الْحَجُّ أَشْهُرٌ مَعْلُومَاتٌ ۚ فَمَنْ فَرَضَ فِيهِنَّ الْحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِي الْحَجِّ ۗ وَمَا تَفْعَلُوا مِنْ خَيْرٍ يَعْلَمْهُ اللَّهُ ۗ وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَىٰ ۚ وَاتَّقُونِ يَا أُولِي الْأَلْبَابِ
ഹജ്ജ് അറിയപ്പെട്ട ചില മാസങ്ങളിലാണ്, അപ്പോള്‍ ആരെങ്കിലും ആ മാസങ്ങളില്‍ ഹജ്ജിനുവേണ്ടി തീരുമാനിച്ചാല്‍ ഹജ്ജ് വേളയില്‍ സ്ത്രീ സംസര്‍ഗമോ കാപട്യമോ തര്ക്കകോലാഹലങ്ങളോ നടത്താന്‍ പാടില്ല, നന്മയില് നിന്ന് നിങ്ങള്‍ എന്തൊന്ന് പ്രവര്‍ത്തിച്ചാലും അത് അല്ലാഹു അറിയുന്നു, നിങ്ങള്‍ സൗകര്യങ്ങളും പാഥേയങ്ങളും വര്‍ദ്ധിപ്പിക്കുക, അപ്പോള്‍ നിശ്ചയം ഏറ്റവും ഉത്തമമായ പാഥേയം അല്ലാഹുവിനെ ഹൃദയത്തില്‍ സൂക്ഷിക്കലാണ്; ഓ ബുദ്ധിമാന്മാരേ, നിങ്ങള്‍ എന്നെ സൂക്ഷിക്കുന്നവരാവുക!
3: 102 ല്‍ വിവരിച്ച പ്രകാരം ഹൃദയത്തില്‍ കുടികൊള്ളുന്ന ആത്മാവിന്റെ ജിന്നുകൂട്ടുകാരനെ സത്യമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കിമാറ്റി നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവരാണ് ബുദ്ധിമാന്മാര്. അവര്‍ക്ക് മാത്രമേ സര്‍വസ്വം നാഥന് സമര്‍പ്പിച്ച മുസ്ലിംകളായി മരണപ്പെടാന്‍ സാധിക്കുകയുള്ളൂ. ഫുജ്ജാറുകള്‍ മുസ്ലിംകളാണെന്ന് അര്‍ഹതയില്ലാതെ വാദിക്കുന്നവരാണെങ്കിലും എല്ലാ ഓരോ കാര്യവും വിശദീകരിക്കുന്ന അദ്ദിക്റിനെ സന്മാര്ഗവും ശുഭവാര്ത്താദായകവും കാരുണ്യവുമായി ഉപയോഗപ്പെടുത്താത്തതിനാല്‍ കാഫിറായ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരാണ്. പ്രകാശമായ അദ്ദിക്ര്‍ കൊണ്ട് എല്ലാ നടത്തങ്ങളിലും ഇരുത്തങ്ങളിലും കിടപ്പുകളിലും നാഥനെ സ്മരിച്ചുകൊണ്ട് 3: 190-191 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം നിലകൊള്ളുന്നവരാണ് ബുദ്ധിമാന്മാര്. ചിന്താശക്തി ഉപയോഗപ്പെടുത്താത്തവരും അദ്ദിക്ര്‍ കേള്‍ക്കാനോ വായിക്കാനോ തയ്യാറാകാത്തവരും അതിന്റെ 40 പേരുകളെക്കുറിച്ചുപോലും ലോകരെ ഉണര്ത്താത്തവരുമായ ബധിരരും അന്ധരും ഊമരുമായ ഫുജ്ജാറുകള്‍ ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവരാണെന്ന് 8: 22 ല്‍ വിശേഷിപ്പിച്ചിട്ടുണ്ട്. ഓ ബുദ്ധിമാന്മാരേ, നിങ്ങള്‍ എന്നെ സൂക്ഷിക്കുന്നവരാവുക എന്ന ആശയത്തില്‍ അവസാനിക്കുന്ന ഏകസൂക്തമാണിത്. 2: 107, 152; 7: 26, 37 വിശദീകരണം നോക്കുക.