وَإِذْ غَدَوْتَ مِنْ أَهْلِكَ تُبَوِّئُ الْمُؤْمِنِينَ مَقَاعِدَ لِلْقِتَالِ ۗ وَاللَّهُ سَمِيعٌ عَلِيمٌ
നീ വിശ്വാസികളെ അവരുടെ യുദ്ധസ്ഥാനങ്ങളില് നിയോഗിക്കുന്നതിനുവേ ണ്ടി നിന്റെ കുടുംബാംഗങ്ങളില്‍ നിന്ന് പ്രഭാതത്തില്‍തന്നെ ഇറങ്ങിത്തിരിച്ചത് ഓര്‍ക്കേണ്ടതുമാണ്, അല്ലാഹു എല്ലാം കേള്‍ക്കുന്ന സര്‍വ്വജ്ഞനുമാകുന്നു.
ഹിജ്റ 3-ാം വര്‍ഷം ഹിജ്റ കലണ്ടറിലെ 10-ാം മാസമായ ശവ്വാലില്‍ നടന്ന ഉഹ്ദ് യുദ്ധത്തെക്കുറിച്ചാണ് തുടര്‍ന്നുവരുന്ന സൂക്തങ്ങളില്‍ പരാമര്‍ശിക്കുന്നത്. ഹിജ്റ 2-ാം വര്‍ഷം റമളാന്‍ പതിനേഴിന് ബദ്റില്‍ വെച്ച് നടന്ന പോരാട്ടത്തില്‍ നിഷേധിപ്രമുഖന്മാരില് പലരും വധിക്കപ്പെടുകയും എഴുപതോളം പേര് ബന്ദികളായി പിടികൂടപ്പെടുകയും ചെയ്തിരുന്നു. അതിന് പകരം ചോദിക്കാന്‍ ഹിജ്റ 3-ാം വര്‍ഷം അബൂസുഫ്യാന്റെ നേതൃത്വത്തില്‍ മൂവ്വായിരത്തോളം യോദ്ധാക്കള്‍ സര്‍വ്വ സന്നാഹങ്ങളോടും കൂടി മദീനക്ക് നേരെ പുറപ്പെട്ടു. യോദ്ധാക്കള്‍ യുദ്ധമുഖത്തുനിന്ന് പിന്തിരിഞ്ഞ് പോകാതിരിക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും വേണ്ടി അവരുടെ സ്ത്രീകളെയും കൂടെ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. നഗരമധ്യത്തില്‍ വെച്ച് അവരെ തടയാനാണ് പ്രവാചകനും പ്രമുഖ അനുയായികളും ആലോചിച്ചിരുന്നതെങ്കിലും ബദ്ര് യുദ്ധത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരിക്കുകയും രക്തസാക്ഷിത്വം വഹിക്കാന്‍ കൊതിക്കുകയും ചെയ്തിരുന്ന ചില യുവാക്കള്‍ ശത്രുക്കളെ മദീനയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് ആവേശത്തോടെ പറഞ്ഞതനുസരിച്ച് ഉഹ്ദ് പര്വ്വതഭാഗത്തേക്ക് പ്രവാചകനും ആയിരത്തോളം വരുന്ന യോദ്ധാക്കളും പുറപ്പെടുകയാണുണ്ടായത്.