فَإِذَا جَاءَ وَعْدُ أُولَاهُمَا بَعَثْنَا عَلَيْكُمْ عِبَادًا لَنَا أُولِي بَأْسٍ شَدِيدٍ فَجَاسُوا خِلَالَ الدِّيَارِ ۚ وَكَانَ وَعْدًا مَفْعُولًا
അങ്ങനെ അവരോട് വാഗ്ദത്തം ചെയ്ത ആദ്യത്തെ സന്ദര്ഭം വന്നപ്പോള് നാം നിങ്ങള്ക്കെതിരില് നമ്മുടെ അതിശക്തന്മാരായ അടിമകളെ നിയോഗിച്ചു, അങ്ങനെ അവര് വീടുകളിലെല്ലാം നുഴഞ്ഞുകയറി, അത് നടപ്പില് വരേണ്ട ഒരു വാഗ്ദാനം തന്നെയായിരുന്നു.
മൂസാനബിയുടെ വിയോഗാനന്തരം ഇസ്റാഈല്യര് ഫലസ്തീനില് പ്രവേശി ച്ചപ്പോള് അവിടെ ഏറ്റവും മോശമായരീതിയില് ബഹുദൈവവിശ്വാസം പുലര്ത്തിയിരുന്ന അതികായകന്മാരായ ജനതകളാണ് താമസിച്ചിരുന്നത്. എല്ലാ ദേവതകളുടെയും പിതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഏറെക്കുറെ പശുവിനോട് സാമ്യമുള്ള 'ഏല്' ആയിരുന്നു അവരുടെ ആരാധ്യമൂര്ത്തി. ഈ ദേവന്റെ പത്നിയായ 'അഷീറ' യില് നി ന്ന് ഉത്ഭവിക്കുന്ന ദേവീദേവന്മാരുടെ പരമ്പര ഏകദേശം എഴുപതോളമുണ്ടാകും. വിവി ധകാര്യങ്ങള് സാധിപ്പിച്ച് കിട്ടുന്നതിന് വിവിധ ദേവീദേവന്മാരെ അവര് ആരാധിച്ചിരുന്നു. ശിശുക്കളെ ഇവര്ക്കുവേണ്ടി ബലിയര്പ്പിച്ചിരുന്നു. ആരാധനാലയങ്ങള് വ്യഭിചാ രകേന്ദ്രങ്ങളാക്കി മാറ്റി, സ്ത്രീകളെ ദേവദാസികളായി നിര്ത്തി അവരെ വ്യഭിചാരത്തി ന് ഉപയോഗിച്ചിരുന്നു.
ഈ ജനതക്കിടയില് സമാധനത്തോടുകൂടി പ്രവേശിച്ച് അവര്ക്ക് ഇസ്ലാമിക സംസ്കാരം പഠിപ്പിക്കുകയും അങ്ങനെ ഫലസ്തീനില് ഗ്രന്ഥത്തിന്റെ വിധിവിലക്കുക ള്ക്കനുസരിച്ചുള്ള ഭരണം നടപ്പില് വരുത്തണമെന്നുമായിരുന്നു ഇസ്റാഈല് സന്ത തികളോട് അല്ലാഹു ആവശ്യപ്പെട്ടിരുന്നത്. എന്നാല് അവരോട് കല്പിച്ചതിന് വിരുദ്ധമായി ധിക്കാരപൂര്വ്വം അവര് ആ നാട്ടില് പ്രവേശിച്ച് ഫലസ്തീന് ഞങ്ങള്ക്ക് വാഗ്ദ ത്തം ചെയ്യപ്പെട്ട നാടാണ്, നിങ്ങള് പുറത്തുപോകണമെന്ന നയത്തിലുള്ള സമീപനം സ്വീകരിച്ചപ്പോള് ജനങ്ങള് ഇവരെ ശക്തിയുക്തം എതിര്ക്കുകയും ഒതുക്കിക്കളയുക യും ചെയ്തു. ക്രമേണ അവരുടെ വിശ്വാസാചാരങ്ങള് ഇവരില് അടിച്ചേല്പ്പിക്കുക യും അങ്ങനെ അവര് ആ ജനതക്ക് കീഴൊതുങ്ങി ജീവിക്കേണ്ടിവരികയും ചെയ്തു.
ഈസ്റായീല്യര് യഹോവക്ക് അനിഷ്ടകരമായിട്ടുള്ളത് ചെയ്തു, ബാല് വിഗ്രഹ ത്തെ പൂജിച്ചു, തങ്ങളുടെ പിതാക്കന്മാരുടെ ദൈവവും മിസ്രയീം ദേശത്തുനിന്ന് അവ രെ ആനയിച്ചവനുമായ യഹോവയെ അവര് ഉപേക്ഷിച്ചു, ചുറ്റുമുള്ള ജാതികളുടെ ദൈ വങ്ങളെ ചെന്ന് നമസ്കരിച്ച് യഹോവയെ കോപിപ്പിച്ചു. (ന്യായാധിപന്മാര്, 2: 11-15). ഇസ്റാഈല് സന്തതികളുടെ അക്രമവും ധിക്കാരവും സ്വാര്ത്ഥതയും കാരണം ഫലസ്തീനിലുണ്ടായിരുന്ന ഇതരവിഭാഗങ്ങളെല്ലാം ഐക്യപ്പെടുകയും യുദ്ധങ്ങളിലൂടെ അ വരെ പുറത്താക്കുകയും ചെയ്തു. അവരുടെ വാഗ്ദത്ത പേടകം പോലും അവര്ക്ക് ക യ്യൊഴിയേണ്ടിവന്നു. പിന്നീട് ശംവീല് നബി അവരുടെ ആവശ്യപ്രകാരം അവര്ക്ക് താ ലൂത്തിനെ രാജാവായി നിശ്ചയിച്ചുകൊടുത്തു. താലൂത്തിന്റെ നേതൃത്വത്തില് ജാലൂത്തിനെ നേരിടാന് പോവുന്ന സംഘത്തില് വഴിക്കുവെച്ച് ദാവൂദ് ചേരുകയും ദ്വന്ദയു ദ്ധത്തില് അദ്ദേഹം ജാലൂത്തിനെ വധിക്കുകയുംചെയ്തു. തുടര്ന്ന് ദാവൂദിനെ അവര്ക്ക് രാജാവും പ്രവാചകനുമായി അല്ലാഹു നിശ്ചയിച്ചുകൊടുത്തു. ദാവൂദിനുശേഷം സുലൈമാന് നബി ഇസ്റാഈല്യര്ക്കിടയില് പ്രബലമായ ഭരണം നടത്തുകയും യശസ്സും പ്ര താപവും വീണ്ടെടുക്കുകയുമുണ്ടായി.
സുലൈമാന് നബിക്കുശേഷം ഇസ്റാഈല്യര് വീണ്ടും ഭൗതിക പൂജകരായി അ ധഃപതിക്കുകയും അവര് രണ്ടുരാഷ്ട്രങ്ങളായി ഭിന്നിക്കുകയും ചെയ്തു. വടക്കന് ഫലസ്തീനും കിഴക്കന് ജോര്ദ്ദാനും ചേര്ന്ന ഇസ്റാഈല് രാഷ്ട്രമായിരുന്നു അതില് ഒന്ന്. അതിന്റെ തലസ്ഥാനം സാമിരിയ്യ ആയിരുന്നു. മറ്റൊന്ന് തെക്കന് ഫലസ്തീനും സദൂം പ്രദേശങ്ങളും ചേര്ന്ന യഹൂദ രാഷ്ട്രമായിരുന്നു. ജറൂസലേം ആയിരുന്നു അതിന്റെ തലസ്ഥാനം. ഈ രാഷ്ട്രങ്ങള് തമ്മിലുള്ള കടുത്ത സംഘട്ടനങ്ങളും വടം വലികളും നാള് ക്കുനാള് ശക്തിപ്പെട്ടു. ഇതില് ഇസ്റാഈല് രാഷ്ട്രക്കാരാണ് അവിടെയുണ്ടായിരുന്ന ജനതയുടെ ബഹുദൈവവിശ്വാസത്തിലും അധാര്മ്മികതയിലും ആദ്യമായി ആകര്ഷിക്കപ്പെട്ടത്. ഇല്യാസ് നബിയും അല്യസഅ് നബിയും അവരെ ബഹുദൈവവിശ്വാസത്തില് നിന്ന് മോചിപ്പിക്കാന് ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അവസാനം അ ല്ലാഹുവിന്റെ കോപത്തിന് വിധേയരായ അവരുടെമേല് മല്ലന്മാരായ അസ്സീറിയക്കാര് കടന്നാക്രമിച്ചു. ഈ ഘട്ടത്തില് 'ആമോസ്' പ്രവാചകനും (ക്രി. മു: 787-747) 'ഹോശൈയ്' പ്രവാചകനും (ക്രി. മു: 747-735) അവര്ക്ക് താക്കീതുകള് നല്കിക്കൊണ്ടിരുന്നെങ്കിലും അവര് അതിനെ അവഗണിച്ചു. മാത്രമല്ല, ഈസ്റാഈല് രാജാവ് ആമോസ് പ്രവാചക നെ നാട്ടില് നിന്ന് പുറത്താക്കുകയും സാമിരിയ്യയുടെ അതിര്ത്തികളില് അദ്ദേഹത്തിന്റെ പ്രവര്ത്തനം പരിമിതപ്പെടുത്തുകയും ചെയ്തു. ഏറെ താമസിയാതെ 'അശ്ശൂര്' രാജാവായ 'സര്ഗോണ്' സാമിരിയ്യ ജയിച്ചടക്കി, ഇസ്റാഈല് രാഷ്ട്രത്തിന്റെ അന്ത്യം കുറിച്ചു. തുടര് ന്ന് ആയിരക്കണക്കിന് ഇസ്റാഈല്യരെ വധിക്കുകയും ഇരുപത്തി അയ്യായിരത്തില ധികം പേരെ നാട്ടില് നിന്ന് പുറത്താക്കുകയും അവരെ അസ്സീറിയന് രാഷ്ട്രത്തിന്റെ കിഴക്കന് മേഖലകളില് ഛിന്നഭിന്നരാക്കി താമസിപ്പിക്കുകയും മറ്റു മേഖലകളില് നിന്ന് ജനങ്ങളെ കൊണ്ടുവന്ന് ഇവരുടെ നാട്ടില് താമസിപ്പിക്കുകയും ചെയ്തു. തല്ഫലമാ യി ഇസ്റാഈല്യരുടെ സാംസ്കാരിക പൈതൃകം ക്രമേണ നശിക്കുകയാണുണ്ടായത്. 2: 243-245 വിശദീകരണം നോക്കുക.
ഇസ്റാഈല്യരുടെ രണ്ടാമത്തെ രാഷ്ട്രമായ 'യഹൂദ'യും സുലൈമാന് നബിക്കു ശേഷം ക്രമേണ ബഹുദൈവ വിശ്വാസത്തിലും അധാര്മ്മികതയിലും അകപ്പെട്ടുപോയി. അസ്സീറിയക്കാര് അവരെയും അക്രമിച്ചെങ്കിലും അവരെ പൂര്ണ്ണമായി തകര്ക്കാന് സാ ധിച്ചില്ല. എങ്കിലും അവര് അസ്സീറിയക്കാര്ക്ക് കപ്പം കൊടുത്ത് കീഴൊതുങ്ങേണ്ടിവന്നു. 'യെശയ്യ' പ്രവാചകനും 'യിരമ്യ' പ്രവാചകനും ബഹുദൈവവിശ്വാസത്തില്നിന്ന് അവരെ മോചിപ്പിക്കാന് ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ബാബിലോണിയന് രാജാവായ 'നെബുക്കദ്-നസര്' ജറൂസലേമടക്കമുള്ള യഹൂദരാഷ്ട്രത്തെ കീഴടക്കുകയും യഹൂദരാജാവിനെ ബന്ധനസ്ഥനാക്കുകയും ചെയ്തു. അപ്പോഴും അവര് ശക്തിയും പ്രതാപവും നേടാനുള്ള ഏകമാര്ഗമായ 'യിരമ്യാ'പ്രവാചകന്റെ നിര്ദേശങ്ങള് തള്ളിക്കളയു കയും തങ്ങളുടെ ഉള്ളശക്തി ഉപയോഗിച്ച് ബാബിലോണിയക്കാരോട് എതിരിടുകയുമാണ് ചെയ്തത്. ക്രി.മു: 587-ല് വീണ്ടും 'നെബുക്കദ്-നസര്' ശക്തമായ ഒരു ആക്രമണം നടത്തു കയും യഹൂദരാഷ്ട്രത്തിന്റെ എല്ലാപട്ടണങ്ങളും തകര്ത്ത് തരിപ്പണമാക്കുകയും ചെയ്തു. ജറൂസലേമിനെയും 'ഹൈക്കല് സുലൈമാനി'യേയും ഒരുചുമര് പോലും അവശേഷിപ്പിക്കാതെ നശിപ്പിച്ചുകളഞ്ഞു. ഇതാണ് ഇസ്റാഈല്യരോട് താക്കീത് ചെയ്ത ഒന്നാമത്തെ കുഴപ്പവും തല്ഫലമായി അവര്ക്കു ലഭിച്ച ശിക്ഷയും. 2: 246-251 വിശദീകരണം നോക്കുക.