ഇതെല്ലാം നാം നിന്നിലേക്ക് ദിവ്യസന്ദേശമായി നല്കിക്കൊണ്ടിരിക്കുന്ന അദൃശ്യ വൃത്താന്തങ്ങളാണ്, ഇതിനുമുമ്പ് നീയോ നിന്റെ ജനതയോ ഇത് അറിയുന്നവരായിരുന്നില്ല, അപ്പോള്‍ നീ ക്ഷമ കൈകൊള്ളുക, നിശ്ചയം അന്തിമ പരിണിതി സൂക്ഷ്മതയുള്ളവര്‍ക്ക് തന്നെയാണ്.
കഴിഞ്ഞുപോയ ഈ സംഭവങ്ങളുടെ വിവരണങ്ങളെല്ലാം പ്രവാചകന് മുഹമ്മദിലേക്ക് അല്ലാഹു ദിവ്യസന്ദേശമായി നല്കുന്ന വൃത്താന്തങ്ങളാണ്. 'നിശ്ചയം അന്തിമപരിണിതി സൂക്ഷ്മതയുള്ളവര്ക്കുതന്നെയാണ്' എന്ന് പറഞ്ഞതിന്റെ വിവക്ഷ, നൂഹ് നബിയെയും വിശ്വാസികളെയും രക്ഷപ്പെടുത്തിയത് പോലെ മുഹമ്മദ് നബിയെയും അനുയായികളെയും രക്ഷപ്പെടുത്തുമെന്നും -മാത്രമല്ല, അന്ത്യനാള്‍ വരെയുള്ള അല്ലാഹുവിന്റെ ഏകസംഘത്തില്‍ പെട്ട വിശ്വാസികളെയും രക്ഷപ്പെടുത്തുമെന്നാണ്. ഇന്ന് ത്രികാലജ്ഞാനിയില്‍ നിന്നുള്ള ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ അതിനെ എല്ലാവിധ ആപത്ത്-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനായും സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റായും ഉപയോഗപ്പെടുത്തുന്നവരാണ് സൂക്ഷ്മതയുള്ളവര്‍. അവര്‍ക്ക് തന്നെയാണ് ഇഹപര ജീവിതവിജയം ലഭിക്കുക. 2: 185, 251-252; 3: 44; 10: 102-103 വിശദീകരണം നോക്കുക.