( ആലിഇംറാന്‍ ) 3 : 173

الَّذِينَ قَالَ لَهُمُ النَّاسُ إِنَّ النَّاسَ قَدْ جَمَعُوا لَكُمْ فَاخْشَوْهُمْ فَزَادَهُمْ إِيمَانًا وَقَالُوا حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ

ആരാണവര്‍? നിശ്ചയം നിങ്ങള്‍ക്കെതിരില്‍ ജനങ്ങള്‍ സംഘടിച്ചിരിക്കുന്നു, അപ്പോള്‍ നിങ്ങള്‍ അവരെ ഭയപ്പെടുക എന്ന് ജനം അവരോട് പറഞ്ഞപ്പോള്‍ അവരുടെ വിശ്വാസം വര്‍ദ്ധിക്കുകയാണുണ്ടായത്, അവര്‍ പറയുകയും ചെയ് തു: ഞങ്ങള്‍ക്ക് അല്ലാഹു മതി, കാര്യങ്ങള്‍ ഭരമേല്‍പ്പിക്കാന്‍ ഏറ്റവും യോജിച്ച വന്‍ അവന്‍ തന്നെയാകുന്നു.

ഉഹ്ദ് യുദ്ധം കഴിഞ്ഞ് മടങ്ങുമ്പോള്‍ അബൂസുഫ്യാന്‍ വിളിച്ചുചോദിച്ചു: നിങ്ങളില്‍ മുഹമ്മദ് ജീവിച്ചിരിപ്പുണ്ടോ? അബൂബക്കറുണ്ടോ? ഉമറുണ്ടോ? പ്രവാചകന്‍റെ നിര്‍ദ്ദേശമനുസരിച്ച് ആരും മറുപടി നല്‍കിയില്ല. എന്നാല്‍ ഉമറുണ്ടോ എന്ന് മൂന്നാം പ്രാവശ്യം ആവര്‍ത്തിച്ചപ്പോള്‍: ഉണ്ട്, എല്ലാവരുമുണ്ട് എന്ന് ഉമര്‍ മറുപടി നല്‍കി. അടുത്ത വര്‍ഷം ബദ്റില്‍ വെച്ച് വീണ്ടും കാണാം എന്ന് പറഞ്ഞുകൊണ്ട് അവര്‍ പിന്തിരിഞ്ഞുപോയി. അപ്പോള്‍ പ്രവാചകന്‍ കുറച്ച് ആളുകളോട് അവരെ പിന്തുടരാന്‍ പറഞ്ഞു. അങ്ങനെ എഴുപതോളം വിശ്വാസികള്‍ എട്ട് മൈലോളം ദൂരം അവരെ പിന്തുടര്‍ന്നു. ഈ വിശ്വാസി സംഘത്തെക്കുറിച്ചാണ് അവര്‍ക്ക് പരിക്കേറ്റതിനുശേഷം 'അല്ലാഹുവിന്‍റെയും പ്രവാചകന്‍റെയും വിളിക്ക് മറുപടി നല്‍കിയവരാണ് അവര്‍' എന്ന് പറഞ്ഞിട്ടുള്ളത്. 

അടുത്ത വര്‍ഷം (ഹിജ്റ 4-ാം വര്‍ഷം) ബദ്റിലേക്ക് യുദ്ധത്തിനുവേണ്ടി പുറപ്പെടാന്‍ ശത്രുക്കളെ സാഹചര്യം അനുവദിച്ചില്ല. അപ്പോള്‍ അവര്‍ പ്രചാരകന്മാരെ മദീനയിലേക്കയച്ച്: മക്കയില്‍ അബൂസുഫ്യാനും സംഘവും വമ്പിച്ച സൈന്യത്തെ ശേഖരിക്കുന്നുണ്ട്, നിങ്ങള്‍ ഭയപ്പെടുക എന്ന് പറഞ്ഞുകൊണ്ട് വിശ്വാസികളെ ബദ്റിലേക്ക് പുറപ്പെടുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്താന്‍ ശ്രമിക്കുകയുണ്ടായി. എന്നാല്‍ പ്രവാചകന്‍ അനുയായികളെ സംഘടിപ്പിച്ച് ബദ്റിലേക്ക് പോവുകയും ഈ വെല്ലുവിളി നേരിടുകയുമുണ്ടായി. 'ഞങ്ങള്‍ക്ക് അല്ലാഹു മതി ഞങ്ങളുടെ കാര്യം നോക്കാന്‍' എന്ന് പറഞ്ഞുകൊണ്ട് പ്രവാചകന്‍റെ കൂടെ പോയവരെക്കുറിച്ചാണ് അവരില്‍ നിന്നുള്ള സുകൃതവാന്മാരും ഭക്തന്മാരുമായവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ട് എന്ന് പറഞ്ഞിട്ടുള്ളത്. ഏറ്റവും നല്ലതായ അദ്ദിക്ര്‍ അണപ്പല്ലുപയോഗിച്ച് കടിച്ചുപിടിച്ച് നിലകൊള്ളുന്നവരും മനുഷ്യരുടെ ഐക്യം സ്ഥാപിക്കാനും സമാധാനവും ശാന്തിയും നിലനിര്‍ത്താനുമുള്ള ഉപകരണവും ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അത് ലോകര്‍ക്ക് എത്തിച്ച് കൊടുത്തുകൊണ്ട് നിഷ്പക്ഷവാനായ നാഥനെ സഹായിച്ചുകൊണ്ടിരിക്കുന്നവരുമാണ് ഇന്ന് സുകൃതവാന്മാരും ഭക്തന്മാരും. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസിയോട് പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും 9: 129 ല്‍ വിവരിച്ച പ്രകാരം 'ഞങ്ങള്‍ക്ക് അല്ലാഹു മതി, നീയല്ലാതെ മറ്റൊരു ഇലാഹുമില്ല, നിന്നിലാണ് ഞങ്ങള്‍ ഭരമേല്‍പിച്ചിട്ടുള്ളത്, നീ മഹത്തായ സിംഹാസനത്തിന്‍റെ ഉടമയാകുന്നു' എന്ന് 7 പ്രാവശ്യം പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചിട്ടുണ്ട്. 2: 112, 177; 3: 148; 25: 33-34 വിശദീകരണം നോക്കുക.