( അസ്സജദഃ ) 32 : 14

فَذُوقُوا بِمَا نَسِيتُمْ لِقَاءَ يَوْمِكُمْ هَٰذَا إِنَّا نَسِينَاكُمْ ۖ وَذُوقُوا عَذَابَ الْخُلْدِ بِمَا كُنْتُمْ تَعْمَلُونَ

അപ്പോള്‍ നിങ്ങള്‍ രുചിക്കുക, നിങ്ങളുടെ ഈ ദിനത്തെ കണ്ടുമുട്ടുന്നതിനെ നിങ്ങള്‍ വിസ്മരിച്ച് ജീവിച്ചിരുന്നതുകൊണ്ട്, നിശ്ചയം നാം നിങ്ങളെയും വിസ്മരിച്ചിരിക്കുകയാണ്, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് ശാശ്വതമായ ശിക്ഷ നിങ്ങള്‍ രുചിച്ചുകൊള്ളുക. 

കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളും മാത്രമാ ണ് ഇന്ന് ഈ സൂക്തം വായിക്കുന്നത്. എന്നാല്‍ ആത്മാവിനെയും പരലോകത്തെയും പരിഗണിക്കാതെ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ അവഗണിച്ചുകൊണ്ട് സൃഷ്ടികള്‍ എഴുതിയുണ്ടാക്കിയ ഗ്രന്ഥങ്ങളാണ് അവര്‍ പഠിക്കുന്നതും പഠിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും. ലക്ഷ്യബോധം നഷ്ടപ്പെട്ട ഇത്തരം കപടവിശ്വാസികള്‍ക്കും അവരെ പിന്‍പറ്റുന്ന പ്രജ്ഞയറ്റവര്‍ക്കും പരലോകത്ത് വരാന്‍ പോ കുന്ന ദയനീയാവസ്ഥയാണ് ഈ സൂക്തം വരച്ചുകാണിക്കുന്നത്. കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ ഫുജ്ജാറുകള്‍ നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുകയും പഴിക്കുകയും കുറ്റമാരോപിക്കുകയും ചെയ്യുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്.

'ദിക്രീ' എന്ന ഗ്രന്ഥത്തെ അവഗണിച്ച ഏതൊരുവനും ഇഹത്തില്‍ കുടുസ്സായ ജീവിതമാണുള്ളതെന്നും എല്ലാവരെയും പുനര്‍ജീവിപ്പിച്ച് ഒരുമിച്ചുകൂട്ടുന്ന നാളില്‍ അവന്‍ അന്ധനായിട്ട് പുനര്‍ജീവിപ്പിക്കപ്പെടുമെന്നും; 'എന്‍റെ നാഥാ! എന്താണ് എന്നെ നീ അന്ധനായി പുനര്‍ജീവിപ്പിച്ചത്? എനിക്ക് ഐഹികലോകത്ത് കണ്ണിന് കാഴ്ചയുണ്ടായിരുന്നല്ലോ' എന്ന് അവന്‍ ചോദിക്കുമെന്നും; അപ്പോള്‍ നാഥന്‍ അവനോട്: 'ശരിയാണ്, അപ്രകാരം തന്നെ എന്‍റെ സൂക്തങ്ങള്‍ നിനക്ക് വന്ന് കിട്ടിയിരുന്നു, എന്നാല്‍ നീ അവയെ വിസ്മരിച്ച് ജീവിച്ചു, അതിനാല്‍ ഇന്നേദിനം നീയും വിസ്മരിക്കപ്പെട്ടിരിക്കുകയാണ്' എന്ന് മറുപടി പറയുന്നതാണെന്നും 20: 124-126 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സന്മാര്‍ഗമായ ഗ്രന്ഥത്തെ പിന്‍പറ്റുന്ന സൂക്ഷ്മാലുക്കള്‍ പരലോകം കൊണ്ട് ദൃഢബോധ്യമുള്ളവരായിരിക്കുമെന്ന് 2: 2-4 ല്‍ പറഞ്ഞിട്ടുണ്ട്. ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, ആരാണോ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്നത്-അവന്‍ വിശ്വാസിയുമാണ് എങ്കില്‍ നാം അവനെ ഇഹത്തില്‍ തന്നെ പരിശുദ്ധമായ ഒരു ജീവിതം നയിപ്പിക്കുന്നതാണ്. ഗ്രന്ഥം പൂര്‍ണമായി ഉള്‍ക്കൊണ്ട് വിശ്വാസിയായിട്ടില്ലെങ്കിലും ആയിരം സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് ഗുണം ലഭിക്കത്തക്കവണ്ണം ജൈവകൃഷി നടത്തുകയും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുകയും അതിനുവേണ്ടി മറ്റുള്ളവരെ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നതോടൊപ്പം ഗ്രന്ഥം ലോകര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നവര്‍ക്ക് അവര്‍ ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഏറ്റവും നല്ല പ്രവൃത്തികള്‍ നോക്കി പരലോകത്ത് പ്രതിഫലം നല്‍കുമെന്ന് 16: 97 ല്‍ പറഞ്ഞിട്ടുണ്ട്.