أَلَمْ تَرَ إِلَى الْمَلَإِ مِنْ بَنِي إِسْرَائِيلَ مِنْ بَعْدِ مُوسَىٰ إِذْ قَالُوا لِنَبِيٍّ لَهُمُ ابْعَثْ لَنَا مَلِكًا نُقَاتِلْ فِي سَبِيلِ اللَّهِ ۖ قَالَ هَلْ عَسَيْتُمْ إِنْ كُتِبَ عَلَيْكُمُ الْقِتَالُ أَلَّا تُقَاتِلُوا ۖ قَالُوا وَمَا لَنَا أَلَّا نُقَاتِلَ فِي سَبِيلِ اللَّهِ وَقَدْ أُخْرِجْنَا مِنْ دِيَارِنَا وَأَبْنَائِنَا ۖ فَلَمَّا كُتِبَ عَلَيْهِمُ الْقِتَالُ تَوَلَّوْا إِلَّا قَلِيلًا مِنْهُمْ ۗ وَاللَّهُ عَلِيمٌ بِالظَّالِمِينَ
മൂസാക്ക് ശേഷമുള്ള ഇസ്റാഈല്‍ സന്തതികളില്‍ നിന്നുള്ള പ്രമാണിമാരിലേക്ക് നിന്റെ ശ്രദ്ധ തിരിഞ്ഞുവോ? അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നതിന് ഞങ്ങള്‍ക്ക് ഒരു രാജാവിനെ നിയോഗിച്ചുതരിക എന്ന് അവര്‍ അവരുടെ നബിയോട് പറഞ്ഞ സന്ദര്‍ഭം; അവന് ചോദിച്ചു: നിങ്ങളുടെമേല്‍ യുദ്ധം രേഖപ്പെടുത്തപ്പെട്ടാല്‍ പിന്നെ നിങ്ങള്‍ യുദ്ധം ചെയ്യാതെ നിരസിക്കുമോ? അവര്‍ പറഞ്ഞു: നിശ്ചയം ഞങ്ങള്‍ ഞങ്ങളുടെ വീടുകളില്‍ നിന്നും സന്തതികളില്‍ നിന്നും പുറത്താക്കപ്പെട്ടവരാണെന്നിരിക്കെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യാതിരിക്കാന്‍ ഞങ്ങള്‍ക്ക് എന്താണ് തടസ്സം? അങ്ങനെ യുദ്ധം അവരുടെ മേല്‍ രേഖപ്പെടുത്തപ്പെട്ടപ്പോള്‍ അവരില്‍ നിന്ന് കുറച്ച് പേരൊഴിച്ച് മറ്റുള്ളവരെല്ലാം പിന്തിരിഞ്ഞുകളഞ്ഞു, അല്ലാഹു ഇത്തരം അക്രമികളെക്കുറിച്ച് ശരിക്കും അറിയുന്നവനാകുന്നു.
മൂസായുടെ കാലത്തുള്ള ഇസ്റാഈല്‍ സന്തതികളുടെ ധിക്കാരനയം ഗ്രന്ഥത്തില്‍ പലയിടത്തും വിവരിച്ചിട്ടുണ്ട്. ഇസ്റാഈല്‍ സന്തതികള്‍ വലിയ ഔന്നിത്യം നടിച്ച് അഹങ്കാരികളും ധിക്കാരികളുമായി ഭൂമിയില്‍ രണ്ടുപ്രാവശ്യം നാശമുണ്ടാക്കുമെന്ന് അവരുടെ മേല്‍ നാം വിധിച്ചിട്ടുണ്ട് എന്ന് 17: 4 ലും; അപ്പോള്‍ അവര്‍ക്കെതിരെ അതികഠിനമായി അവരെ ദ്രോഹിക്കുന്ന അവന്റെ സൃഷ്ടികളെ അഴിച്ചുവിടുകയും അവരുടെ വീടുകളില്‍ നിന്നും കുടുബാംഗങ്ങളില്‍ നിന്നുമെല്ലാം പുറത്താക്കി അവരെ ഛിന്നഭിന്നമാക്കിക്കളയുകയും ചെയ്യുമെന്ന് 17: 5 ലും പറഞ്ഞിട്ടുണ്ട്. മൂസാനബിയുടെ കാലശേഷം ഇസ്റാഈല്‍ സന്തതികള്‍ സത്യത്തില്‍ നിന്ന് വ്യതിചലിച്ച് കൂടുതല്‍ ധിക്കാരികളായിത്തീരുകയും മറ്റുള്ള ജനതയെ അനുകരിക്കാന്‍ തുടങ്ങുകയും ചെയ്തു. മറ്റുള്ള ജനതകള്‍ക്ക് രാജാക്കന്മാര് മുഖേനയാണ് പ്രൗഢിയും പ്രതാപവും ലഭിച്ചതെന്ന് പ്രത്യക്ഷത്തില്‍ മനസ്സിലാക്കിയ അവര്‍ നബിയെ ഒഴിവാക്കി നേതൃസ്ഥാനത്തേക്ക് രാജാവിനെ നിയോഗിച്ച് തരണമെന്നാണ് ആവശ്യപ്പെടുന്നത്. ശാശ്വതജീവിതത്തിലേക്കുള്ള നേട്ടങ്ങള്‍ വിസ്മരിച്ചുകൊണ്ട് നശ്വരവും വഞ്ചനാപരവുമായ ഐഹികനേട്ടങ്ങളില്‍ ഭ്രമിക്കുന്ന സ്വഭാവം ഉണ്ടാകാന്‍ പാടില്ല എന്നാണ് ഈ സൂക്തത്തിലൂടെ വിശ്വാസികളെ പഠിപ്പിക്കുന്നത്.
എന്നാല്‍ ജീവിതലക്ഷ്യം മറന്നവരും പ്രജ്ഞയറ്റവരുമായ ഫുജ്ജാറുകള്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം പാരായണം ചെയ്യുന്നുണ്ടെങ്കിലും ഭൗതികനേട്ടങ്ങള്‍ക്കും അധികാരത്തിനും വേണ്ടിയുള്ള സാമുദായിക കൂട്ടുകെട്ടുകളിലും കുതന്ത്രങ്ങളിലും ഏര്‍പ്പെടുന്നവരായി അധഃപതിച്ചിരിക്കുകയാണ്. മാനുഷികഐക്യത്തിനും സമാധാനത്തിനും വേണ്ടി പരിശ്രമിക്കാന്‍ കടമപ്പെട്ട അവര്‍ മദീനയിലെ കപടവിശ്വാസികളെയും ജൂതന്മാരെയും വെല്ലുന്ന വിധത്തില്‍ ഭൂമിയിലൊട്ടുകയും അവരുടെ ആശയങ്ങള്‍ കടമെടുത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങളിലും നശീകരണപ്രവര്‍ത്തനങ്ങളിലും മുഴുകുകയും ചെയ്തതുകൊണ്ടാണ് 33: 60-61 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ഈസാ രണ്ടാമത് വന്നാല്‍ അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ അവര്‍ വധിക്കപ്പെടാന്‍ അര്‍ഹരാകുന്നത്. 2: 95; 9: 47; 62: 7 തുടങ്ങിയ സൂക്തങ്ങളിളെല്ലാം അവസാനിക്കുന്നത്, 'അല്ലാഹു ഇത്തരം അക്രമികളെക്കുറിച്ച് ശരിക്കും അറിയുന്നവനാകുന്നു' എന്ന ആശയത്തിലാണ്. 3: 7-10; 33: 72-73; 63: 9-11 വിശദീകരണം നോക്കുക.