( അല്‍ ബഖറ ) 2 : 273

لِلْفُقَرَاءِ الَّذِينَ أُحْصِرُوا فِي سَبِيلِ اللَّهِ لَا يَسْتَطِيعُونَ ضَرْبًا فِي الْأَرْضِ يَحْسَبُهُمُ الْجَاهِلُ أَغْنِيَاءَ مِنَ التَّعَفُّفِ تَعْرِفُهُمْ بِسِيمَاهُمْ لَا يَسْأَلُونَ النَّاسَ إِلْحَافًا ۗ وَمَا تُنْفِقُوا مِنْ خَيْرٍ فَإِنَّ اللَّهَ بِهِ عَلِيمٌ

തങ്ങളുടെ സ്വന്തം ജീവിതാവശ്യങ്ങള്‍ക്ക് വേണ്ടി ഭൂമിയില്‍ അധ്വാനിക്കാന്‍ അവസരം കിട്ടാത്തവിധം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ബന്ധിതരായ ദരിദ്രര്‍ക്കു വേണ്ടി (ചെലവഴിക്കുക), അറിവില്ലാത്ത ആളുകള്‍ അവരുടെ ആത്മാഭിമാനം കണ്ട് അവര്‍ സമ്പന്നരാണെന്ന് കണക്കു കൂട്ടുന്നു, അവരുടെ ലക്ഷണം കൊണ്ട് നീ അവരെ തിരിച്ചറിയും, അവര്‍ ജനങ്ങളുടെ പിന്നാലെ പോയി ആവര്‍ത്തിച്ച് ചോദിക്കുന്നവരല്ല, നന്മയില്‍ നിന്ന് നിങ്ങള്‍ എന്തൊന്ന് ചെലവഴിച്ചാലും അപ്പോള്‍ നിശ്ചയം അല്ലാഹു അത് ഏറ്റവും അറിയുന്നവന്‍ തന്നെയാകുന്നു.

അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ബന്ധിതരാവുക എന്ന് പറഞ്ഞതിന്‍റെ വിവക്ഷ, ഇന്ന് അല്ലാഹുവിന്‍റെ സന്ദേശമായ അദ്ദിക്ര്‍ മനസ്സിലാക്കുകയും അത് ജനങ്ങളിലേക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകുക എന്നാണ്. അത്തരക്കാരില്‍ നിന്നുള്ള ദരിദ്രര്‍ക്കാണ് ദാനധര്‍മ്മങ്ങളും സഹായങ്ങളും നല്‍കുന്നതില്‍ മുന്‍ഗണന നല്‍കേണ്ടത്. അവര്‍ അല്ലാഹുവിനെ സഹായിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതുകൊണ്ട് തങ്ങള്‍ക്ക് ജീവിതസൗകര്യങ്ങള്‍ ഒരുക്കുന്നതിനുവേണ്ടി കച്ചവടത്തിലോ കൃഷിയിലോ മറ്റോ ഏര്‍പ്പെടാന്‍ സാധിക്കാത്തവരാണ്. എന്നാല്‍ അവര്‍ ജനങ്ങളോട് യാചിക്കാതെയും വസ്ത്രത്തിലും പെരുമാറ്റത്തിലും ഇല്ലായ്മ പ്രകടിപ്പിക്കാതെയും മാന്യമായ ജീവിതം നയിക്കുന്നവരുമാണ്. ഇക്കാരണത്താല്‍ അറിവില്ലാത്ത ജനങ്ങള്‍ അവര്‍ പ്രമാണിമാരാണ്, അവര്‍ക്ക് സകാത്തിനും സ്വദഖഃക്കും അര്‍ഹതയില്ല എന്ന് കരുതും. എന്നാല്‍ അല്ലാഹുവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന വിശ്വാസികള്‍ അവരെ തിരിച്ചറിയുന്നതാണ്. സ്വദഖഃയും സകാത്തും സ്വീകരിക്കാന്‍ പ്രവാചകനും കുടുംബത്തിനും അനുവാദമില്ല. 9: 60; 59: 7-9; 76: 8-9 വിശദീകരണം നോക്കുക.