അപ്പോള്‍ തന്‍റെ നാഥനില്‍ നിന്ന് വ്യക്തമായ തെളിവിന്മേലായിട്ടുള്ള ഒരുവന്‍ -അവനില്‍ നിന്നുള്ള ഒരു സാക്ഷ്യം അവന് വിശദീകരിച്ച് കൊടുക്കുന്നുമുണ്ട്, അതിനുമുമ്പ് ഇമാമും കാരുണ്യവുമായി മൂസാക്ക് നല്‍കിയ ഗ്രന്ഥവുമുണ്ട്, അക്കൂട്ടര്‍ അതുകൊണ്ട് വിശ്വസിക്കുന്നവരാണ്; സംഘങ്ങളില്‍ നിന്ന് ആരാണോ അതിനെ മൂടിവെക്കുന്നത്, അപ്പോള്‍ അവനോട് വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ളത് നരകമാണ്, അതുകൊണ്ട് നീ അതിന്‍റെ കാര്യത്തില്‍ സംശയിക്കുകയേ അരുത്, നിശ്ചയം അത് നിന്‍റെ നാഥനില്‍ നിന്നുള്ള സത്യം തന്നെയാണ്, എന്നാല്‍ ജനങ്ങളില്‍ അധികപേരും വിശ്വസിക്കുന്നവരല്ല.
സൂക്തത്തില്‍ പറഞ്ഞ 'തന്‍റെ നാഥനില്‍ നിന്ന് വ്യക്തമായ തെളിവിന്മേലായിട്ടുള്ള ഒരുവന്‍' പ്രവാചകന്‍ മുഹമ്മദാണ്. ഗ്രന്ഥം കിട്ടുന്നതിന് മുമ്പുതന്നെ ശിര്‍ക്ക് ചെയ്യാതെ 'അല്ലാഹ്' എന്ന ബോധത്തില്‍ പ്രകൃതിപരമായ ഒരു ജീവിതമാണ് പ്രവാചകന്‍ നയിച്ചിരുന്നത്. തുടര്‍ന്ന് തെറ്റും ശരിയും മനസ്സിലാക്കാന്‍ കഴിയാതെ പ്രജ്ഞാശൂന്യതയിലായപ്പോള്‍ ഹിറാഗുഹയില്‍ പോയി ധ്യാനമിരിക്കുകയാണുണ്ടായത്. അപ്പോഴാണ് അല്ലാഹു ജിബ്രീല്‍ മുഖേന പ്രകാശമായ ഗ്രന്ഥം കൊടുത്തത്. 'അവനില്‍ നിന്നുള്ള ഒരു സാക്ഷ്യം അവന് വിശദീകരിച്ച് കൊടുക്കുന്നുമുണ്ട്' എന്ന് പറഞ്ഞതിലെ 'സാക്ഷ്യം' 6: 19 ല്‍ പറഞ്ഞ സാക്ഷിയും ആവര്‍ത്തിച്ച് വായിക്കപ്പെടാനുള്ള ഗ്രന്ഥവുമായ അദ്ദിക്റാണ്.
അതിനുമുമ്പ് മൂസാക്ക് നല്‍കിയ 'ഇമാമും കാരുണ്യവുമായ ഗ്രന്ഥം' അദ്ദിക്ര്‍ എന്ന ഏകഗ്രന്ഥത്തിന്‍റെ ഭാഗമായ തൗറാത്താണ്. അദ്ദിക്ര്‍ യഥാവിധി എത്തിച്ചുകൊടുക്കുകയാണെങ്കില്‍ ഇതര ജനവിഭാഗങ്ങള്‍ അദ്ദിക്ര്‍ കൊണ്ട് വിശ്വസിക്കുന്നതാണ് എന്നാണ് 'അക്കൂട്ടരില്‍ അത് കൊണ്ട് വിശ്വസിക്കുന്നവരുണ്ട്' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതില്‍ വിശ്വസിച്ചുകൊണ്ടും അതിന്‍റെ വിധിവിലക്കുകള്‍ പിന്തുടര്‍ന്നുകൊണ്ടും 58: 22 ല്‍ പറഞ്ഞ അല്ലാഹുവിന്‍റെ ഏകസംഘത്തില്‍ ഉള്‍പ്പെടാതെ 58: 19 ല്‍ പറഞ്ഞ പിശാചിന്‍റെ വിവിധ സംഘങ്ങളായി പിരിഞ്ഞ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളില്‍ നിന്നുള്ള സംഘടനക്കാര്‍ക്കെല്ലാം കാഫിറായ പിശാചിന്‍റെ വീടായ നരകമാണ് വാഗ്ദത്തം ചെയ്തിട്ടുള്ളതെന്നാണ് 'സംഘങ്ങളില്‍ നിന്ന് ആ രാണോ അതിനെ മൂടിവെച്ചത്, അപ്പോള്‍ അവനോട് വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ളത് നരകമാണ്' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. ഇവിടെ 'മനുഷ്യരില്‍ നിന്നുള്ളവര്‍' എന്ന് പറയാതെ 'സംഘങ്ങളില്‍ നിന്നുള്ളവര്‍' എന്ന് പറഞ്ഞതിനാല്‍ 30: 30-32 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം വിവിധ സംഘടനകളായിപ്പിരിഞ്ഞ് മുശ്രിക്കുകളായിത്തീര്‍ന്ന ഫുജ്ജാറുകള്‍ മാത്രമാണ് നരകത്തിന്‍റെ വിറകുകള്‍. അപ്പോള്‍ സത്യമായ അദ്ദിക്ര്‍ നാഥനില്‍ നിന്നുള്ളതാണെന്നതില്‍ നിനക്ക് യാതൊരു സംശയവും വേണ്ട എന്നാണ് പ്രവാചകനോട് അല്ലാഹു പറയുന്നത്. എന്നാല്‍ ജനങ്ങളില്‍ ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതുപേരും വിശ്വാസികളാവുകയില്ല എന്ന് അല്ലാഹുതന്നെ പറഞ്ഞിട്ടുണ്ട്. 2: 62, 147; 4: 150-151; 10: 33, 99-100; 13: 1; 39: 32 വിശദീകരണം നോക്കുക.