( അന്നസ്വ്ര്‍ ) 110 : 2

وَرَأَيْتَ النَّاسَ يَدْخُلُونَ فِي دِينِ اللَّهِ أَفْوَاجًا

അല്ലാഹുവിന്‍റെ ദീനില്‍ ജനങ്ങള്‍ കൂട്ടം കൂട്ടമായി പ്രവേശിക്കുന്നത് നീ കാണുകയും ചെയ്താല്‍.

മക്കാവിജയത്തിന് ശേഷം അറേബ്യയിലും ചുറ്റുഭാഗത്തുമുള്ള ജനങ്ങള്‍ ക്രമേണ ഇസ്ലാമിനെ ജീവിത രീതിയായി അംഗീകരിക്കാന്‍ തുടങ്ങി. അന്ത്യപ്രവാചകനായ മുഹമ്മദിന്‍റെ വിടവാങ്ങല്‍ ഹജ്ജില്‍ ദീന്‍ പൂര്‍ത്തീകരിക്കപ്പെട്ടതോടുകൂടി ഹാജറുള്ളവര്‍ ഹാജറില്ലാത്തവര്‍ക്ക് എത്തിച്ചുകൊടുക്കട്ടെ എന്ന പ്രവാചകന്‍റെ കല്‍പനയനുസരിച്ച് അനുയായികള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിനായി ഇറങ്ങിത്തിരിക്കുകയുണ്ടായി. അങ്ങനെ അവരുടെ മാതൃകാപരമായ ജീവിതം കണ്ട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ആളുകള്‍ ഇസ്ലാം അംഗീകരിച്ച് ജീവിക്കാന്‍ തയ്യാറാവുകയുമുണ്ടായി. ഇക്കാര്യമാണ് സൂക്തത്തില്‍ പരാമര്‍ശിക്കുന്നത്. അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന ജീവിതവ്യവസ്ഥയാണ് അല്ലാഹുവിന്‍റെ ദീന്‍. ജനങ്ങള്‍ കൂട്ടം കൂട്ടമായി ദീനില്‍ പ്രവേശിക്കുന്നതുപോലെ കൂട്ടം കൂട്ടമായി ദീനില്‍ നിന്ന് പുറത്തുപോകുമെന്നും നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. ഗ്രന്ഥത്തെ ഭാഗം വെച്ച് സൂക്തങ്ങളില്‍ നിന്ന് ചിലത് എടുക്കുകയും ചിലത് അവഗണിക്കുകയും ചെയ്യുന്ന മദ്ഹബ്കാരെല്ലാം അല്ലാഹുവിന്‍റെ ദീനില്‍ നിന്ന് പുറത്തുപോയവരാണ്. 3: 10; 15: 90 വിശദീകരണം നോക്കുക.  

ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള അല്ലാഹുവിന്‍റെ ഏകസംഘത്തിലേക്ക് അദ്ദിക്ര്‍ കൊണ്ട് വിളിക്കാത്തവരെല്ലാം കള്ളവാദികളും നേരെച്ചൊവ്വെയുള്ള പാതയില്‍ നിന്ന് വ്യതിചലിച്ച് പോയവരുമാണ്. ഇസ്ലാമിനെ മായ്ച്ചുകളയുന്നതിന് വേണ്ടി മുപ്പതാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാല്‍ വന്നാല്‍ ദീനില്‍ നിന്ന് പുറത്ത്പോയ, അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെല്ലാം തന്നെ അവനെ ആദ്യം നബിയായും പിന്നെ റബ്ബായിത്തന്നെയും സ്വീകരിച്ചുകൊണ്ട് അവന്‍റെ സ്വര്‍ഗം തെരഞ്ഞെടുക്കുന്നതാണ്. അന്ന് ലോകത്ത് ഇജാസില്‍ മാത്രമായിരിക്കും ഇസ്ലാം നിലനില്‍ക്കുക. താമസിയാതെ ഈസാ രണ്ടാമത് വരികയും ലോകം അടക്കിഭരിക്കുന്ന മസീഹുദ്ദജ്ജാലിനെയും അനുയായികളെയും വധിക്കുന്നതുമാണ്. അതോടുകൂടി പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍, സൗരാഷ്ടര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങളെല്ലാം തന്നെ അല്ലാഹുവിന്‍റെ ദീന്‍ അംഗീകരിക്കുന്നതും അവരുടെ കരങ്ങളാല്‍ പിശാചിന്‍റെ സംഘത്തില്‍ പെട്ട കാഫിറുകളെല്ലാം വധിക്കപ്പെടുന്നതുമാണ്. 4: 133; 6: 89; 48: 6, 24-25 വിശദീകരണം നോക്കുക.