( ആലിഇംറാന്‍ ) 3 : 144

وَمَا مُحَمَّدٌ إِلَّا رَسُولٌ قَدْ خَلَتْ مِنْ قَبْلِهِ الرُّسُلُ ۚ أَفَإِنْ مَاتَ أَوْ قُتِلَ انْقَلَبْتُمْ عَلَىٰ أَعْقَابِكُمْ ۚ وَمَنْ يَنْقَلِبْ عَلَىٰ عَقِبَيْهِ فَلَنْ يَضُرَّ اللَّهَ شَيْئًا ۗ وَسَيَجْزِي اللَّهُ الشَّاكِرِينَ

മുഹമ്മദ് ഒരു പ്രവാചകനല്ലാതെ മറ്റാരുമല്ല, നിശ്ചയം അവനുമുമ്പ് പ്രവാചകന്മാ ര്‍ കഴിഞ്ഞുപോയിട്ടുണ്ട്, അപ്പോള്‍ അവന്‍ മരിക്കുകയോ അല്ലെങ്കില്‍ വധിക്കപ്പെടുകയോ ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ മുട്ടുമടക്കി പിന്തിരിഞ്ഞുപോവുകയാ ണോ? ആരാണോ തങ്ങളുടെ മുട്ടുമടക്കി പിന്തിരിഞ്ഞു പോകുന്നത്, അപ്പോള്‍ അവര്‍ അല്ലാഹുവിനെ ഒരു തരത്തിലും ഉപദ്രവിക്കുന്നില്ല, നന്ദിപ്രകടിപ്പിക്കുന്നവര്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കുകതന്നെ ചെയ്യും.

ഉഹ്ദ് യുദ്ധം നടന്നുകൊണ്ടിരിക്കെ പ്രവാചകന് വെട്ടേറ്റ് തലക്ക് മുറിവ് പറ്റുകയും പല്ല് നഷ്ടപ്പെടുകയും ചെയ്ത സന്ദര്‍ഭത്തില്‍ പിശാച് വിളിച്ചു പറഞ്ഞു: മുഹമ്മദ് വധിക്കപ്പെട്ടു എന്ന്. ശത്രുപക്ഷത്തുള്ള ഇബ്നു ഖമീഅ 'ഞാന്‍ മുഹമ്മദിനെ കൊന്നു' എന്ന് മുശ്രിക്ക് നേതാക്കളെ അറിയിക്കുകയും ചെയ്തു. ഇതുകേട്ട് പ്രവാചകന്‍റെ കൂടെയുണ്ടായിരുന്നവരില്‍ നിന്ന് വിശ്വാസം കുറഞ്ഞവരെല്ലാം പതറുകയും ചിന്നിച്ചിതറി പിന്തിരിഞ്ഞോടുകയും ചെയ്തപ്പോഴാണ് നിങ്ങള്‍ മുട്ടുമടക്കി പിന്തിരിഞ്ഞ് പോവുകയാണോ എന്ന് അല്ലാഹു ചോദിക്കുന്നത്. 

പ്രവാചകന്‍ മരണപ്പെട്ട സന്ദര്‍ഭത്തില്‍ ഉമര്‍ ഊരിപ്പിടിച്ച വാളുമായി 'മുഹമ്മദ് മരിച്ചു' എന്ന് പറയുന്നവരെ ഞാന്‍ ഈ വാളിനിരയാക്കുമെന്ന് പറഞ്ഞ് പ്രവാചകന്‍റെ മരണത്തെ നിഷേധിച്ചപ്പോള്‍ അബൂബക്കര്‍ സിദ്ധീഖ് ഉമറിനെ സമാധാനിപ്പിച്ചുകൊണ്ട് പറയുകയുണ്ടായി: ആരാണോ മുഹമ്മദിനുവേണ്ടി ജീവിച്ചിരുന്നത്, അപ്പോള്‍ മുഹമ്മദ് നിശ്ചയം മരണപ്പെട്ടുകഴിഞ്ഞിരിക്കുന്നു; എന്നാല്‍ ആരാണോ അല്ലാഹുവിനുവേണ്ടി ജീവിക്കുന്നത്, അല്ലാഹു എന്നെന്നും ജീവിച്ചിരിക്കുന്നവനും മരണമില്ലാത്തവനുമാകുന്നു. ശേഷം ഈ സൂക്തമാണ് ഉമറിനെ വായിച്ചുകേള്‍പ്പിച്ചത്. 21: 34-35 സൂക്തങ്ങളില്‍, നിനക്കുമുമ്പ് ഒരു മനുഷ്യനെയും നാം ശാശ്വതനാക്കിയിട്ടില്ല, അപ്പോള്‍ നീ മരിക്കുകയാണെങ്കില്‍ അവരാണോ ശാശ്വതരായി നിലകൊള്ളുന്നത്? എല്ലാ ഓരോ ആത്മാവും മരണം രുചിക്കുക തന്നെ ചെയ്യും, നിശ്ചയം നാം നിങ്ങളെ തിന്മ കൊണ്ടും നന്മ കൊണ്ടും പരീക്ഷിക്കുക തന്നെ ചെയ്യും, നമ്മിലേക്ക് തന്നെയാണ് നിങ്ങളെല്ലാം തിരിച്ചുകൊണ്ടുവരപ്പെടുന്നതും എന്ന് പറഞ്ഞിട്ടുണ്ട്. 39: 30 ല്‍, നിശ്ചയം നീ മരിക്കും, അവരും മരിക്കുന്നവര്‍ തന്നെയാണ്, പിന്നെ നിങ്ങള്‍ നിങ്ങളുടെ നാഥന്‍റെയടുക്കല്‍ വെച്ച് തര്‍ക്കിക്കുന്നതുമാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. എല്ലാ വിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന അജയ്യമായ അദ്ദിക്ര്‍ ഇന്ന് ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ മുറുകെപ്പിടിച്ച് ജീവിക്കുന്ന വിശ്വാസിക്ക് ഏതൊരു ബുദ്ധിമു ട്ടും പ്രയാസവും സ്ഥൈര്യത്തോടെയും ക്ഷമയോടെയും തരണം ചെയ്യാന്‍ സാധിക്കുന്ന താണ്. 2: 62, 152, 286; 3: 101-102, 128-129 വിശദീകരണം നോക്കുക.