( അല്‍ ബഖറ ) 2 : 286

لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَا إِنْ نَسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِنْ قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنْتَ مَوْلَانَا فَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ

ഒരു ആത്മാവിനെയും അതിന് വഹിക്കാന്‍ കഴിയാത്തത് അല്ലാഹു ഏല്‍പ്പിക്കുകയില്ല, അവള്‍ക്ക് അവള്‍ സമ്പാദിച്ചതുണ്ട്, അവളുടെമേല്‍ അവള്‍ സമ്പാദിക്കാത്തതുമുണ്ട്. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുകൊണ്ടോ അല്ലെങ്കില്‍ അബദ്ധത്തിലോ ചെയ്ത തെറ്റുകളുടെ പേരില്‍ ഞങ്ങളെ നീ പിടികൂടരുതേ! ഞങ്ങ ളുടെ നാഥാ, ഞങ്ങളുടെ മുന്‍ഗാമികളുടെമേല്‍ നീ വഹിപ്പിച്ചതുപോലുള്ള ഭാരങ്ങള്‍ ഞങ്ങളുടെമേല്‍ നീ വഹിപ്പിക്കല്ലേ! ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്തതൊന്നും ഞങ്ങളെ നീ വഹിപ്പിക്കല്ലേ! ഞങ്ങളെത്തൊട്ട് നീ വിടുതി ചെയ്താലും, ഞങ്ങള്‍ക്ക് നീ പൊറുത്തുതന്നാലും, ഞങ്ങളോട് കരുണ കാണിച്ചാലും, നീയാണ് ഞങ്ങളുടെ യജമാനന്‍, അപ്പോള്‍ കാഫിറുകളായ ജനതയുടെ മേല്‍ ഞങ്ങളെ നീ സഹായിക്കേണമേ!

പ്രവാചകന് സ്വര്‍ഗത്തില്‍ വെച്ച് നല്‍കിയ, മറ്റാര്‍ക്കും നല്‍കാത്ത രണ്ട് പ്രകാശങ്ങളിലൊന്നാണ് ഈ രണ്ട് സൂക്തങ്ങള്‍ (2: 285-286). വിശ്വാസികളോട് എപ്പോഴും പ്രാര്‍ത്ഥിക്കാന്‍ അല്ലാഹു തന്നെ പഠിപ്പിച്ച ഈ സൂക്തങ്ങള്‍ പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും ഉറങ്ങാന്‍ കിടക്കുന്ന സമയത്തും പ്രവാചകന്‍ 'വിര്‍ദായി' പ്രാര്‍ത്ഥിച്ചിരുന്നു. സൂക്തത്തില്‍ 'അവള്‍ക്ക് അവള്‍ സമ്പാദിച്ച' എന്നുപറഞ്ഞതിലെ 'അവള്‍' ആത്മാവാണ്. ആണിന്‍റെയും പെണ്ണിന്‍റെയും ആത്മാവിനെ സ്ത്രീലിംഗത്തിലാണ് ഗ്രന്ഥം ഉപയോഗിച്ചിട്ടുള്ളതെന്ന് 6: 104, 164; 89: 27-30; 91: 7-10 എന്നീ സൂക്തങ്ങളില്‍ നിന്നെല്ലാം മനസ്സിലാക്കാം. 'അവള്‍ക്ക് അവള്‍ സമ്പാദിച്ചതുണ്ട്, അവളുടെമേല്‍ അവള്‍ സമ്പാദിക്കാത്തതുമുണ്ട്' എന്നത് കൊണ്ടുദ്ദേശിക്കുന്നത് ഗ്രന്ഥം വന്നുകിട്ടിയവര്‍ നാലാം ഘട്ടമായ ഐഹികലോകത്തുവെച്ച് സ്വര്‍ഗം സമ്പാദിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് ഏഴാം ഘട്ടത്തില്‍ നരകക്കുണ്ഠമാണ് ലഭിക്കുക എന്നാണ് -അത് അവര്‍ ബോധപൂര്‍വം സമ്പാദിക്കുന്നതല്ലെങ്കിലും ശരി. ആണായാലും പെണ്ണായാലും സ്വര്‍ഗം അല്ലെങ്കില്‍ നരകം ഓരോരുത്തരും ഇവിടെ വെച്ച് സമ്പാദിക്കുന്നതാണ് എന്ന് ഈ സൂക്തവും പഠിപ്പിക്കുന്നു. 10: 108; 22: 10; 39: 7 വിശദീകരണം നോക്കുക. 

ആവര്‍ത്തിച്ച് വായിക്കപ്പെടാനുള്ള ഗ്രന്ഥമായ അദ്ദിക്ര്‍ ഹൃദയം കൊണ്ട് മനസ്സിലാക്കാനാണ് വളരെ എളുപ്പമാക്കിയിട്ടുള്ളത് എന്ന് 54-ാം സൂറത്തില്‍ നാല് പ്രാവശ്യം ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. 55: 1-4 സൂക്തങ്ങളില്‍, സ്വര്‍ഗത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യര്‍ക്ക് അല്ലാഹു ഗ്രന്ഥം പഠിപ്പിച്ചിട്ടുണ്ട് എന്നും; ഈ സൂക്തത്തില്‍ ഒരു ആത്മാവിനും അതിന് വഹിക്കാന്‍ കഴിയാത്തത് ഏല്‍പിച്ചിട്ടില്ല എന്നും പറഞ്ഞിട്ടുണ്ട്. 75: 14-15 സൂക്തങ്ങളില്‍, മനുഷ്യന് അവനെക്കുറിച്ച് അവന്‍ കാഫിറാണോ വിശ്വാസിയാണോ എന്ന് ശരിക്കും കാഴ്ചപ്പാടുണ്ടെന്നും അവന്‍ എന്ത് ഒഴികഴിവ് പറഞ്ഞിട്ടും കാര്യമില്ല എന്നും പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് ജീവിക്കുന്ന ഫുജ്ജാറുകള്‍ അവരുടെ മരണസമയത്ത് നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് ആത്മാവിനെതിരെ സ്വയം സാക്ഷ്യം വഹിക്കുമെന്ന് 7: 37 ലും; വിധിദിവസം അപ്രകാരം സാക്ഷ്യം വഹിക്കുമെന്ന് 6: 130 ലും; അവര്‍ കാഫിറാണെന്ന് സ്വയം സാക്ഷ്യം വഹിക്കാന്‍ വേണ്ടിയാണ് അദ്ദിക്ര്‍ അവതരിപ്പിച്ചതെന്ന് 36: 70 ലും പറഞ്ഞിട്ടുണ്ട്. കാഫിറാണെന്ന് സ്വയം സാക്ഷ്യം വഹിക്കാത്ത ഒരാളെയും നിഷ്പക്ഷവാനായ നാഥന്‍ നരകത്തിലേക്ക് ഇടുകയില്ല. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് സത്യപ്പെടുത്താത്ത ഒരാള്‍ക്കും തന്നെ അല്ലാഹുവിന്‍റെ പ്രതിനിധിയായി ജീവിക്കാനോ സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനോ സാധിക്കുകയില്ല. കപടവിശ്വാസികളും അവരെ പിന്‍പറ്റിക്കൊണ്ടിരിക്കുന്ന അനുയായികളും തമ്മില്‍ നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം പഴിചാരുകയും ശപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന രംഗം 2: 165-167 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 25: 27-30 വിശദീകരണം നോക്കുക.

ഏതൊരാളും അവനവന് ലഭിച്ചിട്ടുള്ള എല്ലാ അനുഗ്രഹങ്ങളും ഹൃദയത്തിന്‍റെ ഭാഷയിലുള്ള അദ്ദിക്ര്‍ മനസ്സിലാക്കാനും അത് മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാനും ഉപയോഗപ്പെടുത്തേണ്ടതാണ്. ഹൃദയത്തിന്‍റെ ഭാഷയില്‍ നാഥന്‍റെ സൂക്തങ്ങള്‍ കൊണ്ട് ഉണര്‍ത്തപ്പെട്ടതിന് ശേഷം അതിനെ അവഗണിച്ച് പഴയ ജീവിതം നയിക്കുന്നവരാണ് ഏറ്റവും വലിയ അക്രമികളെന്നും അത്തരം ഭ്രാന്തന്മാരോട് അല്ലാഹു പ്രതികാരം ചെയ്യുമെന്നും 32: 22 ല്‍ പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍റെ കാലത്തുതന്നെ എല്ലാവരും യുദ്ധത്തിന് പോകാതെ ഒരുവിഭാഗം ഗ്രന്ഥം മനസ്സിലാക്കി അവരവരുടെ ജനതയിലേക്ക് ചെന്ന് ദീന്‍ പഠിപ്പിച്ചുകൊടുക്കണമെന്നാണ് 9: 122 ല്‍ അല്ലാഹു കല്‍പിക്കുന്നത്. 9: 6 ല്‍, ഗ്രന്ഥം കേള്‍ക്കാത്ത ഒരു ബഹുദൈവവിശ്വാസി യുദ്ധമുഖത്തുവെച്ച് അഭയം ചോദിച്ചാല്‍ അവന് അഭയം കൊടുക്കുകയും അവനെ ഗ്രന്ഥം കേള്‍പ്പിക്കുകയും അവനെ സുരക്ഷിതമായ സ്ഥാനത്തേക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് യുദ്ധമോ വധമോ ഇല്ല. മറിച്ച് 9: 73 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കപടവിശ്വാസികളോടും അനുയായികളോടും അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് മാത്രമാണുള്ളത്. ചുരുക്കത്തില്‍ മനുഷ്യന് നാഥനെ തിരിച്ചറിയാനും സ്വന്തത്തെ തിരിച്ചറിയാനും ജീവിതലക്ഷ്യം മനസ്സിലാക്കി നാലാം ഘട്ടമായ ഇവിടെവെച്ച് ഏഴാം ഘട്ടത്തിലേക്കുവേണ്ടി സ്വര്‍ഗം സമ്പാദിക്കാനുമുള്ള വഴി ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും കാണിച്ചുതരുന്ന ഉള്‍ക്കാഴ്ചാദായകമാണ് ഹൃദയത്തിന്‍റെ ഭാഷയിലുള്ള അദ്ദിക്ര്‍ എന്ന ഗ്രന്ഥം. 

മൗലാനാ എന്ന പദം ഗ്രന്ഥത്തില്‍ ഇവിടെക്കൂടാതെ 9: 51 ലും വന്നിട്ടുണ്ട്. ഗ്രന്ഥത്തില്‍ അല്ലാഹുവിന് മാത്രമാണ് 'മൗലാനാ' എന്ന പദം ഉപയോഗിച്ചിട്ടുള്ളത്. മൗലവി, മൗലാ, മൗലായ എന്നീ പദങ്ങളുടെ ബഹുവചനമാണ് മൗലാനാ എന്ന് പറഞ്ഞുകൊണ്ട് പണ്ഡിതന്മാരെയും പ്രവാചകനായ മുഹമ്മദിനെത്തന്നെയും മൗലാനാ എന്ന് വിളിച്ചാല്‍ വിളിക്കുന്നവന്‍ കാഫിറും അങ്ങനെ വിളിപ്പിക്കുന്നവന്‍ മനുഷ്യപ്പിശാചായ കപടവിശ്വാസിയുമാണ്. 7: 180 ല്‍ അത്തരക്കാരെ വെടിയണമെന്നാണ് അല്ലാഹു കല്‍പിച്ചിട്ടുള്ളത്. ഗ്രന്ഥത്തില്‍ സൃഷ്ടികളെ മൗലാ, മവാലിയ എന്നെല്ലാം വിളിച്ചതുപോലെ റബ്ബ് എന്നും വിളിച്ചിട്ടുണ്ട്. 12: 42 ല്‍ യൂസുഫ് നബി ഈജിപ്തിലെ രാജാവിനെക്കുറിച്ച് 'നിന്‍റെ റബ്ബ്' എന്ന് ജയില്‍ മോചിതനായ യുവാവിനോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ 'റബ്ബുനാ' എന്നോ 'മൗലാനാ' എന്നോ അല്ലാഹുവിനെയല്ലാതെ മറ്റൊരാളെയും ഒരു പ്രവാചകനോ ഒരു വിശ്വാസിക്കോ വിളിക്കാന്‍ സാധ്യമല്ല തന്നെ. ഈ സൂക്തം വായിക്കുമ്പോഴും കേള്‍ക്കുമ്പോഴും, 'അല്ലാഹുവേ! ഞങ്ങളെ നീ കാഫിറുകളിലും നഷ്ടപ്പെട്ടവരിലും ഉള്‍പ്പെടുത്തരുതേ; അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ട് ഞങ്ങളെ നീ സൂക്ഷ്മാലുക്കളിലും വിജയികളിലും ഉള്‍പ്പെടുത്തുകയും ചെയ്യേണമേ' എന്ന് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കേണ്ടതാണ്. 1: 7; 4: 150-151; 25: 33-34 വിശദീകരണം നോക്കുക.