( കാഫിറൂന്‍ ) 109 : 4

وَلَا أَنَا عَابِدٌ مَا عَبَدْتُمْ

നിങ്ങള്‍ സേവിച്ചുകൊണ്ടിരിക്കുന്ന ഒന്നിനെ ഞാന്‍ സേവിക്കാന്‍ പോകുന്നവനുമല്ല.

വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് മാത്രമേ ഒരുവന് വിശ്വാസിയാകാന്‍ സാധിക്കുകയുള്ളൂ എന്ന ഉറപ്പുള്ളവനും അവനില്‍ നിന്ന്മാത്രമേ പ്രാര്‍ത്ഥനകളും പ്രവര്‍ത്തനങ്ങളും സ്വീകരിക്കപ്പെടുകയുള്ളൂ എന്ന ബോധത്തില്‍ നിലകൊള്ളുന്നവനുമാണ് വിശ്വാസി. എന്നാല്‍ അദ്ദിക്ര്‍ കൊണ്ട് തന്‍റെ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കാത്തവര്‍ ഊഹാപോഹങ്ങള്‍ പിന്‍പറ്റുന്നവരും വിശ്വാസിയാണോ കാഫിറാണോ എന്നുള്ള സംശയത്തില്‍ അകപ്പെട്ടവരും ആത്മാവ് പങ്കെടുക്കാതെയും ലക്ഷ്യബോധമില്ലാതെയും ധാരാളം കര്‍മ്മങ്ങള്‍ ചെയ്തുകൂട്ടുന്നവരുമാണ്. എല്ലാ കാര്യങ്ങളും ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്തുന്ന അദ്ദിക്ര്‍ കൊണ്ട് എല്ലാ നിര്‍ത്തങ്ങളിലും ഇരുത്തങ്ങളിലും കിടപ്പുകളിലും അല്ലാഹുവിനെ സ്മരിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമാനാണ്വിശ്വാസിയെങ്കില്‍ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരായ കാഫിറുകള്‍ ഉടമയെ വിസ്മരിച്ച് അഹങ്കാരിയായ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരാണ്. വിശ്വാസി പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്റിനെ മുറുകെപ്പിടിക്കുകവഴി അല്ലാഹുവിനെ മുറുകെപ്പിടിച്ച് റബ്ബാനിയായി നിലകൊള്ളുന്നവനാണെങ്കില്‍ കാഫിറുകള്‍ 67: 22 ല്‍ പറഞ്ഞ പ്രകാരം പിടിവള്ളിയില്ലാതെ ദുര്‍മാര്‍ഗ്ഗത്തില്‍ മുഖം കുത്തി നടക്കുന്നവരാണ്. 

അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കാഫിറുകളായ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതിന് വേണ്ടി ആകാശത്തിന്‍റെ വാതിലുകള്‍ തുറക്കപ്പെടുകയോ തുന്നല്‍ക്കാരന്‍റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നത് വരെ നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയോ ഇല്ല എന്ന് 7: 40 ലും, നിങ്ങളുടെ കര്‍മ്മങ്ങള്‍ പാതാളത്തിന് താഴെയുള്ള സിജ്ജീന്‍ പട്ടികയിലാണ് രേഖപ്പെടുത്തപ്പെടുക എന്ന് 83: 7 ലും പറഞ്ഞിട്ടുള്ളതെങ്കില്‍, ഗ്രന്ഥത്തെ സത്യപ്പെടുത്തുകയും മറ്റുള്ളവരെ അതിന് പ്രേരിപ്പിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്ന വിശ്വാസിയായ എനിക്ക് എപ്പോള്‍ വേണമെങ്കിലും സ്വര്‍ഗത്തില്‍ പ്രവേശിച്ച് ഇല്ലിയ്യീന്‍ പട്ടികയില്‍ എന്‍റെ കര്‍മ്മങ്ങള്‍ രേഖപ്പെടുത്തുന്നതിന് വേണ്ടി ആകാശത്തിന്‍റെ കവാടങ്ങള്‍ തുറന്ന് വെക്കപ്പെട്ടിരിക്കുകയാണ് എന്നാണ് 38: 49-50 ല്‍ പറഞ്ഞിട്ടുള്ളത്. 7: 172 പ്രകാരം സ്വര്‍ഗത്തില്‍ വെച്ച് ചെയ്ത ഉടമ്പടി പാലിക്കാത്ത നിങ്ങള്‍ ഉടമയെ മറന്ന് ഞാനെന്ന അഹങ്കാരത്തിലും അഹംഭാവത്തിലും ജീവിക്കുന്നവരാണെങ്കില്‍ വിശ്വാസിയായ ഞാന്‍ പ്രസ്തുത ഉടമ്പടി പാലിച്ചുകൊണ്ട് "ഞാനില്ല, എന്‍റേതൊന്നുമില്ല" എന്ന നയത്തില്‍ നിലകൊള്ളുന്നവനാണ്. കാഫിറുകളായ നിങ്ങള്‍ 17: 97-98 പ്രകാരം ബധിരരും അന്ധരും ഊമരുമായി മുഖം കുത്തിയവരായിക്കൊണ്ട് നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ളവരാണെങ്കില്‍ വിശ്വാസിയായ ഞാന്‍ അദ്ദിക്റിനെ ജീവിപ്പിക്കുകവഴി അല്ലാഹുവിനെയും പ്രവാചകനെയും ജീവിപ്പിക്കുകയും സഹായിക്കുകയും ചെയ്ത് വിചാരണയില്ലാതെ സ്വര്‍ഗത്തിലേക്ക് മുന്‍കടക്കുന്നവനാണ്. കാഫിറായ നിങ്ങള്‍ അദ്ദിക്റിനെ മൂടിവെച്ച് പൈശാചികമായ ആചാരാനുഷ്ഠാനങ്ങള്‍ കല്‍പിക്കുകവഴി സൃഷ്ടികളുടെ ജീവിതഭാരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നവരും നശീകരണ പ്രവര്‍ത്തനങ്ങള്‍ വഴി ലോകത്തിന്‍റെ അന്ത്യത്തിന് വേണ്ടി ധൃതികൂട്ടുന്നവരുമാണെങ്കില്‍ ഞാന്‍ അമാനത്തായ അദ്ദിക്റിനെ ജീവിപ്പിക്കുകവഴി സൃഷ്ടികളുടെ ജീവിതഭാരങ്ങള്‍ ഇറക്കിവെക്കുന്നതിനും ലോകത്തിന്‍റെ ആയുസ്സ് നീട്ടുന്നതിനും ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്നവനാണ്. 7: 176 ല്‍ ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത പട്ടിയോട് ഉപമിക്കപ്പെട്ട കാഫിറുകളായ നിങ്ങളുടെ മടക്കം പട്ടിയുടെ രൂപത്തില്‍ ബോറന്മാരുടെ വീടായ നരകക്കുണ്ഠത്തിലേക്കാണെങ്കില്‍ എന്‍റെ മടക്കം സര്‍വശക്തനും രാജാധിരാജനുമായ അല്ലാഹുവിന്‍റെ അടുക്കല്‍ അവന്‍റെ രൂപത്തില്‍ സ്വിദ്ഖാകുന്ന ഇരിപ്പിടത്തിലേക്കാണ് എന്നെല്ലാമാണ് ഇന്ന് അദ്ദിക്റിനെ പരിചയും മുഹൈമിനുമായി ഉപയോഗപ്പെടുത്തുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസി തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതായ കാഫിറുകളായ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെ അറിയിക്കേണ്ടത്. 3: 79-80; 41: 30-35; 54: 54-55 വിശദീകരണം നോക്കുക.