( അല്‍ ബഖറ ) 2 : 177

لَيْسَ الْبِرَّ أَنْ تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَٰكِنَّ الْبِرَّ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَالْمَلَائِكَةِ وَالْكِتَابِ وَالنَّبِيِّينَ وَآتَى الْمَالَ عَلَىٰ حُبِّهِ ذَوِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينَ وَابْنَ السَّبِيلِ وَالسَّائِلِينَ وَفِي الرِّقَابِ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَالْمُوفُونَ بِعَهْدِهِمْ إِذَا عَاهَدُوا ۖ وَالصَّابِرِينَ فِي الْبَأْسَاءِ وَالضَّرَّاءِ وَحِينَ الْبَأْسِ ۗ أُولَٰئِكَ الَّذِينَ صَدَقُوا ۖ وَأُولَٰئِكَ هُمُ الْمُتَّقُونَ

നിങ്ങളുടെ മുഖങ്ങള്‍ കിഴക്ക് ഭാഗത്തേക്കോ പടിഞ്ഞാറ് ഭാഗത്തേക്കോ തിരിക്കുന്നതിലല്ല പുണ്യം, എന്നാല്‍ അല്ലാഹുവിനെക്കൊണ്ടും അന്ത്യനാളിനെക്കൊണ്ടും മലക്കുകളെക്കൊണ്ടും വേദഗ്രന്ഥത്തെക്കൊണ്ടും നബിമാരെക്കൊണ്ടും വിശ്വസിക്കുകയും ധനത്തോട് പ്രിയമുള്ളതോടൊപ്പം ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിയാത്രക്കാര്‍ക്കും ആവശ്യക്കാര്‍ക്കും അടിമമോചനത്തിനും ചെലവഴിക്കുകയും നമസ്കാരം നിലനിര്‍ത്തുകയും സംസ്കരണ പ്രവര്‍ത്തനം നടപ്പിലാക്കുകയും കരാര്‍ ചെയ്താല്‍ അവരുടെ കരാര്‍ പാലിക്കുകയും ദുഃഖത്തിലും ദുരിതത്തിലും പ്രതിസന്ധി ഘട്ടങ്ങളിലും ക്ഷമ അവലംബിക്കുകയുമാണ് പുണ്യം, അക്കൂട്ടര്‍ മാത്രമാണ് സത്യസന്ധന്മാര്‍, അക്കൂട്ടര്‍ തന്നെയാണ് സൂക്ഷ്മതയുള്ളവരും.

അല്ലാഹുവിന്‍റെ സാമീപ്യം എല്ലായിടങ്ങളിലുമുണ്ട് എന്നതിനാല്‍ ആത്മാവ് പങ്കെടുക്കാതെ ശരീരം കൊണ്ട് ഖിബ്ലക്കുനേരെ മുഖം തിരിക്കുന്നതുകൊണ്ട് പുണ്യമൊന്നുമില്ല. നാഥനില്‍ നിന്നുള്ള ഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസം രൂപപ്പെടുത്തുകയും ധനത്തിന് അവരവര്‍ക്ക് ആവശ്യമുണ്ടായിരിക്കെ അല്ലാഹുവിന്‍റെ പ്രീതിക്ക് മുന്‍ഗണന നല്‍കി സ്വന്തം ആവശ്യത്തേക്കാളുപരി അല്ലാഹുവിന്‍റെ സൃഷ്ടികള്‍ക്ക് നല്‍കലുമാണ് പുണ്യം. നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നതുവരെ നിങ്ങള്‍ ഒരിക്കലും പുണ്യം എത്തിക്കുകയില്ല എന്ന് 3: 92 ലും; നിശ്ചയം പുണ്യാത്മാക്കള്‍ ഭക്ഷണത്തിന് സ്വയം ആവശ്യമുണ്ടായിരിക്കെ അല്ലാഹുവിനോടുള്ള സ്നേഹത്താല്‍ മനുഷ്യരില്‍ നിന്നുള്ള അഗതികള്‍ക്കും അനാഥകള്‍ക്കും ബന്ദികള്‍ക്കും നല്‍കുന്നതും, ഞങ്ങള്‍ നിങ്ങളെ തീറ്റുന്നത് അല്ലാഹുവിന്‍റെ മുഖം സന്തോഷത്തോടുകൂടി കാണുവാനും അവനില്‍ നിന്നുമാത്രം പ്രതിഫലം വാങ്ങാനുമാണ്, അല്ലാതെ ഞങ്ങള്‍ നിങ്ങളില്‍ നിന്ന് യാതൊരു പ്രതിഫലവും നന്ദിപ്രകടനവും ആഗ്രഹിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്യുന്നില്ല എന്ന് മനസ്സില്‍ കരുതുന്നവരുമാണ് എന്ന് 76: 8-10 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. സ്വന്തത്തെ ശുദ്ധീകരിക്കുകയും അത്യുന്നതനായ തന്‍റെ നാഥന്‍റെ പ്രീതി ആഗ്രഹിച്ചുകൊണ്ട് മറ്റാരുടെയും പ്രതിഫലം കാംക്ഷിക്കാതെ തന്‍റെ ധനത്തില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്ന സൂക്ഷ്മാലുക്കളെ അല്ലാഹു തൃപ്തിപ്പെടുകയും അവരിലേക്ക് സ്വര്‍ഗം അടുപ്പിക്കുകയും ചെയ്യും എന്ന് 92: 17-21 സൂക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. കൊലപാതകം ചെയ്തുവന്ന ബന്ദിയാണെങ്കിലും ചുമരുകള്‍ക്കുള്ളിലാകുമ്പോള്‍ അവന് ഭക്ഷണം നല്‍കേണ്ടത് അല്ലാഹുവിന്‍റെ പ്രാതിനിധ്യം വഹിക്കുന്ന വിശ്വാസിയുടെ ബാധ്യതയാണ്. 

മനുഷ്യനെ സ്വതന്ത്രനായിട്ടാണ് സൃഷ്ടിച്ചത്. നന്മയും തിന്മയും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവനുണ്ട്. ഇക്കാര്യം ഉണര്‍ത്താന്‍ വേണ്ടി അദ്ദിക്ര്‍ അവനെ പഠിപ്പിക്കുകയും അങ്ങനെ അവന്‍ അവനെ സ്വയം തിരിച്ചറിയുകയും ജീവിതലക്ഷ്യം തിരിച്ചറിയുകയും ചെയ്ത് സ്രഷ്ടാവിനെ മാത്രം ആശ്രയിച്ച് സ്വയം പര്യാപ്തനായി ജീവിക്കാന്‍ പ്രാപ്തനാക്കലാണ് അടിമമോചനം കൊണ്ടുദ്ദേശിക്കുന്നത്. അതിനാല്‍ ഇന്ന് അദ്ദിക്ര്‍ മനസ്സിലാക്കി അതിനെ സത്യപ്പെടുത്തലും ജാതി-മത-ലിംഗ-വര്‍ണ്ണ-ദേശ-ഭാഷ ഭേദമന്യേ ലോകര്‍ക്ക് അത് എത്തിച്ചുകൊടുക്കലുമാണ് പരമപ്രധാനം. അങ്ങനെ 22: 40; 47: 7 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം നാഥനെ സഹായിക്കുന്നതിനാല്‍ നാഥന്‍ അവരെ തിരിച്ചും സഹായിക്കുന്നതാണ്. മൊത്തം ലോകര്‍ക്കുള്ള സന്ദേശമായ അദ്ദിക്റിനെ മൂടിവെക്കുന്ന കാഫിറുകളെ അല്ലാഹു സന്മാര്‍ഗത്തിലേക്ക് നയിക്കുകയില്ല എന്ന് പറഞ്ഞുകൊണ്ടാണ് 5: 67 അവസാനിക്കുന്നത്. അല്ലാഹുവുമായി ചെയ്ത ഉടമ്പടിയും അവനെ മുന്‍നിര്‍ത്തി അവന്‍റെ സൃഷ്ടികളുമായി ചെയ്ത ഉടമ്പടിയും പാലിക്കാതിരിക്കുന്നത് കാപട്യമാണ്. നിശ്ചയം ഉടമ്പടികളെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുമെന്ന് 17: 34 ല്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ പ്രവേശിക്കുമ്പോള്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്നതാണ്. അദ്ദിക്ര്‍ എപ്പോള്‍ എവിടെ പറഞ്ഞാലും എതിര്‍ക്കപ്പെടുക തന്നെ ചെയ്യും. അപ്പോഴെല്ലാം അല്ലാഹു വീക്ഷിക്കുന്നുണ്ട് എന്ന ബോധത്തില്‍ അല്ലാഹുവിനുവേണ്ടിയാണ് ഞാന്‍ പറയുന്നത്, അല്ലാഹുവിന് വേണ്ടിയാണ് ഞാന്‍ നിലനില്‍ക്കുന്നത് എന്ന സ്ഥൈര്യത്തില്‍ ഉറച്ചുനിന്ന് പിന്തിരിയാതെ ക്ഷമയോടെ മുന്നേറലാണ് പുണ്യം. അദ്ദിക്റിനെ സത്യപ്പെടുത്തുന്ന അവര്‍ക്ക് അനുകൂലമായി അത് സാക്ഷി നില്‍ക്കുകയും വാദിക്കുകയും ശുപാര്‍ശ ചെയ്യുകയും ചെയ്യിപ്പിക്കുന്നതുമാണ്. സത്യമായ അദ്ദിക്ര്‍ കൊണ്ട് 43: 36-39 സൂക്തങ്ങളില്‍ പറഞ്ഞ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കി നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവരാണ് വിശ്വാസികളും സൂക്ഷ്മാലുക്കളും. 3: 101-102 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അവര്‍ മാത്രമാണ് മുസ്ലിംകളായി മരണപ്പെടുക. 7: 37 ല്‍ വിവരിച്ച പ്രകാരം ഫുജ്ജാറുകളില്‍ നിന്നുള്ള ഏതൊരാളുടെയും മരണസമയത്ത് നാഥന്‍ അവനോട്/അവളോട് 'നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്ന് പറയുന്നതാണ്. 49: 15 ല്‍, നിശ്ചയം അല്ലാഹുവിനെക്കൊണ്ടും അവന്‍റെ പ്രവാചകനെക്കൊണ്ടും വിശ്വസിക്കുകയും പിന്നെ ആ വിശ്വാസത്തില്‍ യാതൊരു സംശയവുമില്ലാതിരിക്കുകയും തങ്ങളുടെ ധനം കൊണ്ടും ആത്മാവുകൊണ്ടും ജിഹാദ് നടത്തുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യത്തെ സത്യപ്പെടുത്തിയ സത്യസന്ധന്മാര്‍ എന്ന് പറഞ്ഞിട്ടുണ്ട്. 2: 2-5, 115; 19: 43; 39: 33-35 വിശദീകരണം നോക്കുക.