( അൽ അന്‍ആം ) 6 : 113

وَلِتَصْغَىٰ إِلَيْهِ أَفْئِدَةُ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ وَلِيَرْضَوْهُ وَلِيَقْتَرِفُوا مَا هُمْ مُقْتَرِفُونَ

പരലോകം കൊണ്ട് വിശ്വസിക്കാത്തവരായവരുടെ ഹൃദയങ്ങള്‍ അതിലേക്ക് (വഞ്ചനാപരമായ കനക വാക്യങ്ങളിലേക്ക്) ആകൃഷ്ടമാകുന്നതിനുവേണ്ടിയും അവര്‍ അതില്‍ സംതൃപ്തരാകുന്നതിനുവേണ്ടിയും അവര്‍ സമ്പാദിക്കേണ്ട തിന്മകള്‍ സമ്പാദിച്ചുകൊണ്ടിരിക്കുന്നതിന് വേണ്ടിയും.

മനുഷ്യരെയും ജിന്നുകളെയും സ്വതന്ത്രരായിട്ടാണ് അല്ലാഹു സൃഷ്ടിച്ചത്. മനുഷ്യരില്‍ ഓരോരുത്തര്‍ക്കും നന്മയും തിന്മയും വേര്‍തിരിക്കാനുള്ള സത്യാസത്യ വിവേചന മാനദണ്ഡമായ അദ്ദിക്ര്‍ നല്‍കിയിട്ടുണ്ട്. എല്ലാ ഓരോ ആയിരത്തിലും തൊള്ളായിരത്തി തൊണ്ണൂറ്റിയൊമ്പതിനെ പാട്ടിലാക്കാന്‍ പിശാചിന് കഴിവ് കൊടുക്കുകയും ചെയ്തു. ആ പിശാചിന്‍റെ കെണിയില്‍ പെടാതിരിക്കാനും അവനെ നിയന്ത്രിക്കാനും വിശ്വാസിയാക്കാനു മുള്ള ഉപകരണമായ അദ്ദിക്ര്‍ മനുഷ്യര്‍ക്കാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ അദ്ദിക്റില്‍ നിന്ന് ജീവിതലക്ഷ്യം ഓര്‍മ്മിക്കാതെയും മറ്റുള്ളവരെ ഓര്‍മ്മിപ്പിക്കാതെയും ഐഹികജീവിതം മാത്രമാണ് ജീവിതമെന്ന വിധത്തില്‍ ഇവിടെ നിലകൊള്ളുന്ന, അല്ലാഹു കൊന്നു കളഞ്ഞ മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികള്‍ മനുഷ്യരെയും അവരുടെ ജിന്നുകൂ ട്ടുകാരെയും പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിലേക്ക് പിടിച്ചുവലിച്ചുകൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. അദ്ദിക്റിനെ വിസ്മരിച്ച് ജീവിക്കുന്ന, പരലോകം കൊണ്ട് വിശ്വസിക്കാത്ത ഫാജിറുകള്‍ സൂക്തങ്ങള്‍ വളച്ചൊടിച്ച് അല്ലാഹുവിന്‍റെ മേല്‍ കള്ളം കെട്ടിച്ചമച്ച് സം സാരിക്കുന്ന കപടവിശ്വാസികളുടെ ആകര്‍ഷകമായ സംസാരം കേട്ടിരിക്കുന്ന കാഫിറുകളാണ്. 4: 140 ല്‍ വിവരിച്ച പ്രകാരം രണ്ട് കൂട്ടരും നരകക്കുണ്ഠത്തില്‍ ഒരുമിച്ച് കൂട്ടപ്പെടു ന്നതാണ്. 'ഞാന്‍ അദ്ദിക്ര്‍ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്ത കാഫിറായിരുന്നു' എന്ന് സമ്മതിക്കാതെ നീതിമാനായ നാഥന്‍ ഒരാളെയും നരകത്തിലേക്ക് ഇടുകയില്ല. 

വായ പൊളിച്ചാല്‍ കളവുപറയുന്ന അവര്‍, പ്രവര്‍ത്തിക്കുന്നത് പറയാത്തവരും പറയുന്നത് പ്രവര്‍ത്തിക്കാത്തവരുമാണ്. 'അല്ലാഹു ഏറ്റവും ഉന്നതനാണ്' എന്നാണ് അവര്‍ പറയുന്നതെങ്കില്‍ പോലും പ്രായോഗികജീവിതത്തില്‍ അത് അംഗീകരിക്കാത്തതുകൊണ്ട് അത് കളവായിരിക്കും. ഇസ്ലാമും ഗ്രന്ഥവുമെല്ലാം നല്ലതുതന്നെയാണ്, ഞങ്ങളെക്കണ്ട് നിങ്ങള്‍ ഇസ്ലാമിനെ വിലയിരുത്തരുത്, അഥവാ കറി നല്ലതുതന്നെയാണ്, പക്ഷേ ഞങ്ങള്‍ക്കുവേണ്ട, നിങ്ങള്‍ ഒഴിച്ചാല്‍ മതി എന്ന മട്ടിലാണ് ഇസ്ലാമിനോടും അദ്ദിക്റിനോടുമുള്ള അവരുടെ സമീപനം. നരകശിക്ഷയെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ജനങ്ങളെ കാണിക്കുന്നതിനുവേണ്ടി വിതുമ്പുകയും പൊട്ടിക്കരയുകയുമെല്ലാം ചെയ്യുമെങ്കിലും അവരുടെ പ്രായോഗിക ജീവിതമേഖലകളില്‍ ആ ബോധം ഒട്ടും നിഴലിക്കുകയില്ല. 

പരസ്യജീവിതം ആകര്‍ഷകവും രഹസ്യജീവിതം വളരെ മലീമസവുമായ ഇത്തരം കപടവിശ്വാസികള്‍ ഇസ്ലാമികസാഹിത്യങ്ങളെന്ന പേരില്‍ രചിച്ചിട്ടുള്ള പുസ്തകങ്ങളും അവരുടെ ജീവിതപൈതൃകങ്ങളും പിശാചിന്‍റെ കേന്ദ്രമായ നരകത്തിലേക്കാണ് ജനങ്ങളെ മാര്‍ഗദര്‍ശനം ചെയ്യുന്നത്. ദീനില്‍ നിന്ന് പോയവര്‍ (മദ്ഹബുകള്‍) എഴുതിയുണ്ടാക്കിയിട്ടുള്ള കര്‍മ്മശാസ്ത്രഗ്രന്ഥങ്ങളും 'നബിവചനങ്ങളും നബിയുടെമേല്‍ കള്ളവാദികള്‍ കെട്ടിച്ചമച്ചുണ്ടാക്കിയ വചനങ്ങളും കൂടിക്കലര്‍ന്ന നബിവചന ഗ്രന്ഥങ്ങളും' അല്ലാഹു ഇറക്കിയ ദീനിനെ ആത്മാവില്ലാത്ത ജഡമാക്കി മാറ്റുന്നതിനാലും മനുഷ്യനെ അവന്‍റെ ജീവിതലക്ഷ്യം കണ്ടെത്തുന്നതില്‍ നിന്ന് തടയുന്നതിനാലും അവ മനുഷ്യരെ നരകത്തിലേക്കാണ് പിടിച്ചുവലിച്ച് കൊണ്ടുപോവുക. ആശയം പിടികിട്ടാത്തവര്‍ക്ക് അത്തരം രചനകള്‍ വളരെ ആകര്‍ഷകമായി തോന്നാമെങ്കിലും അവര്‍ 24: 39 ല്‍ ചിത്രീകരിച്ച, മരുഭൂമിയില്‍ അകപ്പെട്ട ദാഹിച്ചുവലഞ്ഞ ഒരുവന്‍ വെള്ളം അന്വേഷിച്ച് അവസാനം മരീചിക കണ്ട് വഞ്ചിതനായി വെള്ളം കിട്ടാതെ മരണപ്പെടുന്ന കാഫിറിനെപ്പോലെ ലക്ഷ്യത്തിലെത്താതെ ജീവിതം നഷ്ടപ്പെടുത്തുന്നതാണ്. 3: 178; 6: 25-27, 36 വിശദീകരണം നോക്കുക.