وَهُوَ الَّذِي جَعَلَكُمْ خَلَائِفَ الْأَرْضِ وَرَفَعَ بَعْضَكُمْ فَوْقَ بَعْضٍ دَرَجَاتٍ لِيَبْلُوَكُمْ فِي مَا آتَاكُمْ ۗ إِنَّ رَبَّكَ سَرِيعُ الْعِقَابِ وَإِنَّهُ لَغَفُورٌ رَحِيمٌ
അവന്‍തന്നെയാകുന്നു നിങ്ങളെ ഭൂമിയുടെ പ്രതിനിധികളാക്കിയതും, നിങ്ങളില്‍ ചിലര്‍ക്ക് മറ്റു ചിലരേക്കാള്‍ പദവികള്‍ ഉയര്‍ത്തിയതും-നിങ്ങള്‍ക്ക് നല്‍കിയതില്‍ നിങ്ങളെ പരീക്ഷിക്കുന്നതിനുവേണ്ടി, നിശ്ചയം നിന്‍റെ നാഥന്‍ വളരെ വേഗത്തില്‍ ശിക്ഷിക്കുന്നവനാകുന്നു, നിശ്ചയം അവന്‍ ഏറെപ്പൊറുക്കുന്ന കാരുണ്യവാനും തന്നെയാകുന്നു.
സ്വര്‍ഗത്തില്‍ സൃഷ്ടിച്ചിട്ടുള്ള മനുഷ്യരെ ഭൂമിയില്‍ നിയോഗിച്ചിട്ടുള്ളത് അല്ലാഹുവിന്‍റെ പ്രാതിനിധ്യം വഹിക്കുന്നതിന് വേണ്ടിയാണ്. 2: 38 ല്‍, മനുഷ്യരെ ഭൂമിയിലേക്ക് നിയോഗിച്ചപ്പോള്‍ തന്നെ നാഥനില്‍ നിന്നുള്ള സന്മാര്‍ഗം വന്നുകിട്ടുമെന്നും അതിനെ പിന്‍പറ്റി ജീവിക്കുന്നവരുടെമേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല എന്നും പറഞ്ഞിട്ടുണ്ട്. ആയുസ്സ്, ആരോഗ്യം, അറിവ്, സമ്പത്ത്, സ്വാധീനം, സ്ഥാനമാനങ്ങള്‍, അവസരങ്ങള്‍, സന്താനങ്ങള്‍, കുടുംബം, ഗോത്രം, ദേശം, ബുദ്ധിപരവും ശാരീരികവുമായ കഴിവുകള്‍ തുടങ്ങിയ എല്ലാ കാര്യങ്ങളിലും വ്യത്യസ്ത പദവികളിലായിക്കൊണ്ടാണ് മനുഷ്യരെ ഭൂമിയിലേക്ക് കൊണ്ടുവന്നിട്ടുള്ളത്. ഓരോരുത്തര്‍ക്കും നല്‍കപ്പെട്ടതില്‍ അവരെ ഓരോരുത്തരെയും പരീക്ഷിക്കുന്നതിന് വേണ്ടിയാണ് ഇതെല്ലാം എന്നാണ് സൂക്തം പറയുന്നത്. 2: 148 വിശദീകരണം കൂട്ടിവായിക്കുക. ഇത്തരം വൈവിധ്യങ്ങളെല്ലാം ഭൂമിയില്‍ മനുഷ്യരാശിയുടെയും ഇതരജീവജാലങ്ങളുടെയുമെല്ലാം നിലനില്‍പ്പിനുവേണ്ടിയാണ് എന്ന് ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. അവരവര്‍ക്ക് നല്‍കപ്പെട്ടതനുസരിച്ചുള്ള ചുമതലകളും ഉത്തരവാദിത്തവുമാണ് ഓരോരുത്തര്‍ക്കും ഇവിടെ നിര്‍വ്വഹിക്കാനുള്ളത്. മനുഷ്യന്‍റെ ജീവിതം അവന്‍റെ ഇഹലോക ജീവിതവും പരലോക ജീവിതവും ഉള്‍പ്പെടുന്നതായതിനാല്‍, പ്രസ്തുത ഉത്തരവാദിത്തങ്ങള്‍ ഓരോരുത്തരുടെയും കഴിവുകളും അവസരങ്ങളും അനുസരിച്ച് എത്രത്തോളം നിറവേറ്റി എന്നാണ് നീതിമാനായ നാഥന്‍ പരിഗണിക്കുന്നതും അതിനനുസരിച്ചാണ് പരലോകത്ത് പ്രതിഫലം നല്‍കുന്നതും. 49: 13 ല്‍, ഓ മനുഷ്യരേ! നിശ്ചയം നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത് ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമാണ്, നിങ്ങള്‍ പരസ്പരം തിരിച്ചറിയുന്നതിന് വേണ്ടി നിങ്ങളെ നാം വിവിധ ദേശക്കാരും ഗോത്രക്കാരുമാക്കുകയും ചെയ്തിരിക്കുന്നു, നിശ്ചയം അല്ലാഹുവിന്‍റെ അടുക്കല്‍ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും സൂക്ഷ്മതയുള്ളവനാകുന്നു, നിശ്ചയം അല്ലാഹു എല്ലാം വലയം ചെയ്ത സര്‍വ്വജ്ഞനാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 2: 286; 5: 48; 21: 10; 35: 27-28; 71: 14; 92: 4 വിശദീകരണം നോക്കുക.
ഓരോരുത്തരും ഭൂമിയിലേക്ക് വന്നപ്പോള്‍ കൊണ്ടുവരാത്തതും ഭൂമിയില്‍ നിന്ന് തിരിച്ചുപോകുമ്പോള്‍ (മരിക്കുമ്പോള്‍) കൊണ്ടുപോകാത്തതുമായ എല്ലാ അനുഗ്രഹങ്ങളും ഏറ്റവും വലിയ അനുഗ്രഹമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ഇവിടെ ഉപയോഗപ്പെടുത്തി സ്വര്‍ഗം സമ്പാദിക്കലാണ് ജീവിതലക്ഷ്യം. എന്നാല്‍ സ്വര്‍ഗത്തിലേക്കുള്ള 1000 ത്തില്‍ ഒന്നായ വിശ്വാസികള്‍ മാത്രമേ പ്രസ്തുത ലക്ഷ്യം സാക്ഷാല്‍കരിക്കുകയുള്ളൂ. 102: 8 ല്‍, അന്നേദിനം എല്ലാ അനുഗ്രഹങ്ങളെക്കുറിച്ചും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട്. 2: 30, 62, 254; 3: 185, 199; 4: 32, 118; 6: 53 വിശദീകരണം നോക്കുക.