( അല്‍ ബഖറ ) 2 : 234

وَالَّذِينَ يُتَوَفَّوْنَ مِنْكُمْ وَيَذَرُونَ أَزْوَاجًا يَتَرَبَّصْنَ بِأَنْفُسِهِنَّ أَرْبَعَةَ أَشْهُرٍ وَعَشْرًا ۖ فَإِذَا بَلَغْنَ أَجَلَهُنَّ فَلَا جُنَاحَ عَلَيْكُمْ فِيمَا فَعَلْنَ فِي أَنْفُسِهِنَّ بِالْمَعْرُوفِ ۗ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ

ഭര്‍ത്താക്കന്മാര്‍ മരിച്ചു പോകുന്ന നിങ്ങളില്‍ നിന്നുള്ള ഭാര്യമാര്‍ തങ്ങളെ നാലു മാസവും പത്ത് ദിവസവും സ്വയം തടഞ്ഞു നിര്‍ത്തേണ്ടതാകുന്നു, ഇനി അവരുടെ ഇദ്ദാ അവധി പൂര്‍ത്തിയായാല്‍ അവര്‍ ന്യായമായ രീതിയില്‍ സ്വന്തം കാര്യത്തില്‍ തീരുമാനമെടുത്ത് പ്രവര്‍ത്തിക്കുന്നതില്‍ അപ്പോള്‍ നിങ്ങളുടെ മേല്‍ വിരോധമില്ല, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെല്ലാം വലയം ചെയ്ത ത്രികാലജ്ഞാനിയാകുന്നു.

നിങ്ങളുടെമേല്‍ വിരോധമില്ല എന്ന് പറഞ്ഞതിലെ 'നിങ്ങള്‍' മരിച്ചുപോയ ഭര്‍ത്താവിന്‍റെ അനന്തരാവകാശികളാണ്. സ്ത്രീകള്‍ പ്രായാധിക്യമുള്ളവരോ കുട്ടികളുള്ളവരോ ആണെങ്കില്‍ ആ കുട്ടികളെ സംരക്ഷിച്ച് മറ്റൊരു വിവാഹം കഴിക്കാതെ ജീവിതം തുടരാനും; അതല്ല, സ്ത്രീ പ്രായം കുറഞ്ഞവളാണെങ്കില്‍ അവള്‍ക്ക് ഇഷ്ടമുള്ള പുരുഷനുമായി വിവാഹത്തിലേര്‍പ്പെടാനും സ്വാതന്ത്ര്യമുണ്ട് -അവള്‍ക്ക് കുട്ടികളുണ്ടെങ്കിലും ശരി. അതാണ് അവര്‍ ന്യായമായ രീതിയില്‍ സ്വന്തം കാര്യത്തില്‍ തീരുമാനമെടുത്ത് പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങളുടെമേല്‍ വിരോധമില്ല എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം. സ്ത്രീകള്‍ക്ക് ഒരു കൊല്ലത്തെ ജീവിതവിഭവം വസ്വിയ്യത്ത് ചെയ്യണമെന്ന് മരിച്ചുപോകുന്ന ഭര്‍ത്താക്കന്മാരോട് 2: 240 ല്‍ കല്‍പിക്കുന്നുണ്ട്. അവര്‍ അവരുടെ സ്വന്തം കാര്യത്തില്‍ തീരുമാനമെടുത്ത് വീട്ടില്‍ നിന്ന് പുറത്ത് പോവുകയാണെങ്കില്‍ അതില്‍ അനന്തരാവകാശികള്‍ക്ക് കുറ്റമില്ല എന്നും പറയുന്നു. ചെറുപ്പക്കാരികളായ സ്ത്രീകളെ മരിച്ചുപോകുന്ന ഭര്‍ത്താവിന്‍റെ സഹോദരങ്ങള്‍ ആരെങ്കിലും വിവാഹം ചെയ്ത് അവള്‍ക്ക് ദാമ്പത്യജീവിതം നല്‍കാന്‍ പ്രേരിപ്പിക്കുന്നതിനുവേണ്ടിയാണത്.

2: 271; 3: 180; 57: 10; 58: 3, 11; 64: 8 തുടങ്ങിയ സൂക്തങ്ങളെല്ലാം 'അല്ലാഹു നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വലയം ചെയ്ത ത്രികാലജ്ഞാനിയാകുന്നു' എന്ന ആശയത്തിലാണ് അവസാനിക്കുന്നത്. 3: 153; 9: 16; 58: 13; 64: 11 തുടങ്ങിയ സൂക്തങ്ങള്‍ അവസാനിക്കുന്നത് 'നിങ്ങള്‍ എന്താണ് പ്രവര്‍ത്തിക്കുകയെന്ന് വലയം ചെയ്തവനാണ് അല്ലാഹു' എന്ന ആശയത്തിലും; 24: 53; 59: 18 എന്നീ സൂക്തങ്ങള്‍ അവസാനിക്കുന്നത്, 'നിശ്ചയം നിങ്ങള്‍ എന്താണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് വലയം ചെയ്തവനാണ് അല്ലാഹു' എന്ന ആശയത്തിലുമാണ്. 'നിശ്ചയം അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് വലയം ചെയ്ത ത്രികാലജ്ഞാനിയാകുന്നു' എന്ന ആശയത്തിലാണ് 31: 29 അവസാനിക്കുന്നത്. അതായത് ഓരോ വ്യക്തിയും എവിടെയാണ് ജനിക്കുക, ഏത് മാതാപിതാക്കളില്‍, എപ്പോള്‍, ഏത് നാട്ടില്‍, പുരുഷനായിട്ടാണോ സ്ത്രീയായിട്ടാണോ ജനിക്കുക, ആരെ വിവാഹം കഴിക്കും, അവരുടെ ആയുസ്സ് എത്രയാണ്, അവര്‍ എത്ര ഭക്ഷണം കഴിക്കും, എത്ര സന്താനങ്ങളുണ്ടാകും, എപ്പോള്‍ എവിടെ വെച്ച് മരിക്കും, അവരുടെ ശരീരത്തില്‍ നിന്ന് ഭൂമിയില്‍ എത്ര ലയിച്ചുചേരും, സ്വര്‍ഗത്തിലായിരിക്കുമോ നരകത്തിലായിരിക്കുമോ തുടങ്ങിയ എല്ലാ കാര്യങ്ങളും അല്ലാഹു നേരത്തെ നിശ്ചയിച്ച് ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. ആകാശഭൂമികളിലോ നിങ്ങളില്‍ തന്നെയോ ഒരു കാര്യവും നടക്കുന്നില്ല, അത് വ്യക്തമായ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടല്ലാതെ എന്ന് 57: 22 ല്‍ പറഞ്ഞിട്ടുണ്ട്. 9: 51; 10: 61; 11: 5; 22: 70; 27: 75; 34: 3; 35: 11; 36: 12; 64: 11 തുടങ്ങിയവ സമാന ആശയമുള്ള സൂക്തങ്ങളാണ്. സുരക്ഷിതമായ ഫലകത്തില്‍ (ലൗഹുല്‍ മഹ്ഫൂളില്‍) സൂക്ഷിക്കപ്പെട്ട ഗ്രന്ഥമായ അദ്ദിക്ര്‍ തന്നെയാണ് അത്. ഓരോരുത്തരും അവരുടെ ജീവിതകാലത്ത് പ്രവര്‍ത്തിക്കുന്നതെല്ലാം രേഖപ്പെടുത്തുന്ന കര്‍മരേഖ അവരവരുടെ പിരടിയില്‍ വഹിക്കുന്നുണ്ടെന്നും വിധിദിവസം അല്ലാഹു അത് അവര്‍ക്ക് ഒരു തുറന്ന പ്രകാശിക്കുന്ന ഗ്രന്ഥമായി പുറത്തെടുത്ത് കൊടുക്കുമെന്നും 17: 13 ലും; നിന്‍റെ ഗ്രന്ഥം നീ തന്നെ വായിക്കുക, ഇന്നേ ദിനം നിന്‍റെ വിചാരണ നടത്താന്‍ നീ തന്നെ ഏറ്റവും മതിയായവനാകുന്നു എന്ന് പറയപ്പടുമെന്ന് 17: 14 ലും പറഞ്ഞിട്ടുണ്ട്. 17: 15 ല്‍, ആരാണോ സന്മാര്‍ഗമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി സന്മാര്‍ഗത്തിലായത്, അപ്പോള്‍ അത് അവനുവേണ്ടിത്തന്നെയാണ്, ആരാണോ അതിനെത്തൊട്ട് വഴിപിഴച്ചത്, അതിന്‍റെ ദോഷവും ആ ആത്മാവിന് തന്നെയാണ് എന്നും, ഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ ഭാരം വഹിക്കുകയില്ല എന്നും ഒരു പ്രവാചകനെ നിയോഗിക്കാതെ നാം ശിക്ഷിക്കുന്നവനാവുകയില്ല എന്നും പറഞ്ഞിട്ടുണ്ട്. 6: 59; 16: 89; 35: 31; 87: 2-3 വിശദീകരണം നോക്കുക.

35: 14 അവസാനിക്കുന്നത്, 'എല്ലാം വലയം ചെയ്ത ഒരു ത്രികാലജ്ഞാനിയല്ലാതെ ഇതുപോലുള്ള ഒരു വൃത്താന്തം (അദ്ദിക്ര്‍) നിന്നോട് പറയുകയില്ല' എന്ന് പറഞ്ഞുകൊണ്ടാണ്. ആകാശഭൂമികളെയും അവക്കിടയിലുള്ള സര്‍വ്വവസ്തുക്കളെയും സര്‍വ്വസംഭവങ്ങളെയും ആറ് നാളുകളിലായി സൃഷ്ടിച്ച് അവയുടെ നിയന്ത്രണം ഏറ്റെടുത്ത നിഷ്പക്ഷവാനായ അല്ലാഹുവാണ് 25: 58 ല്‍ പറഞ്ഞ ത്രികാലജ്ഞാനി (ഖബീര്‍). അവനെക്കുറിച്ച് നീ ത്രികാലജ്ഞാനി(ഖബീര്‍)യോട് ചോദിച്ച് നോക്കുക എന്ന് 25: 59 ല്‍ പറയുന്നതിലെ ഖബീര്‍, 41: 41-43 സൂക്തങ്ങളില്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്റിന്‍റെ രചയിതാവാണ്. അദ്ദിക്ര്‍ അറിയുമ്പോള്‍ മാത്രമേ അവരവരെ തിരിച്ചറിയുക, ജീവിതലക്ഷ്യം തിരിച്ചറിയുക, അല്ലാഹുവിനെ തിരിച്ചറിയുക എന്ന ലക്ഷ്യം പൂര്‍ണ്ണമാവുകയുള്ളൂ.