( അല്‍ ബഖറ ) 2 : 263

قَوْلٌ مَعْرُوفٌ وَمَغْفِرَةٌ خَيْرٌ مِنْ صَدَقَةٍ يَتْبَعُهَا أَذًى ۗ وَاللَّهُ غَنِيٌّ حَلِيمٌ

നല്ല വാക്ക് പറയലും വിട്ടുവീഴ്ച ചെയ്യലുമാണ് ശല്യം പിന്തുടരുന്ന ദാനധര്‍മ്മങ്ങളേക്കാള്‍ ഉത്തമമായത്, അല്ലാഹു ഐശ്വര്യവാനായ സഹനശീലനുമാകുന്നു.

മനമില്ലാമനസ്സോടെ ബുദ്ധിമുട്ടി ദാനധര്‍മ്മങ്ങള്‍ ചെയ്യണമെന്ന് അല്ലാഹുവിന് ഒരു ആവശ്യവുമില്ല. ആരെങ്കിലും നന്ദി പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അത് അവനുവേണ്ടിത്തന്നെയാണ്, ആരെങ്കിലും നിഷേധിക്കുകയാണെങ്കില്‍ അപ്പോള്‍ നിശ്ചയം അല്ലാഹു ഐശ്വര്യവാനായ സ്വയം സ്തുത്യര്‍ഹനാണ് എന്ന് 31: 12 ലും; ധനത്തില്‍ നിന്ന് അടുത്തവര്‍ക്കും അഗതികള്‍ക്കും വഴിയാത്രക്കാര്‍ക്കും അവരുടെ വിഹിതം നല്‍കണമെന്നും എന്നാല്‍ അത്തരക്കാര്‍ക്ക് നല്‍കാനുള്ള പണം തല്‍ക്കാലം കയ്യിലില്ലെങ്കില്‍ അവരോട് നല്ല വാക്കുകള്‍ പറയണമെന്നും പണം ലഭിക്കുമ്പോള്‍ നല്‍കാന്‍ ശ്രദ്ധിക്കണമെന്നും 17: 26-28 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍, അല്ലാഹുവാണ് എല്ലാ അനുഗ്രഹങ്ങളുടെയും ദാതാവെന്നും കൊടുക്കുന്നവന്‍റെ സ്ഥാനത്തുനിന്ന് വാങ്ങുന്നവന്‍റെ സ്ഥാനത്തേക്ക് മാറ്റാന്‍ അല്ലാഹുവിന് സാധിക്കുമെന്നുമുള്ള ചിന്തയില്‍ പ്രാര്‍ത്ഥനയോടുകൂടിയും അല്ലാഹ് എന്ന സ്മരണയോടുകൂടിയുമായിരിക്കണം വിശ്വാസി പെരുമാറേണ്ടത്. 2: 174-175; 107: 6-7 വിശദീകരണം നോക്കുക.