وَالْوَالِدَاتُ يُرْضِعْنَ أَوْلَادَهُنَّ حَوْلَيْنِ كَامِلَيْنِ ۖ لِمَنْ أَرَادَ أَنْ يُتِمَّ الرَّضَاعَةَ ۚ وَعَلَى الْمَوْلُودِ لَهُ رِزْقُهُنَّ وَكِسْوَتُهُنَّ بِالْمَعْرُوفِ ۚ لَا تُكَلَّفُ نَفْسٌ إِلَّا وُسْعَهَا ۚ لَا تُضَارَّ وَالِدَةٌ بِوَلَدِهَا وَلَا مَوْلُودٌ لَهُ بِوَلَدِهِ ۚ وَعَلَى الْوَارِثِ مِثْلُ ذَٰلِكَ ۗ فَإِنْ أَرَادَا فِصَالًا عَنْ تَرَاضٍ مِنْهُمَا وَتَشَاوُرٍ فَلَا جُنَاحَ عَلَيْهِمَا ۗ وَإِنْ أَرَدْتُمْ أَنْ تَسْتَرْضِعُوا أَوْلَادَكُمْ فَلَا جُنَاحَ عَلَيْكُمْ إِذَا سَلَّمْتُمْ مَا آتَيْتُمْ بِالْمَعْرُوفِ ۗ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّ اللَّهَ بِمَا تَعْمَلُونَ بَصِيرٌ
മാതാക്കള്‍ അവരുടെ കുട്ടികള്‍ക്ക് രണ്ടുവര്‍ഷം മുഴുവനായും മുലയൂട്ടേണ്ടതാണ്-പിതാവ് തന്റെ കുട്ടിക്ക് മുലകുടി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, ന്യായമായ രീതിയില്‍ അവര്‍ക്ക് ഭക്ഷണവും അവര്‍ക്ക് വസ്ത്രവും നല്കല് പിതാവിന്റെ ബാധ്യതയാണ്, എന്നാല്‍ ആരിലും അവരുടെ കഴിവില്‍ കവിഞ്ഞ ബാധ്യതകള്‍ ചുമത്താവുന്നതല്ല, ഒരു മാതാവും അവളുടെ സന്താനം കാരണം ഉപദ്രവിക്കപ്പെടാവുന്നതല്ല, ഒരു പിതാവും തന്റെ സന്താനം കാരണം ഉപദ്രവിക്കപ്പെടാവുന്നതല്ല, (പിതാവിന്റെ അഭാവത്തില്‍) അതേ ബാധ്യതകള്‍ അവന്റെ അനന്തരാവകാശികളുടെമേല് ഉണ്ടായിരിക്കും, ഇനി അവര്‍ രണ്ടുപേരും കൂടിയാലോചിച്ച് തൃപ്തിപ്പെട്ട് മുലകുടി നിര്‍ത്താന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അപ്പോള്‍ അതിന് അവര്‍ രണ്ടുപേരുടെയും മേല്‍ വിരോധമില്ല, ഇനി മറ്റൊരു സ്ത്രീയെക്കൊണ്ട് ന്യായമായ പ്രതിഫലം കൊടുത്ത് നിങ്ങളുടെ കുട്ടികള്‍ക്ക് മുലകൊടുപ്പിക്കുവാന് ഉദ്ദേശിക്കുകയാണെങ്കില്‍ അപ്പോള്‍ അതിനും നിങ്ങളുടെമേല്‍ വിരോധമില്ല, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവീന്‍, നിങ്ങള്‍ അറിയുകയും ചെയ്യുക-നിശ്ചയം അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊ ണ്ടിരിക്കുന്നത് വീക്ഷിക്കുന്നവനാകുന്നു.
31: 14 ല്‍, മുലയൂട്ടല്‍ രണ്ട് വര്‍ഷമാണെന്നും; 46: 15 ല്‍, ഗര്‍ഭകാലവും മുലയൂട്ടലും കൂടി മുപ്പത് മാസമാണെന്നും പറഞ്ഞിട്ടുണ്ട്. ഈ സൂക്തത്തില്‍ മുലകുടി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് രണ്ടുവര്ഷമാണെന്നും പറയുന്നു. ഇതില്‍ നിന്നും ഗര്‍ഭകാലം ഏറ്റവും ചുരുങ്ങിയത് ആറുമാസമായി പരിഗണിക്കാവുന്നതാണ്. എന്നാല്‍ സാധാരണഗതിയില്‍ ഏഴുമാസം തികഞ്ഞ് പ്രസവിക്കുന്ന കുട്ടിയെ വളര്‍ച്ചയെത്താത്ത പ്രസവമായി കണക്കാക്കുന്നതും, ഏഴുമാസമാകാതെ പ്രസവിച്ചാല്‍ കുട്ടി ജീവിച്ചിരിക്കുകയില്ല എന്നുമാണ് ശാസ്ത്രനിഗമനം. എന്നാല്‍ ആറുമാസമായാലും അപൂര്‍വ്വസന്ദര്‍ഭങ്ങളില്‍ കുട്ടി ജീവിച്ചിരിക്കുമെന്നും ആ കുട്ടിക്ക് പൂര്‍ണ്ണമായി രണ്ട് വര്‍ഷം മുലയൂട്ടണമെന്നും ഈ സൂക്തങ്ങള്‍ പഠിപ്പിക്കുന്നു. പത്തുമാസം പൂര്‍ത്തിയായി ജനിക്കുന്ന കുട്ടിക്ക് ഇരുപത് മാസം മുലകൊടുത്താലും മതി എന്ന് സാരം. വിവാഹമോചിതയാണെങ്കിലും കുട്ടിക്ക് മുലകൊടുക്കുന്ന കാലത്ത് ന്യായമായ രീതിയിലുള്ള ഭക്ഷണവും വസ്ത്രവും മാതാവിന് നല്കല് പിതാവിന്റെ ബാധ്യതയാണ്. പിതാവിന്റെ അഭാവത്തില്‍ കുട്ടിയുടെ രക്ഷാധികാരിയായ അനന്തരാവകാശിയുടെ മേലാണ് ഈ ബാധ്യത വരിക. ഒരാളും അവര്‍ക്ക് വഹിക്കാന്‍ കഴിയാത്ത ബാധ്യതകള്‍ വഹിക്കേണ്ടതില്ലെന്നും, അല്ലാഹുവിന്റെ സൃഷ്ടിയായ ഒരു കുട്ടിയോ മാതാവോ പിതാവോ രക്ഷാധികാരിയോ ആരും തന്നെ മറ്റൊരു സൃഷ്ടി മുഖേന ബുദ്ധിമുട്ടരുതെന്നും ആരും ആര്‍ക്കും ഭാരമാകരുത് എന്നുമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. മനുഷ്യരെല്ലാം സ്വതന്ത്രരായിട്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നും സ്വര്‍ഗം അല്ലെങ്കില്‍ നരകം ഓരോരുത്തരും ഇവിടെ വെച്ച് സമ്പാദിക്കുന്നതാണെന്നും ഈ സൂക്തം പഠിപ്പിക്കുന്നു.