(അന്നഹ്ൽ) 16 : 127
وَاصْبِرْ وَمَا صَبْرُكَ إِلَّا بِاللَّهِ ۚ وَلَا تَحْزَنْ عَلَيْهِمْ وَلَا تَكُ فِي ضَيْقٍ مِمَّا يَمْكُرُونَ

നീ ക്ഷമിക്കുകയും ചെയ്യുക, നിന്‍റെ ക്ഷമ അല്ലാഹുവിനെക്കൊണ്ടല്ലാതെയല്ല, നീ അവരുടെമേല്‍ ദുഃഖിക്കുന്നവനാകരുത്, അവര്‍ ഗൂഢതന്ത്രങ്ങള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നതില്‍ നീ മനസ്സിടുങ്ങുന്നവനും ആകരുത്.

അദ്ദിക്ര്‍ നടപ്പിലായിക്കാണുന്നതിന് വേണ്ടി ധൃതികൂട്ടരുത് എന്നും ക്ഷമ കൈക്കൊള്ളണം എന്നുമാണ് അല്ലാഹു കല്‍പിക്കുന്നത്. 76: 24 ല്‍, അതുകൊണ്ട് നീ നിന്‍റെ നാഥന്‍റെ യുക്തിജ്ഞാനത്തിന്‍റെ (അദ്ദിക്ര്‍) അവതരണം പൂര്‍ത്തിയാകുന്നതിന് വേണ്ടി ക്ഷമിക്കുക, അവരില്‍ നിന്നുള്ള കുറ്റവാളികളായ കപടവിശ്വാസികളെയും അല്ലെങ്കില്‍ നന്ദികെട്ട കാഫിറുകളെയും നീ അനുസരിക്കുകയുമരുത് എന്ന് പറഞ്ഞിട്ടുണ്ട്. നീ നമസ്കാരം നിലനിര്‍ത്തുക, നന്മകൊണ്ട് കല്‍പിക്കുകയും തിന്മയെ വിരോധിക്കുകയും ചെയ്യുക, അതിന്‍റെ പേരില്‍ നിന്നെ ബാധിക്കുന്നതില്‍ നീ ക്ഷമിക്കുകയും ചെയ്യുക എന്ന് ലുഖ്മാന്‍ തന്‍റെ മകനെ ഉപദേശിച്ചതായി 31: 17 ല്‍ പറഞ്ഞിട്ടുണ്ട്. നന്മ കല്‍പിക്കുക, തിന്മ വിരോധിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഗ്രന്ഥത്തിന്‍റെ കല്‍പനകള്‍ കല്‍പിക്കലും വിരോധങ്ങള്‍ വിരോധിക്കലുമാണ്. അപ്പോള്‍ എതിര്‍പ്പുകളുണ്ടാവുക അനിവാര്യമാണ്. അത്തരം എതിര്‍പ്പുകള്‍ അല്ലാഹു വീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്ന ബോധത്തില്‍ ക്ഷമിക്കാനാണ് സൂക്തത്തിലൂടെ ആവശ്യപ്പെടുന്നത്. സ്വീകരിക്കപ്പെടുന്ന നമസ്കാരം നിര്‍വ്വഹിക്കുന്നവര്‍ നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യേണ്ടതാണ്. അതാണ് നിശ്ചയം നമസ്കാരം നീചവും നിഷിദ്ധവുമായ പ്രവര്‍ത്തനങ്ങളെത്തൊട്ട് തടയുകതന്നെ ചെയ്യുമെന്ന് 29: 45 ല്‍ പറഞ്ഞതിന്‍റെ ആശയം. എന്നാല്‍ ഇത്തരം സൂക്തങ്ങള്‍ വായിക്കുന്ന കപടവിശ്വാസികള്‍ ആളുകളെ ബോധിപ്പിക്കുന്നതിനുവേണ്ടി ചര്യാപരമായും ആത്മാവ് പങ്കെടുക്കാതെയും നമസ്കരിക്കുന്നവരും ഏറ്റവും നല്ലതായ അദ്ദിക്റിന്‍റെ പ്രചരണത്തെ തടയുന്നതിന് വേണ്ടി എല്ലാവിധ ഗൂഢശ്രമങ്ങളും നടത്തുന്ന തെമ്മാടികളുമാണ്. അവര്‍ക്കെതിരെ സാക്ഷിയായ ഗ്രന്ഥം സാക്ഷി നില്‍ക്കുകയും വാദിക്കുകയും ചെയ്ത് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതാണ്.

അവരുടെ ഗൂഢതന്ത്രങ്ങളില്‍ നീ മനസ്സിടുങ്ങേണ്ടതില്ല എന്നുപറഞ്ഞതിന്‍റെ വിവക്ഷ, എല്ലാവരും അല്ലാഹുവിന്‍റെ അധീനതയിലാണ്, അതുകൊണ്ട് അല്ലാഹുവിന്‍റെമേല്‍ ഭരമേല്‍പിച്ചുകൊണ്ട് അവനുവേണ്ടി മാത്രം പ്രവര്‍ത്തിക്കുക, അപ്പോള്‍ അല്ലാഹു എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും നിന്നെ സംരക്ഷിച്ചുകൊള്ളും എന്നാണ്. അതുകൊണ്ട് വിരോധികള്‍ സത്യത്തെ പരിഹസിക്കുന്നതിലും അദ്ദിക്റിനെത്തൊട്ട് ജനങ്ങളെ തടയുന്നതിലും അവരുടെ ദുര്‍മാര്‍ഗങ്ങളിലും നീ ദുഃഖിക്കേണ്ട, അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരെയെല്ലാവരെയും സന്‍മാര്‍ഗത്തിലാക്കുകതന്നെ ചെയ്യുമായിരുന്നു എന്നാണ് സൂക്തം പറയുന്നത്. 10: 66; 14: 46; 15: 88 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!