فَقُلْنَا اضْرِبُوهُ بِبَعْضِهَا ۚ كَذَٰلِكَ يُحْيِي اللَّهُ الْمَوْتَىٰ وَيُرِيكُمْ آيَاتِهِ لَعَلَّكُمْ تَعْقِلُونَ
അപ്പോള്‍ നാം പറഞ്ഞു: അതിന്റെ ഒരു ഭാഗം കൊണ്ട് അവനെ നിങ്ങള്‍ അടിക്കുക, അപ്രകാരം അല്ലാഹു മരിച്ചവരെ ജീവിപ്പിക്കുന്നു, അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് കാണിച്ചുതരികയും ചെയ്യുന്നു, നിങ്ങള്‍ ചിന്തിക്കുന്നവര്‍ തന്നെയായിരിക്കണം എന്നതിനുവേണ്ടി.
ഒരു കൊലനടന്നാല്‍ ചുറ്റുഭാഗത്തുമുള്ള ഗോത്രത്തലവന്മാര് തങ്ങളുടെ ആരാധനാ മൂര്‍ത്തിയായ പശുവിന്റെമേല്‍ കൈകഴുകി ഞങ്ങള്‍ക്ക് ഈ കൊലയില്‍ യാതൊരു പങ്കുമില്ലെന്ന് ആണയിടുന്ന ഒരു സമ്പ്രദായം അക്കാലത്ത് നിലവിലുണ്ടായിരുന്നു. പശുവിനെ അറുക്കാന്‍ കല്പിച്ച അവസരത്തില്‍ അവിടെ കൊലയാളിയെ തിരിച്ചറിയാത്ത ഒരു പുരുഷന്റെ ശവശരീരവുമുണ്ടായിരുന്നു. അറുക്കപ്പെട്ട ആ പശുവിന്റെ ചില ഭാഗങ്ങള്‍ കൊണ്ട് അല്ലാഹു ആ ശവശരീരത്തിന്മേല് അടിക്കാന്‍ പറഞ്ഞു. അതിലൂടെ അല്ലാഹു മരിച്ചയാളെ ജീവിപ്പിക്കുകയും ഘാതകനാരാണെന്ന് അവനെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്തു. ഈ സംഭവത്തിലൂടെ ജനങ്ങള്‍ ഒളിപ്പിച്ചുവെക്കുന്നതെന്തും പുറത്തുകൊണ്ടുവരാന്‍ കഴിവുള്ളവനാണ് അല്ലാഹു എന്ന് തെളിയിക്കുകയാണുണ്ടായത്. അറുത്ത പശുവിന്റെ ശരീരം കൊണ്ട് അടിക്കാന്‍ പറഞ്ഞതുവഴി ആയിരത്തില്‍ തൊള്ളായിരത്തിത്തൊണ്ണൂറ്റിഒമ്പത് ആളുകളും പശു തന്നെയാണ് ദൈവം (ഇലാഹ്), പശുവിനെ അറുത്തിട്ടും അതിന് മരിച്ചവനെ ജീവിപ്പിക്കാന്‍ കഴിഞ്ഞല്ലോ എന്നാണ് വിശ്വസിച്ചത്. ഇത്തരം സംഭവങ്ങളിലൂടെ വിശ്വാസികളെയും കാഫിറുകളെയും അല്ലാഹു വേര്‍തിരിക്കുന്നു.
മനുഷ്യന് വിശേഷബുദ്ധി നല്‍കിയത് എല്ലാ കാര്യങ്ങളും അത് ഉപയോഗിച്ച് ചിന്തിച്ച് പ്രവര്‍ത്തിക്കാനാണ്. അന്ന് മദീനയിലുള്ള ജൂതരെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്നവരാകുന്നതിനുവേണ്ടി എന്നുപറഞ്ഞതിലെ 'നിങ്ങള്‍' ഇന്ന് ബാധകമാവുന്നത് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഗ്രന്ഥത്തിന്റെ വാഹകരായ പ്രവാചകന്റെ ജനതക്കാണ്. 2: 73; 6: 151; 12: 2; 24: 61; 40: 67; 43: 3; 57: 17 എന്നീ സൂക്തങ്ങള്‍ അവസാനിക്കുന്നത് 'നിങ്ങള്‍ ചിന്തിക്കുന്നവര്‍ തന്നെയായിരിക്കണം എന്നതിനുവേണ്ടി' എന്ന് പറഞ്ഞുകൊണ്ടാണ്. 2: 44, 165-167; 6: 55 വിശദീകരണം നോക്കുക.