( മുനാഫിഖൂന്‍ ) 63 : 9

يَا أَيُّهَا الَّذِينَ آمَنُوا لَا تُلْهِكُمْ أَمْوَالُكُمْ وَلَا أَوْلَادُكُمْ عَنْ ذِكْرِ اللَّهِ ۚ وَمَنْ يَفْعَلْ ذَٰلِكَ فَأُولَٰئِكَ هُمُ الْخَاسِرُونَ

ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങളുടെ സ്വത്തുക്കളോ നിങ്ങളുടെ സന്താനങ്ങളോ അല്ലാഹുവിന്‍റെ സ്മരണയെത്തൊട്ട് നിങ്ങളെ തടയാതിരിക്കട്ടെ, ആരെങ്കിലും അങ്ങനെ പ്രവര്‍ത്തിച്ചാല്‍ അപ്പോള്‍ അക്കൂട്ടര്‍ തന്നെയാകുന്നു നഷ്ടപ്പെട്ടവരായവര്‍!

സൂക്തത്തില്‍ അല്ലാഹുവിന്‍റെ സ്മരണയെത്തൊട്ട് നിങ്ങളെ തടയാതിരിക്കട്ടെ എന്നാണ് പറഞ്ഞിരിക്കുന്നതെങ്കിലും അല്ലാഹുവിന്‍റെ സ്മരണ നിലനിര്‍ത്താനുള്ള അദ്ദിക്റിനെത്തൊട്ട് തടയാതിരിക്കട്ടെ എന്നാണ് ആശയം. കാരണം വീട്ടിലാണെങ്കിലും മക്കള്‍ രോഗിയായി ചികിത്സിക്കേണ്ട അവസ്ഥയിലാണെങ്കിലും ആരെങ്കിലും മരണപ്പെട്ട അവസ്ഥയിലാണെങ്കിലും കച്ചവടസ്ഥാപനങ്ങളിലാണെങ്കിലും സ്വത്തുക്കള്‍ അപഹരിച്ചു പോകാതിരിക്കാന്‍ കാവലിരിക്കുന്ന സന്ദര്‍ഭങ്ങളിലാണെങ്കിലും മറ്റു ഏതൊരു സന്ദര്‍ഭ ത്തിലാണെങ്കിലും അല്ലാഹുവിന്‍റെ സ്മരണ നിലനിര്‍ത്താവുന്നതാണ്. ആത്മാവുകൊ ണ്ടുള്ള അല്ലാഹുവിന്‍റെ സ്മരണയില്‍ നിന്ന് ആരെയും എവിടെയും ഒരാള്‍ക്കും തടയാന്‍ സാധിക്കുകയുമില്ല. അതിനാല്‍ അല്ലാഹുവിന്‍റെ സ്മരണ എപ്പോഴും നിലനിര്‍ത്താന്‍ അത്യാവശ്യമായ അദ്ദിക്ര്‍ വിവരിക്കുന്ന സദസ്സില്‍ ഹാജരാകുന്നതിനെത്തൊട്ട് നിങ്ങളെ തടയാതിരിക്കട്ടെ എന്നാണ് സൂക്തം കല്‍പിക്കുന്നത്. വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്റില്‍ നിന്ന് എന്തെങ്കിലും കാരണവശാല്‍ തടയപ്പെടാന്‍ ഇടവന്നാല്‍ അപ്പോള്‍ അക്കൂട്ടര്‍ തന്നെയാണ് ജീവിതം നഷ്ടപ്പെട്ടവരാവുക.

അദ്ദിക്റിനെ വിസ്മരിച്ച് കെട്ടജനതയായിത്തീര്‍ന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ സമ്പത്ത് കൊണ്ടും സന്താനങ്ങള്‍ കൊണ്ടും ഇഹത്തില്‍ അവരെ ശിക്ഷിക്കാനാണ് അല്ലാഹു ഉദ്ദേശിക്കുന്നത് എന്നും, അവര്‍ കാഫിറായി ജീവന്‍ വെടിയുകയും ചെയ്തിരിക്കുന്നു എന്നും 9: 55, 85 സൂക്തങ്ങളില്‍ വായിച്ചിട്ടുള്ളത് ജനങ്ങളില്‍ അവര്‍ മാത്രമാണ്. നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നില്ല. എന്നാല്‍ ഫുജ്ജാറുകള്‍ അവര്‍ വായിച്ച സൂക്തങ്ങളെ സത്യപ്പെടുത്തി ജീവിക്കാതിരിക്കു കവഴി പ്രസ്തുത സൂക്തങ്ങള്‍ തന്നെയാണ് അവര്‍ക്കെതിരെ വാദിച്ചുകൊണ്ടും സാക്ഷ്യം വഹിച്ചുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുക. ഫുജ്ജാറുകളുടെ പട്ടിക നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനിലാണെന്ന് 83: 7 ല്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ആയിരത്തില്‍ ഒന്നായ വിശ്വാസി അദ്ദിക്റിനെ സത്യപ്പെടുത്തി സിജ്ജീന്‍ പട്ടികയിലുള്ള തന്‍റെ വിധി 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലെ ഇല്ലിയ്യീന്‍ പട്ടികയിലേക്ക് മാറ്റുന്നതാണ്. 2: 121; 18: 100-101; 29: 45 വിശദീകരണം നോക്കുക.