( അന്നിസാഅ് ) 4 : 42

يَوْمَئِذٍ يَوَدُّ الَّذِينَ كَفَرُوا وَعَصَوُا الرَّسُولَ لَوْ تُسَوَّىٰ بِهِمُ الْأَرْضُ وَلَا يَكْتُمُونَ اللَّهَ حَدِيثًا

അന്നേദിനം കാഫിറുകളായവരും പ്രവാചകനെ ധിക്കരിച്ചവരുമായവര്‍ ആഗ്രഹിച്ചുപോകും, ഭൂമി പിളര്‍ന്ന് തങ്ങളെ വിഴുങ്ങിക്കൊണ്ട് നിരപ്പായെങ്കില്‍ എന്ന്, അന്ന് അവരുടെ ഒരു വര്‍ത്തമാനവും അല്ലാഹു മറച്ചുവെക്കുകയുമില്ല.

അദ്ദിക്ര്‍ മൂടിവെച്ച കപടവിശ്വാസികളും കുഫ്ഫാറുകളും ഇഹത്തില്‍ വെച്ച് അവനുവേണ്ടി ഒരുക്കിവെച്ച സമ്പാദ്യം വിധിദിവസം കാണുമ്പോള്‍ 'ഓ! എന്‍റെ നാശം, ഞാന്‍ മണ്ണായിത്തീര്‍ന്നിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ' എന്ന് വിലപിക്കുമെന്ന് 78: 40 ലും, അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ അവഗണിച്ച അക്രമി പരലോകത്തുവെച്ച് തന്‍റെ കൈകടിച്ച്, 'ഓ! എന്‍റെ നാശം, ഞാന്‍ പ്രവാചകന്‍റെ മാര്‍ഗ്ഗം പിന്‍പറ്റിയിരുന്നെങ്കില്‍, ഓ! എന്‍റെ നാശം, ഞാന്‍ ഇന്നാലിന്നവനെ ആത്മമിത്രമായി തെരഞ്ഞെടുത്തിട്ടുണ്ടായിരുന്നില്ലെങ്കില്‍ എത്ര നന്നായിരുന്നേനേ, അവനാണല്ലോ എന്നെ അദ്ദിക്റില്‍നിന്ന് എനിക്ക് അത് വന്നുകിട്ടിയതിനുശേഷം തടഞ്ഞത്, പിശാച് മനുഷ്യന് മഹാവഞ്ചകന്‍ തന്നെയായിരുന്നുവല്ലോ' എന്ന് വിലപിക്കുന്ന രംഗം 25: 27-29 ലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അ ങ്ങനെ പിശാച് അദ്ദിക്റില്‍നിന്നാണ് മനുഷ്യനെ തടയുക എന്ന് അന്ത്യനാളില്‍ അവന്‍ സ്വയം സമ്മതിക്കേണ്ടിവരും. 3: 51 ല്‍ വിവരിച്ച പ്രകാരം ഫുജ്ജാറുകളില്‍ ആരും തന്നെ ഇന്ന് ഒരു പ്രവാചകനെയും നബിയെയും പിന്‍പറ്റാത്തവരും അല്ലാഹുവിനെ സേവിക്കുന്നതിനുപകരം പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരുമാണ്. അവര്‍ 29 കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരും 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലി നെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത അവര്‍ 18: 101 ല്‍ പറഞ്ഞ 'ദിക്രീ' എന്ന ഗ്രന്ഥത്തെത്തൊട്ട് ബധിരരും ഊമരും ആയതിനാല്‍ 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവരാണെന്ന് 8: 22 ല്‍ പറഞ്ഞിട്ടുണ്ട്. 2: 121, 168-169; 3: 30 വിശദീകരണം നോക്കുക.