( അല്‍ ബഖറ ) 2 : 264

يَا أَيُّهَا الَّذِينَ آمَنُوا لَا تُبْطِلُوا صَدَقَاتِكُمْ بِالْمَنِّ وَالْأَذَىٰ كَالَّذِي يُنْفِقُ مَالَهُ رِئَاءَ النَّاسِ وَلَا يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ ۖ فَمَثَلُهُ كَمَثَلِ صَفْوَانٍ عَلَيْهِ تُرَابٌ فَأَصَابَهُ وَابِلٌ فَتَرَكَهُ صَلْدًا ۖ لَا يَقْدِرُونَ عَلَىٰ شَيْءٍ مِمَّا كَسَبُوا ۗ وَاللَّهُ لَا يَهْدِي الْقَوْمَ الْكَافِرِينَ

ഓ വിശ്വാസികളായിട്ടുള്ളവരേ, അല്ലാഹുവിനെക്കൊണ്ടും അന്ത്യനാളിനെക്കൊണ്ടും വിശ്വസിക്കാതെ ജനങ്ങളെ കാണിക്കാന്‍ വേണ്ടി തന്‍റെ ധനം ചെലവഴിക്കുന്ന ഒരുവനെപ്പോലെ കൊടുത്തത് എടുത്തുപറഞ്ഞുകൊണ്ടും ശല്യം ചെയ്തു കൊണ്ടും നിങ്ങളുടെ ദാനധര്‍മ്മങ്ങള്‍ നിങ്ങള്‍ പാഴാക്കരുത്, അപ്പോള്‍ അവന്‍റെ ഉപമ ഒരു പാറപ്പുറം പോലെയാണ്, അതിന്മേല്‍ അല്പം മണ്ണുണ്ട്, ഒരു കനത്ത മഴ വര്‍ഷിച്ച് (മണ്ണെല്ലാം ഒഴുകിപ്പോയി) പാറപ്പുറം മിനുത്തതായി മാറി, അവര്‍ സമ്പാദിച്ചതില്‍ നിന്ന് ഒന്നും അനുഭവിക്കാന്‍ അവര്‍ക്ക് സാധ്യമാവുകയില്ല, ഇത്തരം കാഫിറുകളായ ഒരു ജനതയെ അല്ലാഹു സന്മാര്‍ഗത്തിലാക്കുകയുമില്ല.

അല്ലാഹു കാണുന്നുണ്ട് എന്ന ബോധമില്ലാതെ ജനങ്ങള്‍ കാണുന്നതിനെ ഭയപ്പെട്ടുകൊണ്ടുള്ള പ്രവൃത്തികള്‍ ശിര്‍ക്കില്‍ പെട്ടതാണ്. അന്ത്യനാളില്‍ തങ്ങളുടെ തൊലികള്‍, കൈകാലുകള്‍, കേള്‍വി, കാഴ്ച തുടങ്ങി ഭൂമി തന്നെയും തങ്ങള്‍ക്കെതിരെ സാക്ഷ്യം വഹിക്കുമെന്ന് പറയുന്ന 24: 24; 36: 65; 41: 19-24; 99: 4 തുടങ്ങിയ സൂക്തങ്ങള്‍ അവഗണിച്ച് ജീവിക്കുന്ന അവര്‍ ഇഹലോകത്ത് ജനങ്ങളില്‍ നിന്നുള്ള നന്ദിപ്രകടനവും സാക്ഷ്യപത്രവും പ്രതീക്ഷിക്കുന്നവരുമാണ്. അദ്ദിക്ര്‍ കൊണ്ട് വിശ്വാസം രൂപപ്പെടുത്താതെയുള്ള ഏത് പ്രവര്‍ത്തനവും മിഥ്യയും നരകകുണ്ഠം പിഴയായി ലഭിക്കുന്നതിന് കാരണമാകുന്നതുമാണ്. അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ, ഒരു മഴ വര്‍ഷിക്കുമ്പോഴേക്കും മണ്ണെല്ലാം ഒഴുകിപ്പോയി മിനുത്തതായി മാറുന്ന പാറപ്പുറം പോലെയാണ്, അഥവാ പരലോകത്ത് അവര്‍ തന്നെയാണ് പാപ്പരായവര്‍. പുണ്യാത്മാക്കള്‍ അവര്‍ക്ക് ഭക്ഷണത്തിന് ആഗ്രഹമുണ്ടായിരിക്കെത്തന്നെ അത് അഗതിയെയും അനാഥനെയും ബന്ദിയെയും ഭക്ഷിപ്പിക്കുന്നവരാണ് എന്നും, നിശ്ചയം, ഞങ്ങള്‍ നിങ്ങളെ ഊട്ടുന്നത് അല്ലാഹുവിന്‍റെ ഭാഗത്തുനിന്നുകൊണ്ടാണ്, നിങ്ങളില്‍ നിന്നുള്ള പ്രതിഫലമോ നന്ദിപ്രകടനമോ ഞങ്ങള്‍ ഉദ്ദേശിക്കുന്നുമില്ല എന്ന മനസ്സോടെയായിരിക്കുമെന്നും 76: 8-9 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. കപടവിശ്വാസികള്‍ വെറുപ്പോടുകൂടിയോ അല്ലെങ്കില്‍ ഭക്തി പ്രകടിപ്പിച്ചുകൊണ്ടോ ചെയ്യുന്ന നമസ്കാരങ്ങളോ ദാനധര്‍മ്മങ്ങളോ സ്വീകരിക്കപ്പെടുകയില്ല; അവര്‍ അല്ലാഹുവിനെക്കൊണ്ടും പ്രവാചകന്മാരെക്കൊണ്ടും വിശ്വസിക്കാത്തതാണ് കാരണം എന്ന് 9: 53-54 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇത്തരം കാഫിറുകളായ ഒരു ജനതയെ അല്ലാഹു സന്മാര്‍ഗത്തിലാക്കുകയുമില്ല എന്ന ആശയത്തോടുകൂടിയാണ് 9: 37 ഉം അവസാനിക്കുന്നത്. 18: 103-106; 25: 23; 47: 8-9, 92: 18-21 വിശദീകരണം നോക്കുക. 

കടുകുമണിത്തൂക്കത്തോളം അഹങ്കാരം ഹൃദയത്തിലുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശി ക്കുകയില്ല എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അഹങ്കാരത്തെ പ്രകാശമായ അദ്ദിക്ര്‍ കൊണ്ട് കരിച്ചുകളഞ്ഞ് സ്വര്‍ഗത്തിലേക്ക് കുതിക്കാന്‍ ശ്രമിക്കുന്നവരാണ് വിചാരണയില്ലാതെ സ്വര്‍ഗത്തിലേക്ക് മുന്‍കടക്കുന്നവര്‍. അല്ലാഹു ജനങ്ങളില്‍ നിന്ന് കുടുംബത്തെ സ്വീകരിക്കുന്നു; ചോദിക്കപ്പെട്ടു: ആരാണ് അവര്‍? ഗ്രന്ഥത്തിന്‍റെ ആളുകളാണ് അവര്‍, അവര്‍ അവന്‍റെ കുടുംബാംഗങ്ങളും പ്രത്യേകക്കാരുമാണ് എന്നും പ്രവാചകനിലൂടെ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. ഗ്രന്ഥം കൊണ്ട് അഹങ്കരിക്കുകയും സ്വയം പര്യാപ്തനാവുകയും വേണമെന്ന് കല്‍പിച്ചിട്ടുള്ളതിനാല്‍ അദ്ദിക്ര്‍ മനസ്സിലാക്കുന്നതിനും അത് ലോകരിലേക്ക് എത്തിച്ചുകൊടുക്കുന്നതിനും വേണ്ടി പണവും സമയവും ചെലവഴിക്കുന്നത് എടുത്തുദ്ധരിക്കുന്നതും അതില്‍ ഊറ്റം കൊള്ളുന്നതും അനുവദനീയമാണെന്ന് മാത്രമല്ല, പുണ്യകര്‍മ്മം കൂടിയാണ്. 102: 8 ല്‍ പറഞ്ഞ പ്രകാരം വിധിദിവസം എല്ലാ അനുഗ്രഹങ്ങളെക്കുറിച്ചും ചോദ്യം ചെയ്യപ്പെടുമ്പോള്‍ അദ്ദിക്റിനുവേണ്ടി ചെലവഴിച്ചതിനെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുകയില്ല തന്നെ. അദ്ദിക്റിന്‍റെ കാര്യത്തില്‍ അസൂയയും അഹങ്കാരവുമെല്ലാം അനുവദനീയമാണ്. 2: 186; 4: 82; 47: 24-25 വിശദീകരണം നോക്കുക.