( അല്‍ മുസ്സമ്മില്‍ ) 73 : 20

إِنَّ رَبَّكَ يَعْلَمُ أَنَّكَ تَقُومُ أَدْنَىٰ مِنْ ثُلُثَيِ اللَّيْلِ وَنِصْفَهُ وَثُلُثَهُ وَطَائِفَةٌ مِنَ الَّذِينَ مَعَكَ ۚ وَاللَّهُ يُقَدِّرُ اللَّيْلَ وَالنَّهَارَ ۚ عَلِمَ أَنْ لَنْ تُحْصُوهُ فَتَابَ عَلَيْكُمْ ۖ فَاقْرَءُوا مَا تَيَسَّرَ مِنَ الْقُرْآنِ ۚ عَلِمَ أَنْ سَيَكُونُ مِنْكُمْ مَرْضَىٰ ۙ وَآخَرُونَ يَضْرِبُونَ فِي الْأَرْضِ يَبْتَغُونَ مِنْ فَضْلِ اللَّهِ ۙ وَآخَرُونَ يُقَاتِلُونَ فِي سَبِيلِ اللَّهِ ۖ فَاقْرَءُوا مَا تَيَسَّرَ مِنْهُ ۚ وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَأَقْرِضُوا اللَّهَ قَرْضًا حَسَنًا ۚ وَمَا تُقَدِّمُوا لِأَنْفُسِكُمْ مِنْ خَيْرٍ تَجِدُوهُ عِنْدَ اللَّهِ هُوَ خَيْرًا وَأَعْظَمَ أَجْرًا ۚ وَاسْتَغْفِرُوا اللَّهَ ۖ إِنَّ اللَّهَ غَفُورٌ رَحِيمٌ

നിശ്ചയം നിന്‍റെ നാഥന്‍ അറിയുന്നവന്‍ തന്നെയാണ്, നിശ്ചയം രാത്രിയുടെ മൂന്നില്‍ രണ്ട് ഭാഗത്തോളവും അതിന്‍റെ പകുതിയും അതിന്‍റെ മൂന്നില്‍ ഒന്നും നീ എഴുന്നേറ്റ് നിന്ന് നമസ്കരിക്കുന്നുണ്ട് എന്ന്, നിന്നോടൊപ്പമുള്ളവരില്‍ നിന്നുള്ള ഒരു വിഭാഗവും, അല്ലാഹുവാണ് രാത്രിയേയും പകലിനേയും കണക്കാക്കുന്നത്, അവനറിയാം നിങ്ങള്‍ അത് എണ്ണിക്കണക്കാക്കുന്നവരല്ല എന്ന്, അപ്പോള്‍ നിങ്ങളുടെമേല്‍ അവന്‍ മടങ്ങിയിരിക്കുന്നു, ആകയാല്‍ നിങ്ങള്‍ ഈ വായനയില്‍ നിന്ന് നിങ്ങള്‍ക്ക് എളുപ്പമായത് വായിക്കുക, നിങ്ങളില്‍ നിന്നുള്ള ചിലര്‍ രോഗികളാണെന്ന് അവനറിയാം, മറ്റൊരു വിഭാഗം അല്ലാഹുവിന്‍റെ അനുഗ്രഹം തേടിക്കൊണ്ട് ഭൂമിയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നവരും മറ്റൊരു വിഭാഗം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവരുമാണ്, അപ്പോള്‍ അതില്‍ നിന്ന് എളുപ്പമായത് പാരായണം ചെയ്യുക, നമസ്കാരം നിലനിര്‍ ത്തുകയും സക്കാത്ത് നല്‍കുകയും അല്ലാഹുവിന് നിങ്ങള്‍ ഒരു നല്ല കടം കൊടു ക്കുകയും ചെയ്യുക, നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി നന്മയില്‍ നിന്ന് എന്തൊന്ന് മുന്‍കൂട്ടി ഒരുക്കിവെച്ചാലും അല്ലാഹുവിന്‍റെ അടുത്ത് അത് കണ്ടെത്തുന്നതും അത് നിങ്ങള്‍ക്ക് ഉത്തമവും മഹത്തായ പ്രതിഫലമാകുന്നതുമാണ്, നിങ്ങള്‍ അല്ലാഹുവിനോട് പൊറുക്കലിനെത്തേടുകയും ചെയ്യുക, നിശ്ചയം അല്ലാഹു ഏറെപ്പൊറുക്കുന്ന കാരുണ്യവാന്‍ തന്നെയാകുന്നു. 

മക്കയില്‍ ആദ്യകാലത്ത് അവതരിച്ചിട്ടുള്ള സൂക്തമാണ് ഇത്. അതിലെ പകല്‍ സമയങ്ങളില്‍ പലതരത്തിലുള്ള വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള വിശ്വാസികളോട് രാത്രിയുടെ മൂന്നില്‍രണ്ടോ പകുതിയോ അല്ലെങ്കില്‍ മൂന്നില്‍ഒന്നോ സമയം സൂക്തം: 2-4 ല്‍ പ്രവാചകനോട് കല്‍പിച്ചപ്രകാരം പ്രവാചകനും പ്രവാചകനോടൊപ്പമുള്ള വിശ്വാസികളി ല്‍ ചിലരും നമസ്കാരം നിര്‍വഹിക്കുന്നത് അല്ലാഹു അറിയുന്നുണ്ട് എന്നാണ് പറയുന്നത്. അപ്പോള്‍ സമയം കണക്കാക്കാനുള്ള ഉപകരണങ്ങളില്ലാത്ത അക്കാലത്ത് ഏകദേശ സമ യം കണക്കാക്കി നമസ്കരിച്ചാല്‍ മതിയെന്നും നിങ്ങളില്‍ രോഗികളും കച്ചവടാവശ്യാര്‍ത്ഥം യാത്ര ചെയ്യുന്നവരുമുണ്ടെന്നും അല്ലാഹുവിനറിയാം. അപ്പോള്‍ ഗ്രന്ഥത്തില്‍ നിന്ന് കഴി യുന്നത്ര വായിച്ച് നമസ്കരിച്ചാല്‍ മതി എന്നാണ് കല്‍പിക്കുന്നത്. യുദ്ധം കല്‍പിക്കപ്പെ ട്ടത് ഹിജ്റഃ രണ്ടാം വര്‍ഷത്തില്‍ പ്രവാചകന്‍റെ മദീനാ ജീവിതത്തിലായതിനാല്‍ നിങ്ങളില്‍ ഒരു വിഭാഗം യുദ്ധം ചെയ്യുന്നവരുണ്ട് എന്ന് സൂക്തത്തില്‍ പറഞ്ഞതിലൂടെ യുദ്ധദിനങ്ങളിലെ നമസ്കാരത്തിനുള്ള നിര്‍ദ്ദേശം നല്‍കുകയാണ്. ഗ്രന്ഥം ഒരു കാര്യവും വഴിക്കുവഴിയായി പറഞ്ഞിട്ടില്ല എന്നതിന് ഈ സൂക്തവും തെളിവാണ്. 

ഗ്രന്ഥത്തിന്‍റെ വെളിച്ചത്തിലുള്ള ഒരു ജീവിതസംഹിത വളര്‍ത്തിക്കൊണ്ടുവരുന്നതിന് വേണ്ടിയുള്ള നിയമങ്ങളും നിര്‍ദ്ദേശങ്ങളുമാണ് ആദ്യകാലത്ത് അവതരിപ്പിച്ചുകൊണ്ടിരുന്നത്. 5: 3 ല്‍ പറഞ്ഞ പ്രകാരം പ്രവാചകന്‍റെ വിടവാങ്ങല്‍ ഹജ്ജോടുകൂടി അത് പൂര്‍ത്തിയാവുകയുണ്ടായി. അന്ത്യദിനത്തിന്‍റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങളില്‍ ഒന്നായ മസീഹുദ്ദജ്ജാല്‍ പുറപ്പെടാറായ, വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ജനങ്ങളെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന പ്രകാശവും പ്രപഞ്ചം അ തിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്റിനെ ലോകരില്‍ പ്രചരിപ്പിച്ച് രക്തച്ചൊരിച്ചിലും തീവ്രവാദവും വര്‍ഗീയതയും സ്വാര്‍ത്ഥതയും സ്വജനപക്ഷപാതിത്വവുമെല്ലാം ഇല്ലാതാക്കി മനുഷ്യരുടെ ഐക്യം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയാണ് ഒറ്റപ്പെട്ട വിശ്വാസികള്‍ ചെയ്യുക. 29: 45; 64: 15-18; 71: 18 വിശദീകരണം നോക്കുക.