وَمَا كَانَ لِنَفْسٍ أَنْ تَمُوتَ إِلَّا بِإِذْنِ اللَّهِ كِتَابًا مُؤَجَّلًا ۗ وَمَنْ يُرِدْ ثَوَابَ الدُّنْيَا نُؤْتِهِ مِنْهَا وَمَنْ يُرِدْ ثَوَابَ الْآخِرَةِ نُؤْتِهِ مِنْهَا ۚ وَسَنَجْزِي الشَّاكِرِينَ
അല്ലാഹുവിന്റെ സമ്മതപത്രം കൊണ്ടല്ലാതെ ഒരാള്‍ക്കും മരിക്കുക സാധ്യ മല്ലതന്നെ, മരണസമയമാകട്ടെ ക്ലിപ്തമായി രേഖപ്പെടുത്തിവെച്ചിരിക്കുന്നു, ആരെങ്കിലും ഇഹലോകത്തെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അതില്‍നിന്ന് നാം അവന് നല്‍കുന്നതാണ്, ആരെങ്കിലും പരലോകത്തെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നുവെങ്കില്‍ നാം അതില്‍ നിന്നും അവന് നല്‍കുന്നതാണ്, നന്ദി പ്രകടിപ്പിക്കുന്നവര്‍ക്ക് നാം പ്രതിഫലം നല്കുകതന്നെ ചെയ്യും.
4: 78 ല്‍, നിങ്ങള്‍ എവിടെയാണെങ്കിലും ഭദ്രമായ കോട്ടകൊത്തളങ്ങള്ക്കുള്ളിലാണെങ്കിലും ശരി, മരണം നിങ്ങളെ പിടികൂടും. അവര്‍ക്ക് ഒരു നന്മ ലഭിച്ചാല്‍ ഇത് അല്ലാഹുവില്‍ നിന്നാണെന്നും തിന്മ ബാധിച്ചാല്‍ ഇത് നിന്നില്‍ നിന്നാണ് (പ്രവാചകനില്‍ നിന്നാണ്) എന്നും അവര്‍ പറയും. നീ പറയുക: എല്ലാ ഒന്നും അല്ലാഹുവില്‍ നിന്നാകുന്നു, എന്തുപറ്റി ഇവര്‍ക്ക്? അവര്‍ക്ക് ഈ വര്‍ത്തമാനം ശരിക്കും ഗ്രഹിക്കാന്‍ കഴിയുന്നില്ലല്ലോ എന്നും; 4: 79 ല്‍, നിന്നെ ബാധിക്കുന്ന നന്മയില് നിന്നുള്ള ഒന്ന് അപ്പോള്‍ അല്ലാഹുവില്‍ നിന്നാണ്, നിന്നെ ബാധിക്കുന്ന തിന്മയില് നിന്നുള്ള ഒന്നോ, അപ്പോള്‍ അത് നിന്നില്‍ നിന്ന് തന്നെയാകുന്നു, നാം നിന്നെ പ്രവാചകനായിട്ട് നിയോഗിച്ചിട്ടുള്ളത് മനുഷ്യര്‍ക്ക് വേണ്ടിയാണ്, സാക്ഷിയായി അല്ലാഹു തന്നെ ഏറ്റവും മതിയായവനുമാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 10: 100 ല്‍, ഒരു ആത്മാവിനും അല്ലാഹുവിന്റെ സമ്മതപത്രമായ അദ്ദിക്ര്‍ കൂടാതെ വിശ്വാസിയാകാന്‍ കഴിയുകയില്ല, ബുദ്ധി ഉപയോഗിച്ച് ചിന്തിക്കാത്തവരുടെ മേല്‍ അതിനെ മാലിന്യമാക്കിയിരിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്. ആരാണോ ഐഹികലോകത്തെ നേട്ടമായ ഗനീമത്ത് മുതലും (യുദ്ധാര്‍ജ്ജിത മുതലും) പേരും പ്രശസ്തിയും ആഗ്രഹിച്ചത്, അവര്‍ക്ക് അത് നല്‍കുന്നതാണ്; ആരാണോ പരലോകവും രക്തസാക്ഷിത്വവും ആഗ്രഹിച്ചത്, അവര്‍ക്ക് അതും നല്‍കുന്നതാണ്. 'സമ്മതപത്രം' കൊണ്ടുദ്ദേശിക്കുന്നത് അദ്ദിക്ര്‍ തന്നെയാണ്. അല്ലാഹുവിന്റെ സമ്മതപത്രം കൂടാതെ മരിക്കാന്‍ കഴിയുകയില്ല എന്ന് പറഞ്ഞാല്‍ എല്ലാവിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന, 41: 41-43 സൂക്തങ്ങളില്‍ പറഞ്ഞ അജയ്യഗ്രന്ഥമായ അദ്ദിക്റിനെ പരിചയും മുഹൈമിനുമായി ഉപയോഗപ്പെടുത്തുന്ന, നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന വിശ്വാസിക്ക് തന്റെ മരണം സ്വയം തന്നെ നിശ്ചയിക്കാന്‍ കഴിയും എന്നാണ്. ജീവിതലക്ഷ്യം മനസിലാക്കിയ വിശ്വാസികളുടെ നാലാം ഘട്ടമായ ഇഹലോകജീവിതം പരലോകത്തേക്കുള്ള കൃഷിയിടമായിരിക്കും. അതുകൊണ്ട് അവര്‍ ഏത് പ്രവൃത്തിയും പരലോകത്ത് പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് അല്ലാഹുവിന്റെ സ്മരണയില്‍ അല്ലാഹുവിനുവേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുക. അവര്‍ തന്നെയാണ് നന്ദി പ്രകടിപ്പിക്കുന്ന അല്ലാഹുവിന്റെ പ്രതിനിധികള്‍. 2: 201-202, 234; 31: 34 വിശദീകരണം നോക്കുക.