( അല്‍ ബഖറ ) 2 : 218

إِنَّ الَّذِينَ آمَنُوا وَالَّذِينَ هَاجَرُوا وَجَاهَدُوا فِي سَبِيلِ اللَّهِ أُولَٰئِكَ يَرْجُونَ رَحْمَتَ اللَّهِ ۚ وَاللَّهُ غَفُورٌ رَحِيمٌ

നിശ്ചയം, വിശ്വാസികളാവുകയും പലായനം ചെയ്യുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ജിഹാദ് നടത്തുകയും ചെയ്യുന്നവരാരോ, അക്കൂട്ടര്‍ അല്ലാഹുവിന്‍റെ കാരുണ്യം പ്രതീക്ഷിക്കുന്നവരാകുന്നു, അല്ലാഹുവാകട്ടെ ഏറെപ്പൊറുക്കുന്ന കാരുണ്യവാനുമാകുന്നു.

മക്കാവിജയത്തിനുശേഷം പലായനമില്ലെന്നും അദ്ദിക്ര്‍ കൊണ്ടുള്ള ജിഹാദ് മാത്രമാണുള്ളതെന്നും പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 8: 72-75; 9: 16, 20, 73, 88; 16: 110; 29: 6, 69; 49: 15; 61: 11 തുടങ്ങിയ സൂക്തങ്ങളിലെല്ലാം ജിഹാദിന് പ്രേരിപ്പിച്ചിട്ടുണ്ട്. ലക്ഷ്യസാക്ഷാത്കാരത്തിന് വേണ്ടി സര്‍വ്വകഴിവുകളും ഉപയോഗപ്പെടുത്തലാണ് ജിഹാദ്. ഇന്ന് ഏറ്റവും വലിയ ജിഹാദ് അല്ലാഹുവില്‍ നിന്നുള്ള കാരുണ്യവും ഔദാര്യവും ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ പഠിക്കലും അത് ജാതി-മത-ലിംഗ-ദേശ-വര്‍ണ്ണ-ഭാഷാ വ്യത്യാസമില്ലാതെ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് നിഷ്പക്ഷവാനായ നാഥനെ സഹായിക്കലുമാണ്. 7: 205-206; 9: 73 വിശദീകരണം നോക്കുക.