്ദിക്റില്‍ നിന്ന് വിരണ്ടോടുകയാണ് ചെയ്തത്. എന്നാല്‍ കഴുത ഭാരം പേറുന്നതുപോലെ ഗ്രന്ഥം വഹിക്കുന്ന ഇന്നത്തെ ഫുജ്ജാറുകള്‍ അദ്ദിക്റില്‍ നിന്ന് വിരണ്ടോടുന്നതോടൊപ്പം ജീവനുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനുപകരം മരിച്ചവര്‍ക്ക് പാരായണം ചെയ്ത് കൊടുക്കുകയാണ് ചെയ്യുന്നത്. 30: 52-53 ല്‍, നിശ്ചയം നീ, മരിച്ചവരെയും വിളിക്കുമ്പോള്‍ വിളി കേള്‍ക്കാതെ പിന്തിരിഞ്ഞുപോകുന്ന ചെവി കേള്‍ക്കാത്തവരെയും വഴികേടില്‍ അന്ധരായി വിഹരിക്കുന്ന കുരുടന്മാരെയും കേള്‍പ്പിക്കുകയില്ലെന്നും മറിച്ച് നമ്മുടെ സൂക്തങ്ങള്‍ കൊണ്ട് വിശ്വസിക്കുകയും നമുക്ക് സര്‍വ്വസ്വം സമര്‍പ്പിച്ച് ജീവിക്കുകയും ചെയ്യുന്നവരെ മാത്രമേ കേള്‍പ്പിക്കുകയുള്ളൂ എന്നും പറഞ്ഞിട്ടുണ്ട്. ആശയമറിയാതെ നമസ്കാരത്തിലാണെങ്കിലും ഗ്രന്ഥം പാരായണം ചെയ്താല്‍ വില്ലില്‍ നിന്ന് അമ്പ് തെറിച്ചു പോകുന്ന വേഗത്തില്‍ ദീനില്‍ നിന്നും തെറിച്ചുപോകുന്നതാണെന്നും, അവര്‍ കണ്ട-കേട്ട-വായിച്ച സൂക്തങ്ങള്‍ അവര്‍ക്കെതിരെ സാക്ഷി നില്‍ക്കുകയും വാദിക്കുകയും ചെയ്യുമെന്നും നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചതൊന്നും അവര്‍ പരിഗണിക്കുന്നുമില്ല. 4: 43; 6: 36 വിശദീകരണം നോക്കുക.

ആരാണ് ഗ്രന്ഥം സമര്‍പ്പിക്കുന്ന കാഫിറുകള്‍?

വേദത്തിന്‍റെ ആശയം വന്നുകിട്ടിയതിനുശേഷം അതിന്‍റെ അടിസ്ഥാനത്തില്‍ വിശ്വാസം രൂപപ്പെടുത്താതെയും ജീവിതം അല്ലാഹുവിന് സമര്‍പ്പിക്കാതെയും അതിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ജീവിക്കുന്നവരെയാണ് ഗ്രന്ഥത്തിന്‍റെ അടിസ്ഥാനത്തില്‍ കാഫിറുകള്‍ എന്ന് പറയുന്നത്. (അവര്‍ ദേശ-മത-വേഷ-ഭാഷാപരമായ മുസ്ലിംകളാണെങ്കിലും ശരി.) കാഫിര്‍ എന്ന പദത്തിന്‍റെ അര്‍ത്ഥം നിഷേധിക്കുന്നവന്‍ എന്നാണ്. അദ്ദിക്ര്‍ വന്നുകിട്ടിയതിനുശേഷം അതുകൊണ്ട് അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കേണ്ട വിധം വിശ്വസിക്കാത്തവര്‍, ഗ്രന്ഥം സ്വീകരിക്കുകയും പ്രവാചകനെ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവര്‍, അല്ലാഹുവിന്‍റെ പ്രവാചകന്മാരില്‍ ചിലരെ സ്വീകരിക്കുകയും മറ്റുചിലരെ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവര്‍, ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ ചിലത് സ്വീകരിക്കുകയും ചിലത് തള്ളിക്കളയുകയും ചെയ്യുന്നവര്‍, മക്കയില്‍ അവതരിപ്പിക്കപ്പെട്ട സൂക്തങ്ങള്‍ സ്വീകരിക്കുകയും മദീനയിലുള്ളത് സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവര്‍, അഥവാ അദ്ദിക്റിനെ സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റായി (തദ്കിറഃ) ഉപയോഗപ്പെടുത്താത്ത ആളുകളാണ് യഥാര്‍ത്ഥ സത്യനിഷേധികളെന്നും, അത്തരം കാഫിറുകള്‍ക്ക് അതിനിന്ദ്യമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ടെന്നും 4: 150-151 ല്‍ പറഞ്ഞിട്ടുണ്ട്. 

അദ്ദിക്റിനോട് വിരോധം വെച്ചുകൊണ്ട് 'ഈ വായന നിങ്ങള്‍ കേള്‍ക്കരുത്, നിങ്ങള്‍ അപശബ്ദമുണ്ടാക്കുക, എങ്കില്‍ നിങ്ങള്‍ അതിജയിച്ചേക്കാം' എന്ന് പറഞ്ഞുകൊണ്ട് സാധാരണക്കാരെ അദ്ദിക്റില്‍ നിന്ന് തടയുന്ന, അല്ലാഹുവിന്‍റെയും വിശ്വാസികളുടെയും ശത്രുക്കളായ കപടവിശ്വാസികളായ നേതാക്കളാണ് 41: 26-28 ല്‍ പറഞ്ഞ കാഫിറുകളെങ്കില്‍, അവരെ അന്ധമായി പിന്‍പറ്റി വഴിപിഴച്ചുപോയ ഫാജിറുകളാണ് 29 ല്‍ പറഞ്ഞ കാഫിറുകള്‍. നാഥന്‍റെ സൂക്തങ്ങള്‍ വന്നുകിട്ടിയിട്ട് അവയെ തള്ളിപ്പറയുകയും എല്ലാം പഠിച്ചവരാണെന്ന് അഹങ്കരിക്കുകയും ചെയ്യുന്നവര്‍ 'തങ്ങള്‍ കാഫിറായിരുന്നു' എന്ന് സ്വന്തത്തിനെതിരെ മരണസമയത്ത് സാക്ഷ്യം വഹിക്കുന്നതാണെന്ന് 7: 37 ലും, വിധിദിവസം അപ്രകാരം സാക്ഷ്യം വഹിക്കുന്നതാണെന്ന് 6: 130 ലും പറഞ്ഞിട്ടുണ്ട്. ഈ രണ്ടുകൂട്ടരുടെയും മരണസമയത്ത് അല്ലാഹു അവരോട്: അല്ല, നിശ്ചയം നിനക്ക് എന്‍റെ സൂക്തങ്ങള്‍ വന്നുകിട്ടി, അപ്പോള്‍ നീ അതിനെ തള്ളിപ്പറഞ്ഞു, നീ അഹങ്കരിക്കുകയും ചെയ്തു, നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു എന്ന് പറയുന്നതാണെന്ന് 39: 59 ല്‍ പറഞ്ഞിട്ടുണ്ട്. ഇവരില്‍, എല്ലാം പഠിച്ച് തികഞ്ഞവരാണെന്ന് അഹങ്കരിച്ചിരുന്ന കപടവിശ്വാസികള്‍ 4: 145 പ്രകാരം വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോകുന്നവരാണെങ്കില്‍ അദ്ദിക്റിനെ തള്ളിപ്പറഞ്ഞ കാഫിറുകള്‍, 39: 71 പ്രകാരം വിചാരണക്കുശേഷം കൂട്ടംകൂട്ടമായി നരകത്തിലേക്ക് തെളിക്കപ്പെടുന്നവരാണ്. അദ്ദിക്റിനെത്തൊട്ട് ഇഹലോകത്തുവെച്ച് കണ്ണിന് മൂടിയുള്ളവരും അദ്ദിക്ര്‍ കേള്‍ക്കാന്‍ തയ്യാറില്ലാത്തവരും കാഫിറുകളാണെന്ന് 18: 100-101 ലും, അവര്‍ നാളെ കുരുടന്മാരായിട്ടാണ് പുനര്‍ജീവിപ്പിക്കപ്പെടുക എന്ന് 20: 124-127 ലും പറഞ്ഞിട്ടുണ്ട്. 67: 6-11 കൂട്ടിവായിക്കുക. അല്ലാഹുവിന്‍റെ സന്ദേശമായ അദ്ദിക്ര്‍ ലോകരിലേക്ക് എത്തിച്ചു കൊടുക്കാതെ മൂടിവെക്കുന്ന ഒരു ജനതയെ നിശ്ചയം അല്ലാഹു സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കുകയില്ല എന്ന ആശയത്തോടുകൂടിയാണ് 5: 67 അവസാനിക്കുന്നത്. അദ്ദിക്റില്‍ അല്ലാഹുവിനെ മൂടിവെച്ച് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന കാഫിറുകളോട്: 'നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതരീതി, എനിക്ക് യഥാര്‍ത്ഥ ജീവിതരീതിയും' എന്ന് പ്രഖ്യാപിച്ചുകൊണ്ട് അവരില്‍ നിന്ന് മാറി നില്‍ക്കാനാണ് 109: 6 ലൂടെ പ്രവാചകനോടും വിശ്വാസികളോടും കല്‍പിച്ചിട്ടുള്ളത്.

ഗ്രന്ഥം ലഭിക്കാത്ത, കാണാത്ത, തൊടാത്ത ഒരാളെ കാഫിര്‍ (മൂടിവെച്ചവന്‍) എന്നുപറയാന്‍ ഗ്രന്ഥത്തില്‍ തെളിവില്ല. ഇന്ന് മുസ്ലിം നാമധാരികളായ ഫുജ്ജാറുകള്‍ തങ്ങളെല്ലാം വിശ്വാസികളും ഗ്രന്ഥം തൊടാത്ത ഇതരമതസ്ഥരെല്ലാം കാഫിറുകളുമാണെന്ന തെറ്റായ ധാരണയിലാണുള്ളത്. ഇവരുടെ ജീവിതം കണ്ടിട്ട് ആരെങ്കിലും അദ്ദിക്റിനെ തെറ്റിദ്ധരിക്കുകയും അത് സമര്‍പ്പിക്കുന്ന ജീവിതത്തിലേക്ക് വരാന്‍ മടിക്കുകയും അതിനെതിരില്‍ ശബ്ദിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍, ഭൂരിപക്ഷം വരുന്ന ഇതരമതസ്ഥരെ അദ്ദിക്റില്‍ നിന്ന് തടഞ്ഞതിനുള്ള ശിക്ഷകൂടി വഹിക്കേണ്ടത് നീതിമാനായ അല്ലാഹുവിന്‍റെ കോടതിയില്‍ ഇന്നത്തെ തെമ്മാടികളായ കപടവിശ്വാസികളും അവരാല്‍ നയിക്കപ്പെടുന്ന ഫാജിറുകളുമടങ്ങിയ ഫുജ്ജാറുകളായിരി ക്കും. അവര്‍ ഇനി അദ്ദിക്ര്‍ ഉപയോഗപ്പെടുത്തുമെന്നോ ഇതരജനവിഭാഗങ്ങള്‍ക്ക് മുന്നില്‍ അതിന്‍റെ ജീവിതം സാക്ഷ്യപ്പെടുത്തുമെന്നോ പ്രതീക്ഷിക്കേണ്ടതില്ല. അപ്പോള്‍ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതരജനവിഭാഗങ്ങള്‍, പ്രപഞ്ചം അതിന്‍റെ സന്തുല നത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ സ്വയം വായിച്ചുമനസിലാക്കി അത് ഉപയോഗപ്പെടുത്താനും ലോകര്‍ക്ക് എത്തിച്ചുകൊടുക്കാനും ശ്രമിക്കേണ്ടതാണ്.

ആരാണ് അക്രമികള്‍?

ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ അല്ലാഹു ഉദ്ദേശിക്കാത്ത ആശയത്തില്‍ വളച്ചൊടിക്കുന്ന കപടവിശ്വാസികളും അത് എന്താണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാതെ അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളുമാണ് ഏറ്റവും വലിയ അക്രമികളെന്ന് 6: 21 ലും, ഇത്തരം അക്രമികളും ഭ്രാന്തന്മാരുമായവര്‍ ഒരിക്കലും വിജയം വരിക്കുകയില്ലെന്ന് 10: 17 ലും പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ആരാണ് അല്ലാഹുവിന്‍റെമേല്‍ കള്ളം കെട്ടിച്ചമച്ച് പറയുന്നവനെക്കാള്‍, അല്ലെങ്കില്‍ സത്യമായ അദ്ദിക്ര്‍ വന്നുകിട്ടിയപ്പോള്‍ അതിനെ തള്ളിപ്പറയുന്നവനെക്കാള്‍ ഏറ്റവും വലിയ അക്രമി? ഇത്തരം കാഫിറുകള്‍ക്ക് നരകക്കുണ്ഠത്തില്‍ സ്ഥലം പോരെയോ എന്ന് ചോദിച്ചുകൊണ്ടാണ് 29: 68; 39: 32 എന്നീ സൂക്തങ്ങള്‍ അവസാനിക്കുന്നത്. 2: 254 വിശദീകരണം നോക്കുക. അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികളെയും തള്ളിപ്പറയുന്ന ഫുജ്ജാറുകളെയും -അവര്‍ കുടുംബത്തില്‍ നിന്ന് എത്ര അടുത്തവരാണെങ്കിലും ശരി- ആത്മമിത്രമായി തെരഞ്ഞെടുക്കുന്നവരും അക്രമികളാണെന്ന് 9: 23 ല്‍ പറഞ്ഞിട്ടുണ്ട്. നിശ്ചയം ഇത്തരം അക്രമികളായ ഒരു ജനതയെ അല്ലാഹു സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കുകയില്ല തന്നെ എന്ന ആശയത്തോടെയാണ് 5: 51; 6: 144; 28: 50; 46: 10 എന്നീ സൂക്തങ്ങള്‍ അവസാനിക്കുന്നത്. 32: 22 ല്‍, തന്‍റെ നാഥന്‍റെ സൂക്തങ്ങള്‍ ഹൃദയത്തിന്‍റെ ഭാഷയില്‍ ഓര്‍മ്മിപ്പിച്ചിട്ട് പിന്നെ അതിനെ അവഗണിച്ച് പഴയ ജീവിതം നയിക്കുന്നവനെക്കാള്‍ ഏറ്റവും വലിയ അക്രമി ആരാണുള്ളത്? നിശ്ചയം ഇത്തരം ഭ്രാന്തന്മാരോട് നാം പ്രതികാരം ചെയ്യുകതന്നെ ചെയ്യുന്നതാണ് എന്ന്  പറഞ്ഞിട്ടുണ്ട്. 18: 57 വിശദീകരണം നോക്കുക.

ആരാണ് മുജ്രിംകള്‍ (ഭ്രാന്തന്മാര്‍)?

7: 40 ല്‍, നിശ്ചയം, നമ്മുടെ സൂക്തങ്ങള്‍ കളവാക്കി തള്ളിപ്പറയുന്ന ഫാജിറുകള്‍ക്കും, എല്ലാം പഠിച്ചവരെന്ന് അഹങ്കരിക്കുന്ന അതിനെ മൂടിവെക്കുന്ന കപടവിശ്വാസികള്‍ക്കും അല്ലാഹു ആകാശത്തിന്‍റെ കവാടങ്ങള്‍ തുറന്നുകൊടുക്കുകയോ തുന്നല്‍ക്കാരന്‍റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നതുവരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയോ ഇല്ല, അപ്രകാരമാണ് ഭ്രാന്തന്മാര്‍ക്ക് നാം പ്രതിഫലം കൊടുക്കുക എന്നുപറഞ്ഞിട്ടുണ്ട്. ഇവിടെ അര്‍ഹതയില്ലാതെ പണ്ഡിതരെന്ന് അഹങ്കരിച്ച് ജീവിച്ചിരുന്ന കപടവിശ്വാസികള്‍, അവരെ പിന്‍പറ്റിക്കൊണ്ട് ജീവിച്ചിരുന്ന ബലഹീനന്മാരെ ചൂണ്ടിക്കൊണ്ട് പരലോകത്തുവെച്ച്: സന്മാര്‍ഗമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് നിങ്ങളെ അതില്‍ നിന്ന് തടഞ്ഞത് ഞങ്ങളായിരുന്നുവോ? അല്ല, നിങ്ങള്‍ ഭ്രാന്തന്മാരായ ഒരു ജനത തന്നെയായിരുന്നു എന്ന് പറയുന്ന രംഗം 34: 32 ലും, വഴികേടില്‍ ജീവിച്ചിരുന്ന ബലഹീനന്മാര്‍: ഞങ്ങളെ വഴിപിഴപ്പിച്ചവര്‍ ഭ്രാന്തന്മാരല്ലാതെയല്ല എന്ന് കപടവിശ്വാസികളായ നേതാക്കളെക്കുറിച്ച് പറയുന്ന രംഗം 26: 99 ലും, നരകത്തിലെ ശിക്ഷയില്‍ പങ്കുചേരുന്ന നേതാക്കളും അനുയായികളുമടങ്ങുന്ന ഭ്രാന്തന്മാരെക്കുറിച്ച്: നിശ്ചയം ഭ്രാന്തന്മാരോട് നാം (അല്ലാഹു) അപ്രകാരം തന്നെയാണ് പ്രവര്‍ത്തിക്കുക എന്ന് പറയുന്ന രംഗം 37: 34 ലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിധിദിവസം, അദ്ദിക്ര്‍ മൂടിവെച്ച് ചിന്തയില്ലാതെ ഇവിടെ ജീവിച്ചവരോട്: കാഫിറുകളേ! നിങ്ങളുടെ മേല്‍ എന്‍റെ സൂക്തങ്ങള്‍ വിവരിച്ചു നല്‍കപ്പെട്ടിട്ടുണ്ടായിരുന്നില്ലേ, അപ്പോള്‍ നിങ്ങള്‍ അഹങ്കരിച്ചു, നിങ്ങള്‍ ഒരു ഭ്രാന്തന്മാരായ ജനത തന്നെയായിരുന്നു എന്ന് പറയപ്പെടുന്ന രംഗം 45: 31 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഗ്രന്ഥത്തില്‍ 52 സ്ഥലങ്ങളില്‍ ഭ്രാന്തന്മാരെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ബുദ്ധിശക്തിയുണ്ടായിട്ട് അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി ജീവിതലക്ഷ്യം തിരിച്ചറിയാത്ത കപടവിശ്വാസികളെയും അവരെ അന്ധമായി പിന്‍പറ്റുന്ന പ്രജ്ഞയറ്റവരെയുമാണ് അവിടെയെല്ലാം ഉദ്ദേശിക്കുന്നത്. എന്നാല്‍ 'ബുദ്ധിശക്തി നഷ്ടപ്പെട്ടവരാണ് ഭ്രാന്തന്മാര്‍, അവര്‍ക്ക് കര്‍മങ്ങളൊന്നും നിര്‍ബന്ധമില്ല എന്നാണ്' കര്‍മശാസ്ത്രപടുക്കള്‍ പറഞ്ഞിട്ടുള്ളത് എന്നുപറഞ്ഞ്, ജൂതന്മാര്‍ എഴുതിയുണ്ടാക്കിയ അര്‍ത്ഥം പിന്‍പറ്റുന്നവരാണ് അല്ലാഹു കൊന്നുകളഞ്ഞ കപടവിശ്വാസികള്‍. 36: 59-62 വിശദീകരണം നോക്കുക. അദ്ദിക്റില്‍ നിന്ന് ഊരിപ്പോയി പിശാചിന്‍റെ പിടിയിലകപ്പെട്ട് ലക്ഷ്യബോധം നഷ്ടപ്പെട്ട ഇത്തരം കപടവിശ്വാസികളെയും അദ്ദിക്റിനെ തള്ളിപ്പറയുന്ന പ്രജ്ഞയറ്റ ജനതയെയും ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത നായയോടാണ് 7: 175-176 ല്‍ ഉപമിച്ചിട്ടുള്ളത്. അക്കൂട്ടരെക്കുറിച്ച് തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് ഒരുമിച്ച് കൂട്ടപ്പെടാനുള്ളവരും എറ്റവും തിന്മയേറിയ സ്ഥാനത്തുള്ളവരും ഏറ്റവും വഴിപിഴച്ചവരുമാണെന്ന് 25: 34 ലും, നിശ്ചയം അല്ലാഹുവിന്‍റെയടുക്കല്‍ ജീവജാലങ്ങളില്‍ വെച്ച് ഏറ്റവും ദുഷ്ടജീവികള്‍ ബുദ്ധിയുപയോഗിച്ച് ചിന്തിക്കാത്തവരായ ബധിരരും ഊമകളുമാകുന്നു എന്ന് 8: 22 ലും പറഞ്ഞിട്ടുണ്ട്. 7: 179; 10: 7-8 വിശദീകരണം നോക്കുക.

ആരാണ് കപടവിശ്വാസികള്‍? തെമ്മാടികള്‍?

ഭൗതികജീവിതത്തില്‍ ആകൃഷ്ടരായി, അദ്ദിക്ര്‍ ലഭിച്ചിട്ട് അതിനെ മൂടിവെച്ചുകൊണ്ടും വളച്ചൊടിച്ചുകൊണ്ടും നരകകവാടത്തില്‍ നിന്നുകൊണ്ട് ജനങ്ങളെ അതിലേക്ക് വിളിച്ചുകൊണ്ടിരിക്കുന്ന മുസ്ലിം നാമധാരികളായ പണ്ഡിതന്മാരാണ് മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികള്‍ (മുനാഫിഖുകള്‍). അല്ലാഹുവിനെ തിരിച്ചറിയാനും അവരവരെ തിരിച്ചറിയാനും ജീവിതലക്ഷ്യം തിരിച്ചറിയാനുമുള്ള ഉപകരണമായ അദ്ദിക്ര്‍ തെമ്മാടികളല്ലാതെ മൂടിവെക്കുകയില്ലെന്ന് 2: 99 ലും, അല്ലാഹുവിനെ മറക്കുക വഴി അവരവരെത്തന്നെ മറന്നുകളഞ്ഞ അക്കൂട്ടര്‍ തന്നെയാണ് തെമ്മാടികള്‍ എന്ന് 59: 19 ലും, നിശ്ചയം കപടവിശ്വാസികള്‍, അവര്‍ തന്നെയാണ് തെമ്മാടികളെന്ന് 9: 67 ലും പറഞ്ഞിട്ടുണ്ട്. വായ തുറന്നാല്‍ കളവ് പറയുക, വിശ്വസിച്ചാല്‍ വഞ്ചിക്കുക, വാഗ്ദത്തം ചെയ്താല്‍ പാലിക്കാതിരിക്കുക എന്നിവ കപടവിശ്വാസികളുടെ പ്രത്യക്ഷലക്ഷണങ്ങളാണെന്ന് നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. കപടവിശ്വാസികള്‍ അവരുടെ പ്രതിജ്ഞകള്‍ ഒരു പരിചയായി തെരഞ്ഞെടുത്തവരാണെന്ന് 63: 2 ല്‍ പറഞ്ഞിട്ടുണ്ട്. വായ പൊളിച്ചാല്‍ കളവുപറയുന്ന അവര്‍, പ്രവര്‍ത്തിക്കുന്നത് പറയാത്തവരും പറയുന്നത് പ്രവര്‍ത്തിക്കാത്തവരുമാണ്. 'അല്ലാഹു ഏറ്റവും ഉന്നതനാണ്' (അല്ലാഹു അക്ബര്‍) എന്നാണ് അവര്‍ പറയുന്നതെങ്കില്‍ പോലും പ്രായോഗികജീവിതത്തില്‍ അത് അംഗീകരിക്കാത്തതുകൊണ്ട് അത് കളവായിരിക്കും. ഇസ്ലാമും ഗ്രന്ഥവുമെല്ലാം നല്ലതുതന്നെയാണ്, ഞങ്ങളെക്കണ്ട് നിങ്ങള്‍ ഇസ്ലാമിനെ വിലയിരുത്തരുത്, അഥവാ കറി നല്ലതുതന്നെയാണ്, പക്ഷേ ഞങ്ങള്‍ക്കുവേണ്ട, നിങ്ങള്‍ ഒഴിച്ചാല്‍ മതി എന്ന മട്ടിലാണ് ഇസ്ലാമിനോടും അദ്ദിക്റിനോടുമുള്ള അവരുടെ സമീപനം. നരകശിക്ഷയെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ജനങ്ങളെ കാണിക്കുന്നതിനുവേണ്ടി വിതുമ്പുകയും പൊട്ടിക്കരയുകയുമെല്ലാം ചെയ്യുമെങ്കിലും അവരുടെ പ്രായോഗിക ജീവിതമേഖലകളില്‍ ആ ബോധം ഒട്ടും നിഴലിക്കുകയില്ല. 

പരസ്യജീവിതം ആകര്‍ഷകവും രഹസ്യജീവിതം വളരെ മലീമസവുമായ ഇത്തരം കപടവിശ്വാസികള്‍ ഇസ്ലാമികസാഹിത്യങ്ങളെന്ന പേരില്‍ രചിച്ചിട്ടുള്ള പുസ്തകങ്ങളും അവരുടെ ജീവിതപൈതൃകങ്ങളും പിശാചിന്‍റെ കേന്ദ്രമായ നരകത്തിലേക്കാണ് ജനങ്ങളെ മാര്‍ഗദര്‍ശനം ചെയ്യുന്നത്. ദീനില്‍ നിന്ന് പോയവര്‍ (മദ്ഹബുകള്‍) എഴുതിയുണ്ടാക്കിയിട്ടുള്ള കര്‍മശാസ്ത്രഗ്രന്ഥങ്ങളും 'നബിവചനങ്ങളും നബിയുടെമേല്‍ കള്ളവാദികള്‍ കെട്ടിച്ചമച്ചുണ്ടാക്കിയ വചനങ്ങളും കൂടിക്കലര്‍ന്ന നബിവചന ഗ്രന്ഥങ്ങളും' അല്ലാഹു ഇറക്കിയ ദീനിനെ ആത്മാവില്ലാത്ത ജഡമാക്കി മാറ്റുന്നതിനാലും മനുഷ്യനെ അവന്‍റെ ജീവിതലക്ഷ്യം കണ്ടെത്തുന്നതില്‍ നിന്ന് തടയുന്നതിനാലും അവ മനുഷ്യരെ നരകത്തിലേക്കാണ് പിടിച്ചുവലിച്ച് കൊണ്ടുപോവുക. ആശയം പിടികിട്ടാത്തവര്‍ക്ക് അത്തരം രചനകള്‍ വളരെ ആകര്‍ഷകമായി തോന്നാമെങ്കിലും അവര്‍ 24: 39 ല്‍ ചിത്രീകരിച്ച, മരുഭൂമിയില്‍ അകപ്പെട്ട ദാഹിച്ചുവലഞ്ഞ ഒരുവന്‍ വെള്ളം അന്വേഷിച്ച് അവസാനം മരീചിക കണ്ട് വഞ്ചിതനായി വെള്ളം കിട്ടാതെ മരണപ്പെടുന്ന കാഫിറിനെപ്പോലെ ലക്ഷ്യത്തിലെത്താതെ ജീവിതം നഷ്ടപ്പെടുത്തുന്നതാണ്. ഇസ്ലാമിന്‍റെ പേരില്‍ പുരോഗമന ആശയമെന്ന വ്യാജേന കപടവിശ്വാസികള്‍ നടപ്പിലാക്കുന്ന വിവിധ സംരംഭങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, രമ്യഹര്‍മ്യങ്ങളായ ആരാധനാലയങ്ങള്‍, പത്രമാധ്യമങ്ങള്‍, ആതുരാലയങ്ങള്‍, അനാഥാലയങ്ങള്‍, ഇസ്ലാമിക് ബാങ്ക്, അച്ചടക്കമുള്ള സംഘടനാ സംവിധാനങ്ങള്‍ തുടങ്ങിയവയും പ്രത്യക്ഷത്തില്‍ ഗുണകരമാണെന്ന് തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ അവ നാശമാണുണ്ടാക്കുക എന്ന് അദ്ദിക്റിനെ ഉള്‍ക്കാഴ്ചാദായകമായി ഉപയോഗപ്പെടുത്തുന്നവര്‍ക്ക് മനസ്സിലാക്കാം. ഭൗതികലക്ഷ്യത്തോടെയുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ സ്രഷ്ടാവിന്‍റെ തൃപ്തിയിലുള്ളതോ മനുഷ്യരുടെ ഐക്യം ലക്ഷ്യം വെച്ചുകൊണ്ടുള്ളതോ അല്ലാത്തതിനാല്‍ അവ ഛിദ്രതയും ഭിന്നിപ്പും അസൂയയും സാമുദായികതയും വര്‍ഗീയതയും വളര്‍ത്തുകയാണ് ചെയ്യുക. അവരും അവരെ അന്ധമായി പിന്‍പറ്റി വഴിപിഴച്ചുപോയ അനുയായികളുമെല്ലാം ജീവിതം കൊണ്ട് മുഹമ്മദ് നബിയെ അന്ത്യപ്രവാചകനായി അംഗീകരിക്കാത്തവരും 'മുസൈലിമത്തുല്‍ കദ്ദാബ് മുതല്‍ മസീഹുദ്ദജ്ജാല്‍ വരെ മുപ്പത് കള്ളവാദികള്‍ വരുമെന്ന്' പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കിയ കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരുമാണ്. 2: 79 വിശദീകരണം നോക്കുക. 

അല്ലാഹുവില്‍ നിന്നുള്ള പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്ര്‍ മുറുകെപ്പിടിച്ച് ഏകസംഘമായി നിലകൊള്ളാനാണ് ഗ്രന്ഥം കല്‍പിക്കുന്നതെങ്കില്‍; പരസ്പരമുള്ള പോര് നിമിത്തം വിവിധ സംഘടനകളായി ഭിന്നിക്കുകയും ഇതരജനവിഭാഗങ്ങളുടെ മുമ്പില്‍ പുറംപൂച്ചായി ഐക്യം അഭിനയിക്കുകയും ചെയ്യുന്നവരാണവര്‍. നോമ്പ്, പെരുന്നാള്‍, അറഫാദിനം എന്നിവ ഖിബ്ല അംഗീകരിച്ചുകൊണ്ട് യഥാര്‍ത്ഥ ദിവസത്തിലേക്ക് കൊണ്ടുവരുന്നതിനുപകരം തെറ്റായ ദിവസത്തിലേക്ക് മാറ്റുന്നതിനാണ് അവര്‍ ഐക്യപ്പെടുന്നതെന്ന് കാണാം. മുന്‍കാലത്ത് ഇവരിലെ പുരോഹിതന്മാരാണ് ഈ കെട്ടജനതക്ക് നേതൃത്വം കൊടുത്തിരുന്നതെങ്കില്‍ ഇന്ന് അവരിലെ പ്രമാണിമാരുടെയും പണക്കാരുടെയും പുരോഹിതന്മാരുടെയും ഏകോപനമാണ് നേതൃത്വം കയ്യാളുന്നത്. സൂര്യനെയോ ചന്ദ്രനെയോ നിങ്ങള്‍ അനുസരിക്കരുത്, അവയെ സൃഷ്ടിച്ച നാഥനെയാണ് (അവന്‍റെ ചര്യയായ അദ്ദിക്റിനെയാണ്) നിങ്ങള്‍ അനുസരിക്കേണ്ടത് എന്ന് 41: 37 ല്‍ വായിക്കുന്ന ഈ ജനത തന്നെയാണ് ആശയമില്ലാത്തതിനാല്‍ ചന്ദ്രന് സുജൂദ് ചെയ്യുന്ന ഏകജനതയായി അധഃപതിച്ചിട്ടുള്ളത്. ചിന്താശേഷി നഷ്ടപ്പെട്ട ഇവര്‍, ഇന്ന് പ്രവാചകന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഏത് നാളിലായിരിക്കും ഇവയെല്ലാം ആചരിക്കുക എന്നോ ലോകത്തെവിടെയും ദിവസം മാറുന്നില്ല എന്നോ ബോധമില്ലാത്തവരാണ്. 5: 2 ല്‍, നിങ്ങള്‍ പുണ്യത്തിലും ഭക്തിയിലും പരസ്പരം സഹകരിക്കുവീന്‍ എന്ന് പഠിപ്പിച്ചതിന് വിരുദ്ധമായി തിന്മയിലും ശത്രുതയിലുമാണ് അവര്‍ പരസ്പരം സഹകരിക്കുന്നത്. അങ്ങനെ ജൂത-ക്രൈസ്തവരെ ചാണിനുചണായി പിന്‍പറ്റുമെന്ന് പ്രവാചകന്‍ പഠിപ്പിച്ചത് അവരില്‍ പുലര്‍ന്നതായി കാണാം. ചുരുക്കത്തില്‍ മലവെള്ളപ്പാച്ചിലിലുള്ള നുരകള്‍ക്കും പതകള്‍ക്കും സമാനമായ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്റിലൂടെ തിരിച്ചറിയുന്നവര്‍ക്ക് മാത്രമേ ആദം സന്തതികള്‍ക്കുള്ള ഏറ്റവും വലിയ ഫിത്നയായിരിക്കുമെന്ന് പ്രവാചകന്‍ പഠിപ്പിച്ച മസീഹുദ്ദജ്ജാലിന്‍റെ ഫിത്ന തിരിച്ചറിയാന്‍ സാധിക്കുകയുള്ളു. 2: 189; 13: 16-17 വിശദീകരണം നോക്കുക. 

കപടവിശ്വാസികള്‍ അല്ലാഹുവിന്‍റെയും വിശ്വാസിയുടെയും ശത്രുക്കളാണെന്ന് 63: 4 ലും, അവര്‍ക്ക് പ്രവാചകനോ വിശ്വാസിയോ പൊറുക്കലിനെ തേടിയിട്ട് കാര്യമില്ല, അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുകയില്ല, നിശ്ചയം അല്ലാഹു തെമ്മാടികളായ ഒരു ജനതയെ സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കുകയില്ല തന്നെ എന്ന് 63: 6 ലും, കപടവിശ്വാസികള്‍ക്ക് വേണ്ടി പൊറുക്കലിനെത്തേടാനോ മയ്യിത്ത് നമസ്കരിക്കാനോ വിശ്വാസികള്‍ക്ക് പാടില്ലെന്ന് 9: 84 ലും പറഞ്ഞിട്ടുണ്ട്. 9: 80 വിശദീകരണം നോക്കുക. അവര്‍ മാലിന്യമാണ്, അതുകൊണ്ട് അവരെ വെടിയുക എന്ന് 9: 95 ലും, അദ്ദിക്ര്‍ അവര്‍ക്ക് മാലിന്യത്തിന്‍ മേല്‍ മാലിന്യമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല, അവര്‍ കാഫിറായിക്കൊണ്ട് ജീവന്‍ വെടിഞ്ഞിരിക്കുന്നു എന്ന് 9: 125 ലും, അവര്‍ വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോകുന്നവരാണെന്ന് 4: 145 ലും പറഞ്ഞിട്ടുണ്ട്. 9: 53-55; 17: 82 വിശദീകരണം നോക്കുക.

ആരാണ് അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവര്‍:

അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കുമ്പോള്‍ മാത്രമേ ഒരുവന്‍ അല്ലാഹുവിന്‍റെ ഏകത്വത്തില്‍ വിശ്വസിക്കേണ്ട വിധം വിശ്വസിക്കുന്നവനാവുകയുള്ളൂ. 'അല്ലാഹ്' എന്ന് വിളിക്കാന്‍ അറിഞ്ഞിട്ട് അവനെ പരിഗണിക്കേണ്ട വിധം പരിഗണിക്കാതെ, അവന്‍ കാണുന്നില്ല അറിയുന്നില്ല എന്ന നിലപാട് സ്വീകരിച്ച് ജീവിക്കുന്നവരാണ് അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവര്‍. കാണാതെ കണ്ട് വിളിച്ചുപ്രാര്‍ത്ഥിക്കാനും അഭയം തേടാനും സഹായം തേടാനും ഭരമേല്‍പിക്കാനും ഭയപ്പെടാനും ജീവിതത്തെക്കുറിച്ച് ഉത്തരം പറയാനും അര്‍ഹനായിട്ടുള്ള ഏക ഇലാഹായ അല്ലാഹുവിനെ പരിചയപ്പെടുത്താനാണ് 6236 സൂക്തങ്ങളും അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് എന്നിരിക്കെ, അവനെ വിളിച്ചുപ്രാര്‍ത്ഥിക്കാതെ ആപത്തുവിപത്ത് ഘട്ടങ്ങളിലും വീഴാന്‍ പോകുമ്പോഴും അവന്‍റെ സൃഷ്ടികളായ മുഹമ്മദ്, ഈസാ, മൂസാ തുടങ്ങിയ പ്രവാചകന്മാരെയോ ബദ്രീങ്ങള്‍ പോലെയുള്ള അവന്‍റെ മാര്‍ഗത്തില്‍ വധിക്കപ്പെട്ട രക്തസാക്ഷികളെയോ മുഹ്യുദ്ദീന്‍ ശൈഖ് പോലെയുള്ള മഹാത്മാക്കളെയോ വിളിച്ച് പ്രാര്‍ത്ഥിക്കലും, അത്തരം ആളുകളെ അല്ലാഹുവിലേക്ക് അടുപ്പിക്കാനുള്ള ഇടയാളന്മാരും ശുപാര്‍ശക്കാരുമായി സങ്കല്‍പിക്കലും അവരെ ബഹുമാനിച്ചില്ലെങ്കില്‍ അവരുടെ ഗുരുത്വക്കേട് ബാധിക്കുമെന്ന് ഭയപ്പെടലും അവരുടെ പേരില്‍ നേര്‍ച്ച വഴിപാടുകള്‍ അര്‍പ്പിക്കലും ശിര്‍ക്കില്‍ (അല്ലാഹുവിനെക്കൊണ്ട് പങ്കുചേര്‍ക്കല്‍) പെട്ടതാണ്. 

ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള മനുഷ്യര്‍ക്ക് അല്ലാഹു തൃപ്തിപ്പെട്ട, 5: 56 ലും 58: 22 ലും പറഞ്ഞ അല്ലാഹുവിന്‍റെ ഏകസംഘത്തില്‍ പെടാതെ വിവിധ സംഘടനകളായി പിരിഞ്ഞ് 30: 31-32; 58: 19 സൂക്തങ്ങളില്‍ പറഞ്ഞ പിശാചിന്‍റെ സംഘത്തില്‍ പെട്ട, അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളിലെ എല്ലാ സംഘടനകളും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന മുശ്രിക്കുകളാണ്. അഥവാ അല്ലാഹുവിന്‍റെ ദീനില്‍ പങ്കുചേര്‍ക്കുന്നതും ശിര്‍ക്ക് തന്നെയാണ് എന്നര്‍ത്ഥം. നിര്‍ബന്ധദാനം (സകാത്ത്) നല്‍കല്‍, അനാഥസംരക്ഷണം, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ എന്നിവക്കെല്ലാം സാമുദായികാടിസ്ഥാനത്തില്‍ വ്യക്തികളെ തെരഞ്ഞെടുക്കുന്നവരും ഒരു സമുദായത്തിന്‍റെ മാത്രം അവകാശങ്ങള്‍ക്കായി സമുദായസംഘടനകള്‍ ഉണ്ടാക്കുന്നവരും ഇതരജനവിഭാഗങ്ങളോടുള്ള ഇടപാടുകളില്‍ സൂക്ഷ്മത പുലര്‍ത്തേണ്ടതില്ലെന്ന് നിലപാടുള്ളവരും അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവര്‍ തന്നെയാണ്. കാരണം അഖിലപ്രപഞ്ചവും സൃഷ്ടിച്ച് പരിപാലിക്കുന്ന ഏകസ്രഷ്ടാവിന്‍റെ സൃഷ്ടികളാണ് ജാതി-മത-ഭാഷാ-ദേശ ഭേദമന്യേ എല്ലാ മനുഷ്യരും എന്ന ബോധമില്ലാത്തവരും ജൂതന്മാരെ ചാണിന് ചാണായി പിന്‍പറ്റുന്നവരുമാണ് അവര്‍. ഇതരജനവിഭാഗങ്ങളെല്ലാം മറ്റേതോ സ്രഷ്ടാവിന്‍റെ സൃഷ്ടികളാണെന്ന തരത്തിലാണ് പ്രായോഗികമായി അവരുടെ നിലപാട്. ചുരുക്കത്തില്‍ അദ്ദിക്റില്‍ നിന്ന് അല്ലാഹുവിന്‍റെ സ്വഭാവം മനസ്സിലാക്കി അവന്‍റെ പ്രതിനിധികളായി ഇവിടെ ജീവിക്കുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസികളല്ലാത്ത എല്ലാ ഫുജ്ജാറുകളും പിശാച് പാട്ടിലാക്കിയ നരകത്തിലേക്കുള്ള ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതില്‍ പെടുന്ന യഥാര്‍ത്ഥ കാഫിറുകളും മുശ്രിക്കുകളുമാണ്. കപടവിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന പുരുഷന്മാരെയും സ്ത്രീകളെയും ശിക്ഷിക്കുന്നതിന് വേണ്ടിയാണ് അമാനത്തായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് 33: 73 ല്‍ പറഞ്ഞിട്ടുണ്ട്. 4: 118; 48: 6; 98: 6 വിശദീകരണം നോക്കുക. 

ആരാണ് വേദക്കാര്‍ (അഹ്ലുല്‍ കിതാബ്)?

വേദത്തിന്‍റെ ആളുകളാണെന്ന് അഭിമാനിക്കുകയും എന്നാല്‍ അത് പിന്‍പറ്റാതെ ചര്യാപരമായ ആരാധനാചാരങ്ങള്‍ കൊണ്ടുനടക്കുകയും ചെയ്തിരുന്ന നബിയുടെ കാലത്തെ ജൂതരേയും ക്രൈസ്തവരേയുമാണ് അഹ്ലുല്‍ കിതാബ് എന്ന പദം കൊണ്ട് വിവക്ഷിച്ചിരുന്നത്. എന്നാല്‍ ഇന്ന് എല്ലാ മനുഷ്യര്‍ക്കുമുള്ള വേദം അദ്ദിക്ര്‍ മാത്രമായതുകൊണ്ട് ഗ്രന്ഥത്തിന്‍റെ ആളുകളാണെന്ന് ദുരഭിമാനിക്കുന്നവര്‍ക്കാണ് പ്രസ്തുത വിശേഷണം ചേരുന്നത്. 62: 5 ല്‍ പറഞ്ഞ പ്രകാരം ഗ്രന്ഥം കഴുതകളെപ്പോലെ വഹിക്കുന്ന അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന ഫാജിറുകളേക്കാള്‍ അവരിലെ പുരോഗമനപ്രസ്ഥാനങ്ങളാണെന്ന് വാദിക്കുന്നവരാണ് ഇന്നത്തെ അഹ്ലുല്‍ കിതാബ്. വേദക്കാരെ വിമര്‍ശിച്ച് ഗ്രന്ഥം പറഞ്ഞ കാര്യങ്ങള്‍ അവരിലാണ് പുലര്‍ന്നുകാണുന്നത്. നിശ്ചയം വേദക്കാരില്‍ നിന്നുള്ള കാഫിറുകളായിട്ടുള്ളവരും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരും നരകക്കുണ്ഠത്തിലെ തീയില്‍ നിത്യവാസികളാകുന്നു, അക്കൂട്ടര്‍ തന്നെയാണ് കരയിലെ നികൃഷ്ടജീവികള്‍ എന്ന് 98: 6 ലും, നിശ്ചയം അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും തിന്മയേറിയ ജീവികള്‍ ചിന്താശേഷി ഉപയോഗപ്പെടുത്താത്ത ഊമകളും ബധിരരുമായ കാഫിറുകളാണെന്ന് 8: 22, 55 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. 2: 111, 113; 5: 18 വിശദീകരണം നോക്കുക. 

ആരാണ് ഫുജ്ജാറുകള്‍?

പ്രവാചകന്‍റെ വിയോഗത്തിന്‍റെ 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഇസ്ലാം പിരിയുടയുമെന്നും പിന്നെ ഗ്രന്ഥം വായിക്കുന്നവര്‍ ഫാജിര്‍, കാഫിര്‍, മുഅ്മിന്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായിരിക്കുമെന്നും നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 1) ഫാജിര്‍:- അവന്‍ ഖുര്‍ആന്‍ തിന്നും, അല്ലെങ്കില്‍ ഖുര്‍ആന്‍ കൊണ്ട് തിന്നും. 'ഖുര്‍ആന്‍ തിന്നുക' എന്നതിന്‍റെ വിവക്ഷ, പുണ്യം ലഭിക്കുന്നതിനുവേണ്ടി ഗ്രന്ഥത്തിന്‍റെ അര്‍ത്ഥവും ആശയവുമില്ലാതെ അറബി ശരീരം ആദ്യം മുതല്‍ അവസാനം വരെ പാരായണം ചെയ്ത് തീര്‍ക്കുക എന്നാണ്. 'ഖുര്‍ആന്‍ കൊണ്ട് തിന്നുക' എന്നതിന്‍റെ വിവക്ഷ, ഗ്രന്ഥം അവതരിപ്പിക്കപ്പെട്ടതിന്‍റെ ലക്ഷ്യത്തിന് വിരുദ്ധമായി മരിച്ചവര്‍ക്ക് ഓതിക്കേള്‍പ്പിച്ച് പണം വാങ്ങിത്തിന്നുക, കുട്ടികള്‍ക്ക് ഗ്രന്ഥത്തിന്‍റെ ശരീരം പഠിപ്പിച്ചോ നമസ്കാരത്തിന് ഇമാമത്ത് നിന്നോ ശമ്പളം വാങ്ങിത്തിന്നുക, പിഞ്ഞാണങ്ങളിലും കടലാസുകളിലും തകിടുകളിലും (ഉറുക്ക്, നറുക്ക്, ഏലസ്സ്) ഗ്രന്ഥത്തിന്‍റെ സൂക്തങ്ങള്‍ എഴുതിക്കൊടുത്ത് പണം വാങ്ങിത്തിന്നുക എന്നെല്ലാമാണ്. 2) കാഫിര്‍:- ഗ്രന്ഥത്തിന്‍റെ ആശയമറിഞ്ഞിട്ട് അതിനെ മൂടിവെക്കുന്ന കപടവിശ്വാസി. 3) മുഅ്മിന്‍ (വിശ്വാസി):- ആശയം മനസ്സിലാക്കി അത് പിന്‍പറ്റുന്നവന്‍. ഗ്രന്ഥം വായിക്കുന്ന ഈ മൂന്ന് വിഭാഗങ്ങളില്‍ വിശ്വാസിക്ക് മാത്രമേ അതുകൊണ്ട് പ്രയോജനം ലഭിക്കുകയുള്ളൂ. കപടവിശ്വാസികള്‍ക്ക് ഗ്രന്ഥത്തിന്‍റെ മൊത്തം ആശയമറിഞ്ഞിട്ടും പ്രയോജനമൊന്നും ലഭിക്കുകയില്ല. മുനാഫിഖും ഫാജിറും അവരുടെ വയറുകളില്‍ തീയാണ് നിറക്കുന്നതെന്ന് 2: 174 ലും, അവര്‍ക്ക് ഗ്രന്ഥം വായിക്കുക വഴി മാലിന്യവും അകല്‍ച്ചയുമാണ് വര്‍ദ്ധിക്കുക എന്ന് 9: 125 ലും പറഞ്ഞിട്ടുണ്ട്. വിശ്വാസികള്‍ക്ക് അദ്ദിക്ര്‍ കാരുണ്യവും രോഗശമനവുമാണെന്നും അക്രമികള്‍ക്ക് അത് നഷ്ടമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ലെന്നും 17: 82 ലും പറഞ്ഞിട്ടുണ്ട്. ജനങ്ങളില്‍ വെച്ച് ഏറ്റവും വലിയ ദുഷ്ടന്‍ ഗ്രന്ഥം ആദ്യം മുതല്‍ അവസാനം വരെ വായിച്ചിട്ട് അതില്‍ നിന്ന് ഒന്നും ലഭിക്കാത്ത ഫാജിറാണ് എന്ന് നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. വിചാരണയില്ലാതെ നരകത്തില്‍ പോകുന്ന കപടവിശ്വാസിയെ അല്ലാഹു വധിച്ചുകളഞ്ഞിട്ടുള്ളതുകൊണ്ടാണ് ഏറ്റവും വലിയ ദുഷ്ടന്‍ കപടവിശ്വാസിയാണെന്ന് പറയുന്നതിനുപകരം ഫാജിറാണെന്ന് പറഞ്ഞിട്ടുള്ളത്. 

ഫാജിറിന്‍റെ ബഹുവചനമാണ് ഫുജ്ജാര്‍, എങ്കിലും ഫുജ്ജാറുകളില്‍ നരകത്തിന്‍റെ അടിത്തട്ടില്‍ പോകുന്നവരായ കപടവിശ്വാസികളും കാഫിറുകളായ അവരുടെ അനുയായികളും ഉള്‍പ്പെടുന്നതാണ്. 1: 7 ല്‍ പറഞ്ഞ കോപിക്കപ്പെട്ടവര്‍ കപടവിശ്വാസികളും വഴിപിഴച്ചുപോയവര്‍ ഫാജിറുകളുമാണ്. ഈ രണ്ട് കൂട്ടരും ഉള്‍പ്പെടുന്ന ഫുജ്ജാറുകളുടെ പട്ടിക സിജ്ജീനിലാണെന്ന് 83: 7 ലും, നിശ്ചയം ഫുജ്ജാറുകള്‍ ജ്വലിക്കുന്ന നരകത്തിലേക്കാണെന്ന് 82: 14 ലും പറഞ്ഞിട്ടുണ്ട്. ഫുജ്ജാറുകളില്‍ നിന്നുള്ള ഓരോ വിഭാഗത്തെയും നരകകുണ്ഠത്തിന്‍റെ 7 വാതിലുകളില്‍ ഒന്നിലേക്ക് നിജപ്പെടുത്തി വെച്ചിട്ടുണ്ടെന്ന് 15: 44 ലും പറഞ്ഞിട്ടുണ്ട്. ഇന്ന് ലോകമുസ്ലിംകളില്‍ ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പതും ഫുജ്ജാറുകളിലാണ് ഉള്‍പ്പെടുക.

എന്തുകൊണ്ട് ഗ്രന്ഥം?

മനുഷ്യരെല്ലാം ആഗ്രഹിക്കുന്ന ഒന്നാണ് സമാധാന ജീവിതം. അതിനുവേണ്ടി മനുഷ്യര്‍ സര്‍വ്വസ്രഷ്ടാവിന്‍റേതല്ലാത്ത പലതരം നിയമങ്ങളും വ്യവസ്ഥകളുമെല്ലാം രൂപപ്പെടുത്തുകയും നടപ്പിലാക്കുകയും ചെയ്തുവരുന്നുണ്ട്. എന്നാല്‍ ബുദ്ധിശക്തിയും സ്വാതന്ത്ര്യവും നല്‍കപ്പെട്ട മനുഷ്യരെ നിയന്ത്രിക്കുന്നതിനും സമാധാന ജീവിതം ഉറപ്പ് വരുത്തുന്നതിനും മനുഷ്യന്‍ തന്നെയുണ്ടാക്കുന്ന അത്തരം വ്യവസ്ഥകളൊന്നും വേണ്ടത്ര ഫലപ്രദമാകുന്നില്ലെന്ന് കാണാം. ഭിന്നതയും ഛിദ്രതയും അക്രമപ്രവര്‍ത്തനങ്ങളും തീവ്രവാദവും രക്തച്ചൊരിച്ചിലുമെല്ലാം ലോകത്ത് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച് വരുന്നതായിട്ടാണ് കാണുന്നത്. മനുഷ്യന്‍റെ സ്വൈരജീവിതത്തിന് വിഘാതമുണ്ടാക്കുന്ന വര്‍ഗീയത, ദേശീയത, വംശീയത, ലിംഗപക്ഷപാതം തുടങ്ങിയവയും; മനുഷ്യനില്‍ മൃഗീയതയും പൈശാചികതയും വളര്‍ത്തുന്ന സ്വാര്‍ത്ഥത, സ്വജനപക്ഷപാതം, അസൂയ, അഹങ്കാരം, അഹന്ത, പൊങ്ങച്ചം, പുറംപൂച്ച് നടിക്കല്‍, കള്ള്, കഞ്ചാവ്, മയക്കുമരുന്ന്, സ്വവര്‍ഗസംഭോഗം, വ്യഭിചാരം, കൊലപാതകം, ബലാത്സംഗം, കളവ്, വഞ്ചന, കവര്‍ച്ച, കൊള്ള, കൊള്ളി വെപ്പ് തുടങ്ങിയവയും; മനുഷ്യന്‍റെ ജീവിതഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്ന കള്ളക്കടത്ത്, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, മായം ചേര്‍ക്കല്‍, അളവ് തൂക്കത്തില്‍ കൃത്രിമം കാണിക്കല്‍, പലിശ, കുഴല്‍പണം, ചൂതാട്ടം, കൈക്കൂലി വാങ്ങല്‍-കൊടുക്കല്‍, സ്ത്രീധനം വാങ്ങല്‍-കൊടുക്കല്‍ തുടങ്ങിയവയും; ചൂഷണങ്ങളിലും ഊഹാപോഹങ്ങളിലും അധിഷ്ഠിതമായ പൈശാചിക വിശ്വാസങ്ങളായ മാരണം, മന്ത്രം, രാശി, കൈരേഖ, ശകുനം, നക്ഷത്രഫലം തുടങ്ങിയവയുമെല്ലാം ഭൗതികപുരോഗതി ആര്‍ജ്ജിക്കും തോറും വര്‍ദ്ധിച്ചുവരിക തന്നെയാണ്. ത്രികാലജ്ഞാനിയായ സര്‍വ്വസ്രഷ്ടാവിന്‍റെ സര്‍വ്വസൃഷ്ടികള്‍ക്കുമുള്ള വിധിവിലക്കുകളടങ്ങിയ ത്രികാലജ്ഞാനമായ അദ്ദിക്ര്‍ നടപ്പില്‍ വരുമ്പോള്‍ മാത്രമേ ഭൂമിയില്‍ സമ്പൂര്‍ണ്ണസമാധാനം സ്ഥാപിക്കപ്പെടുകയുള്ളൂ. മനുഷ്യരെ ബോധവാന്മാരാക്കി ജീവിതലക്ഷ്യം തിരിച്ചറിയുന്നവരാക്കി മാറ്റുന്നതിനും മനുഷ്യരുടെ ഐക്യം നിലനിര്‍ത്തുന്നതിനും പ്രകൃതിയെ അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്തുന്നതിനും മനുഷ്യര്‍ക്കും മറ്റു സൃഷ്ടികള്‍ക്കും അല്ലാഹു നിശ്ചയിച്ച ജീവിതാവധിവരെ ഇവിടെ സമാധാനജീവിതം നയിക്കുന്നതിനും ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും സാധിക്കുകയില്ല. 17: 13-14 ല്‍, എല്ലാ ഓരോ മനുഷ്യരും അവന്‍റെ ഭാഗധേയം (സോഫ്റ്റ്വെയര്‍) തന്‍റെ പിരടിയില്‍ വഹിക്കുന്നുണ്ടെന്നും വിധിദിവസം അത് ഒരു തുറന്ന് പ്രകാശിക്കുന്ന പുസ്തകമായി അവന് നല്‍കപ്പെടുമെന്നും 'നീ നിന്‍റെ ഗ്രന്ഥം വായിക്കുക, ഇന്നേദിനം നിന്‍റെ വിചാരണ നടത്താന്‍ നീ തന്നെ ഏറ്റവും മതിയായവനാകുന്നു' എന്ന് പറയുന്നതാണെന്നും പറഞ്ഞിട്ടുണ്ട്. മുന്‍ഗ്രന്ഥങ്ങളിലൊന്നും പരാമര്‍ശിച്ചിട്ടില്ലാത്ത ഇക്കാര്യം പരാമര്‍ശിച്ചിട്ടുള്ള അദ്ദിക്ര്‍ കൊണ്ട് മാത്രമേ ഈ കമ്പ്യൂട്ടര്‍ യുഗത്തിലും തിന്മയില്‍ മുഴുകി ജീവിക്കുന്ന മനുഷ്യരെ തിന്മയില്‍ നിന്ന് മോചിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. 45: 28-32 വിശദീകരണം നോക്കുക. 

53: 39 ല്‍ അല്ലാഹു പറയുന്നു: മനുഷ്യന് അവന്‍ ഉദ്ദേശിച്ച് പ്രവര്‍ത്തിച്ചതല്ലാതെയില്ല. ഏതൊരു പ്രവൃത്തി ചെയ്യുമ്പോഴും അല്ലാഹു അവന്‍റെ ഹൃദയത്തിലേക്കാണ് നോക്കുന്നത്. ഹൃദയത്തിന്‍റെ അവസ്ഥ നോക്കിയിട്ടാണ് ആ പ്രവര്‍ത്തനം അല്ലാഹു വിലയിരുത്തുന്നത്. അല്ലാഹു ഹൃദയങ്ങളുടെ അവസ്ഥയറിയുന്നവനാണ് എന്ന് സാധൂകരിച്ചുകൊണ്ട് ഭയത്തോടും വിനയത്തോടും കൂടി നാവുകൊണ്ട് 'അല്ലാഹ്' എന്നുപറയാതെ ഹൃദയം കൊണ്ട് അല്ലാഹുവിനെ സ്മരിക്കുന്നവരാണ് വിശ്വാസികള്‍. അല്ലാഹു ഹൃദയത്തിന്‍റെ അവസ്ഥയറിയുന്നവനല്ല എന്ന് കരുതി നാവ് കൊണ്ട് അല്ലാഹുവിനെ സ്തുതിക്കുകയും വാഴ്ത്തുകയും ചെയ്യുന്നവര്‍ പ്രജ്ഞയറ്റവരാണെന്നും വിശ്വാസികള്‍ അവരില്‍ പെട്ടുപോകരുതെന്നും 7: 205 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ വന്നുകിട്ടുന്നതിനുമുമ്പ് പ്രവാചകന്‍ തന്നെ പ്രജ്ഞയറ്റവരിലും വഴികേടിലും പെട്ടവനായിരുന്നു എന്ന് 12: 3 ലും 93: 7 ലും പറഞ്ഞിട്ടുണ്ട്.

ആത്മാവിന്(നഫ്സ്) മൂന്ന് അവസ്ഥകളുണ്ട്. 1)12: 53 ല്‍ പറഞ്ഞ തിന്മയിലേക്ക് മാത്രം സദാ ആകൃഷ്ടമാകുന്ന ദുഷ്പ്രേരക ആത്മാവ്(നഫ്സുഅമ്മാറഃ). 2) 75: 2 ല്‍ പറഞ്ഞ തിന്മയിലകപ്പെടുകയും ശേഷം സ്വയം കുറ്റപ്പെടുത്തുകയും ചെയ്യുന്ന ആത്മാവ് അഥവാ മനഃസാക്ഷി(നഫ്സുല്ലവ്വാമഃ). 3) ശാന്തിനേടിയ അഥവാ ഉറപ്പുവരുത്തിയ ആത്മാവ്(നഫ്സുമുത്വ്മഇന്നഃ). എല്ലാവരുടെയും മനഃസാക്ഷിക്കാണ് സ്വര്‍ഗത്തില്‍ വെച്ച് സൃഷ്ടിച്ചപ്പോള്‍ തന്നെ അദ്ദിക്ര്‍ പഠിപ്പിക്കപ്പെട്ടിട്ടുള്ളത്. അതാണ് 75: 14-15 സൂക്തങ്ങളില്‍ 'അല്ല, മനുഷ്യന് അവനെക്കുറിച്ച് ശരിക്കും കാഴ്ചപ്പാടുള്ളവനാണ്, അവന്‍ എന്ത് ഒഴികഴിവ് പറഞ്ഞാലും ശരി' എന്ന് പറഞ്ഞതിന്‍റെ പൊരുള്‍. ഓരോരുത്തരുടെയും നഫ്സിന്‍റെ അവസ്ഥ ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്ര്‍ കൊണ്ട് സ്വയം തിരിച്ചറിഞ്ഞ് ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ കൊണ്ട് അതിനെ കഴുകി വൃത്തിയാക്കി ലവ്വാമഃയില്‍ നിന്ന് അമ്മാറഃയിലേക്ക് അധഃപതിക്കാതെ നോക്കുന്നതിനും ലവ്വാമഃയില്‍ നിന്ന് മുത്വ്മഇന്നഃയിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതിനുമാണ് ഒരുവന്‍ സദാ പരിശ്രമിക്കേണ്ടത്. ശാന്തിനേടിയ ആത്മാവ് മാത്രമാണ് ഇഹലോകത്തും പരലോകത്തും വിജയം വരിക്കുക. 13: 28 ല്‍, അറിഞ്ഞിരിക്കുക, അദ്ദിക്ര്‍ കൊണ്ട് ഹൃദയങ്ങള്‍ക്ക് ശാന്തി ലഭിക്കുന്നതാണ് എന്ന് പറഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍, തിന്മകള്‍ ഇല്ലായ്മ ചെയ്യുന്നതിനും ജീവിതം മുഴുവന്‍ അല്ലാഹുവിന് വേണ്ടിയാക്കി അവന്‍റെ പ്രാതിനിധ്യം നിര്‍വഹിക്കുന്നതിനും അദ്ദിക്ര്‍ കൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും സാധ്യമല്ല. 75: 22-24 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അദ്ദിക്റില്‍ നിന്ന് കണ്ട അല്ലാഹുവിനെ മരണസമയത്ത് ആത്മാവുകൊണ്ട് കണ്ട് സന്തോഷത്തോടുകൂടി സ്വര്‍ഗത്തിലേക്ക് തന്നെ തിരിച്ചുപോകുന്നതിനും, 13: 28 പ്രകാരം നഫ്സുമുത്വ്മഇന്നഃ (ശാന്തിയും ഉറപ്പും ലഭിച്ച ആത്മാവ്) ആകുന്നതിനും, 89: 27-30 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ഓ! ശാന്തിയും ഉറപ്പും ലഭിച്ച ആത്മാവേ, നീ നിന്‍റെ ഉടമയിലേക്ക് ഉടമയെത്തൊട്ട് നീയും നിന്നെത്തൊട്ട് ഉടമയും പരസ്പരം തൃപ്തിപ്പെട്ടുകൊണ്ട് തിരിച്ചുവരിക, അപ്പോള്‍ നീ എന്‍റെ സേവകന്മാരില്‍ പ്രവേശിക്കുക, എന്‍റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക എന്നു പറയപ്പെട്ട് ജീവിതലക്ഷ്യം സാക്ഷാത്കരിക്കുന്നവരില്‍ ഉള്‍പ്പെടുന്നതിനും അദ്ദിക്ര്‍ കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ.

ജീവിതലക്ഷ്യം:

ഭൂമിയില്‍ എപ്പോള്‍, ഏതുനാട്ടില്‍, എവിടെ, ഏതുഗോത്രത്തില്‍, ഏതുവംശത്തില്‍, ഏതുമാതാപിതാക്കളില്‍ ജനിക്കണമെന്ന് സ്വന്തമായി തീരുമാനിക്കാന്‍ ഒരു മനുഷ്യനും സാധ്യമല്ല. വ്യത്യസ്ത കാലഘട്ടങ്ങളില്‍ വ്യത്യസ്ത നാടുകളില്‍ വ്യത്യസ്ത ഗോത്രങ്ങളിലായി മനുഷ്യരെ ഭൂമിയിലേക്ക് കൊണ്ടുവരുന്നതും അവര്‍ക്ക് ക്ലിപ്തമായ ഒരു അവധി വരെ ജീവിക്കാനുള്ള എല്ലാ വിധ സാഹചര്യങ്ങളും സംവിധാനങ്ങളും ഒരുക്കിക്കൊടുക്കുന്നതും അവധിയെത്തുന്ന മുറയ്ക്ക് അവരെ തിരിച്ചുകൊണ്ടുപോകുന്നതും സര്‍വ്വസ്രഷ്ടാവ് തന്നെയാണ്. ഉള്‍ക്കാഴ്ചാദായകമായ വേദത്തിന്‍റെ ആശയം ഉപയോഗപ്പെടുത്തി സ്രഷ്ടാവിനെ കണ്ടെത്തുക, അവരവരെ തിരിച്ചറിയുക, പ്രപഞ്ചത്തെ അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്തുക, സ്വര്‍ഗം ഇവിടെ സമ്പാദിക്കുക, മരണത്തോടുകൂടി സമ്പാദിച്ച സ്വര്‍ഗത്തിലേക്ക് തിരിച്ചുപോവുക എന്നതാണ് നാലാം ഘട്ടത്തിലുള്ള മനുഷ്യന്‍റെ ജീവിതലക്ഷ്യം. 67: 2 ല്‍, മരണവും ജനനവും സൃഷ്ടിച്ചത് അവനാണ് -നിങ്ങളില്‍ ആരാണ് ഏറ്റവും ഭംഗിയായി പ്രവര്‍ത്തിക്കുന്നതെന്ന് പരീക്ഷിക്കാന്‍ വേണ്ടി എന്നുപറഞ്ഞിട്ടുണ്ട്. 11: 7; 18: 7 വിശദീകരണം നോക്കുക. നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹു ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. ഓരോരുത്തര്‍ക്കുമുള്ള സ്വര്‍ഗം അല്ലെങ്കില്‍ നരകം പണിയുന്നത് അവരവര്‍ തന്നെയാണ്. 3: 185 ല്‍ അല്ലാഹു പറയുന്നു: എല്ലാഓരോ ആത്മാവും മരണത്തെ രുചിക്കും, നിങ്ങളുടെ പ്രതിഫലം വിധിദിവസം നല്‍കപ്പെടുകയും ചെയ്യും, അപ്പോള്‍ ആരാണോ അവരെ അവരവരാല്‍ തന്നെ നരകത്തില്‍ നിന്ന് തടയുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തത്, അവര്‍ വിജയിച്ചു, ഇഹലോകജീവിതം വഞ്ചനാപരമായ ഒരു വിഭവം മാത്രമല്ലാതെയല്ല. 2: 281 ല്‍, നിങ്ങള്‍ അല്ലാഹുവിലേക്ക് മടക്കപ്പെടുന്ന ഒരു ദിനത്തെ സൂക്ഷിക്കുകയും ചെയ്യുക, പിന്നെ എല്ലാ ഓരോ ആത്മാവിനും അത് സമ്പാദിച്ചതിനുള്ള പരിപൂര്‍ണ്ണപ്രതിഫലം നല്‍കപ്പെടുന്നതാകുന്നു, അവര്‍ ഒട്ടും അനീതി കാണിക്കപ്പെടുന്നവരാവുകയില്ല എന്ന് പറഞ്ഞിട്ടുണ്ട്. 3: 30; 6: 164-165 വിശദീകരണം നോക്കുക. 

മനുഷ്യരില്‍ നിന്ന് എല്ലാ ഓരോ ആയിരത്തിലും ഒന്നുമാത്രം സ്വര്‍ഗത്തിലേക്കും തൊള്ളായിരത്തിത്തൊണ്ണൂറ്റി ഒന്‍പത് നരകത്തിലേക്കുമാണ് എന്ന മാറ്റമില്ലാത്ത വിധി, മനുഷ്യരെ സൃഷ്ടിക്കുന്നതിന് മുമ്പുതന്നെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്. നൈമിഷികമായ ഭൗതികജീവിതത്തില്‍ ഒരു ഉദ്യോഗം നേടുന്നതിനുവേണ്ടി -പത്ത് ഒഴിവുകള്‍ മാത്രമാണുള്ളതെങ്കില്‍ പോലും- പതിനായിരങ്ങള്‍ അതിനുവേണ്ടി മത്സരിക്കുന്നതും പരിശ്രമിക്കുന്നതും സര്‍വ്വസാധാരണമാണല്ലോ! അപ്പോള്‍ ഞാന്‍ ആ ഒന്നാകുന്നതിനുവേണ്ടി പരിശ്രമിച്ചിട്ട് കാര്യമുണ്ടാവുകയില്ലെന്ന് കരുതി ഒരാളും നിരാശപ്പെടാവുന്നതല്ല. കാരണം സ്വര്‍ഗത്തിലേക്കുള്ള ആ ആയിരത്തില്‍ ഒന്ന് ആരാണെന്ന് അല്ലാഹു വെളിപ്പെടുത്തിയിട്ടില്ല. വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രവും കാരുണ്യവുമായ അദ്ദിക്റിലൂടെ സഞ്ചരിച്ച് ആ ഒന്നിന്‍റെ ഗുണങ്ങള്‍ ആവാഹിച്ചെടുത്ത് ഏത് ജാതി-മതസ്ഥനായ ഒരാള്‍ക്കും അതില്‍ ഉള്‍പ്പെടാവുന്നതാണ്. അദ്ദിക്റില്‍ നിന്ന് അല്ലാഹുവിനെ നിഷ്പക്ഷവാനായി മനസ്സിലാക്കിക്കൊണ്ടും സത്യാസത്യവിവേചനമാനദണ്ഡമായ അതിനെ ത്രാസ്സായി ഉപയോഗപ്പെടുത്തിക്കൊണ്ടും തന്‍റെ വിധി സ്വര്‍ഗത്തിലേക്കുള്ളതാക്കി മാറ്റല്‍, സന്മാര്‍ഗവും ദുര്‍മാര്‍ഗവും തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കപ്പെട്ട മനുഷ്യന്‍റെ ബാധ്യതയാണ്. ഗ്രന്ഥം ഇറക്കിയിട്ടുള്ളത് മൊത്തം മനുഷ്യര്‍ക്കുവേണ്ടി ലക്ഷ്യത്തോടുകൂടിയാണ്, ആരാണോ ഈ ഗ്രന്ഥമുപയോഗിച്ച് സന്മാര്‍ഗത്തിലായത്, അപ്പോള്‍ അത് അവനുവേണ്ടിത്തന്നെയാണ്, ആരാണോ അതിനെത്തൊട്ട് വഴികേടിലായത്, അപ്പോള്‍ അതിന്‍റെ ദോഷവും ആ ആത്മാവിനുതന്നെയാണ് എന്ന് 39: 41 ല്‍ പറഞ്ഞിട്ടുണ്ട്.

സ്വര്‍ഗവും നരകവും:

1400 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള അറബികള്‍ക്ക് സുപരിചിതമായ രീതിയിലും പദങ്ങളിലും ബിംബങ്ങളിലുമാണ് സ്വര്‍ഗത്തെ ഗ്രന്ഥം പരിചയപ്പെടുത്തുന്നത്. മനുഷ്യന്‍റെ ആത്മാവ് ആഗ്രഹിക്കുന്ന എല്ലാമെല്ലാം ലഭിക്കുന്നതും ഇഷ്ടപ്പെടാത്ത ഒന്നും കാണുകയോ അനുഭവിക്കുകയോ ചെയ്യാത്തതുമായ നിത്യജീവിതം ലഭിക്കുന്ന സ്ഥലമാണ് സ്വര്‍ഗം. വേദങ്ങളിലെ സ്വര്‍ഗത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ നിന്നും മനസ്സിലാക്കി ഉണ്ടാക്കിയെടുത്തിട്ടുള്ളതാണ് ഭൂമിയില്‍ ഇന്നുകാണുന്ന പല സുഖസൗകര്യങ്ങളും. പാര്‍ക്കുകള്‍, പൂന്തോട്ടങ്ങള്‍, ജലധാരകള്‍, കൊട്ടാരങ്ങള്‍, കാര്‍പ്പറ്റുകള്‍, കുഷ്യനുകള്‍, സോഫകള്‍, സ്വാദിഷ്ടമായ ഭക്ഷണപാനീയങ്ങള്‍, മേത്തരം വസ്ത്രങ്ങള്‍, എയര്‍കണ്ടീഷനറുകള്‍, വാര്‍ത്താവിനിമയ ഉപകരണങ്ങള്‍, വാര്‍ദ്ധക്യമോ രോഗമോ ഇല്ലാത്ത അവസ്ഥ തുടങ്ങി മനുഷ്യര്‍ ഉണ്ടാക്കിയെടുത്തിട്ടുള്ളതും ഇനിയും ഉണ്ടാക്കിയെടുക്കാനുള്ളതും മാത്രമല്ല, മനുഷ്യമനസ്സില്‍ ഭൂമിയില്‍ വെച്ച് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്തതുമായ എല്ലാ അനുഗ്രഹങ്ങളും നന്മകളും അടങ്ങിയതാകുന്നു സ്വര്‍ഗം. സ്വര്‍ഗത്തില്‍ വെയിലോ ചൂടോ പുകപടലങ്ങളോ പൊടിപടലങ്ങളോ മഞ്ഞോ തണുപ്പോ ഒന്നുമില്ല. വിശപ്പോ ദാഹമോ ക്ഷീണമോ വിയര്‍പ്പോ ഇണ ചേരലോ ഇന്ദ്രിയസ്ഖലനമോ മലമൂത്രവിസര്‍ജ്ജനമോ ഒന്നും ഉണ്ടാവുകയില്ല. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ലൈംഗികാവയവങ്ങളില്ലാതെ വിശ്വാസിയായ അല്ലാഹുവിന്‍റെ രൂപത്തിലായിരിക്കും സ്വര്‍ഗവാസികളെല്ലാം തന്നെ. കാമം പിശാചില്‍ നിന്നായതിനാല്‍ സ്വര്‍ഗത്തില്‍ കാമവും ഉണ്ടായിരിക്കുന്നതല്ല. ലൈംഗികബന്ധം സ്വര്‍ഗത്തില്‍ വിലക്കപ്പെട്ട കനിയാണ്. എന്നാല്‍ എപ്പോഴും ഇണ ചേര്‍ന്നാലുള്ളത് പോലെയുള്ള അനുഭൂതി ലഭിക്കുന്നതുമാണ്. 20: 118-119; 37: 58-61; 47: 6 വിശദീകരണം നോക്കുക.

അദ്ദിക്റില്‍ നിന്ന് സ്വര്‍ഗം കണ്ടുകൊണ്ട് ഇവിടെ അല്ലാഹുവിന്‍റെ പ്രതിനിധിയായി ജീവിച്ചതിനും സ്വര്‍ഗം പണിയുകയോ വാങ്ങുകയോ ചെയ്തതിനും പ്രതിഫലമായിട്ടാണ് ഒരാള്‍ക്ക് പരലോകത്ത് സ്വര്‍ഗം അനന്തരാവകാശമായി ലഭിക്കുക. അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാവുകയും ലക്ഷ്യബോധം ഉള്‍ക്കൊണ്ട് അല്ലാഹുവിന്‍റെ പ്രതിനിധിയായി ജീവിക്കുകയും പ്രപഞ്ചത്തെ അതിന്‍റെ സന്തുലിതാവസ്ഥക്ക് കോട്ടം വരുത്താതെ നിലനിര്‍ത്തുകയും മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും പരിശുദ്ധമായ ഭക്ഷണവിഭവങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനുവേണ്ടി കൃഷി ചെയ്യുകയും മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടും; വായു, വെള്ളം, പരിസരം എന്നിവ മലിനമാക്കാന്‍ ഇടവരുത്തുന്ന വ്യവസായങ്ങളും വികസനപ്രവര്‍ത്തനങ്ങളും നിരുത്സാഹപ്പെടുത്തിക്കൊണ്ടുമാണ് 'സ്വര്‍ഗം പണിയാന്‍' സാധിക്കുക. എല്ലാ മേഖലകളിലും തനിക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങള്‍ മിതമായി ഉപയോഗപ്പെടുത്തിക്കൊണ്ട് ജീവിക്കുകയും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ സര്‍വ്വലോകര്‍ക്കും എത്തിച്ചുകൊടുക്കുന്നതിന് പരമപ്രധാനം നല്‍കിക്കൊണ്ട് സമയവും സമ്പത്തും സ്ഥാനമാനങ്ങളുമെല്ലാം വിനിയോഗിക്കുകയും മറ്റുള്ളവരെ അതിനുവേണ്ടി പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് 'സ്വര്‍ഗം വാങ്ങാന്‍' സാധിക്കുക. 41: 46; 42: 20; 56: 27-40 വിശദീകരണം നോക്കുക.

ഭൂമിയില്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാവിധത്തിലുള്ള തിന്മകളുടെയും ദുഃഖങ്ങളുടെയും ദുഷിപ്പുകളുടെയും മൂര്‍ദ്ധന്യാവസ്ഥയുള്ളതും ചൂടിന്‍റെയും തണുപ്പിന്‍റെയും അവര്‍ണ്ണനീയമായ ആധിക്യമുള്ളതും ഏറ്റവും വെറുപ്പുളവാക്കുന്നവരുടെ മാത്രം സഹവാസമുള്ളതും ഇടുങ്ങിയതുമായ ശിക്ഷാകേന്ദ്രമാണ് നരകം. സൂചി കുത്താന്‍ പോലും സ്ഥലമില്ലാത്ത വണ്ണം ജിന്നുകളെക്കൊണ്ടും മനുഷ്യരെക്കൊണ്ടും കുത്തിനിറക്കപ്പെടുന്ന നരകത്തില്‍ ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, കാഫിറുകള്‍ അവരുടെ മനസ്സില്‍ അവിഹിതബന്ധം പുലര്‍ത്താന്‍ ഉദ്ദേശിച്ചവരെയെല്ലാം തങ്ങളുടെ ലൈംഗികാവയവങ്ങളില്‍ കോര്‍ക്കപ്പെടുന്നതാണ്. സ്വര്‍ഗവാസികള്‍ക്ക് അവരുടെ മനസ്സ് ആഗ്രഹിക്കുന്നതെന്തും ലഭിക്കുമെങ്കില്‍ നരകവാസികള്‍ക്ക് അവര്‍ ശിക്ഷയില്‍ നിന്നുള്ള ഏതൊന്നിന്‍റെ സംഭവ്യതയെക്കുറിച്ചായിരുന്നുവോ പരിഹസിച്ചുകൊണ്ടിരുന്നത് അതുതന്നെയാണ് ലഭിക്കുക. 15: 44; 39: 47-48; 56: 41-56 വിശദീകരണം നോക്കുക.

'അല്ലാഹുവിന്‍റെ സ്വര്‍ഗ്ഗവും അല്ലാഹുവിന്‍റെ നരകവും വളരെ വിശാലമാണ്, അവന് ഇഷ്ടമുള്ളവരെ അതിലേക്ക് നീക്കിവെക്കുകയുമാണ്' എന്ന കപടവിശ്വാസികളുടെ വാദം അദ്ദിക്റിന് നേരെവിരുദ്ധമാണ്. 32: 19 ല്‍, വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ക്ക് സ്വര്‍ഗ്ഗം, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് പ്രതിഫലമായി -വിരുന്നായി നല്‍കുന്നതാണെന്ന് പറഞ്ഞിട്ടുണ്ട്. 3: 136; 29: 58; 39: 74 തുടങ്ങിയ സൂക്തങ്ങള്‍ അവസാനിക്കുന്നത്, അപ്പോള്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം എത്ര അനുഗ്രഹസമ്പൂര്‍ണ്ണം എന്ന ആശയത്തോടുകൂടിയാണ്. സ്വര്‍ഗം ഇവിടെ പണിതവരോട്: നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് പ്രതിഫലമായി സ്വര്‍ഗം അനന്തരാവകാശമായി എടുത്തുകൊള്ളുക എന്ന് പറയപ്പെടുമെന്ന് 7: 43 ലും പറഞ്ഞിട്ടുണ്ട്. 32: 14 ല്‍, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് പ്രതിഫലമായി നിങ്ങള്‍ ശാശ്വതമായ ശിക്ഷ രുചിച്ചുകൊള്ളുക എന്ന് പറഞ്ഞിട്ടുണ്ട്. 3: 181-182; 8: 50-51; 22: 9-10 എന്നീ സൂക്തങ്ങളില്‍, നിങ്ങള്‍ കരിക്കുന്ന ശിക്ഷ രുചിച്ചുകൊള്ളുക, അത് നിങ്ങളുടെ കൈകള്‍ ഒരുക്കിവെച്ചതാണ്, അല്ലാതെ അല്ലാഹു അവന്‍റെ അടിമകളോട് അല്‍പം പോലും അനീതി കാണിക്കുന്നവനല്ല എന്ന് പറഞ്ഞിട്ടുണ്ട്. 59: 18 ല്‍ വിശ്വാസികളെ വിളിച്ച്: നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക, ഓരോരുത്തരും നാളേക്കുവേണ്ടി (പരലോകത്തേക്ക് വേണ്ടി) എന്താണ് സമ്പാദിച്ചുവെച്ചിട്ടുള്ളതെന്ന് നോക്കിക്കാണുകയും ചെയ്യുക, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക, നിശ്ചയം അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെല്ലാം വലയം ചെയ്ത ത്രികാലജ്ഞാനിയാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. ഓരോരുത്തരും അവര്‍ ഐഹികലോകത്തുവെച്ച് സമ്പാദിച്ചത് കാണുന്ന ദിനം: ഓ കഷ്ടം, ഞാന്‍ മണ്ണായിത്തീര്‍ന്നിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ! എന്ന് അദ്ദിക്ര്‍ മൂടിവെച്ച നിഷേധി പരലോകത്തുവെച്ച് പറയുമെന്ന് 78: 40 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 4: 42; 62: 7 വിശദീകരണം നോക്കുക. 

ഉമ്മത്തും (സമുദായം) ഖൗമും (ജനത):

മുഹമ്മദ് പ്രവാചകനായി നിയോഗിക്കപ്പെട്ടത് മുതല്‍ അന്ത്യനാള്‍ വരെയുള്ള മൊത്തം മനുഷ്യരാണ് പ്രവാചകന്‍റെ സമുദായമെങ്കില്‍, അക്കാലത്തെ പ്രവാചകന്‍റെ അഭിസംബോധകരും പ്രവാചകന്‍റെ ജീവിതം പിന്‍പറ്റാത്ത അന്ത്യനാള്‍ വരെയുള്ള മുസ്ലിം നാമധാരികളുമാണ് പ്രവാചകന്‍റെ ജനതയില്‍ ഉള്‍പ്പെടുക. എല്ലാ പ്രവാചകന്മാരെയും പോലെ ജനതക്കെതിരായിട്ടാണ് പ്രവാചകന്‍ മുഹമ്മദും സംസാരിച്ചിരുന്നതെന്ന് ഗ്രന്ഥത്തില്‍ ഉടനീളം കാണാം. ഇതരജനവിഭാഗങ്ങളടക്കമുള്ള സമുദായത്തിന്‍റെ കാര്യത്തില്‍ മരണസമയത്തുപോലും ശുഷ്കാന്തി പ്രകടിപ്പിച്ച പ്രവാചകന്‍, പരലോകത്ത് വെച്ചും 'എന്‍റെ സമുദായം എന്‍റെ സമുദായം' എന്ന് വേവലാതിപ്പെടുന്നതാണ്. എന്നാല്‍ 25: 30 ല്‍, വിധിദിവസം ഗ്രന്ഥം കൊണ്ടുവന്ന് 'എന്‍റെ നാഥാ, എന്‍റെ ഈ ജനത ആവര്‍ത്തിച്ചുവായിക്കപ്പെടാനുള്ള അദ്ദിക്റില്‍ നിന്ന് ഒളിച്ചോടിപ്പോയതാണ് ഇവര്‍ക്ക് വന്ന ദുര്‍ഗതി' എന്ന് ഈ ജനതക്കെതിരെ അന്യായം ബോധിപ്പിക്കുകയാണ് പ്രവാചകന്‍ ചെയ്യുക! പ്രവാചകന്‍റെ കാലത്തുണ്ടായിരുന്ന മക്കാമുശ്രിക്കുകള്‍ക്ക് ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥം ലഭിച്ചിട്ടില്ലാതിരുന്നതിനാല്‍ പ്രവാചകനില്‍ വിശ്വസിക്കാന്‍ അവര്‍ അത്തരം ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ ആവശ്യപ്പെടുകയാണുണ്ടായത്. 17: 90-93 വിശദീകരണം നോക്കുക. എന്നാല്‍ അദ്ദിക്ര്‍ ഗ്രന്ഥമായി ക്രോഡീകരിക്കപ്പെട്ട് ലഭ്യമായിട്ടുള്ള ഇക്കാലത്ത്, അത് ഉപയോഗപ്പെടുത്താതെ നശീകരണപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന ഫുജ്ജാറുകള്‍ക്ക് യാതൊരു ഒഴിവുകഴിവും ലഭിക്കുകയില്ല. ഗ്രന്ഥം ലഭിച്ച ജനത അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ജീവിതം ക്രമപ്പെടുത്താതെ ഗ്രന്ഥത്തില്‍ ചിലത് എടുക്കുകയും ചിലത് മൂടിവെക്കുകയും ചെയ്തുകൊണ്ട് ജീവിക്കുന്ന പക്ഷം അവര്‍ക്ക് ഇഹത്തില്‍ നിന്ദ്യതയും പരത്തില്‍ അതികഠിനമായ ശിക്ഷയുമാണ് 2: 85 ല്‍ അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളത്. ഇന്ന് ലോകത്ത് ഫുജ്ജാറുകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാവിധ പീഡനങ്ങളുടെയും ഉപദ്രവങ്ങളുടെയും കാരണം അമാനത്തായ അദ്ദിക്റില്‍ നിന്ന് അവര്‍ അകന്നുപോയതാണ്. 13: 11 ല്‍, ഒരു ജനത സ്വയം മാറ്റം വരുത്താത്ത കാലത്തോളം അല്ലാഹു അവരെ മാറ്റുകയില്ല എന്ന് പറഞ്ഞിട്ടുള്ളതിനാല്‍ അദ്ദിക്റിലേക്ക് മടങ്ങാതെ സാമുദായികമായി സംഘടിച്ചതുകൊണ്ടും ആയുധബലം കൊണ്ടും മറ്റുമാര്‍ഗങ്ങള്‍ കൊണ്ടും അവര്‍ക്ക് അതിനെ അതിജയിക്കാന്‍ സാധിക്കുകയില്ല. 

വായു, വെള്ളം, വെളിച്ചം, മണ്ണ് തുടങ്ങി സര്‍വ്വസ്രഷ്ടാവിന്‍റെ എല്ലാ അനുഗ്രഹങ്ങളും എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. എന്നാല്‍ അവന്‍റെ ഏറ്റവും വലിയ അനുഗ്രഹമാണ് അവനില്‍ നിന്നുള്ള വഴികാട്ടിയും സത്യാസത്യവിവേചനഉരക്കല്ലും വേദഗ്രന്ഥത്തിന്‍റെ പൂര്‍ണ്ണരൂപവുമായ അദ്ദിക്ര്‍. അത് ഏതെങ്കിലും മതസ്ഥര്‍ക്കോ ജാതിക്കോ മാത്രമായിട്ടല്ല അവന്‍ അവതരിപ്പിച്ചിട്ടുള്ളത്. അത് ഉപയോഗപ്പെടുത്തി ജീവിക്കാന്‍ അവന്‍റെ സൃഷ്ടികളെന്ന നിലക്ക് എല്ലാമനുഷ്യര്‍ക്കും ബാധ്യതയുണ്ട്. അതിന് പേര്, വേഷം, മതം എന്നിവയൊന്നും മാറ്റേണ്ടതില്ലെന്ന് 2: 62 ലും 5: 69 ലും അല്ലാഹു പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍റെ ജീവിതം സാക്ഷ്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസികളുടെ സംഘം ഇന്ന് ലോകത്തെവിടെയും ഇല്ലാത്തതിനാല്‍ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതരജനവിഭാഗങ്ങള്‍ക്ക് വേദഗ്രന്ഥത്തിന്‍റെ അടിസ്ഥാനത്തില്‍ വിശ്വാസം രൂപപ്പെടുത്തി തെറ്റുചെയ്യാതെ ജീവിച്ചാല്‍ തന്നെ സ്വര്‍ഗത്തിലേക്ക് പോകാം. മറിച്ച് അവര്‍ മതം മാറി അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളിലെ വിവിധ സംഘടനകളില്‍ ചേര്‍ന്നാല്‍ യഥാര്‍ത്ഥ കാഫിറുകളായി മാറുകയാണ് ചെയ്യുക. വിശ്വാസികളെ വിളിച്ച് 30: 31-32 ല്‍, ദീനില്‍ ഭിന്നിച്ച് വിവിധ കക്ഷികളായി മാറി നിങ്ങള്‍ അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരില്‍ പെട്ടുപോകരുതെന്ന് അല്ലാഹു താക്കീത് ചെയ്തിട്ടുണ്ട്. 23: 51-53 വിശദീകരണം നോക്കുക.

7: 169 ല്‍, അല്ലാഹുവിന്‍റെമേല്‍ സത്യമല്ലാത്തതൊന്നും പറയരുതെന്ന് അവരോട് പ്രതിജ്ഞ വാങ്ങുകയും ചെയ്തിട്ടില്ലേ എന്നുപറഞ്ഞതിന്‍റെ വിവക്ഷ, 'മോക്ഷവും സ്വര്‍ഗവും ഒരു ജനതക്ക് മാത്രം തീരെഴുതി കൊടുത്തതായി ഗ്രന്ഥത്തില്‍ പറയുന്നില്ല, ഇഷ്ടം പോലെ എന്തും പ്രവര്‍ത്തിച്ചോളൂ, ഇന്ന പ്രവാചകന്‍റെ അനുയായികളാണെന്ന് പറഞ്ഞതിന്‍റെ പേരില്‍ നിങ്ങള്‍ക്ക് മാപ്പ് ലഭിക്കുമെന്നും പറഞ്ഞിട്ടില്ല' എന്നാണ്. മറിച്ച് 4: 123-124 ല്‍ പറയുന്നത്: നിങ്ങളുടെ വ്യാമോഹങ്ങളോ വേദക്കാരുടെ വ്യാമോഹങ്ങളോ അനുസരിച്ചല്ല, തിന്മ ചെയ്യുന്നവനാരോ അവന് അവന്‍റെ പ്രതിഫലം ലഭിക്കും, അവന് അല്ലാഹുവിനെക്കൂടാതെ ഒരു സംരക്ഷകനെയോ സഹായിയേയോ എത്തിക്കുകയുമില്ല, സല്‍ക്കര്‍മങ്ങള്‍ ചെയ്യുന്ന പുരുഷനാകട്ടെ സ്ത്രീയാകട്ടെ, അവന്‍ വിശ്വാസിയുമാണെങ്കില്‍ അവരാണ് സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുക, അവരോട് തരിമ്പും അനീതി കാണിക്കപ്പെടുകയില്ല എന്നാണ്. അല്ലാഹുവിന്‍റെ പേരില്‍ സത്യവിരുദ്ധമായി ഒന്നും പറയരുതെന്ന് അവരോട് കരാര്‍ വാങ്ങിയിരിക്കെ അല്ലാഹു ഒരിക്കലും പറയാത്ത കാര്യം അവനോട് ചേര്‍ത്തുപറയാന്‍ അവര്‍ക്ക് എന്ത് അധികാരമാണുള്ളത്? അല്ലാഹുവില്‍ നിന്നുള്ള വേദം വന്നുകിട്ടിയിട്ടില്ലാത്തവര്‍ കാഫിറാവുകയില്ലെന്നും വേദം വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താത്തവരാണ് കാഫിറുകളെന്നും നിസ്സംശയം മനസ്സിലാക്കാം. വേദം വന്നുകിട്ടിയിട്ടില്ലാത്തവരെ സ്വര്‍ഗവും നരകവുമല്ലാത്ത മറ്റേതെങ്കിലും ലോകത്തേക്കാണ് വിചാരണക്കുശേഷം സര്‍വ്വലോകങ്ങളുടെയും ഉടമയായ നാഥന്‍ അയക്കുക. അവരുടെ പാപഭാരങ്ങള്‍ കൂടി വഹിക്കേണ്ടത് ഗ്രന്ഥത്തിന്‍റെ ആശയം അറിഞ്ഞിട്ട് മൂടിവെച്ച് ജീവിക്കുന്ന വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോകുന്ന കപടവിശ്വാസികളാണ്.

ഏറ്റവും വലിയ ജിഹാദ് ക്രൂരനായ ഭരണാധികാരിയുടെ മുമ്പില്‍ സത്യം (ന്യായം) തുറന്ന് പറയലാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചിരിക്കുന്നു. 25: 18; 48: 12 എന്നീ സൂക്തങ്ങളില്‍ പരലോകത്തുവെച്ച് മഹാത്മാക്കളാല്‍ കെട്ടജനതയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫുജ്ജാറുകളുടെ ഭരണാധികാരികളാണ് ഇന്ന് ഏറ്റവും ക്രൂരന്മാരും ഏകാധിപതികളും സ്വേച്ഛാധിപതികളും ധൂര്‍ത്തന്മാരും സുഖലോലുപന്മാരുമെന്ന് കാണാം. അവരുടെ കപടവിശ്വാസികളായ നേതാക്കന്മാര്‍ ഇത്തരം ഭരണാധികാരികളുടെ അപ്പക്കഷ്ണം സ്വീകരിച്ചുകൊണ്ട് 7: 176 ല്‍ പറഞ്ഞ പട്ടിയെപ്പോലെ നാവുനീട്ടി കിതച്ചുകൊണ്ട് ഐഹികലോകത്തെ സുഖാഡംഭരങ്ങള്‍ക്കുവേണ്ടി കുതിച്ചോടിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് എവിടെയും കണ്ടുവരുന്നത്. പ്രമാണിമാരും പണ്ഡിതന്മാരും കേടുവന്നാല്‍ ഈ സമുദായം നശിച്ചു, തിന്മ വിരോധിക്കാത്ത കാലം വന്നാല്‍ പിന്നെ ലോകം നിലനില്‍ക്കുകയില്ല എന്നും നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 

ദീനും ശരീഅത്തും:

മൊത്തം വേദഗ്രന്ഥത്തിന്‍റെ അടിസ്ഥാനത്തിലുള്ള ജീവിതസംഹിതയാണ് ദീന്‍. 3: 19 ല്‍ പറഞ്ഞ പ്രകൃതിമതമായ ഇസ്ലാം തന്നെയാണ് അത്. ആത്മാവിന്‍റെ ഉടമക്കുമുമ്പില്‍ ആത്മാവിനെ സമര്‍പ്പിച്ചുകൊണ്ടുള്ള പ്രസ്തുത ജീവിതരീതിക്ക് ആദം മുതല്‍ അന്ത്യനാള്‍ വരെ യാതൊരു മാറ്റവുമില്ല. എന്നാല്‍ അതാതുകാലങ്ങളിലേക്കുള്ള ദീനിന്‍റെ ശാരീരികപ്രയോഗവല്‍ക്കരണത്തെയാണ് 'ശരീഅത്ത്' എന്നുപറയുന്നത്. അതാതുകാലഘട്ടങ്ങളിലെ വിശ്വാസികളുടെ സമൂഹത്തിന് പാലിക്കാനുണ്ടായിരുന്ന ആചാരാനുഷ്ഠാനക്രമങ്ങളാണ് ശരീഅത്തിലുള്ളത്. നൂഹ്, ഇബ്രാഹീം, മൂസാ, മുഹമ്മദ് എന്നീ പ്രവാചകന്മാരുടെയെല്ലാം കാലഘട്ടങ്ങളിലുള്ള ശരീഅത്തുകള്‍ തമ്മില്‍ വ്യത്യാസങ്ങളുണ്ടായിരുന്നു. വിശ്വാസികളുടെ സംഘമുണ്ടാകുമ്പോള്‍ മാത്രമേ ശരീഅത്ത് നിയമങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ. ഇക്കാലത്തേക്ക് ബാധകമായ യഥാര്‍ത്ഥ ജീവിതരീതിയായ 'മുഹമ്മദീയശരീഅത്ത്' പ്രായോഗികജീവിതത്തില്‍ ജീവിച്ച് കാണിച്ചുകൊടുക്കുന്ന വിശ്വാസികളുടെ സംഘമില്ലാത്തതുകൊണ്ട്, ശരീഅത്ത് പാലിക്കുന്നതിനുവേണ്ടിയുള്ള മതപരിവര്‍ത്തനവും ആവശ്യമില്ല. അവസാനകാലത്ത് പ്രവാചകന്‍ പഠിപ്പിച്ചതനുസരിച്ച്: എഴുത്തും വായനയും അറിയുന്നവര്‍ അദ്ദിക്ര്‍ അണപ്പല്ല് ഉപയോഗിച്ച് കടിച്ചുപിടിച്ച് നിലകൊള്ളുകയും എഴുത്തും വായനയും അറിയാത്തവര്‍ കാട്ടില്‍ പോയി ഏതെങ്കിലും മരത്തിന്‍റെ മൂട് കടിച്ചുപിടിച്ച് മരണം വരെ നിലകൊള്ളുകയുമാണ് വേണ്ടത്. 'ദീന്‍' ആത്മാവും 'ശരീഅത്ത്' അതിന്‍റെ ശരീരവുമായതിനാല്‍ ദീനില്ലാതെ ശരീഅത്ത് നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ഇന്നത്തെ ഫുജ്ജാറുകള്‍ നഷ്ടപ്പെട്ടവരാണ്. 

മറ്റുസൃഷ്ടികളില്‍ നിന്നും വ്യത്യസ്തമായി വിശേഷ ബുദ്ധി നല്‍കി മനുഷ്യനെ ഭൂമി യില്‍ നിയോഗിച്ചിരിക്കുന്നത് സ്രഷ്ടാവിന്‍റെ പ്രതിനിധിയായി പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനാണ്. അതിനുള്ള ത്രാസ്സാണ് അദ്ദിക്ര്‍. എന്നാല്‍ 62: 5 പ്രകാരം ആശയമില്ലാതെ കഴുതകളെപ്പോലെ ഗ്രന്ഥം വഹിക്കുന്ന ഫുജ്ജാറുകള്‍ അത് സ്വയം ഉപയോഗപ്പെടുത്തുന്നില്ലെന്ന് മാത്രമല്ല, ഇതരജനവിഭാഗങ്ങള്‍ക്ക് അത് ഉപയോഗപ്പെടുത്താന്‍ നല്‍കുന്നുമില്ല. ഇന്ന് ലോകത്ത് എല്ലാ തിന്മകളിലും മുന്‍പന്തിയിലുള്ള അവരുടെ ജീവിതരീതി കണ്ട് മറ്റുജനവിഭാഗങ്ങള്‍ ഗ്രന്ഥം എന്താണെന്ന് അന്വേഷിക്കാന്‍ പോലും തയ്യാറാകുന്നില്ല. ഇന്ന് ലോകത്ത് നടക്കുന്ന എല്ലാതിന്മകളുടെയും പാപഭാരം വഹിക്കേണ്ടത് ഗ്രന്ഥത്തിന്‍റെ വാഹകരായ കപടവിശ്വാസികളാണ് എന്ന് 6: 26; 20: 99-100 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 59: 23 ല്‍ പറഞ്ഞ വിശ്വാസിയായ അല്ലാഹുവിന്‍റെ സ്വഭാവമായിരിക്കും അവന്‍റെ പ്രതിനിധികളായ വിശ്വാസികള്‍ക്കുണ്ടാവുക. അറിഞ്ഞിട്ട് ബോധപൂര്‍വ്വം കുറ്റം ചെയ്യുന്ന കപടവിശ്വാസികള്‍ക്ക് അല്ലാഹു ഒരിക്കലും പൊറുത്തുകൊടുക്കുകയില്ല, അറിയാതെ തെറ്റുചെയ്യുന്നവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുത്തേക്കും. ഒരു തിന്മ കണ്ടാല്‍ കൈ കൊണ്ട് തടയുക, അതിന് സാധിച്ചില്ലെങ്കില്‍ നാവുകൊണ്ട് തടയുക, അതിനും സാധിച്ചില്ലെങ്കില്‍ മനസ്സുകൊണ്ട് അവരെ വെറുക്കുക, അതും ചെയ്തില്ലെങ്കില്‍ അവന് പിന്നെ കടുകുമണിത്തൂക്കത്തോളം പോലും വിശ്വാസമില്ലെന്ന് നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. തെറ്റും ശരിയും മനസ്സിലാക്കാനുതകുന്ന ബസ്വാഇറായ, ഫുര്‍ഖാനായ, ത്രാസായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താത്തവര്‍ക്കാണ് അല്ലാഹു പൊറുത്തുകൊടുക്കാതിരിക്കുക, 32: 22 ല്‍ പറഞ്ഞ പ്രകാരം അവരോട് അവന്‍ പ്രതികാരം ചെയ്യുന്നതുമാണ്. 

ജീവിതലക്ഷ്യം നഷ്ടപ്പെട്ട മനുഷ്യര്‍ ഇന്ന് ഭൗതികജീവിതാലങ്കാരങ്ങളിലും സുഖാഡംബരങ്ങളിലും മുഴുകി ഭൂമിയെയും പ്രപഞ്ചത്തെത്തന്നെയും നശിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് കൂടുതലായി ഏര്‍പ്പെട്ടിട്ടുള്ളതെന്ന് കാണാം. പ്രപഞ്ചത്തിലെ മുഖ്യഘടകമായ ഭൂമിയിലെ നശീകരണ പ്രവര്‍ത്തനങ്ങളുടെ പാരമ്യത്തില്‍ പിശാച് തന്‍റെ മൂര്‍ത്തരൂപത്തില്‍ മനുഷ്യരൂപം പൂണ്ട് മസീഹുദ്ദജ്ജാലായി വന്ന് പ്രകൃതിജീവിതമായ ഇസ്ലാമിനെ പൂര്‍ണ്ണമായി മായ്ച്ചുകളയുകയും പിന്നീട് ഈസാ രണ്ടാമതുവന്ന് അവനെ വധിച്ച് ലോകത്തുമൊത്തം അല്ലാഹു തൃപ്തിപ്പെട്ട ജീവിതവ്യവസ്ഥയായ ഇസ്ലാം നടപ്പില്‍ വരുത്തുന്നതുമാണ്. ഭൂമിയില്‍ വസിക്കുന്ന മനുഷ്യരില്‍ ഒരാളും തന്നെ പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി നിഷ്പക്ഷവാനായ അല്ലാഹുവിന്‍റെ പ്രാതിനിധ്യം വഹിക്കാതിരിക്കുകയും നന്മ കല്‍പിക്കുന്നതുപോയിട്ട് തിന്മ വിരോധിക്കുന്നതുവരെ ഇല്ലാതാവുകയും ചെയ്യുമ്പോഴാണ് അന്ത്യനാളിന്‍റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങളില്‍ ഒന്നായ മസീഹുദ്ദജ്ജാല്‍ പുറപ്പെടുക. മസീഹുദ്ദജ്ജാലിന്‍റെ പുറപ്പെടലിനെക്കുറിച്ച് മനസ്സിലാക്കുന്നതിന് 4: 159 ന്‍റെ വിശദീകരണത്തിലെ 'അന്തിക്രിസ്തു-അധര്‍മ്മ മൂര്‍ത്തിയായ മസീഹുദ്ദജ്ജാല്‍' എന്ന ഭാഗം നോക്കുക.

അദ്ദിക്ര്‍ - മിഥ്യ കലരാത്ത അജയ്യമായ ഗ്രന്ഥം

വേദത്തിന്‍റെ ആത്മാവിന് 'അദ്ദിക്ര്‍' എന്നുപറയുന്നു. അതിന് ഉണര്‍ത്തല്‍, അനുസ്മരണം, ഉത്ബോധനം എന്നെല്ലാം അര്‍ത്ഥമുണ്ടെങ്കിലും ആശയം 'ഹൃദയത്തിന്‍റെ ഭാഷയിലുള്ള ഗ്രന്ഥത്തിന്‍റെ ആത്മാവ്' എന്നാണ്. വേദത്തിന്‍റെ ആത്മാവായ ആശയമില്ലാതെ ജീവനായ അര്‍ത്ഥവും വിശദീകരണവും അടങ്ങുന്ന വ്യാഖ്യാനഗ്രന്ഥങ്ങള്‍ പലതുമുണ്ടെങ്കിലും അവ വ്യക്തികളുടെ അഭിപ്രായങ്ങളും മതതാല്‍പര്യങ്ങളും സംഘടനാതാല്‍പര്യങ്ങളും ഉള്‍കൊള്ളുന്നവയായതിനാല്‍ സ്രഷ്ടാവിന്‍റേതല്ല. എന്നാല്‍ അദ്ദിക്ര്‍ എന്ന ഗ്രന്ഥം 41: 41-43 ല്‍ പറഞ്ഞ മിഥ്യയൊന്നും കടന്നുകൂടാത്ത അജയ്യവും അതുല്യവുമായ ഒന്നാണ്. അജയ്യനായ അല്ലാഹുവിനെപ്പോലെത്തന്നെ അജയ്യമായ ഗ്രന്ഥമാണ് അത്. 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണവും ഇതുതന്നെയാണ്. നിശ്ചയം, നാം തന്നെയാണ് അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത്, നാം തന്നെയാണ് അതിന്‍റെ സൂക്ഷിപ്പുകാരനും എന്ന് 15: 9 ല്‍ പറഞ്ഞിട്ടുള്ളതും, ക്രോഡീകരിക്കുന്നതിന് മുമ്പോ ശേഷമോ അതില്‍ സൃഷ്ടികളില്‍ ആരുടെയും കൈകടത്തല്‍ സംഭവിക്കുകയില്ല എന്ന് പറഞ്ഞിട്ടുള്ളതും ഗ്രന്ഥത്തിന്‍റെ ആത്മാവായ 'അദ്ദിക്റി'നെക്കുറിച്ചാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക. 41: 44 പ്രകാരം, അന്ന് നിഷേധികള്‍ ആവശ്യപ്പെട്ടിരുന്നത് അനറബി ഭാഷയിലുള്ള ഒരു ഗ്രന്ഥം കൊണ്ടുവരാനായിരുന്നു. അതും ഇന്ന് അദ്ദിക്റിലൂടെയാണ് പൂവണിഞ്ഞിട്ടുള്ളത്. ഈ പേരില്‍ മുമ്പ് ഒരു വ്യാഖ്യാനഗ്രന്ഥവും ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് അദ്ദിക്ര്‍ എന്ന ഗ്രന്ഥത്തില്‍ മാറ്റത്തിരുത്തലുകള്‍ വരുത്താന്‍ സൃഷ്ടികളില്‍ ആര്‍ക്കും തന്നെ സാധ്യമല്ല. അതിന്‍റെ പകര്‍പ്പവകാശം ആരിലും നിക്ഷിപ്തമല്ലെന്ന് രേഖപ്പെടുത്തിയിട്ടുള്ളതും അത് സ്രഷ്ടാവിന്‍റേത് ആയതുകൊണ്ട് തന്നെയാണ്. ഇത് സൃഷ്ടികളില്‍ ഒരാളുടെ രചനയാണെന്ന് കപടവിശ്വാസികള്‍ക്ക് വാദമുണ്ടെങ്കില്‍, അവരോട് 'അദ്ദിക്ര്‍' പോലെയുള്ള ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ വെല്ലുവിളിക്കുകയാണ്. അറബി ഭാഷയില്‍ വലിയ പണ്ഡിതന്മാരാണെന്ന് നടിക്കുന്നവര്‍ക്കും കര്‍മശാസ്ത്രപടുക്കള്‍ക്കും വാടകപ്രസംഗകര്‍ക്കും 'ആത്മീയാചാര്യന്‍'മാര്‍ക്കുമെല്ലാം ഈ വെല്ലുവിളി ഏറ്റെടുത്ത് പരിശ്രമിച്ച് നോക്കാവുന്നതാണ്.

വേദഗ്രന്ഥത്തില്‍ ഒരു കാര്യവും വഴിക്കുവഴിയായി പറഞ്ഞിട്ടില്ല. എന്നാല്‍ ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ പരസ്പരം വിരുദ്ധമാവുകയുമില്ല. അതിനാല്‍ ഗ്രന്ഥത്തിലെ വാക്കുകള്‍ കൂട്ടിയോജിപ്പിച്ച് വായിച്ച് മനസ്സിലാക്കണം. ഗ്രന്ഥത്തില്‍ എല്ലാ കാര്യങ്ങളും ഒന്നിലധികം സ്ഥലങ്ങളില്‍ ആവര്‍ത്തിച്ചിട്ടുള്ളതിനാല്‍ അതിന് 'മസാനീ' എന്നുപറയുന്നു. ഏതൊരു കാര്യത്തിലും തീരുമാനം കൈകൊള്ളുന്നത് അതിനോട് അനുബന്ധിച്ച് അവതരിപ്പിക്കപ്പെട്ട സൂക്തങ്ങളെല്ലാം കൂട്ടിവായിച്ചുകൊണ്ടായിരിക്കണം. ഓരോ വ്യക്തിയും വിവിധ സന്ദര്‍ഭങ്ങളിലും സാഹചര്യങ്ങളിലും പാലിക്കേണ്ട വിധിവിലക്കുകള്‍ വിവിധ സൂക്തങ്ങളിലൂടെ അല്ലാഹു പഠിപ്പിച്ചിട്ടുണ്ട്. 31: 27 ല്‍ അല്ലാഹു പറയുന്നു: ഭൂമിയിലുള്ള മുഴുവന്‍ വൃക്ഷങ്ങളും പേനകളായും സമുദ്രവും അതിനോടൊപ്പം ഏഴുസമുദ്രങ്ങള്‍ വേറെയും കൊണ്ടുവന്ന് മഷിയായും ഉപയോഗിച്ചാല്‍ പോലും അല്ലാഹുവിന്‍റെ വചനങ്ങള്‍-കലിമാത്ത്- എഴുതിത്തീര്‍ക്കാന്‍ സാധിക്കുകയില്ല. അതായത് ഗ്രന്ഥത്തിന്‍റെ ശരീരവും അര്‍ത്ഥവും എഴുതിയാല്‍ തീരുമെങ്കിലും വിശദീകരണം എഴുതിയാലും പറഞ്ഞാലും തീരുകയില്ല എന്നാണ് അല്ലാഹു പറയുന്നത്. 

ത്രികാലജ്ഞാനമായ അദ്ദിക്റില്‍ എല്ലാ കാര്യങ്ങളും വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ അത് ലോകത്ത് ഘട്ടംഘട്ടമായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. മുന്‍വര്‍ഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത പലതും ഈ വര്‍ഷം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇനിയും പലതും വരും വര്‍ഷങ്ങളില്‍ പ്രത്യക്ഷപ്പെടാനുള്ളതുമാണ്. 41: 53 ല്‍, ദിഗന്തങ്ങളിലും അവരില്‍ തന്നെയും നമ്മുടെ സൂക്തങ്ങള്‍ നാം അവര്‍ക്ക് കാണിച്ചുകൊടുക്കുക തന്നെ ചെയ്യും, നിശ്ചയം അത് സത്യം തന്നെയാണ് എന്ന് അവര്‍ക്ക് വ്യക്തമാകുന്നത് വരെ എന്ന് പറഞ്ഞിട്ടുണ്ട്. മുന്‍കാലത്ത് മനസിലാകാത്തതും എന്നാല്‍ ഇക്കാലത്ത് വെളിവായിട്ടുള്ളതുമായ ചില കാര്യങ്ങള്‍:- 1) ഓരോ മനുഷ്യനും തന്‍റെ പിരടിയില്‍ അവന്‍റെ സോഫ്റ്റ്വെയര്‍ വഹിക്കുന്നുണ്ടെന്ന് 17: 13-14 ല്‍ പറഞ്ഞത് കമ്പ്യൂട്ടര്‍ സാര്‍വത്രികമായി പ്രചാരത്തിലുള്ള ഇക്കാ ലത്ത് എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതാണ്. 2) മനുഷ്യര്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് മൂന്ന് ഇരുട്ടറകള്‍ക്കുള്ളിലാണെന്ന് 39: 6 ല്‍ സൂചിപ്പിച്ചിട്ടുള്ളത് വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. 3) സമുദ്രത്തില്‍ തെളിനീര്‍ വെള്ളവും ഉപ്പുവെള്ളവും ഇടകലരാതെ വേര്‍തിരിഞ്ഞ് നിലകൊള്ളുന്നുണ്ട് എന്ന ആധുനികകാലത്തെ കണ്ടെത്തല്‍ 25: 53 ല്‍ സൂചിപ്പിച്ച ത്. 4) മഹാവിസ്ഫോടനം വഴിയാണ് പ്രപഞ്ചം രൂപപ്പെട്ടതെന്നും ജീവന്‍ നിലനിര്‍ത്തുന്നതിന് വെള്ളം അനിവാര്യമാണെന്നുമുള്ള വസ്തുത 21: 30 ല്‍ പറഞ്ഞിട്ടുള്ളത്. 5) കാഴ്ചയില്‍ ഹൃദയം ബന്ധപ്പെടുന്നുണ്ട് എന്ന കണ്ടെത്തല്‍ 22: 46 ല്‍ സൂചിപ്പിച്ചിട്ടുള്ളത്. 6) ഇപ്പോള്‍ ഈജിപ്ഷ്യന്‍ മ്യൂസിയത്തിലുള്ള മൂവ്വായിരം കൊല്ലങ്ങള്‍ക്ക് മുമ്പുള്ള ഫിര്‍ഔനി ന്‍റെ ജഡം 10: 92 ല്‍ പറഞ്ഞത് പ്രകാരം, മനുഷ്യര്‍ക്ക് ഒരു ദൃഷ്ടാന്തമായി അല്ലാഹു സൂ ക്ഷിക്കുകയാണെന്ന വസ്തുത. 7) വിമാനം കണ്ടുപിടിച്ചതിന് ശേഷം മാത്രമാണ് ഐസുമലകളെപ്പോലെയുള്ള മേഘങ്ങളുടെ പര്‍വതങ്ങളുണ്ട് എന്ന് 24: 43 ല്‍ പറഞ്ഞത് വെളി വായിട്ടുള്ളത്. 8) അവന്‍റെ വിരല്‍തുമ്പുകള്‍ വരെ വ്യത്യസ്തമായി ക്രമപ്പെടുത്തിയ നാം അവന്‍റെ എല്ലുകള്‍ ഒരുമിച്ചുകൂട്ടി പുനര്‍സൃഷ്ടിക്കാന്‍ കഴിവുള്ളവന്‍ തന്നെയാണെന്ന് 75: 3-4 ല്‍ പറഞ്ഞിട്ടുള്ളത് വിരലടയാളം വ്യക്തികളെ തിരിച്ചറിയാനുള്ള മാനദണ്ഡമായി അംഗീകരിച്ചിട്ടുള്ള ഇക്കാലത്താണ് കൂടുതല്‍ മനസ്സിലാവുക. 9) എല്ലാ ഓരോ വസ്തുക്കളിലും ഭൂമിയില്‍ നിന്ന് മുളച്ച് പൊന്തുന്നവയിലും അവരില്‍ തന്നെയും അവര്‍ക്ക് അറിവി ല്ലാത്തവയിലും ഇണകളെ സൃഷ്ടിച്ചിട്ടുണ്ട് എന്ന് 36: 36 ല്‍ പറഞ്ഞിട്ടുള്ളത്, ആറ്റത്തെപ്പോലും വിഘടിപ്പിക്കാന്‍ കഴിഞ്ഞ ഇക്കാലത്ത് കൂടുതല്‍ മനസിലാക്കാം. 10) നിശ്ചലമായി നില്‍ക്കുന്ന സൂര്യനുചുറ്റും ഭൂമിയും മറ്റുഗ്രഹങ്ങളും കറങ്ങുകയാണെന്ന മുന്‍കാലശാസ്ത്രപഠനം തിരുത്തിക്കൊണ്ട് സൂര്യന്‍ സഞ്ചരിച്ച് കൊണ്ടിരിക്കുന്നു എന്ന് 36: 38 ല്‍ പറഞ്ഞത് ആധുനികശാസ്ത്രം അംഗീകരിച്ചിരിക്കുന്നു. 11) ഭൂമി അതിന്‍റെ റിക്കാര്‍ഡുകള്‍ സമര്‍പ്പിക്കുന്നതാണെന്ന് 99: 4 ല്‍ പറഞ്ഞത് ഓഡിയോ-വീഡിയോ റിക്കാര്‍ഡിംഗും സി.സി.ടി.വിയും പ്രചുരപ്രചാരമായ ഇക്കാലത്ത് കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കേണ്ടതാണ്.

നിരക്ഷരരായ അറബികള്‍ക്ക് മാത്രമല്ല, അന്ത്യനാള്‍ വരെ ലോകത്തെല്ലായിടത്തും ജനിക്കാനിരിക്കുന്ന നിരക്ഷരരില്‍ നിന്നുള്ള മറ്റുചിലര്‍ക്കുമുള്ളതാണ് പ്രവാചകന്‍ മുഹമ്മദും ഗ്രന്ഥവും എന്നാണ് 62: 2-3 ല്‍ പറഞ്ഞിട്ടുള്ളത്. ഇതില്‍ നിന്നും അറബി ഭാഷയില്‍ വലിയ പരിജ്ഞാനമുള്ളവരേക്കാള്‍ അറബി ഭാഷ എഴുതാനും വായിക്കാനും അറിയാത്ത ഇതരജനവിഭാഗങ്ങള്‍ക്കാണ് അദ്ദിക്ര്‍ കൂടുതല്‍ ഗ്രഹിക്കാന്‍ കഴിയുക എന്ന് മനസ്സിലാക്കാം. ഏതൊരാളും 'എന്‍റെ നാഥാ, എനിക്ക് നീ അറിവ് വര്‍ദ്ധിപ്പിച്ച് തരേണമേ' എന്ന് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിച്ച് ഹൃദയം കൊണ്ട് മനസ്സിലാക്കാന്‍ വളരെ എളുപ്പമാക്കിയിട്ടുള്ള അദ്ദിക്ര്‍ വായിക്കുകയാണെങ്കില്‍ അത് അവര്‍ക്ക് വേഗത്തില്‍ മനസ്സിലാകുന്നതാണ്. ഇന്ന് ഇതരജനവിഭാഗങ്ങള്‍ ഗ്രന്ഥത്തിന്‍റെ അടിസ്ഥാനത്തില്‍ വിശ്വാസം രൂപപ്പെടുത്തുകയും അതിന്‍റെ ആശയത്തിന് വിരുദ്ധമായി ജീവിക്കുന്ന ഫുജ്ജാറുകളെ അതുകൊണ്ട് ഉണര്‍ത്തുകയുമാണ് വേണ്ടത്. ഗ്രന്ഥം വന്നുകിട്ടിയതിനുശേഷം അത് ഉപയോഗപ്പെടുത്താതെ മൂടിവെക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയുമാണെങ്കില്‍ അവരും ഫുജ്ജാറുകളോടൊപ്പം നരകത്തില്‍ പോകേണ്ടി വരും. ഏതൊരാള്‍ക്കും സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോകണമെങ്കില്‍ അദ്ദിക്റിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തുക തന്നെ വേണം.

തീവ്രവാദത്തിനെതിരെയുള്ള ഏകആയുധം:

സ്വീകരിക്കാനും നിഷേധിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാ മനുഷ്യര്‍ക്കും നിഷ്പക്ഷവാനായ അല്ലാഹു തന്നെ നല്‍കിയതാണെന്നിരിക്കെ, ഒരു വിഭാഗത്തിനും തങ്ങളുടെ ആശയം മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള അവകാശമില്ല. നിര്‍ഭാഗ്യവശാല്‍ ലോകത്തുള്ള എല്ലാ വിഭാഗങ്ങളും വേദത്തിന്‍റെ ആത്മാവിനെ തീരെ പരിഗണിക്കാതെ അതിന്‍റെ ശരീരത്തെ മാത്രം പരിഗണിക്കുന്നവരായി മാറിയിരിക്കുകയാണ്. അവര്‍ ജീവിതത്തെ വിവിധ ആചാരാനുഷ്ഠാനങ്ങളില്‍ തളച്ചിടുകയും അവരവരുടെ ആചാരാനുഷ്ഠാനങ്ങളില്‍ ദുരഭിമാനം കൊള്ളുകയും അവ മറ്റുള്ളവരുടെ മേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് ഇന്ന് ലോകത്ത് അനുഭവപ്പെടുന്ന എല്ലാ സംഘര്‍ഷങ്ങള്‍ക്കും ഭീകരവാദങ്ങള്‍ക്കും കാരണമെന്ന് കാണാവുന്നതാണ്. 76: 3 പ്രകാരം നിഷ്പക്ഷവാനായ അല്ലാഹു എല്ലാ മനുഷ്യര്‍ക്കും നന്ദി പ്രകടിപ്പിക്കുന്നവന്‍ അല്ലെങ്കില്‍ നന്ദി കെട്ടവന്‍ എന്നീ രണ്ടാലൊരുമാര്‍ഗം തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കിയിട്ടുള്ളതുകൊണ്ടും, 2: 256 പ്രകാരം മതത്തില്‍ നിര്‍ബന്ധമില്ലാത്തതുകൊണ്ടും നിര്‍ബന്ധമതപരിവര്‍ത്തനം, രക്തച്ചൊരിച്ചില്‍, തീവ്രവാദപ്രവര്‍ത്തനങ്ങള്‍, ബോംബ് സ്ഫോടനങ്ങള്‍ തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളും കാഫിറായ പിശാചിനുവേണ്ടിയുള്ളതും അതില്‍ ഏര്‍പ്പെടുന്നവര്‍ കാഫിറുകളുമാണ്. ആണവായുധങ്ങള്‍ കൊണ്ടുപോലും തുടച്ചുനീക്കാന്‍ കഴിയാത്ത വിധം ഇന്ന് ലോകമെങ്ങും പടര്‍ന്നുപിടിച്ചിട്ടുള്ള പരിഹാരമില്ലാത്ത പ്രശ്നമായ തീവ്രവാദം ഇല്ലായ്മ ചെയ്യാനും രക്തച്ചൊരിച്ചിലുകളും നശീകരണ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാനും മനുഷ്യരുടെ ഐക്യം സ്ഥാപിക്കാനും തീവ്രവാദത്തിനെതിരെയുള്ള ഒരേയൊരു ആയുധമായ അദ്ദിക്ര്‍ കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. 

ഫുജ്ജാറുകള്‍ ഇന്ന് ലോകത്തെവിടെയും പീഡിപ്പിക്കപ്പെടുന്നതിന് കാരണം അവര്‍ അദ്ദിക്റിനെ അവഗണിച്ച് ഐഹികലോകജീവിതത്തിന് പ്രാധാന്യം കൊടുത്ത് ജീവിക്കുന്നവരായതാണ്. അവരെത്തന്നെ കക്ഷികളായി ഭിന്നിപ്പിച്ച് തമ്മിലടിപ്പിച്ചുകൊണ്ടോ ഇതരജനവിഭാഗങ്ങളെ അവര്‍ക്കെതിരായി തിരിച്ചുവിട്ടുകൊണ്ടോ നിഷ്ഠൂരന്മാരായ ഭരണാധികളെക്കൊണ്ടോ മറ്റു വിപത്തുകള്‍ കൊണ്ടോ പീഡനമേല്‍പിക്കപ്പെടുന്നതില്‍ നിന്നും രക്ഷപ്രാപിക്കാന്‍ എല്ലാ ആപത്ത് വിപത്തുകളെത്തൊട്ടും നരകത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായ അദ്ദിക്റിലേക്കുതന്നെ മടങ്ങുകയല്ലാതെ അവര്‍ക്ക് മറ്റു പോംവഴികളൊന്നുമില്ല. ഇസ്റാഈല്‍ സന്തതികളെ ഫിര്‍ഔന്‍ അറുകൊല ചെയ്തിരുന്നതിനെക്കുറിച്ച് ഫിര്‍ഔനില്‍ നിന്നുള്ള വമ്പിച്ച പരീക്ഷണം എന്ന് പറയുന്നതിന് പകരം 'നിങ്ങളുടെ നാഥനില്‍ നിന്നുള്ള വമ്പിച്ച പരീക്ഷണം' എന്ന് 7: 141 ല്‍ പറഞ്ഞതില്‍ നിന്നും ഇക്കാര്യം മനസ്സിലാക്കാം. അജയ്യമായ ഗ്രന്ഥത്തെ ഒഴിവാക്കുക വഴി അല്ലാഹുവിനെയും പരലോകത്തെയും മറന്ന് ജീവിക്കുന്ന ഫുജ്ജാറുകള്‍ക്ക് അല്ലാഹു തന്നെയാണ് ഇഹത്തില്‍ നിന്ദ്യത നല്‍കുന്നത് എന്നര്‍ത്ഥം. സാമുദായികമായി സംഘടിച്ചതുകൊണ്ടും ആയുധാഭ്യാസങ്ങള്‍ കൊണ്ടും മറ്റുഭൗതികനേട്ടങ്ങള്‍ കൊണ്ടും അവര്‍ കൂടുതല്‍ നാശത്തിലകപ്പെടുകയാണ് ചെയ്യുന്നത്. 2: 49, 85; 6: 65 വിശദീകരണം നോക്കുക. 

മനുഷ്യന്‍ അവനെ വേദഗ്രന്ഥം കൊണ്ട് തിരിച്ചറിഞ്ഞ്, വേദത്തിന്‍റെ ആശയമനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തി, വര്‍ഗ്ഗീയതയും സാമുദായികതയും കലഹങ്ങളും പരസ്പരം പെരുമ നടിക്കലും മറ്റും ഒഴിവാക്കി ജീവിക്കല്‍ മാത്രമാണ് മനുഷ്യര്‍ക്കിടയില്‍ സമാധാനം പുലരാനുള്ള ഏകമാര്‍ഗ്ഗം. അതുമാത്രമേ ആത്മനിയന്ത്രണം പാലിച്ച് നിര്‍ണയിച്ച അവധി വരെ ശാന്തിയോടും സമാധാനത്തോടും കൂടി ഭൂമിയില്‍ ജീവിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുകയുള്ളൂ. മനുഷ്യന്‍റെ കഴിവും പരിമിതിയും തിരിച്ചറിയുന്നതിനും അവന്‍റെ സ്ഥാനവും ഉത്തരവാദിത്തവും മനസ്സിലാക്കുന്നതിനുമുള്ള ഉപകരണമാണ് ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍. അതുകൊണ്ട് സ്വന്തത്തെയും സ്രഷ്ടാവിനെയും ജീവിതലക്ഷ്യത്തെയും തിരിച്ചറിഞ്ഞവര്‍ മാത്രമേ സ്വര്‍ഗ്ഗത്തിലേക്കുതന്നെ തിരിച്ചുപോവുകയുള്ളൂ.

ഖിറാഅത്തും തിലാവത്തും:

വ്യക്തി എന്നുപറയുന്നത് ആത്മാവിനെയാണ് എന്നതുപോലെ, ഗ്രന്ഥം എന്ന് പറയുന്നത് അതിന്‍റെ ആത്മാവായ ആശയത്തെയാണ്. ഖിറാഅത്ത് (വായന) അതിന്‍റെ ആശയം ഉണ്ടാകുമ്പോള്‍ മാത്രമേ നടത്താവൂ. നിങ്ങള്‍ ഗ്രന്ഥം വായിക്കുക, നിങ്ങളുടെ ഹൃദയം അതുമായി (ഗ്രന്ഥത്തിന്‍റെ ആശയവുമായി) ഇണങ്ങുമ്പോള്‍, അവ രണ്ടും ഭിന്നിച്ചാല്‍ (ഹൃദയവും ഗ്രന്ഥത്തിന്‍റെ ആശയവും തമ്മില്‍) നിങ്ങള്‍ അതിനെത്തൊട്ട് എഴുന്നേറ്റ് പോവുക എന്നും, അല്ലാത്ത പക്ഷം വായിച്ച ഗ്രന്ഥം നിങ്ങള്‍ക്ക് എതിരായി സാക്ഷ്യം വഹിക്കുകയും വാദിക്കുകയും ചെയ്യും എന്നും നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്.

ആശയം ഉള്‍ക്കൊണ്ട് സാവകാശം നിര്‍ത്തി നിര്‍ത്തി പ്രതികരിച്ചുകൊണ്ട് വായിക്കലാണ് തിലാവത്ത്. അഥവാ ശിക്ഷയെക്കുറിച്ചും നരകത്തെക്കുറിച്ചും പരാമര്‍ശിക്കുമ്പോള്‍ അല്ലാഹുവില്‍ ശരണം തേടിക്കൊണ്ടും; അനുഗ്രഹങ്ങള്‍, ഔദാര്യങ്ങള്‍, സ്വര്‍ഗം എന്നിവയെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അതിന് അര്‍ത്ഥിച്ചുകൊണ്ടും; അല്ലാഹുവിനെ പരാമര്‍ശിക്കുമ്പോള്‍ അവന്‍റെ സത്തയും പ്രൗഢിയും പ്രഭാവവും മനസ്സിലുണര്‍ന്നുകൊണ്ടും അവനെ പരിശുദ്ധപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്തുകൊണ്ടും; പിശാചിനെ പരാമര്‍ശിക്കുമ്പോള്‍ അവന്‍റെ തിന്മയില്‍ നിന്ന് അല്ലാഹുവില്‍ അഭയം തേടിക്കൊണ്ടുമുള്ള വായനയാണത്. സ്വര്‍ഗത്തിലേക്കുള്ള വിഭാഗങ്ങളായ വിശ്വാസികള്‍, സജ്ജനങ്ങള്‍, പുണ്യാത്മാക്കള്‍ തുടങ്ങിയവരെക്കുറിച്ച് പറയുമ്പോള്‍ അവരില്‍ ചേര്‍ക്കാനും; നരകത്തിലേക്കുള്ള വിഭാഗങ്ങളായ കപടവിശ്വാസികള്‍, നിഷേധികള്‍, അക്രമികള്‍, ഭ്രാന്തന്മാര്‍, ലക്ഷ്യബോധം നഷ്ടപ്പെട്ടവര്‍, പ്രജ്ഞയറ്റവര്‍, നിരാശപ്പെട്ടവര്‍, സംശയാലുക്കള്‍, നാശകാരികള്‍, വഞ്ചകന്മാര്‍, പരിധി ലംഘിച്ചവര്‍ തുടങ്ങിയവരെ പരാമര്‍ശിക്കുമ്പോള്‍ അവരില്‍ ചേര്‍ക്കാതിരിക്കാനും അര്‍ത്ഥിച്ചുകൊണ്ടുള്ള വായനയാണത്. ആശയം പഠിച്ചവര്‍ക്ക് ഗ്രന്ഥം വായിക്കലും അതിന്‍റെ ആശയം ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കലുമാണ് തിലാവത്ത്. നീ ഗ്രന്ഥം അനുസരിച്ച് ജീവിതം ക്രമപ്പെടുത്തേണ്ട വിധം ക്രമപ്പെടുത്തുക എന്ന് 73: 4 ലും, പ്രവാചകന്‍റെ ജീവിതം ഗ്രന്ഥത്തിനനുസരിച്ച് അല്ലാഹു തന്നെ ചിട്ടപ്പെടുത്തിക്കൊടുക്കുമെന്ന് 25: 32 ലും പറഞ്ഞിട്ടുണ്ട്. അപ്പോള്‍ വിശ്വാസികള്‍ 2: 143; 22: 78 എന്നീ സൂക്തങ്ങളുടെ കല്‍പന പാലിച്ചുകൊണ്ട് അദ്ദിക്റിനനുസരിച്ച് ജീവിതം ക്രമപ്പെടുത്തി പ്രവാചകന്‍റെ ജീവിതം ജനങ്ങളില്‍ സാക്ഷ്യപ്പെടുത്തുകയാണ് വേണ്ടത്.

20: 14 പ്രകാരം ഗ്രന്ഥത്തിന്‍റെ ആശയം നിലനിര്‍ത്താനാണ് നമസ്കാരം എന്നിരിക്കെ, അദ്ദിക്ര്‍ പഠിക്കാനും പഠിപ്പിക്കാനും ലോകരിലേക്ക് എത്തിച്ചുകൊടുക്കാനുമാണ് നമസ്കാരത്തേക്കാള്‍ മുന്‍ഗണന കൊടുക്കേണ്ടതെന്ന് 7: 170; 29: 45; 35: 29 എന്നീ സൂക്തങ്ങളില്‍ നിന്ന് മനസ്സിലാക്കാം. നമസ്കാരത്തിലാണെങ്കിലും ആശയമില്ലാതെ ഗ്രന്ഥം പാരായണം ചെയ്താല്‍, വില്ലില്‍ നിന്ന് അമ്പ് തെറിച്ചുപോകുന്ന വേഗത്തില്‍ ദീനില്‍ നിന്ന് തെറിച്ചുപോകുമെന്ന് നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അലിഫ്-ലാം-മീം എന്ന് നിങ്ങള്‍ വായിക്കുന്നില്ല, അതിലെ അക്ഷരങ്ങളായ അലിഫിനും ലാമിനും മീമിനും പത്ത് വീതം നന്മകള്‍ രേഖപ്പെടുത്തിയിട്ടല്ലാതെ എന്ന് നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചതും വിശ്വാസികള്‍ക്ക് മാത്രമേ ബാധകമാവുകയുള്ളൂ.

മുന്നറിയിപ്പ്:

ഗ്രന്ഥത്തിന്‍റെ ആശയം മനുഷ്യരുടെ ഹൃദയത്തിന്‍റെ ഭാഷയില്‍ എത്തിച്ചുകൊടുത്ത് അവരെ സ്രഷ്ടാവിലേക്ക് വിളിക്കുന്നതിനും സ്രഷ്ടാവിന്‍റെ മുമ്പില്‍ ഉത്തരം പറയാന്‍ തയ്യാറാക്കുന്നതിനും ഉദ്ദേശിച്ചുകൊണ്ട് മാത്രമാണ് വേദത്തിന്‍റെ ആശയവിശദീകരണഗ്രന്ഥമായ 'അദ്ദിക്ര്‍' രചിച്ചിട്ടുള്ളത്. വേദഗ്രന്ഥത്തിലെ സൂക്തങ്ങളെ ഇതരസൂക്തങ്ങള്‍ കൊണ്ടും അതിന്‍റെ വിശദീകരണമായി നാഥന്‍ പ്രവാചകനിലൂടെ വിശദീകരിച്ച വിശദീകരണങ്ങള്‍ കൊണ്ടും വിശദീകരിക്കുകയാണ് ഇതില്‍ ചെയ്തിട്ടുള്ളത്. ഓരോ സൂക്തങ്ങളുടെയും ഇക്കാലത്തേക്കുള്ള 'മൗഇളത്ത്'(സമാനമായ ഉപമ-ഉദാഹരണങ്ങള്‍) അതാത് സൂക്തങ്ങളില്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഗ്രന്ഥം സ്രഷ്ടാവ് ഉദ്ദേശിച്ച വിധത്തില്‍ വിശദീകരിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും സ്വന്തം അഭിപ്രായമോ ആശയമോ എവിടെയും വരാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടുമാണ് ഇത് നിര്‍വ്വഹിച്ചിട്ടുള്ളത്.

അദ്ദിക്ര്‍ വീട്ടില്‍ വെറുതെ വെക്കാനുള്ളതല്ല, ഇത് നിന്‍റെ കൈകളിലെത്താന്‍ അവസരമൊരുക്കിയത് സര്‍വ്വസ്രഷ്ടാവ് തന്നെയാകുന്നു. ഇത് വായിച്ച് മനസ്സിലാക്കാന്‍ സമയം കണ്ടെത്താതിരിക്കുകയോ വായിച്ച ശേഷം പിന്‍പറ്റി ജീവിക്കാതിരിക്കുകയോ ചെയ്താല്‍ ഇത് സ്പര്‍ശിച്ച നിന്‍റെ കയ്യും ഇതുകണ്ട നിന്‍റെ കണ്ണും തൊലിയുമെല്ലാം നാളെ അല്ലാഹുവിന്‍റെ കോടതിയില്‍ നിനക്കെതിരില്‍ സാക്ഷ്യം വഹിക്കുന്നതും വാദിക്കുന്നതുമാണ്. ഏറ്റവും നല്ല വര്‍ത്തമാനം അല്ലാഹുവിന്‍റെ ഗ്രന്ഥമാണെന്ന് നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിരിക്കെ, സ്രഷ്ടാവിന്‍റെ മുഖപത്രമായ അദ്ദിക്ര്‍ വായിക്കാതെ മറ്റേതൊരു പത്രവും ഗ്രന്ഥവും പ്രസിദ്ധീകരണവും വായിക്കല്‍ വിശ്വാസികള്‍ക്ക് യോജിച്ചതല്ല തന്നെ. വിജ്ഞാനവര്‍ദ്ധനവിനുവേണ്ടിയോ ആത്മനിര്‍വൃതിക്കുവേണ്ടിയോ പുണ്യം ലഭിക്കുന്നതിന് വേണ്ടിയോ മാത്രം അദ്ദിക്ര്‍ വായിക്കാവുന്നതല്ല. കാരണം സര്‍വ്വസ്രഷ്ടാവിന്‍റെ മൊത്തം സൃഷ്ടികള്‍ക്കുള്ള ഉത്തരവുകളാണ് അതിലടങ്ങിയിരിക്കുന്നത് എന്നതിനാല്‍ അതിനനുസരിച്ച് ജീവിതം ക്രമപ്പെടുത്തുകയും മറ്റുള്ളവരിലേക്ക് പകര്‍ന്ന് കൊടുക്കുകയും വേണം. അങ്ങനെയുള്ളവര്‍ക്ക് മുമ്പില്‍ മാത്രമേ അതിന്‍റെ ആശയകവാടങ്ങള്‍ തുറക്കപ്പെടുകയുമുള്ളൂ. അതിന് പറയുന്നത് പ്രവര്‍ത്തിക്കുകയും പ്രവര്‍ത്തിക്കുന്നത് പറയുകയും ചെയ്യല്‍ നിര്‍ബന്ധമാണ്. 56: 79 ല്‍ പരിശുദ്ധന്മാര്‍ക്കല്ലാതെ അദ്ദിക്ര്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുകയില്ല എന്ന് പറഞ്ഞിട്ടുള്ളതിനാല്‍ അനുവദനീയമല്ലാത്തതും പരിശുദ്ധമല്ലാത്തതുമായ സമ്പത്തും ഭക്ഷണവിഭവങ്ങളും ഉപയോഗിക്കുന്നവര്‍ക്ക് അദ്ദിക്ര്‍ മനസ്സിലാവുകയില്ല. അജയ്യവും അതുല്യവുമായ ആ ഗ്രന്ഥത്തെ പരിഗണിക്കാതെ മദ്ഹബ് ഗ്രന്ഥങ്ങള്‍ (ദീനില്‍ നിന്ന് പോയവരുടെ ഗ്രന്ഥങ്ങള്‍) അവലംബഗ്രന്ഥങ്ങളാക്കുന്നവര്‍ക്കും ഇത് മനസ്സിലാക്കുവാന്‍ സാധിക്കുകയില്ല.

ഓര്‍മ്മിക്കുക:

ഗ്രന്ഥത്തിന്‍റെ ആത്മാവായ ആശയത്തില്‍ നിന്നാണ് പിശാച് തടയുക എന്നതിനാല്‍ 'അദ്ദിക്ര്‍' വായിക്കാന്‍ തുടങ്ങുമ്പോള്‍ പിശാച് നിന്നെ തടയാന്‍ ശ്രമിക്കുന്നതാണ്. മടുപ്പുണ്ടാക്കിയും ഉറക്കം വരുത്തിയും സമയമില്ലാതാക്കിയും മറ്റുപ്രശ്നങ്ങള്‍ വലിച്ചിട്ടുകൊണ്ടും നിന്നെ തടയാനുള്ള കഴിവ് അല്ലാഹു അവന് കൊടുത്തിട്ടുണ്ട്. സത്യം അസത്യമായും അസത്യം സത്യമായും തോന്നിപ്പിക്കുന്നതിനും അവന് കഴിവുണ്ട്. ആശയമില്ലാതെ ഗ്രന്ഥം വായിക്കുകയാണെങ്കില്‍ അവന്‍ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുക. അതിനാല്‍ 23: 97-98 സൂക്തങ്ങളില്‍ കല്‍പിച്ചത് പ്രകാരം, പിശാചിന്‍റെ പ്രലോഭനത്തെത്തൊട്ടും ഭീഷണിപ്പെടുത്തലിനെത്തൊട്ടും ക്ഷുദ്രപ്രവര്‍ത്തനങ്ങളെത്തൊട്ടും അവന്‍റെയും നിന്‍റെയും ഉടമയില്‍ അഭയം തേടുക. അതുപോലെ നീ ഇത് പിന്‍പറ്റാന്‍ തുടങ്ങുമ്പോള്‍ മനുഷ്യപ്പിശാചുക്കള്‍ നിന്നെ പരിഹസിക്കാനും ഒറ്റപ്പെടുത്താനും ശ്രമിക്കും. 9: 34-35 സൂക്തങ്ങളില്‍ പറഞ്ഞ, ജനങ്ങളുടെ ധനം അവിഹിതമായി തിന്നുന്ന പണ്ഡിതപുരോഹിതന്മാരും നാട്ടുപ്രമാണിമാരും വിവിധ സംഘടനക്കാരും അടങ്ങിയ പിശാചിന്‍റെ പട്ടാളം നിന്നെ ഭയപ്പെടുത്താനും ഒറ്റപ്പെടുത്താനും ബദ്ധശ്രദ്ധരായി മുന്നോട്ടുവരും. ഭൂരിപക്ഷത്തിന്‍റെ മാര്‍ഗം വെടിയുകയാണെങ്കില്‍ നിനക്കെതിരെ ഊരുവിലക്ക് ഏര്‍പ്പെടുത്തും, നിന്നെ ഒറ്റപ്പെടുത്തും, നീ മരിച്ചാല്‍ പള്ളിവക ഖബര്‍സ്ഥാനില്‍ മറവ് ചെയ്യാന്‍ അനുവദിക്കുകയില്ല, മയ്യിത്ത് നമസ്കരിക്കുകയില്ല, മക്കളുടെ വിവാഹം നടക്കുകയില്ല -നടത്തിത്തരികയുമില്ല തുടങ്ങിയ ഭീഷണികളെല്ലാം അവര്‍ ആയുധമായി പ്രയോഗിക്കാന്‍ തുടങ്ങും. അല്ലാഹുവിന്‍റെ മാര്‍ഗമായ അദ്ദിക്ര്‍ പിന്‍പറ്റുന്നതുമൂലം തന്‍റെ കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും ഭവിഷ്യത്തുകള്‍ ഉണ്ടാകുമെന്ന് ഭയപ്പെട്ട് അതില്‍ നിന്ന് പിന്തിരിയരുത്. അദ്ദിക്റിനെ ഐശ്വര്യവും എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായി ഉപയോഗപ്പെടുത്തുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസി ഇത്തരം ഭീഷണികളൊന്നും ഭയപ്പെടുകയില്ല. സത്യം തിരിച്ചറിഞ്ഞ് സ്വീകരിക്കുമോ അതല്ല, അതിനെ മൂടിവെച്ച് ഭൗതികനേട്ടം തെരഞ്ഞെടുക്കുമോ എന്ന് പരീക്ഷിക്കുന്നതിനുവേണ്ടിയാണ് അല്ലാഹു ഇത്തരം സാഹചര്യങ്ങളെല്ലാം ഉണ്ടാക്കുന്നത് എന്ന് മനസ്സിലാക്കി; എല്ലാം അടക്കിഭരിക്കുന്ന, എല്ലാവരുടെയും മൂര്‍ദ്ധാവ് നിയന്ത്രിക്കുന്ന, ഏകാധിപനായ അല്ലാഹുവിന്‍റെമേല്‍ ഭരമേല്‍പിച്ചുകൊണ്ട് സത്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അവന്‍ ചെയ്യുക. അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി വിശ്വാസം രൂപപ്പെടുത്തുകയും ജീവിതലക്ഷ്യം തിരിച്ചറിയുകയും ത്രികാലജ്ഞാനിയായ അല്ലാഹു എല്ലാ കാര്യങ്ങളും നേരത്തെ നിശ്ചയിച്ച് വെച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കുകയും ചെയ്ത അത്തരക്കാര്‍ ഭൂമിയില്‍ ഒന്നും നഷ്ടപ്പെടാനില്ലെന്ന് ദൃഢബോധ്യമുള്ളവരുമായിരിക്കും. തിന്മക്ക് വേണ്ടി ഗൂഢതന്ത്രം മെനയുന്നവരുടെ തന്ത്രങ്ങള്‍ അവര്‍ക്കെതിരെത്തന്നെയാണ് തിരിച്ചടിക്കുക എന്ന് 35: 10 ല്‍ പറഞ്ഞിട്ടുണ്ട്. 

'എന്‍റെ നാഥാ, എനിക്ക് നീ അറിവ് വര്‍ദ്ധിപ്പിച്ച് തരേണമേ' എന്ന് ആത്മാവ് കൊണ്ട് പ്രാര്‍ത്ഥിച്ചുകൊണ്ടും, സംശയങ്ങള്‍ ഓര്‍മ്മിച്ചുകൊണ്ടും അദ്ദിക്ര്‍ വായിച്ചുപോവുക. അടിമ ഉടമയുമായുള്ള സംഭാഷണത്തില്‍ ഏര്‍പ്പെടുമ്പോള്‍ സംശയങ്ങള്‍ക്കുള്ള മറുപടി ക്രമത്തില്‍ ലഭിക്കുന്നതാണ്. ആദ്യദിവസത്തെ വായനയില്‍ സംശയങ്ങള്‍ക്ക് ഉത്തരം ലഭിച്ചിട്ടില്ലെങ്കില്‍ വായന തുടരുക. അവസാനിക്കുന്നതിനുമുമ്പ് ഉത്തരം ലഭിക്കാതിരിക്കുകയില്ല. സൂക്തങ്ങള്‍ കൂട്ടിവായിക്കാന്‍ പറഞ്ഞതും വിശദീകരണം നോക്കാന്‍ പറഞ്ഞതും അപ്പപ്പോള്‍ തന്നെ 'അദ്ദിക്റില്‍' നോക്കി ഉറപ്പുവരുത്തുക. അഥവാ ഒരു സൂക്തത്തിനോട് കൂട്ടിവായിക്കാന്‍ പറഞ്ഞ മൂന്ന് സൂക്തങ്ങളുണ്ടെങ്കില്‍ അവ മൂന്നും കൂടിച്ചേരുമ്പോള്‍ അവയിലുള്ള ആശയത്തിന് പുറമെ പുതിയ ആശയങ്ങള്‍ കൂടി വായനക്കാര്‍ക്ക് ലഭിക്കുന്നതാണ്. ഇതാണ് ഗ്രന്ഥത്തിന്‍റെ വിശദീകരണം എഴുതിയാലും പറഞ്ഞാലും തീരുകയില്ലെന്ന് പറഞ്ഞതിന്‍റെ പൊരുള്‍. അദ്ദിക്ര്‍ വായിക്കുന്നതിന് ഏറ്റവും നല്ല സമയം തെരഞ്ഞെടുക്കേണ്ടതും മുന്‍ധാരണകളൊന്നുമില്ലാതെ പ്രസവിച്ച കുഞ്ഞിന്‍റെ നിഷ്കളങ്കതയോടുകൂടി അതിനെ സമീപിക്കേണ്ടതുമാണ്. അദ്ദിക്ര്‍ മൊത്തം വായിച്ചിട്ടും തീരാത്ത സംശയങ്ങളുണ്ടെങ്കില്‍ അദ്ദിക്ര്‍ അറിയുന്നവരോട് (മാത്രം) ചോദിച്ചു പഠിക്കാന്‍ മടി കാണിക്കുകയുമരുത്. പ്രവാചകനും വിശ്വാസികളും നിഷ്പക്ഷവാനായ നാഥനെക്കുറിച്ച് ചോദിക്കേണ്ടത് അദ്ദിക്റിന്‍റെ രചയിതാവായ ത്രികാലജ്ഞാനിയോടാണ് എന്ന് 25: 59 ലും, അപ്പോള്‍ അറിവില്ലാത്ത ഏത് കാര്യത്തെക്കുറിച്ചും ഏതൊരാളും ചോദിക്കേണ്ടത് ത്രികാലജ്ഞാനമായ അദ്ദിക്റിന്‍റെ രചയിതാവിനോടാണെന്ന് 16: 43; 21: 7 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. മൊത്തം സൃഷ്ടികള്‍ക്കുള്ള സ്രഷ്ടാവിന്‍റെ ഈ സന്ദേശം ജാതി-മത-രാഷ്ട്ര-ലിംഗ വ്യത്യാസമില്ലാതെ ഏവര്‍ക്കും എത്തിച്ചുകൊടുക്കുന്നതിന് എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്ന് ഓര്‍മിപ്പിക്കുന്നു. അതിനുവേണ്ടി ഇതിന്‍റെ കോപ്പികളെടുത്തും വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയും ഈ സംരംഭത്തില്‍ എല്ലാ ഓരോരുത്തര്‍ക്കും പങ്കാളികളാകാവുന്നതാണ്.

ഇന്നത്തെ ഒറ്റപ്പെട്ട വിശ്വാസിയോട്:

ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ സംഘമില്ല. സ്വര്‍ഗത്തില്‍ വെച്ച് സൃഷ്ടിക്കപ്പെട്ട ഓരോ മനുഷ്യന്‍റെയും വിധി, 32: 13 പ്രകാരം അടിസ്ഥാനപരമായി നരകത്തിലേക്കാണ് നിശ്ചയിച്ചുവെച്ചിട്ടുള്ളത്. ഓരോ വ്യക്തിക്കും തന്‍റെ ജീവിതത്തിന്‍റെ നാലാം ഘട്ടത്തില്‍ അല്ലാഹു നല്‍കിയിട്ടുള്ള സര്‍വ്വകഴിവുകളും, ഏല്‍പ്പിച്ചിട്ടുള്ള സര്‍വ്വവിഭവങ്ങളും സമ്പത്തുക്കളും നിശ്ചയിച്ചിട്ടുള്ള സമയവും അവസരങ്ങളും ഉപയോഗപ്പെടുത്തി സ്വന്തം വിധി തിരുത്തി സ്വര്‍ഗത്തിലേക്കാക്കി മാറ്റാനാണ് മനുഷ്യനെ അല്ലാഹു ചുമതലപ്പെടുത്തിയിട്ടുള്ളത്. അതാണ് ഇഹലോകജീവിതം പരീക്ഷണകാലഘട്ടമാണെന്ന് പറയുന്നതിന്‍റെ പൊരുള്‍. അതിനാല്‍ ഒരു പരീക്ഷാര്‍ത്ഥി തന്‍റെ പരീക്ഷാസമയം തീരുന്നതിന് മുമ്പായി കഴിവതും വേഗം ശരിയുത്തരങ്ങള്‍ എഴുതേണ്ടതിന്‍റെ പ്രാധാന്യത്തേക്കാള്‍ കൂടുതല്‍ തന്‍റെ ഇഹലോകമാകുന്ന പരീക്ഷാകാലം അതിനുവേണ്ടി വിനിയോഗിക്കേണ്ടതാണ്. കാരണം മനുഷ്യന് തന്‍റെ പരീക്ഷണകാലം എപ്പോള്‍ അവസാനിക്കുമെന്ന് മുന്‍കൂട്ടി അറിയാന്‍ സാധിക്കുകയില്ല. മാത്രമല്ല, അതിനുശേഷം മറ്റൊരവസരം കൂടി ലഭിക്കുന്നതുമല്ല. അതിനാല്‍ ഒരാള്‍ക്ക് എപ്പോഴാണോ അദ്ദിക്ര്‍ വന്നുകിട്ടിയത് ഉടന്‍ തന്നെ ജിന്നുകൂട്ടുകാരനെ/ജിന്നുകൂട്ടുകാരിയെ വിശ്വാസിയാക്കി മാറ്റാനും തന്‍റെ വിധി തിരുത്താനും ധൃതിപ്പെടേണ്ടതാണ്. ആറാം ഘട്ടമായ വിധിദിവസം, മനുഷ്യരുടെ പതിനഞ്ച് വയസ്സിനുശേഷമുള്ള ഐഹികലോകത്തെ എല്ലാ ഓരോ നിമിഷവും മറനീക്കി വെളിപ്പെടുത്തപ്പെടുമെന്നും 17: 13-14 ല്‍ പറഞ്ഞ തന്‍റെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മരേഖയില്‍ അദ്ദിക്റിനെക്കുറിച്ച് അറിവ് ലഭിക്കുന്നതിനുമുമ്പ് കൊത്തിവെച്ചിട്ടുള്ള തിന്മകള്‍ ഇഹലോകത്തുവെച്ച് തന്നെ മായ്ച്ചുകളയണമെന്നും ബോധമുള്ള വിശ്വാസി, പ്രഭാതപ്രദോഷങ്ങളില്‍ അദ്ദിക്ര്‍ ആത്മാവ് പങ്കെടുത്തുകൊണ്ട് ഘട്ടം ഘട്ടമായി വായിച്ച് മനസ്സിലാക്കുകയും, നാഥനെ വാഴ്ത്തിക്കൊണ്ടും പരിശുദ്ധപ്പെടുത്തിക്കൊണ്ടും ഗ്രന്ഥത്തില്‍ 15 സ്ഥലങ്ങളില്‍ വന്നിട്ടുള്ള തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം ക്രമത്തില്‍ നിര്‍വഹിക്കുകയും, മനുഷ്യരുടെ ഐക്യം രൂപപ്പെടുത്തുക എന്ന ലക്ഷ്യം വെച്ച് അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് 47: 7 ല്‍ പറഞ്ഞ പ്രകാരം പ്രപഞ്ചനാഥനെ സഹായിക്കുകയും, 1000 സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്കെല്ലാം ഗുണപ്രദമാകുന്ന വിധത്തില്‍ ജൈവകൃഷി ചെയ്യുകയും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുകയും അതിന് മറ്റുള്ളവരെ സഹായിക്കുകയും പ്രേരിപ്പിക്കുകയുമാണ് വേണ്ടത്. കൂടാതെ ത്രികാലജ്ഞാനിയായ നാഥന്‍റെ ത്രികാലജ്ഞാനഗ്രന്ഥമായ അദ്ദിക്ര്‍ ലോകരില്‍ എത്തിച്ചുകൊടുക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയും അതിനെ മൂടിവെക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന, നാഥന്‍റെ ശാപത്തിനും കോപത്തിനും വിധേയരായ കപടവിശ്വാസികളോടും കുഫ്ഫാറുകളോടും 9: 73; 25: 52; 66: 9 എന്നീ സൂക്തങ്ങളുടെ കല്‍പന അനുസരിച്ച് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്തുകയും വേണം. തന്‍റെ ജീവിതത്തില്‍ സംഭവിച്ചുപോയിട്ടുള്ള സ്രഷ്ടാവ് തൃപ്തിപ്പെടാത്ത കാര്യങ്ങള്‍ മായ്ച്ചുകളയുന്നതിനും പ്രായശ്ചിത്തം നിര്‍വ്വഹിക്കുന്നതിനും വേണ്ടി അദ്ദിക്ര്‍ ആവര്‍ത്തിച്ച് വായിക്കുക തന്നെ വേണം. അങ്ങനെ ചെയ്യാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അവരുടെ പിരടിയില്‍ വഹിക്കുന്ന കര്‍മരേഖ വായിച്ച് വിധിദിവസം വിചാരണ നടത്തപ്പെടുമ്പോള്‍ 'ഓ! ഇത് എന്തൊരു കഷ്ടം! ചെറുതോ വലുതോ ആയ ഒന്നും തന്നെ ഇതില്‍ രേഖപ്പെടുത്താതെ വിട്ട് പോയിട്ടില്ലല്ലോ' എന്ന് കുണ്ഠിതപ്പെടുന്ന രംഗം 18: 49 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാഷ്ടാംഗപ്രണാമത്തിലും അല്ലാത്തപ്പോഴും ഒറ്റപ്പെട്ട വിശ്വാസിയുടെ പ്രാര്‍ത്ഥനയും വാഴ്ത്തലും 7: 205-206 സൂക്തങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. 2: 281; 6: 165; 89: 23-30; 103: 1-3 വിശദീകരണം നോക്കുക.