( അൽ അഅ്റാഫ് ) 7 : 205

وَاذْكُرْ رَبَّكَ فِي نَفْسِكَ تَضَرُّعًا وَخِيفَةً وَدُونَ الْجَهْرِ مِنَ الْقَوْلِ بِالْغُدُوِّ وَالْآصَالِ وَلَا تَكُنْ مِنَ الْغَافِلِينَ

നീ നിന്‍റെ നാഥനെ നിന്‍റെ ആത്മാവില്‍ വളരെ വിനീതനായും ഉള്ളിന്‍റെയുള്ളില്‍ ഭയപ്പെട്ടുകൊണ്ടും സ്മരിക്കുക, വാക്കുകള്‍ ഉച്ചരിക്കാതെ-പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും, നീ പ്രജ്ഞയറ്റവരില്‍ ഉള്‍പ്പെടുന്നവനും ആകരുത്.

നാഥനെ പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും സ്മരിക്കുക എന്ന് പറഞ്ഞാല്‍ പ്രഭാത-പ്രദോഷഭേദമന്യേ എല്ലായ്പ്പോഴും ആത്മാവുകൊണ്ട് സ്മരിക്കണമെന്നും പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും പ്രത്യേകിച്ച് സ്മരിക്കണമെന്നുമാണ്. 12: 3 ല്‍, ഗ്രന്ഥം ലഭിക്കുന്നതിന് മുമ്പ് പ്രവാചകന്‍ പ്രജ്ഞയറ്റവന്‍ തന്നെയായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. ഇവിടെ നീ പ്രജ്ഞയറ്റവരില്‍ പെട്ടുപോകരുത് എന്ന് പറഞ്ഞതിന്‍റെ വിവക്ഷ, ത്രികാലജ്ഞാനമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന അല്ലാഹു നെഞ്ചുകളുടെ അവസ്ഥ അറിയുന്ന യുക്തിജ്ഞാനിയും ത്രികാലജ്ഞാനിയുമാണ് എന്നിരിക്കെ 'നാവുകൊണ്ട് പറഞ്ഞാല്‍ മാത്രമേ അല്ലാഹു കേള്‍ക്കുകയുള്ളൂ' എന്ന് ധരിക്കുന്നവരില്‍ നീ ഉള്‍പ്പെടരുത് എന്നാണ്. അപ്പോള്‍ ഗ്രന്ഥം കിട്ടിയതിനുശേഷം പ്രജ്ഞയറ്റവനാകരുതെന്നും സദാ 'അല്ലാഹ്' എന്ന സ്മരണ നിലനിര്‍ത്തി അല്ലാഹുവിന്‍റെ പ്രതിനിധിയായി ജീവിക്കണമെന്നുമാണ് പ്രവാചകനോടും അതുവഴി വിശ്വാസികളോടും കല്‍പിക്കുന്നത്. 36: 6 ല്‍, യുക്തിനിര്‍ഭരമായ ഈ ഗ്രന്ഥം അവതരിപ്പിച്ചിട്ടുള്ളത് തങ്ങളുടെ പിതാക്കന്മാരാല്‍ മുന്നറിയിപ്പ് നല്‍കപ്പെടാത്തത് കാരണം പ്രജ്ഞയറ്റവരായ ഒരു ജനതയെ താക്കീത് നല്‍കാനാണ് എന്ന് പറഞ്ഞിട്ടുണ്ട്.

ഗ്രന്ഥത്തിന്‍റെ ആത്മാവായ അദ്ദിക്റിനും അതുവഴി പരലോകത്തിനും പ്രാധാന്യം കൊടുക്കാതെ ശരീരത്തിനും ഐഹികജീവിതത്തിനും പ്രാധാന്യം കൊടുക്കുന്ന ഫുജ്ജാറുകള്‍ ആത്മാവ് പങ്കെടുക്കാതെ ജഡം കൊണ്ടാണ് നമസ്കാരവും മറ്റെല്ലാ കര്‍മങ്ങളും നിര്‍വഹിക്കുന്നത്. അതുവഴി മക്കാമുശ്രിക്കുകളെക്കുറിച്ച് 8: 35 ല്‍ 'അവരുടെ നമസ്കാരവും പ്രാര്‍ത്ഥനയുമെല്ലാം ആര്‍പ്പും വിളിയുമല്ലാതെയല്ല' എന്ന് പറഞ്ഞത് ഇവരിലും നടപ്പിലായിരിക്കുകയാണ്. ബുദ്ധിമാന്മാര്‍ എല്ലാ ഇരുത്തങ്ങളിലും നടത്തങ്ങളിലും കിടപ്പുകളിലും ആത്മാവുകൊണ്ട് നാഥനെ സ്മരിക്കുന്നവരാണെന്ന് 3: 190-191 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 152; 6: 93-94; 7: 179; 17: 17 വിശദീകരണം നോക്കുക.