( അന്നിസാഅ് ) 4 : 29

يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُمْ بَيْنَكُمْ بِالْبَاطِلِ إِلَّا أَنْ تَكُونَ تِجَارَةً عَنْ تَرَاضٍ مِنْكُمْ ۚ وَلَا تَقْتُلُوا أَنْفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا

ഓ വിശ്വാസികളായിട്ടുള്ളവരേ, നിങ്ങള്‍ പരസ്പരം നിങ്ങളുടെ ധനം അവിഹിതമായി തിന്നരുത്, നിങ്ങള്‍ പരസ്പരം തൃപ്തിപ്പെട്ട കച്ചവടങ്ങളിലൂടെയുള്ളതൊഴികെ, നിങ്ങള്‍ നിങ്ങളെത്തന്നെ വധിക്കുന്നവരുമാകരുത്, നിശ്ചയം അല്ലാഹു നിങ്ങളോട് കാരുണ്യമുള്ളവന്‍ തന്നെയായിരിക്കുന്നു.

'പരസ്പരം തൃപ്തിപ്പെട്ട കച്ചവടം' എന്ന് പറഞ്ഞാല്‍ ഒളിവും മറവുമൊന്നുമില്ലാതെ കാര്യങ്ങള്‍ തുറന്ന് പറഞ്ഞുകൊണ്ടുള്ള കച്ചവടമാണ് ഉദ്ദേശിക്കുന്നത്. അല്ലാതെ മായം ചേര്‍ക്കല്‍, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ നടത്തുകയും ഡ്യൂപ്ലിക്കേറ്റ് സാധനങ്ങള്‍ കൊടുത്ത് ഒറിജിനലിന്‍റെ വില വാങ്ങുകയും കളവ് പറയുകയും കളവ് നടത്തുകയും ചെയ്തുകൊണ്ടുള്ള കച്ചവടങ്ങളൊന്നും അനുവദനീയമല്ല. നിങ്ങള്‍ നിങ്ങളെത്തന്നെ വധിക്കരുത് എന്ന് പറഞ്ഞതിന്‍റെ വിവക്ഷ, നിങ്ങള്‍ ആത്മഹത്യ ചെയ്യരുതെന്നുമാത്രമല്ല, കച്ചവടങ്ങളിലും ഇടപാടുകളിലും ഒളിവും വഞ്ചനയും ചെയ്താല്‍ വഞ്ചിക്കപ്പെട്ടവര്‍ പിന്നെ നിങ്ങളുടെ അടുത്ത് വരാതിരിക്കുകയും അങ്ങനെ നിങ്ങളുടെ കച്ചവടം ക്രമേണ നശിക്കാനിടവരുമെന്നാണ്, മാത്രമല്ല അത് പരസ്പരം വിദ്വേഷവും ശത്രുതയും വര്‍ദ്ധിപ്പിക്കാനും കൊല നടത്താന്‍ തന്നെയും പ്രേരിപ്പിക്കും എന്നും കൂടിയാണ്. ആത്മാവ് അല്ലാഹുവിന്‍റേതും ശരീരം അതിന് സഞ്ചരിക്കുന്നതിനുവേണ്ടി അവനുണ്ടാക്കിയ വാഹനവും അതിനുള്ള ആയുസ്സ് അവന്‍ നിര്‍ണ്ണയിച്ചിട്ടുള്ളതുമാണ്, എന്നിരിക്കെ അവധി എത്തുന്നതിനുമുമ്പ് ആത്മഹത്യ വഴി സ്വന്തത്തെ കൊല്ലുന്നത് അല്ലാഹുവിനെത്തന്നെ കൊല്ലുന്നതിന് സമമാണ്. അത് ധിക്കാരവും വലിയ അപരാധവും തന്നെയാകുന്നു. ശരീരത്തിന്‍റെ ഉടമ അല്ലാഹുവായതിനാല്‍ അതിനെ കേടുവരുത്തുന്ന തരത്തിലുള്ള പുകവലി, മദ്യപാനം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗം നിഷിദ്ധമാണ്. ഇത്തരം വസ്തുക്കളുടെ കച്ചവടത്തിലൂടെ ലഭിക്കുന്ന ലാഭത്തില്‍ നിന്ന് തിന്നലും നിഷിദ്ധമാണ്. അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ പിന്‍പറ്റി ജീവിക്കുക വഴി മാത്രമേ ശാന്തിയും സമാധാനവും ലഭിക്കുകയുള്ളൂ. 2: 188; 9: 67-68; 16: 114 വിശദീകരണം നോക്കുക.