( അല്‍ ബഖറ ) 2 : 250

وَلَمَّا بَرَزُوا لِجَالُوتَ وَجُنُودِهِ قَالُوا رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَثَبِّتْ أَقْدَامَنَا وَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ

അങ്ങനെ ജാലൂത്തിനോടും അവന്‍റെ സൈന്യത്തോടും ഏറ്റുമുട്ടാനിറങ്ങിയപ്പോള്‍ അവര്‍ പ്രാര്‍ത്ഥിച്ചു: ഞങ്ങളുടെ നാഥാ, ഞങ്ങളുടെമേല്‍ നീ ക്ഷമ ചൊരിയേണമേ, ഞങ്ങളുടെ പാദങ്ങള്‍ നീ ഉറപ്പിച്ച് നിര്‍ത്തുകയും കാഫിറുകളായ ഒരു ജനതയുടെമേല്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ!

ഇവിടെ പറഞ്ഞ കാഫിറുകളില്‍ ജാലൂത്തും പട്ടാളവും മാത്രമല്ല, താലൂത്തിന്‍റെ കൂടെയുണ്ടായിരുന്ന വെള്ളം കുടിച്ച് പിന്തിരിഞ്ഞുപോയവരും യുദ്ധമുഖത്തുവെച്ച് പിന്തിരിഞ്ഞുപോയവരും ഉള്‍പ്പെടുന്നതാണ്. ഉഹ്ദ് യുദ്ധത്തില്‍ ക്ഷതമേറ്റ് ചിറകറ്റവരെ ആശ്വസിപ്പിച്ചുകൊണ്ട് 3: 146-147 സൂക്തങ്ങളില്‍ അല്ലാഹു പറയുന്നു: എത്രയെത്ര നബിമാരും മല്ലന്മാരായ അനുയായികളുമാണ് ഇതിനുമുമ്പ് യുദ്ധം ചെയ്തിട്ടുള്ളത്, അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അവരെ ബാധിച്ചതില്‍ മനമിടിഞ്ഞവരോ ബലഹീനത പ്രകടിപ്പിക്കുന്നവരോ അസത്യത്തിന്‍റെ മുമ്പില്‍ തലകുനിക്കുന്നവരോ ആയിട്ടില്ല, ക്ഷമാലുക്കളായ അവരുടെ പ്രാര്‍ത്ഥന: 'ഞങ്ങളുടെ നാഥാ! ഞങ്ങളുടെ പാപങ്ങളും ഞങ്ങള്‍ പരിധിലംഘിച്ച് ചെയ്ത കാര്യങ്ങളും ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ഞങ്ങളുടെ പാദങ്ങള്‍ നീ ഉറപ്പിച്ചു നിര്‍ത്തുകയും സത്യത്തെ മൂടിവെക്കുന്ന കാഫിറുകളായ ജനതക്കെതിരെ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ' എന്നായിരുന്നു. ഫിര്‍ഔന്‍ വിളിച്ചുകൂട്ടിയ മാരണക്കാര്‍ മൂസാനബിയോട് മത്സരിച്ച് പരാജയപ്പെടുകയും തുടര്‍ന്ന് അവര്‍ വിശ്വാസം സ്വീകരിക്കുകയും ചെയ്തു. അവരെ ആ വിശ്വാസത്തില്‍ നിന്ന് വ്യതിചലിപ്പിക്കാനായി ഫിര്‍ഔന്‍ ഒരുമ്പെട്ടപ്പോള്‍ അവര്‍: 'ഞങ്ങളുടെ നാഥാ! ഞങ്ങളില്‍ നീ ക്ഷമ ചൊരിയേണമേ, ഞങ്ങളെ നിനക്ക് സര്‍വ്വസ്വം സമര്‍പ്പിച്ചവരായി തിരിച്ചുവിളിക്കേണമേ' എന്ന് പ്രാര്‍ത്ഥിച്ചതായി 7: 126 ല്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കുകയും രക്തസാക്ഷിത്വം വരിക്കുകയുമാണുണ്ടായത്. യുദ്ധമോ വധമോ ഇല്ലാത്ത ഇക്കാലത്ത് അജയ്യഗ്രന്ഥമായ അദ്ദിക്റിന്‍റെ പാതയില്‍ പാദങ്ങളും ഹൃദയങ്ങളും ഉറപ്പിച്ച് നിര്‍ത്തേണമേ എന്നാണ് ആത്മാവുകൊണ്ട് ആത്മാവിന്‍റെ ഉടമയോട് എപ്പോഴും പ്രാര്‍ത്ഥിക്കേണ്ടത്. 2: 286; 9: 80-82; 10: 85-86 വിശദീകരണം നോക്കുക.