( അൽ മാഇദ ) 5 : 77

قُلْ يَا أَهْلَ الْكِتَابِ لَا تَغْلُوا فِي دِينِكُمْ غَيْرَ الْحَقِّ وَلَا تَتَّبِعُوا أَهْوَاءَ قَوْمٍ قَدْ ضَلُّوا مِنْ قَبْلُ وَأَضَلُّوا كَثِيرًا وَضَلُّوا عَنْ سَوَاءِ السَّبِيلِ

നീ പറയുക: ഓ വേദത്തിന്‍റെ ആളുകളേ, നിങ്ങള്‍ നിങ്ങളുടെ ദീനില്‍ ന്യായം കൂടാതെ അതിരുകവിയരുത്, നിങ്ങള്‍ക്കുമുമ്പ് പിഴച്ചുപോവുകയും ധാരാളം പേരെ പിഴപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു ജനതയുടെ ഇഷ്ടാനിഷ് ടങ്ങള്‍ നിങ്ങള്‍ പിന്‍പറ്റാതിരിക്കുകയും ചെയ്യുക, അവര്‍ നേരേച്ചൊവ്വെയുള്ള മാര്‍ഗത്തില്‍നിന്ന് വ്യതിചലിച്ച് കഴിഞ്ഞിരിക്കുന്നു.

സൂക്തത്തില്‍, മുമ്പ് സ്വയം പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്തവര്‍ എന്നുപറഞ്ഞത് ജൂതന്മാരെക്കുറിച്ചാണ്. അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ ക്രൈസ്തവരായ നിങ്ങള്‍ പിന്‍പറ്റരുതെന്നാണ് മദീനയില്‍ പ്രവാചകന്‍റെ മുമ്പിലുള്ള ക്രൈസ്തവരോട് പറയുന്നത്. എന്നാല്‍ ഇന്ന് സ്വയം വഴിപിഴച്ചുപോയവര്‍, ഇത്തരം സൂക്തങ്ങളെയെല്ലാം മൂടിവെച്ചുകൊണ്ട് വേദക്കാരായ ജൂതക്രൈസ്തവരുടെ ചര്യകള്‍ ചാണിന് ചാണായും മുഴത്തിന് മുഴമായും പിന്‍പറ്റുന്ന കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റി വഴിപിഴച്ചവരുമാണ്. 2: 18 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരും അന്ധരുമായ ഇവര്‍ നേരെച്ചൊവ്വെയുള്ള പാതയിലേക്കോ സ്വര്‍ഗത്തിലേക്കോ തിരിച്ച് വരികയില്ല. ഇന്ന് അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികളുടെയും അവരെ പിന്‍പറ്റുന്ന അദ്ദിക്റിനെ തള്ളിപ്പറയുന്ന വഴിപിഴച്ചവരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ പിന്‍പറ്റാതെ അദ്ദിക്ര്‍ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയില്‍ നിലകൊള്ളുക എന്നാണ് 1000 ല്‍ ഒന്നായ വിശ്വാസികളോട് സൂക്തം മൗഇളത്തായി കല്‍പിക്കുന്നത്. 2: 120-121, 165-167; 4: 91, 171; 5: 60 വിശദീകരണം നോക്കുക.