( അല്‍ ബഖറ ) 2 : 25

وَبَشِّرِ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ أَنَّ لَهُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ ۖ كُلَّمَا رُزِقُوا مِنْهَا مِنْ ثَمَرَةٍ رِزْقًا ۙ قَالُوا هَٰذَا الَّذِي رُزِقْنَا مِنْ قَبْلُ ۖ وَأُتُوا بِهِ مُتَشَابِهًا ۖ وَلَهُمْ فِيهَا أَزْوَاجٌ مُطَهَّرَةٌ ۖ وَهُمْ فِيهَا خَالِدُونَ

വിശ്വാസികളാവുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക-നിശ്ചയം അവര്‍ക്ക് താഴ്ഭാഗങ്ങളിലൂടെ നദികളൊഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗപ്പൂന്തോപ്പുകളുണ്ടെന്ന്, എല്ലാഓരോ പ്രാവശ്യവും അതിലെ കനികളില്‍നിന്ന് അവര്‍ക്ക് ഭക്ഷണമായി ഭക്ഷിപ്പിക്കപ്പെടുമ്പോള്‍ അവര്‍ പറയും: ഇത് മുമ്പ് ഞങ്ങള്‍ ഭക്ഷിപ്പിക്കപ്പെട്ടത് തന്നെയാണല്ലോ, അത് അവര്‍ക്ക് സാദൃശ്യമാക്കപ്പെട്ടിരിക്കുകയാണ്, അവര്‍ക്ക് അതില്‍ പരിശുദ്ധരായ ഇണകളും ഉണ്ടായിരിക്കും, അവര്‍ അതില്‍ ശാശ്വതരുമാണ്.

ജന്മം കൊണ്ട് എല്ലാ മനുഷ്യരും മുസ്ലിംകളാണെങ്കിലും 10: 100 ല്‍ പറഞ്ഞ വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരാള്‍ക്കും വിശ്വാസിയാകാന്‍ സാധ്യമല്ല. വിശ്വാസിയാകാതെ ഒരാള്‍ക്കും സ്വര്‍ഗത്തില്‍ പ്രവേശിക്കാനും സാധ്യമല്ല.

സ്വര്‍ഗത്തില്‍ വെച്ച് ഓരോ പ്രാവശ്യവും പരസ്പരം സാദൃശ്യമുള്ളതും വ്യത്യസ്ഥ രുചികളിലുള്ളതുമായ വിവിധയിനം പഴവര്‍ഗങ്ങള്‍ ഭക്ഷിക്കാന്‍ നല്‍കുമ്പോള്‍: ഇത് ഇപ്പോള്‍ കഴിച്ചതാണല്ലോ; ഇത് അല്ലാത്തത് കൊണ്ടുവരിക എന്നാണ് അവര്‍ പറയുക. പരസ്പരം സദൃശ്യമായ വിവിധതരം കനികളുടെ ആധിക്യമാണ് സ്വര്‍ഗവാസികള്‍ ഇങ്ങനെ പറയാന്‍ കാരണം. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ലൈംഗികാവയവങ്ങളില്ലാതെ വിശ്വാസിയായ അല്ലാഹുവിന്‍റെ രൂപത്തിലായിരിക്കും സ്വര്‍ഗവാസികളെല്ലാം തന്നെ. സ്വര്‍ഗത്തില്‍ ആര്‍ത്തവമോ മറ്റ് അശുദ്ധാവസ്ഥകളോ വിസര്‍ജ്ജ്യങ്ങളോ ഉണ്ടായിരിക്കുന്നതല്ല. കാമം പിശാചില്‍ നിന്നുള്ളതായതുകൊണ്ട് സ്വര്‍ഗത്തില്‍ കാമവും ഉണ്ടായിരി ക്കുകയില്ല. ലൈംഗിക ബന്ധം സ്വര്‍ഗത്തില്‍ വിലക്കപ്പെട്ട കനിയാണ്. ഒരു സ്വര്‍ഗത്തില്‍ ചുരുങ്ങിയത് പന്ത്രണ്ട് നദികളുണ്ടെന്ന് 47: 15 ല്‍ നിന്ന് മനസ്സിലാക്കാം. നാലാം ഘട്ടമായ ഇവിടെവെച്ച് സ്വര്‍ഗം പണിയുന്നവര്‍ക്കാണ് ഏഴാം ഘട്ടത്തില്‍ അത് അനന്തരാവകാശമായി ലഭിക്കുക എന്ന് 3: 133-136 ല്‍ പറഞ്ഞിട്ടുണ്ട്.

98: 7 ല്‍, നിശ്ചയം വിശ്വാസികളായവരും ആ വിശ്വാസം മറ്റുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരുമുണ്ടല്ലോ, അക്കൂട്ടര്‍ തന്നെയാണ് കരയിലെ ഏറ്റവും ഉത്തമ ജീവികള്‍ എന്നും; 98: 8 ല്‍, അവര്‍ക്ക് തങ്ങളുടെ നാഥന്‍റെ പക്കലുള്ള പ്രതിഫലം താഴ്ഭാഗങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന നിത്യാനുഗ്രഹ സ്വര്‍ഗപ്പൂന്തോപ്പുകളാണ്, അവര്‍ അതില്‍ എന്നെന്നും നിത്യവാസികളാണ്, അല്ലാഹു അവരെത്തൊട്ടും അവര്‍ അവനെത്തൊട്ടും തൃപ്തിപ്പെട്ടിരിക്കുന്നു, അത് തന്നെയാണ് തന്‍റെ നാഥനെ ഭയപ്പെടുന്നവനുള്ളത് എന്ന് പറഞ്ഞിട്ടുണ്ട്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസിയോട് പ്രഭാത പ്രദോഷങ്ങളില്‍ ഹൃദയം പങ്കെടുത്ത് അദ്ദിക്ര്‍ വായിക്കുകയും 7: 205-206 ല്‍ വിവരിച്ച പ്രകാരം നാഥനെ വാഴ്ത്തിക്കൊണ്ടും പരിശുദ്ധപ്പെടുത്തിക്കൊണ്ടും തിലാവത്തിന്‍റെ സാഷ്ടാംഗ പ്രണാമം നടത്താനും അദ്ദിക്ര്‍ ലോകരില്‍ എത്തിച്ചുകൊടുത്തുകൊണ്ട് പ്രപഞ്ചനാഥനെ സഹായിക്കാനും 1000 സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്കെല്ലാം ഗുണപ്രദമാകുന്ന വിധത്തില്‍ ജൈവകൃഷി ചെയ്യാനും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കാനും അതിന് മറ്റുള്ളവരെ സഹായിക്കാനും പ്രേരിപ്പിക്കാനുമാണ് കല്‍പിച്ചിട്ടുള്ളത്. അതോടൊപ്പം 9: 73 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ മൂടി വെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കപടവിശ്വാസികളോടും ഫുജ്ജാറുകളോടും അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്താനുമാണ് കല്‍പിച്ചിട്ടുള്ളത്. 56: 12-26; 76: 5-22; 78: 31-36 വിശദീകരണം നോക്കുക.