( കാഫിറൂന്‍ ) 109 : 3

وَلَا أَنْتُمْ عَابِدُونَ مَا أَعْبُدُ

ഞാന്‍ സേവിച്ചുകൊണ്ടിരിക്കുന്ന ഒന്നിനെ നിങ്ങളും സേവിക്കുന്നവരല്ല.

വിശ്വാസി വിശ്വസിക്കുന്ന നാഥന് ഏതെങ്കിലും പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരോടോ ഏതെങ്കിലും ജാതിയില്‍ പെട്ടവരോടോ ഏതെങ്കിലും ലിംഗത്തില്‍ പെട്ടവരോടോ ഏതെങ്കിലും വര്‍ണ്ണത്തില്‍ പെട്ടവരോടോ ഏതെങ്കിലും വംശത്തില്‍ പെട്ടവരോടോ ഏതെങ്കിലും നാട്ടുകാരോടോ ഏതെങ്കിലും ഭാഷക്കാരോടോ സൂക്ഷ്മതയുടെ അടിസ്ഥാനത്തിലല്ലാത്ത പ്രത്യേക ബന്ധങ്ങളൊന്നുമില്ല. സത്യമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ സത്യപ്പെടുത്തേണ്ട വിധം സത്യപ്പെടുത്തി ജീവിക്കുന്നവരാണ് സൂക്ഷ്മാലുക്കള്‍ എന്ന് 39: 33 ലും; അദ്ദിക്റിന്‍റെ മാര്‍ഗത്തിലുള്ളതല്ലാത്ത സാഹോദര്യബന്ധങ്ങളെല്ലാം തന്നെ പരലോകത്ത് പരസ്പരം ശത്രുതയിലായിരിക്കുമെന്ന് 43: 67 ലും പറഞ്ഞിട്ടുണ്ട്. 2: 62; 49: 13-14 വിശദീകരണം നോക്കുക. 

വിശ്വാസി വിശ്വാസിയായ അല്ലാഹുവിന് വേണ്ടി മാത്രം ജീവിക്കുന്നവനും അവനെ മാത്രം സേവിക്കുന്നവനുമാണെങ്കില്‍, കാഫിറുകള്‍ കാഫിറായ പിശാചിനെയാണ് സേവിച്ചുകൊണ്ടിരിക്കുന്നത്. വിശ്വാസികള്‍ ഉപമയോ ഉദാഹരണമോ ഇല്ലാത്ത അല്ലാഹുവിനെ ഏകാധിപനും സര്‍വ്വാധിപനും സ്വേച്ഛാധിപനുമായി പരിഗണിക്കുന്നവരാണെങ്കില്‍ കാഫിറുകള്‍ ഗ്രന്ഥത്തിന്‍റെ ആശയമില്ലാത്തതിനാല്‍ നാഥനെക്കുറിച്ച് ദുഷിച്ച ധാരണയാണ് വെച്ചുപുലര്‍ത്തുന്നത്. അക്കാരണത്താല്‍ തന്നെ അവര്‍ പിശാചിന്‍റെ വിവിധ രൂപങ്ങളായ ത്വാഗൂത്തുകളെയാണ് സേവിച്ചുകൊണ്ടിരിക്കുന്നത്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 16: 36; 39: 41; 103: 1-3 വിശദീകരണം നോക്കുക.