( അൽ അഅ്റാഫ് ) 7 : 117

وَأَوْحَيْنَا إِلَىٰ مُوسَىٰ أَنْ أَلْقِ عَصَاكَ ۖ فَإِذَا هِيَ تَلْقَفُ مَا يَأْفِكُونَ

നാം മൂസാക്ക് ദിവ്യസന്ദേശം നല്‍കി: നീ നിന്‍റെ വടിയിടുക, അപ്പോളതാ അത് അവര്‍ നിര്‍മ്മിച്ച കൃത്രിമങ്ങളെയെല്ലാം വിഴുങ്ങിക്കളയുന്നു.

2: 102; 4: 51 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം മാരണം പിശാചിന്‍റെ ഭാഗത്ത് നിന്നുള്ളതാണ്. മാരണക്കാര്‍ വടികളും കയറുകളും താഴെയിട്ടപ്പോള്‍ കാണുന്നവര്‍ക്ക് അവ ചലിക്കുന്നതായി പിശാച് തോന്നിപ്പിക്കുകയാണുണ്ടായത്. ഓ മൂസാ! നീയാണോ ഇടുന്നത്, അതോ ഞങ്ങളാണോ ആദ്യം ഇടുന്നവരാകേണ്ടത് എന്ന് മാരണക്കാര്‍ ചോദിച്ചതായി 20: 115 ലും; അല്ല, നിങ്ങള്‍ ഇട്ടുകൊള്ളുക എന്ന് മൂസാ മറുപടി പറഞ്ഞതായും, അപ്പോള്‍ അവരുടെ കയറുകളും വടികളും അവരുടെ മാരണത്താല്‍ മൂസാക്ക് നേരെ ഇഴഞ്ഞ് വരുന്നതായി തോന്നി എന്നും, മൂസാക്ക് ഉള്ളിന്‍റെയുള്ളില്‍ ഭയപ്പെടുന്ന അവസ്ഥയുണ്ടായി എന്നും 20: 116 ലും പറഞ്ഞിട്ടുണ്ട്. മൂസാ കൊണ്ടുവന്ന ദൃഷ്ടാന്തമായ വടി നാഥന്‍റെ കല്‍പന പ്രകാരം താഴെയിട്ടപ്പോള്‍ അത് പാമ്പായി മാറുകയും പിശാചുണ്ടാക്കിയ പാമ്പുകളെല്ലാം അപ്രത്യക്ഷമാവുകയുമാണുണ്ടായത്.