( ആലിഇംറാന്‍ ) 3 : 92

لَنْ تَنَالُوا الْبِرَّ حَتَّىٰ تُنْفِقُوا مِمَّا تُحِبُّونَ ۚ وَمَا تُنْفِقُوا مِنْ شَيْءٍ فَإِنَّ اللَّهَ بِهِ عَلِيمٌ

നിങ്ങള്‍ക്ക് എന്താണോ ഇഷ്ടമുള്ളത് അത് ചെലവഴിക്കുന്നതുവരെ നിങ്ങള്‍ ഒരിക്കലും പുണ്യം എത്തിക്കുകയില്ല തന്നെ, നിങ്ങള്‍ എന്തൊന്ന് ചെലവഴിച്ചാ ലും അപ്പോള്‍ നിശ്ചയം അല്ലാഹു അത് അറിയുന്നവനാണ്.

അവരവര്‍ക്ക് ഇഷ്ടമുള്ളതായിരിക്കണം മറ്റുള്ളവര്‍ക്ക് നല്‍കേണ്ടത്. അതാകട്ടെ അല്ലാഹുവിന്‍റെ തൃപ്തിയിലായിരിക്കണം. അഥവാ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ നല്‍കുന്നതുവരെ ഒരാളും വിശ്വാസിയാകുന്നില്ല. 2: 186 പ്രകാരം വിശ്വാസികള്‍ക്കല്ലാതെ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുകയോ അവരില്‍ നിന്നല്ലാതെ കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുകയോ ഇല്ല. വിശ്വാസികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കാരുണ്യമായ അദ്ദിക്ര്‍ ആയതിനാല്‍ അത് അവര്‍ മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുന്നതാണ്. അതുതന്നെയാണ് നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ ഗ്രന്ഥം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ് എന്നും, നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് സ്വന്തം സഹോദരന് നല്‍കുന്നതുവരെ നിങ്ങളില്‍ ഒരാളും വിശ്വാസിയാവുകയില്ല എന്നും പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചതിന്‍റെ പൊരുള്‍. ഇന്ന് അദ്ദിക്ര്‍ പഠിക്കുകയും അത് ജാതി-മത-ലിംഗ-വര്‍ണ്ണ-ഭാഷ-ദേശ ഭേദമന്യേ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യാതെ ഒരാളും വിശ്വാസിയാവുകയോ അവരില്‍ നിന്ന് ഒരു കര്‍മ്മവും സ്വീകരിക്കപ്പെടുകയോ ഇല്ല. ഭൂമിയിലേക്ക് വന്നപ്പോള്‍ കൊണ്ടുവരാത്തതും പോകുമ്പോള്‍ കൊണ്ടുപോകാത്തതുമായ അല്ലാഹു നല്‍കിയ എല്ലാ അനുഗ്രഹങ്ങളും ഏറ്റവും വലിയ അനുഗ്രഹമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ചെലവഴിച്ച് സ്വര്‍ഗം നേടലായിരിക്കണം ജീവിതലക്ഷ്യം. 2: 177, 186, 267; 9: 53-55; 98: 6-7 വിശദീകരണം നോക്കുക.