( അല്‍ ബഖറ ) 2 : 259

أَوْ كَالَّذِي مَرَّ عَلَىٰ قَرْيَةٍ وَهِيَ خَاوِيَةٌ عَلَىٰ عُرُوشِهَا قَالَ أَنَّىٰ يُحْيِي هَٰذِهِ اللَّهُ بَعْدَ مَوْتِهَا ۖ فَأَمَاتَهُ اللَّهُ مِائَةَ عَامٍ ثُمَّ بَعَثَهُ ۖ قَالَ كَمْ لَبِثْتَ ۖ قَالَ لَبِثْتُ يَوْمًا أَوْ بَعْضَ يَوْمٍ ۖ قَالَ بَلْ لَبِثْتَ مِائَةَ عَامٍ فَانْظُرْ إِلَىٰ طَعَامِكَ وَشَرَابِكَ لَمْ يَتَسَنَّهْ ۖ وَانْظُرْ إِلَىٰ حِمَارِكَ وَلِنَجْعَلَكَ آيَةً لِلنَّاسِ ۖ وَانْظُرْ إِلَى الْعِظَامِ كَيْفَ نُنْشِزُهَا ثُمَّ نَكْسُوهَا لَحْمًا ۚ فَلَمَّا تَبَيَّنَ لَهُ قَالَ أَعْلَمُ أَنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ

അല്ലെങ്കില്‍ മേല്‍പ്പുരകളോടെ തകര്‍ന്നടിഞ്ഞ ഒരു നാട്ടിലൂടെ സഞ്ചരിക്കാന്‍ ഇടയായ മറ്റൊരുവനിലേക്ക് (നിന്‍റെ ശ്രദ്ധതിരിഞ്ഞുവോ), അവന്‍ ചോദിച്ചു: ഇങ്ങനെ നശിച്ചുകഴിഞ്ഞ നാടിനെ അല്ലാഹു എങ്ങനെയാണ് വീണ്ടും ജീവിപ്പിക്കുക? അപ്പോള്‍ നൂറുവര്‍ഷത്തേക്ക് അല്ലാഹു അവനെ മരിപ്പിച്ചു, പിന്നീട് അവനെ പുനര്‍ജ്ജീവിപ്പിച്ചിട്ട് ചോദിച്ചു: നീ എത്രനാള്‍ കഴിച്ചുകൂട്ടി? അവന്‍ പറഞ്ഞു: ഞാന്‍ ഒരു ദിവസം, അതല്ലെങ്കില്‍ ഒരു ദിവസത്തിന്‍റെ ഭാഗം മാത്രമാണ് കഴിച്ചുകൂട്ടിയത്, അല്ലാഹു പറഞ്ഞു: അല്ല; നീ നൂറുവര്‍ഷം കഴിച്ചുകൂട്ടിയിട്ടുണ്ട്, അപ്പോള്‍ നീ നിന്‍റെ ഭക്ഷണത്തിലേക്കും പാനീയത്തിലേക്കും നോക്കുക, അതിന് യാതൊരു മാറ്റവും വന്നിട്ടില്ല, നീ നിന്‍റെ കഴുതയിലേക്കും നോക്കുക, നിന്നെ നാം മനുഷ്യര്‍ക്ക് ഒരു ദൃഷ്ടാന്തമാക്കുന്നതിന് വേണ്ടിയാണിത്, എല്ലുകളിലേക്ക് നീ നോക്കുക-എങ്ങിനെയാണ് അവയെ നാം പുനര്‍ഘടിപ്പിക്കുന്നതെന്ന്, പിന്നീട് അവയെ നാം മാംസം കൊണ്ട് പൊതിയുന്നതെന്നും, അങ്ങനെ അവന് അത് വ്യക്തമായപ്പോള്‍ അവന്‍ പറഞ്ഞു: നിശ്ചയം അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ള സര്‍വ്വശക്തനാണെന്ന് ഞാന്‍ അറിയുന്നു.

ഫലസ്തീന്‍ ഭാഗത്തുള്ള തകര്‍ന്നടിഞ്ഞ ഒരു പ്രദേശത്തിലൂടെ തന്‍റെ കഴുതപ്പുറത്ത് സഞ്ചരിക്കാനിടയായ 'ഉസൈര്‍' ഇത്തരം നശിച്ച നാടിനെ എങ്ങനെയാണ് അല്ലാഹു പുനര്‍ജീവിപ്പിക്കുകയെന്ന് മനസ്സില്‍ സംശയം പ്രകടിപ്പിക്കുകയാണ്. അപ്പോള്‍ അല്ലാഹു അദ്ദേഹത്തെ നൂറുവര്‍ഷം മരിപ്പിച്ചുകിടത്തിയ ശേഷം പുനര്‍ജ്ജീവിപ്പിച്ച് ചോദിച്ചു: നീ എത്ര കൊല്ലം മരിച്ചുകിടന്നു? അദ്ദേഹം പറഞ്ഞു: ഒരു ദിവസമോ ഒരു ദിവസത്തിന്‍റെ ഭാഗമോ മാത്രം. അപ്പോള്‍ അദ്ദേഹം യാത്രയില്‍ ഉപയോഗിച്ചിരുന്ന മുന്തിരി, അത്തിപ്പഴം തുടങ്ങിയ ഭക്ഷണപാനീയത്തിലേക്ക് നോക്കാന്‍ പറഞ്ഞു. അതിന് യാതൊരു മാറ്റവും വന്നിട്ടില്ല, പിന്നെ അദ്ദേഹം സഞ്ചരിച്ചിരുന്ന കഴുതയിലേക്ക് നോക്കാന്‍ പറഞ്ഞു, നൂറ് വര്‍ഷം മുമ്പ് നശിച്ചതിനാല്‍ അതിന്‍റെ എല്ലുകളൊക്കെ നുരുമ്പിയതായി കണ്ടു. അല്ലാഹു ആ എല്ലുകളെ പുനഃസംഘടിപ്പിച്ച് മാംസം പൊതിഞ്ഞ് കഴുതയെ പുനര്‍സൃഷ്ടിച്ചു. ഇത് കണ്ടപ്പോള്‍ ഉസൈറിന് ബോധ്യമായി -നിശ്ചയം എത്ര കൊല്ലം മുമ്പ് മരിച്ചവരെയും ജീവിപ്പിക്കാനും വേഗത്തില്‍ കേടുവരുന്ന ഭക്ഷണപാനീയങ്ങള്‍ എത്ര കാലത്തേക്കും കേടുവരാതെ സൂക്ഷിക്കാനും മാത്രമല്ല, എല്ലാ കാര്യത്തിനും കഴിവുള്ള സര്‍വ്വശക്തനാണ് അല്ലാഹു എന്ന്. ഈ സംഭവം കാരണമാണ് 9: 30 ല്‍ പറഞ്ഞ പ്രകാരം ജൂതന്മാര്‍ ഉസൈറിനെ ദൈവപുത്രനായി ചിത്രീകരിച്ചത്. ഈ സംഭവത്തിലൂടെ അല്ലാഹു എല്ലാ കാര്യത്തിനും എല്ലാ വസ്തുക്കളുടെമേലും കഴിവുള്ള സര്‍വ്വശക്തനാണ് എന്ന് പ്രവാചകനെയും വിശ്വാസികളെയും പഠിപ്പിക്കുകയാണ്. 2: 20, 106, 109, 148; 3: 165; 16: 77; 24: 45; 29: 20; 35: 1 തുടങ്ങിയ സൂക്തങ്ങളും, 'നിശ്ചയം അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ള സര്‍വ്വശക്തന്‍ തന്നെയാകുന്നു' എന്ന ആശയത്തോടുകൂടിയാണ് അവസാനിക്കുന്നത്. 2: 164; 9: 30; 18: 19 വിശദീകരണം നോക്കുക.