(അത്തൗബ) 9 : 67
الْمُنَافِقُونَ وَالْمُنَافِقَاتُ بَعْضُهُمْ مِنْ بَعْضٍ ۚ يَأْمُرُونَ بِالْمُنْكَرِ وَيَنْهَوْنَ عَنِ الْمَعْرُوفِ وَيَقْبِضُونَ أَيْدِيَهُمْ ۚ نَسُوا اللَّهَ فَنَسِيَهُمْ ۗ إِنَّ الْمُنَافِقِينَ هُمُ الْفَاسِقُونَ

കപടവിശ്വാസികളായ പുരുഷന്‍മാരും കപടവിശ്വാസികളായ സ്ത്രീകളും ഒരേ വര്‍ഗ്ഗത്തില്‍ പെട്ടവരാണ്, അവര്‍ തിന്മകൊണ്ട് കല്‍പിക്കുന്നവരും നന്മയെത്തൊട്ട് തടയുന്നവരുമാണ്, അവര്‍ അവരുടെ കൈകള്‍ ചുരുട്ടുന്നവരുമാണ്; അവര്‍ അല്ലാഹുവിനെ മറന്നിരിക്കുന്നു, അപ്പോള്‍ അവരെ അവനും മറന്നിരിക്കുകയാണ്; നിശ്ചയം കപടവിശ്വാസികള്‍, അവര്‍ തന്നെയാണ് തെമ്മാടികള്‍. 

നന്മ അദ്ദിക്റിന്‍റെ കല്‍പനകളും തിന്മ അദ്ദിക്റിന്‍റെ വിരോധങ്ങളുമാണ്. നന്മയുടെ ഒരംശം പോലുമില്ലാത്ത കപടവിശ്വാസികളായ പുരുഷന്‍മാരും സ്ത്രീകളും വിചാരണയില്ലാതെ നരകത്തില്‍ പോകുന്നവരും മറ്റുള്ളവരെ ആ നരകത്തിലേക്ക് പിടിച്ചുവലിച്ച് കൊണ്ടുപോകുന്നവരുമാണ്. പുറമേക്ക് വിശ്വാസികളായി നടിക്കുന്ന അവര്‍ അതിനുവേണ്ടി എത്ര നീചമായ പ്രവൃത്തികള്‍ക്കും കൂട്ട് നില്‍ക്കുന്നതാണ്. സ്വര്‍ഗ്ഗത്തിലേക്കുള്ള ഏകവഴിയും നരകത്തിലേക്കുള്ള വിവിധ വഴികളും അടങ്ങിയ അദ്ദിക്ര്‍ ഉപയോഗപ്പെടുത്താത്തതുകൊണ്ട് 3: 10 ല്‍ വിവരിച്ച പ്രകാരം നരകത്തിന്‍റെ വിറകുകളായിത്തീരേണ്ടവരാണ് അവര്‍. അദ്ദിക്ര്‍ പഠിക്കുന്നതിന് മുന്നോട്ട് വരുന്നവരെ അതില്‍ നിന്ന് തടയുന്നതിനുവേണ്ടി എല്ലാ ഗൂഢതന്ത്രങ്ങളും മെനയുന്നതും അതിനുവേണ്ടി 3: 78; 4: 46 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നാഥന്‍റെ സൂക്തങ്ങളെ മൂടിവെച്ചുകൊണ്ടും വളച്ചൊടിച്ചുകൊണ്ടും വ്യാഖ്യാനിക്കുന്നവരുമാണ്. സമാധാന ഭംഗമുണ്ടാക്കുന്നതും രക്തം ചിന്തുന്നതുമായ പൈശാചിക പ്രവര്‍ത്തനങ്ങള്‍ക്ക് മുതിരുന്നവരെ പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ അവര്‍ മൗനം ദീക്ഷിക്കുകയും ഒന്നും കണ്ടില്ലാ അറിഞ്ഞില്ലാ എന്ന നയത്തില്‍ പെരുമാറുകയും ചെയ്യും. ആ തിന്മ നടന്നുകഴിഞ്ഞശേഷം അതിനെ പ്രോത്സാഹിപ്പിക്കും വിധം ന്യായീകരിച്ചുകൊണ്ട് എഴുതുകയും അത്തരം തിന്മകളെ ഇല്ലാതാക്കാനുള്ള ഏകമാര്‍ഗമായ അദ്ദിക്റിനോട് മാലിന്യമെന്ന നിലക്ക് പെരുമാറുകയും ചെയ്യും. തിന്മകള്‍ ഇല്ലാതാക്കാനുള്ള ആയുധമായി അദ്ദിക്റിനെ ഉപയോഗപ്പെടുത്താതെ അത് ഉപയോഗപ്പെടുത്തണമെന്ന് പറയുന്ന വിശ്വാസികളോടാണ് കപടവിശ്വാസികള്‍ക്ക് വിരോധവും ശത്രുതയും -എന്നല്ലാതെ ആ കുറ്റം പ്രവര്‍ത്തിക്കുന്നവരോടല്ല. 

2: 79 ല്‍ വിവരിച്ച പ്രകാരം 29 കള്ളവാദികള്‍ എഴുതിയുണ്ടാക്കിയ ഫുജ്ജാര്‍ കിതാബുകളാണ് ഇന്ന് കപടവിശ്വാസികള്‍ പഠിക്കുന്നതും പഠിപ്പിക്കുന്നതും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതും. അവര്‍ നാഥന്‍റെ ഗ്രന്ഥമായ അദ്ദിക്റിനെക്കുറിച്ചോ അതിന്‍റെ 40 പേരുകളെക്കുറിച്ചോ സംസാരിക്കുകയില്ല. ആത്മാവില്ലാത്ത, അല്ലാഹു കൊന്നുകളഞ്ഞ ഇക്കൂട്ടര്‍ 56: 82 ല്‍ വിവരിച്ച പ്രകാരം ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരാണ്. 3: 196-197 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഇത്തരം ഭ്രാന്തന്മാര്‍ അനുഗ്രഹമായ അദ്ദിക്റിനെ നിഷേധമായി മാറ്റിമറിച്ച് തങ്ങളുടെ അനുയായികള്‍ക്ക് ബോറന്മാരുടെ വീടായ നരകക്കുണ്ഠം ഹലാലാക്കിയവരാണ്. വായപൊളിച്ചാല്‍ കളവുമാത്രം പറയുന്ന ഇക്കൂട്ടര്‍ 3: 7-10 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചതിന് വിരുദ്ധമായി അറബി ഖുര്‍ആന്‍ ആശയമില്ലാതെ വായിച്ചാലും പുണ്യം ലഭിക്കുമെന്ന് അനുയായികളെ പഠിപ്പിക്കുന്നവരാണ്. 2: 286; 3: 136, 181-182; 7: 43; 9: 80-82 സൂക്തങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്ത, ജീവിതലക്ഷ്യം നഷ്ടപ്പെട്ട കപടവിശ്വാസികള്‍ 'നരകവും സ്വര്‍ഗവുമെല്ലാം അല്ലാഹു നല്‍കുന്നതാണ്, എന്നല്ലാതെ നമുക്കതില്‍ ഒന്നും ചെയ്യാനില്ല' എന്നാണ് അവരുടെ പ്രജ്ഞയറ്റ അനുയായികളെ പഠിപ്പിക്കുക. 

               കേള്‍വിയുണ്ടായിട്ടും അദ്ദിക്ര്‍ കേള്‍ക്കാന്‍ തയ്യാറാകാത്ത ബധിരരായ മുശ്രിക്കുകളും സംസാരവൈഭവം ഉണ്ടായിട്ടും അദ്ദിക്റിനെക്കുറിച്ച് ജനങ്ങളോട് പറയാന്‍ തയ്യാറാകാത്ത ഊമരായ കപടവിശ്വാസികളും 8: 22 ല്‍ പറഞ്ഞ പ്രകാരം ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവരാണ്. തെറ്റുകുറ്റങ്ങളില്‍ നിന്ന് മനുഷ്യരെ അകറ്റിനിര്‍ത്താന്‍ ഉതകുന്ന, ഓരോ മനുഷ്യന്‍റെയും പിരടിയില്‍ ബന്ധിച്ചിട്ടുള്ള 17: 13-14; 18: 49; 23: 62-63; 36: 12; 45: 28-31; 58: 6; 78: 29-30 സൂക്തങ്ങളില്‍ പറഞ്ഞ കര്‍മരേഖയെക്കുറിച്ച് മറ്റുള്ളവരെ ബോധവാന്മാരാക്കാത്തതിനാല്‍ സ്വന്തം തെറ്റുകുറ്റങ്ങള്‍ക്കൊപ്പം 20: 99-101 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ജനങ്ങള്‍ തെറ്റുകുറ്റങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്‍റെ പാപഭാരത്തില്‍ നിന്നുള്ള ഒരുവിഹിതം കൂടി വഹിച്ച് ഇക്കൂട്ടര്‍ വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോകേണ്ടവരാണ്. 

'അവര്‍ അവരുടെ കൈകള്‍ ചുരുട്ടുന്നവരാണ്' എന്ന് പറഞ്ഞാല്‍ ജീവിതലക്ഷ്യം നഷ്ടപ്പെട്ടത് കാരണം അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ അവരുടെ ഒരു ചില്ലിക്കാശ്പോലും ചെലവഴിക്കുകയില്ല എന്നാണ്. അവരുടെയും കുടുംബാംഗങ്ങളുടെയും ഭൗതിക ആവശ്യങ്ങള്‍ക്കുവരെ ലോകമാന്യം പ്രകടിപ്പിക്കുന്ന വിധത്തില്‍ അല്‍പസ്വല്‍പം മാത്രമേ അവര്‍ ചെലവഴിക്കുകയുള്ളു. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ മറച്ചുവെച്ച് മറ്റുള്ളവരെക്കൂ ടി പിശുക്കിന് ഉപദേശിക്കുന്ന 4: 37 ല്‍ പറഞ്ഞ കാഫിറുകളാണവര്‍. നിഷ്പക്ഷവാനായ നാഥന്‍റെ ഇഷ്ടദാസന്മാര്‍ ചെലവഴിക്കുമ്പോള്‍ ധൂര്‍ത്തടിക്കുകയോ പിശുക്ക് കാണിക്കുകയോ ചെയ്യുകയില്ലെന്നും അതിന്‍റെ രണ്ടിന്‍റെയും ഇടയിലുള്ള മിതമാര്‍ഗ്ഗം സ്വീകരിക്കുമെന്നുമുള്ള 25: 67-ാം സൂക്തം അവര്‍ എപ്പോഴും ഉദ്ധരിക്കുന്നതാണ്. എന്നാല്‍ ഈ സൂക്തം സ്വന്തം കാര്യത്തിലാണ് ബാധകമെന്നും അല്ലാഹുവിന്‍റെ കാര്യത്തില്‍ അഥവാ ഗ്രന്ഥം പഠിക്കുകയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കാര്യത്തില്‍ സമ്പത്ത് മൊത്തം ചെലവഴിച്ചാലും അത് ധൂര്‍ത്താവുകയില്ല എന്നും ഇവര്‍ മനസ്സിലാക്കുന്നില്ല. അബൂബക്കര്‍ സ്വിദ്ദീഖ് തബൂക്ക് യുദ്ധത്തിനുവേണ്ടി തന്‍റെ സമ്പത്ത് മുഴുവനും പ്രവാചകന്‍റെ മുമ്പില്‍ കാഴ്ചവെക്കുകയുണ്ടായി. ഇന്ന് പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ഏകമാര്‍ഗ്ഗം ഗ്രന്ഥത്തിന്‍റെ ആത്മാവായ അദ്ദിക്ര്‍ മൊത്തം മനുഷ്യര്‍ക്ക് എത്തിച്ചു കൊടുക്കല്‍ മാത്രമാണ്. അതിനുവേണ്ടി സര്‍വ്വസ്വം ത്യജിക്കല്‍ തന്നെയാണ് ഇന്നത്തെ ജിഹാദ്.

 'കപടവിശ്വാസികള്‍, അവര്‍ തന്നെയാണ് തെമ്മാടികള്‍' എന്ന് പറയുന്ന ഏക സൂക്തമാണിത്. നിശ്ചയം തെമ്മാടികളായ ഒരു ജനതയെ അല്ലാഹു സന്‍മാര്‍ഗത്തിലേക്ക് നയിക്കുകയില്ലെന്ന് 63: 6 ലും; അല്ലാഹുവിനെ മറന്നവര്‍ അവരെത്തന്നെ മറന്നവരാണെന്നും അക്കൂട്ടര്‍ തന്നെയാണ് തെമ്മാടികളെന്നും 59: 19 ലും പറഞ്ഞിട്ടുണ്ട്. 2: 99; 3: 86-91; 5: 67; 32: 14 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!