( അൽ മാഇദ ) 5 : 65

وَلَوْ أَنَّ أَهْلَ الْكِتَابِ آمَنُوا وَاتَّقَوْا لَكَفَّرْنَا عَنْهُمْ سَيِّئَاتِهِمْ وَلَأَدْخَلْنَاهُمْ جَنَّاتِ النَّعِيمِ

വേദക്കാര്‍ വിശ്വാസികളാവുകയും സൂക്ഷ്മതയുള്ളവരുമായിരുന്നുവെങ്കില്‍, നിശ്ചയം നാം അവരെത്തൊട്ട് അവരുടെ തിന്മകള്‍ മായ്ച്ചുകളയുകയും അവ രെ അനുഗ്രഹസമ്പൂര്‍ണ്ണമായ സ്വര്‍ഗപ്പൂന്തോപ്പുകളില്‍ പ്രവേശിപ്പിക്കുകയും ചെയ്യുമായിരുന്നു.

അന്ന് മദീനയിലുണ്ടായിരുന്ന ജൂത-ക്രൈസ്തവരെക്കുറിച്ചാണ് വേദക്കാരെന്ന് പറഞ്ഞത്. വേദഗ്രന്ഥം ഉപയോഗപ്പെടുത്തി വിശ്വാസിയാവുകയും അതിനെ പിന്‍പറ്റി ജീവിക്കുകയുമാണെങ്കില്‍ അവരുടെ കഴിഞ്ഞുപോയ തിന്മകളൊക്കെയും മായ്ച്ചുകളയുകയും അവരെ അനുഗ്രഹീതമായ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യുമെന്നാണ് അല്ലാഹു പറയുന്നത്. മൊത്തം ലോകര്‍ക്ക് അല്ലാഹുവില്‍ നിന്നുള്ള സന്മാര്‍ഗം അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ മാത്രമാണ്. വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി വിശ്വാസിയാവുകയും, ലോകരെ നന്മയിലും സൂക്ഷ്മതയിലും ഒരുമിപ്പിക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ട് അല്ലാഹുവിന്‍റെ സന്ദേശമായ അത് അവര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യലാണ് അദ്ദിക്ര്‍ ലഭിക്കുന്നതിന് മുമ്പ് പ്രവര്‍ത്തിച്ച തിന്മകളെല്ലാം മായ്ച്ച് കളയാനുള്ള മാര്‍ഗ്ഗം. അറിവില്ലായ്മ കൊണ്ട് തിന്മയിലും നശീകരണ പ്രവര്‍ത്തനങ്ങളിലും മുഴുകി ജീവിച്ചുകൊണ്ടിരിക്കുന്ന ലോകരെ, 17: 13-14 സൂക്തങ്ങളില്‍ പറഞ്ഞ ഓരോരുത്തരും അവരവരുടെ പിരടില്‍ വഹിക്കുന്ന കര്‍മരേഖയെക്കുറിച്ച് ബോധവാന്മാരാക്കിക്കൊണ്ടാണ് അതിന് സാധിക്കുക. അത്തരക്കാര്‍ മാത്രമാണ് അദ്ദിക്റിനെ സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റായി ഉപയോഗപ്പെടുത്തുന്നവരും അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്നവരും. 2: 25; 3: 133-136; 4: 123-124; 98: 7-8 വിശദീകരണം നോക്കുക.