وَمَا أَنْفَقْتُمْ مِنْ نَفَقَةٍ أَوْ نَذَرْتُمْ مِنْ نَذْرٍ فَإِنَّ اللَّهَ يَعْلَمُهُ ۗ وَمَا لِلظَّالِمِينَ مِنْ أَنْصَارٍ
ദാനങ്ങളില് നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നത് എന്താകട്ടെ, അല്ലെങ്കില്‍ നേരുന്ന നേര്ച്ചയില് നിന്ന് എന്താകട്ടെ, അപ്പോള്‍ നിശ്ചയം അല്ലാഹു അത് അറിയുന്നുണ്ട്, അക്രമികള്‍ക്ക് സഹായികളില്‍ നിന്ന് ആരും തന്നെ ഉണ്ടാവുകയുമില്ല.
ത്രികാലജ്ഞാനിയായ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിക്കാതെ മറ്റുള്ളവരുടെ പ്രത്യുപകാരവും ആദരവും തൃപ്തിയുമെല്ലാം മോഹിച്ചുകൊണ്ട് ചെലവഴിക്കുന്നവരും, അല്ലാഹു അല്ലാത്തവര്‍ക്ക് നേര്‍ച്ചവഴിപാടുകള്‍ നല്‍കുന്നവരും അക്രമികളാണെന്നും അവര്‍ക്ക് ഒരു സഹായിയും ഉണ്ടാവുകയില്ല എന്നുമാണ് സൂക്തം പഠിപ്പിക്കുന്നത്. അല്ലാഹുവിന് മാത്രമേ നേര്‍ച്ചവഴിപാടുകള്‍ അര്‍പ്പിക്കല്‍ അനുവദിച്ചിട്ടുള്ളൂ. അതാകട്ടെ ജാതി-മത-വര്‍ണ്ണ-ഭാഷ-ദേശ-ലിംഗ ഭേദമന്യേ മനുഷ്യരില്‍ നിന്നുള്ള ദരിദ്രര്‍ക്കും അഗതികള്‍ക്കും അനാഥകള്‍ക്കും വഴിയാത്രക്കാര്‍ക്കും നല്‍കലാണ്. ഇന്ന് അല്ലാഹുവിന്റെ മാര്‍ഗമായ അദ്ദിക്ര്‍ മനസ്സിലാക്കാനും അത് ജാതി-മത-വര്‍ണ്ണ-ഭാഷ-ദേശ-ലിംഗ ഭേദമന്യേ ജനങ്ങളിലേക്ക് എത്തിച്ചുകൊടുക്കാനും വേണ്ടി ധനവും സമയവും അറിവുമെല്ലാം നീക്കിവെക്കലാണ് ഏറ്റവും ഉത്തമമായിട്ടുള്ളത്. കാരണം അദ്ദിക്ര്‍ ഉണ്ടെങ്കില്‍ മാത്രമേ ധനം ചെലവഴിക്കലും നേര്‍ച്ചകളും അല്ലാഹുവിന്റെ തൃപ്തിയിലും സ്വീകരിക്കപ്പെടുന്ന വിധത്തിലുമാവുകയുള്ളൂ. അദ്ദിക്ര്‍ ഉപയോഗപ്പെടുത്താത്തത് കാരണം ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ നേര്‍ച്ചകള്‍ നേരുന്നത് മരിച്ചുപോയ മഹാത്മാക്കളുടെ പേരിലാണ്. കുഫ്റും ശിര്‍ക്കുമായ ഈ ചര്യ കൊണ്ടുനടക്കുന്ന അവിവേകികളും ഫാജിറുകളുമായ സാധാരണക്കാരും അത് തിരുത്താതെ അതിനെ പ്രോത്സാഹിപ്പിക്കുകയോ അത് കയ്യും കെട്ടി നോക്കി നില്‍ക്കുകയോ ചെയ്യുന്ന പണ്ഡിതപുരോഹിതന്മാരുമാണ് അക്രമികള്‍. ഈ രണ്ടുകൂട്ടരെയും ശിക്ഷിക്കുന്നതിനും വിശ്വാസികളുടെ പശ്ചാത്താപം സ്വീകരിക്കുന്നതിനും വേണ്ടിയാണ് അമാനത്തായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് 33: 72-73 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ പേരിലല്ലാതെ നേര്‍ച്ചയായി നീക്കിവെച്ചതിനെ 6: 145 ല്‍ പന്നിമാംസത്തിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുകയും രണ്ടും മാലിന്യവും കാപട്യമുളവാക്കുന്നതുമാണെന്നും പറഞ്ഞിട്ടുണ്ട്. 3: 192; 5: 72 തുടങ്ങിയ സൂക്തങ്ങളും അവസാനിക്കുന്നത്, 'അക്രമികള്‍ക്ക് സഹായികളില്‍ നിന്ന് ആരും തന്നെ ഉണ്ടാവുകയുമില്ല' എന്ന് പറഞ്ഞുകൊണ്ടാണ്. 2: 12, 254, 258 വിശദീകരണം നോക്കുക.